Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

നാലുവർഷത്തെ പ്രണയത്തിന് ശേഷം ഏറെ മോഹിച്ച വിവാഹം നടക്കാനിരിക്കെ കാമുകന്റെ പിന്മാറ്റം; വധുവിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത് പെൺകുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി; ഭാവി മരുമകന് അഞ്ച് ലക്ഷം രൂപയും കൈമാറിക്കഴിഞ്ഞപ്പോൾ കാരണമൊന്നും പറയാതെ പിന്മാറ്റം; കേരളത്തിലെ സ്ത്രീ-പുരുഷ ബന്ധം പക്വത ഇല്ലാത്തവയായി മാറിയെന്ന് വനിതാ കമ്മീഷൻ മെഗാഅദാലത്തിൽ ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ

നാലുവർഷത്തെ പ്രണയത്തിന് ശേഷം ഏറെ മോഹിച്ച വിവാഹം നടക്കാനിരിക്കെ കാമുകന്റെ പിന്മാറ്റം; വധുവിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത് പെൺകുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി; ഭാവി മരുമകന് അഞ്ച് ലക്ഷം രൂപയും കൈമാറിക്കഴിഞ്ഞപ്പോൾ കാരണമൊന്നും പറയാതെ പിന്മാറ്റം; കേരളത്തിലെ സ്ത്രീ-പുരുഷ ബന്ധം പക്വത ഇല്ലാത്തവയായി മാറിയെന്ന് വനിതാ കമ്മീഷൻ മെഗാഅദാലത്തിൽ ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ

ആർ പീയൂഷ്

കൊച്ചി: കേരളത്തിലെ യുവതീ യുവാക്കന്മാർ സ്വാഭാവിക സ്ത്രീ പുരുഷബന്ധത്തിൽ അല്ല എന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ. ഒട്ടും പക്വത ഇല്ലാത്ത ബന്ധങ്ങളായി മാറിയിരിക്കുകയാണ് സ്ത്രീ പുരുഷ ബന്ധം. പക്വത ഇല്ലാത്തതിനാൽ പലവിധത്തിലുള്ള അപകടത്തിലേക്കും അരാജകത്വത്തിലേക്കും പൊയ്ക്കൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷന്റെ മെഗാ ആദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. പക്വത ഇല്ലാത്ത ബന്ധങ്ങളുടെ തെളിവാണ് എല്ലാ ദിവസവും വനിതാ കമ്മീഷനിൽ എത്തുന്ന ചിലപരാതികൾ എന്നും ജോസഫൈൻ പറഞ്ഞു. 4വർഷത്തെ പ്രണയത്തിന് ശേഷം ഇരുപതുകാരിയുടെ വിവാഹം വരുന്ന ഒൻപതാം തീയതി നടക്കേണ്ടിയിരുന്നതാണ്. എന്നാൽ ഇപ്പോൾ കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറി. പരാതിയുമായി പെൺകുട്ടിയും രക്ഷകർത്താക്കളും അദാലത്തിൽ വന്നിരുന്നു. ഇത് വലിയൊരുദാഹരണമാണ് എന്നും ചെയർപേഴ്സൺ പറഞ്ഞു.

പെൺകുട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് വീട്ടുകാർ ഇഷ്ടമല്ലാതിരുന്ന ബന്ധത്തിന് സമ്മതിച്ചത്. വിവാഹ ആവശ്യങ്ങൾക്കായി ഭാവി മരുമകന് 5 ലക്ഷം രൂപയും നൽകി കഴിഞ്ഞമാസം വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നാണ് വിവാഹത്തിൽ നിന്നും വരനായ കാമുകൻ പിന്മാറിയത്. വനിതാ കമ്മീഷന് മുന്നിൽ പരാതി എത്തി. ഇരു കൂട്ടരെയും വിളിപ്പിച്ചു. പിന്മാറാൻ കാരണമെന്താണെന്ന് പറയുന്നില്ല. ഒടുവിൽ ഐപിസി 354,323,294(ബി),420(34),119 എന്നീ വകുപ്പുകൾ പ്രകാരം പൊലീസിനെകൊണ്ട് കേസെടുപ്പിക്കുകയായിരുന്നു. സമാനമായ മറ്റൊരു കേസും അദാലത്തിൽ വന്നിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിന് ശേഷം കുഞ്ഞ് പിറന്ന് ഒരുവർഷം കഴിഞ്ഞപ്പോൾ ബന്ധം പിരിഞ്ഞു. ഭർത്താവിന്റെ വീട്ടുകാർ ഉൾപ്പെടെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ പരാതി നൽകാൻ പെൺകുട്ടി വൈകി. ഇപ്പോൾ കുട്ടിയെ മാത്രം ഭർത്താവിന്റെ വീട്ടുകാർക്ക് മതി. കുട്ടിയെ കൈക്കലാക്കിയ ശേഷം പെൺകുട്ടിയെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. കമ്മീഷൻ ഇടപെട്ട് വരാപ്പുഴ പൊലീസിനെ കൊണ്ട് കുട്ടിയെ തിരികെ വാങ്ങി പെൺകുട്ടിക്ക് നൽകി. പെൺകുട്ടിയുടെ തെറ്റ് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മാതാവ് പറഞ്ഞു. കാരണം അവളുടെ ഇഷ്ടപ്രകാരം അവനൊപ്പം പോയതാണ്. അങ്ങനെ നിരവധി കേസുകളുണ്ടെന്ന് ചെയർപേഴ്സൺ പറഞ്ഞു. പ്രണയം നല്ലതാണ്, അതിനെ ഞാൻ എതിർക്കുന്നില്ല. പക്ഷേ മാംസനിബദ്ധമാകരുത് എന്നും ജോസഫൈൻ പറഞ്ഞു.

പീഡനങ്ങൾക്ക് ഇരകളാകുന്ന സ്ത്രീകൾ തക്കസമയത്ത് പരാതി നൽകാത്തത് നീതി ലഭ്യമാക്കുന്നതിൽ തടസ്സമുണ്ടാക്കുന്നതായും മതത്തിന്റെയും ജാതിയുടെയും കുടുംബത്തിന്റെയും പേരിൽ വലിയ വിഭാഗം സ്ത്രീകൾ പലവിധ പീഡനങ്ങൾ നിശ്ശബ്ദം സഹിക്കുകയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. മുളന്തുരുത്തിയിലെ മതസ്ഥാപനത്തിൽ സ്ത്രീയെ വർഷങ്ങളോളം തുച്ഛമായ കൂലിയിൽ ജോലിക്ക് നിർത്തി ആ തുക പോലും നൽകാതെ പിരിച്ച് വിട്ട പരാതിയിൽ കമ്മീഷൻ ശക്തമായ ഇടപെടൽ നടത്തും. വനിതാ കമ്മീഷൻ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ 61 പരാതികൾ പരിഗണിച്ചതിൽ 15 എണ്ണത്തിൽ തീർപ്പ് കൽപ്പിച്ചു. ആറ് പരാതികൾ പൊലീസ് റിപ്പോർട്ടിനായും രണ്ട് പരാതികൾ കൗൺസിലിംഗിനുമായി കൈമാറി. 38 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. കമ്മീഷനംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ.എം രാധ, ഷാഹിദാ കമാൽ, ഡയറക്ടർ വി. യു ജോസ് എന്നിവർ അദാലത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP