Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരുമുറിയും കിച്ചണും ബാത്ത്‌റൂമും അടങ്ങുന്ന ഫ്‌ളാറ്റിന് വാങ്ങുന്നത് 25 ലക്ഷം; നാല് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ മുറിക്ക് ഒരാളിൽ നിന്ന് ഈടാക്കുന്നത് 60000 രൂപ; കെട്ടിപ്പൊക്കിയത് 12 അനധികൃത ഫ്‌ളാറ്റുകൾ; എല്ലാം തീരദേശപരിപാലന നിയമം തെറ്റിച്ചവ; രേഖകൾ ചോദിച്ചപ്പോൾ സുനാമിയിൽ ഒലിച്ചുപോയെന്ന വിചിത്ര ന്യായം; മരടിന് പിന്നാലെ അമൃതാനന്ദമയി മഠത്തിന്റെ അനധികൃത ഫ്‌ളാറ്റുകളും കെട്ടിടങ്ങളും പൊളിക്കാൻ നീക്കം: തീരുമാനം പാസാക്കി ആലപ്പാട് പഞ്ചായത്ത്

ഒരുമുറിയും കിച്ചണും ബാത്ത്‌റൂമും അടങ്ങുന്ന ഫ്‌ളാറ്റിന് വാങ്ങുന്നത് 25 ലക്ഷം; നാല് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ മുറിക്ക് ഒരാളിൽ നിന്ന് ഈടാക്കുന്നത് 60000 രൂപ; കെട്ടിപ്പൊക്കിയത് 12 അനധികൃത ഫ്‌ളാറ്റുകൾ; എല്ലാം തീരദേശപരിപാലന നിയമം തെറ്റിച്ചവ; രേഖകൾ ചോദിച്ചപ്പോൾ സുനാമിയിൽ ഒലിച്ചുപോയെന്ന വിചിത്ര ന്യായം; മരടിന് പിന്നാലെ അമൃതാനന്ദമയി മഠത്തിന്റെ അനധികൃത ഫ്‌ളാറ്റുകളും കെട്ടിടങ്ങളും പൊളിക്കാൻ നീക്കം: തീരുമാനം പാസാക്കി ആലപ്പാട് പഞ്ചായത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മരടിൽ ഒരുപാട് കുടുംബങ്ങളെ വിഷമത്തിലാക്കിയെങ്കിലും, തീരദേശപരിപാലനനിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റുകളാണ് സുപ്രീംകോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ടത്. സമാനമായ കയ്യേറ്റങ്ങൾ കണ്ടെത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സിആർസെഡ് നിയമം ലംഘിച്ചതിന് നേരത്തെ തന്നെ കുപ്രസിദ്ധമാണ് അമൃതാനന്ദമയി മഠത്തിന്റെ പല കെട്ടിട നിർമ്മിതികളും. കൊല്ലം ജില്ലയിലെ ആലപ്പാട്, കുലശേഖരം, ക്ലാപ്പന പഞ്ചായത്തുകളിലായാണ് അമൃതാനന്ദമയി ആശ്രമത്തിന്റെ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇതിൽ ആലപ്പാട് പഞ്ചായത്തിൽ പെട്ട അനധികൃത ഫ്‌ളാറ്റുകൾ പൊളിക്കാനാണ് ഇപ്പോൾ കളമൊരുങ്ങുന്നത്. അമൃതാനന്ദമയി മഠത്തിന്റെ കൈവശമുള്ള അമൃതപുരിയിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കാൻ ആലപ്പാട്ട് പഞ്ചായത്ത് നോട്ടീസ് നൽകും. ഇത് സംബന്ധിച്ച് തീരുമാനം പഞ്ചായത്ത് അംഗങ്ങൾ ഐക്യകണ്ഠേനെ പാസാക്കി.

പഞ്ചായത്തിലെ ധനകാര്യ വകുപ്പ് സ്റ്റാൻഡിങ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് വിഷയം ചർച്ചയ്ക്ക് എടുത്തത്. 12 ഫ്ളാറ്റുകളാണ് അനധികൃതമായി പ്രവർത്തിക്കുന്നത്. സി.ആർ.ഇസെഡ് നിയമം ലംഘിച്ച് നിർമ്മിച്ചതാണ് ഈ ഫ്ളാറ്റുകൾ. കോൺഗ്രസ്, ബിജെപി, സിപിഐ.എം പാർട്ടിയിൽ നിന്നുള്ള പഞ്ചായത്ത് അംഗങ്ങൾ ഉള്ള കമ്മറ്റിയാണ് തീരുമാനം എടുത്തത. രണ്ട്- മൂന്ന് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് നോട്ടീസ് നൽകും. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകൾ മുമ്പ് ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. 12 ഫ്‌ളാറ്റുകളും വർഷങ്ങളായി താൽക്കാലിക കെട്ടിട നമ്പരിലായിരുന്നു പ്രവർത്തിച്ചത്.

രേഖകൾ ഹാജരാക്കാൻ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടപ്പോൾ 2004 ലെ സുനാമിയിൽ രേഖകൾ നഷ്ടപ്പെട്ടെന്ന വിചിത്രവാദമാണ് മഠം അധികൃതർ ഉന്നയിച്ചത്. അനധികൃതമായ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് മഠം അധിക്യതർ ഒരു റൂം, കിച്ചൺ, ബാത്‌റൂമും അടങ്ങിയ ഫളാറ്റുകൾക്ക് വാങ്ങുന്നത് നിലവിൽ 25 ലക്ഷം രൂപയാണ്. 4 വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ റൂമിന് ഒരു വിദ്യാർത്ഥിയിൽ നിന്ന് ഈടാക്കുന്നത് 60000 രൂപയാണ്. ഏക്കറോളം വ്യാപിച്ച് കിടക്കുന്ന അമൃതപുരി ആശ്രമത്തിലെ ടോയ്‌ലറ്റ് മാലിന്യങ്ങൾ എല്ലാം തന്നെ സംസ്ഥാനത്ത് മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് വാങ്ങിയ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ടി.എസ് കനാലിലേക്കാണ് ഒഴുക്കുന്നതെന്ന പരാതിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

തീരദേശ പരിസ്ഥിതിയുടെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളോടെ പുതിയ CRZ നിയമങ്ങൾ സർക്കാർ ഈ വർഷം ജനുവരിയിൽ അറിയിച്ചിരുന്നു.CRZ-III (ഗ്രാമീണ മേഖല) എന്നറിയപ്പെടുന്ന സ്ഥലത്തിന് രണ്ടു പ്രത്യേക വിഭാഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 2011-ലെ സെൻസസ് പ്രകാരം 2,161 ചതുരശ്ര അടി ജനസാന്ദ്രതയുള്ള, ജനവാസം കൂടുതലുള്ള മേഖലകൾ (CRZ-IIIA), വേലിയേറ്റ രേഖ നിന്നും 50 മീറ്റർ വരെ വികസനങ്ങൾ പാടില്ലാത്ത മേഖലയാണ്. ഇത് മുൻപ് 200 മീറ്റർ ആയിരുന്നു. CRZ-IIIB കാറ്റഗറിയിൽ (ജനസംഖ്യ സാന്ദ്രതയ്ക്ക് 2,161 ചതുരശ്ര അടിയിൽ താഴെയുള്ള മേഖല) ഉള്ള മേഖലകളിൽ വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്റർ വരെ വികസനം പാടില്ലാത്ത മേഖലയായി തുടരും.പ്രധാനപ്പെട്ട തീരപ്രദേശങ്ങൾക്ക് അടുത്തുള്ള ദ്വീപുകൾക്കും, കായൽ ദ്വീപുകൾക്കും, 20 മീറ്റർ വരെയുള്ള സ്ഥലത്ത് വികസന പ്രവർത്തനങ്ങൾ പാടില്ലായെന്ന് പുതിയ നിയമം അനുശാസിക്കുന്നു.

കുലശേഖരത്തും ക്ലാപ്പനയിലും വയൽ നികത്തൽ

കുലശേഖരത്തും ക്ലാപ്പനയിലും, മഠം അനധികൃതമായി വയലുകൾ നികത്തുന്നുവെന്ന പരാതി കാലങ്ങളായുള്ളതാണ്. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ അനധികൃതമായതെല്ലാം നിയമവിധേയമാക്കുകയാണ് മഠമെന്ന് ജനകീയ മുന്നണി ആരോപിക്കുന്നു. നിലവിൽ ക്ലാപ്പന പഞ്ചായത്തിലെ പൊതു ഓട കൈയേറിയുള്ള മതിൽ നിർമ്മാണം തുടരുന്നത് കണ്ട് , ക്ലാപ്പന വില്ലേജ് ഓഫീസർക്കും, ക്ലാപ്പന പഞ്ചായത്ത് സെക്രട്ടറിക്കും ശമ്പളം നൽകുന്നത് അമൃതാ ആശ്രമമോ, സർക്കാരോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

പഞ്ചായത്തിൽ ഡേറ്റാബാങ്കിൽ ഉൾപ്പെട്ട ഏക്കർകണക്കിന് നിലംനികത്തിയും അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചെങ്കിലും പരാതി നൽകിയെങ്കിലും, ആരും തിരിഞ്ഞുപോലും നോക്കിയില്ല. ക്ലാപ്പന വില്ലേജ് ഓഫീസറുടെയും പൊലീസിന്റെയും ഒത്താശയോടെയാണ് ഇവിടെ അനധികൃതമായി നിലം നികത്തുന്നതും, കെട്ടിട നിർമ്മാണങ്ങൾ നടത്തുന്നതുമെന്ന് ജനകീയ മുന്നണി പ്രവർത്തകർ പറയുന്നു. പാവപ്പെട്ടവന് അഞ്ചു സെന്റ് നിലം നികത്താൻ രേഖകൾ കാട്ടിയാൽ പോലും അനുവദിക്കാത്ത ക്ലാപ്പന വില്ലേജ് ഓഫീസറാണ് ഇവിടെ അമൃത ആശ്രമത്തിനു മുന്നിൽ മൗനം പാലിക്കുന്നത്

ചിറക്കടവ്, കുരിക്കശേരി, കണ്ണാടിശേരി തുടങ്ങി ക്ലാപ്പന പഞ്ചായത്തിന്റെ തെക്കന്മേഖലയാണ് ആശ്രമം അധികൃതരുടെ മതിൽ നിർമ്മാണത്തിന്റെ ഫലമായി വെള്ളക്കെട്ട് മൂലം വലയുന്നത്. പൊതുഓട കൈവശപ്പെടുത്തി മതിൽ നിർമ്മിക്കുന്നത് അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ടാണ് കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കളക്ടർ സ്റ്റോപ്പ് മെമോ നൽകിയതായി പറയുന്നുണ്ടെങ്കിലും, രാത്രികാലങ്ങളിൽ അനധികൃത വയൽ നികത്തലും മതിൽ നിർമ്മാണവും തുടരുകയാണെന്ന് ജനകീയ മുന്നണി ആരോപിക്കുന്നു.

ആലപ്പാട് പഞ്ചായത്തിലാണ് മാതാ അമൃതാനന്ദമയി മഠം നിൽക്കുന്നതെങ്കിലും ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലായിട്ടാണ് മഠത്തിന്റെ സ്ഥാപനങ്ങൾ പലതും. തീരദേശ പരിപാലന നിയമമടക്കം കാറ്റിൽ പറത്തിയാണ് ഇവയിൽ ഭൂരിപക്ഷവും നിർമ്മിച്ചിരിക്കുന്നതാണ് പരാതി. കൂടുതൽ സ്ഥാപനങ്ങളും ക്ലാപ്പന പഞ്ചായത്തിലാണ്. എന്നാൽ ഇതിനൊന്നും തന്നെ പഞ്ചായത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. ഒരു ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളവയാണ് മിക്കവയും. ക്ലാപ്പന പഞ്ചായത്തിലെ തങ്ങളുടെ സ്ഥാപനങ്ങളുടെ മൊത്തം വിസ്തീർണ്ണം 102583.33 ചതുരശ്ര മീറ്റർ ആണെന്ന് മഠം തന്നെ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നുണ്ട്. മുമ്പ് ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധനയും നടന്നിരുന്നു.

ക്ലാപ്പന പഞ്ചായത്തിൽ മാത്രം ഒരു എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്സ് ഹോസ്ററൽകെട്ടിടങ്ങൾ, അഞ്ചു വർക്ക്ഷോപ്പ് കെട്ടിടങ്ങൾ, തൊഴിലാളികൾക്ക് താമസിക്കാൻ നിരവധി കെട്ടിടങ്ങൾ, എട്ട് ഗോഡൗണുകൾ,നാല് ഗേൾസ് ഹോസ്ററലുകൾ, ഒരു സബ്സ്റ്റേഷൻ,രണ്ടു മെസ്സ്, രണ്ടു പവർ ഹൗസ് ബിൽഡിങ്, ഒരു ടി ബി ഐ(ടെക്നോളജി ബിസിനസ്സ് ഇന്ക്യുബെറ്റർ) കെട്ടിടം എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചതായി വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടത്തിയിരുന്നു. 46 ഏക്കറോളം ഭൂമിയിൽ പ്രവർത്തിക്കുന്ന മഠം സ്ഥാപനങ്ങൾ നിലം നികത്തിയ ഭൂമിയിലാണ് കെട്ടിപൊക്കിയിരിക്കുന്നത്. ഇതിൽ തന്നെ 15 ഏക്കറിന് മാത്രമാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. എന്നിട്ടും നിയമവിരുദ്ധ കാര്യങ്ങൾ ഇവിടെ തുടരുകയാണെന്നാണ് ജനകീയ മുന്നണി ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP