Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിഠായിത്തെരുവിൽ തീപ്പിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടില്ല; അനധികൃത നിർമ്മാണങ്ങൾ; പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകി കോർപ്പറേഷൻ; അശാസ്ത്രീയ നിർമ്മിതികൾ അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നുവെന്ന് അഗ്നിസുരക്ഷാ സേന

മിഠായിത്തെരുവിൽ തീപ്പിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടില്ല; അനധികൃത നിർമ്മാണങ്ങൾ; പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകി കോർപ്പറേഷൻ; അശാസ്ത്രീയ നിർമ്മിതികൾ അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നുവെന്ന് അഗ്നിസുരക്ഷാ സേന

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മിഠായിത്തെരുവിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമ്മാണങ്ങളും ചട്ടലംഘനങ്ങളും കണ്ടെത്തി. മൊയ്തീൻ പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന വി.കെ.എം ബിൽഡിങ്ങിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ ഒന്നും സ്ഥാപിച്ചിട്ടില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ അറിയിച്ചു. അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാൻ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയെന്നും കോർപ്പറേഷൻ സെക്രട്ടറി വ്യക്തമാക്കി.

തീപിടുത്തത്തെത്തുടർന്ന് കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി, എക്സി.എൻജിനീയർ കെ.പി രമേഷ്, അസി. എഞ്ചിനീയർമാരായ അനി ഐസക്, അശ്വതി സി, ഓവർസിയർ സതീഷ് കെ എന്നിവർ നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിൽ അനധികൃത നിർമ്മാണങ്ങളും ചട്ടലംഘനങ്ങളും കണ്ടെത്തിയത്. കൂടാതെ തുറസ്സായ സ്ഥലം സാധനങ്ങൾ സൂക്ഷിച്ച് സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

ഷോപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. മാത്രമല്ല സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തിയതിനാൽ അപകടം ഉണ്ടായാൽ ആളുകൾക്ക് പുറത്തേക്ക് പോകുന്നതിനോ, സുരക്ഷാ പ്രവർത്തകർക്ക് അകത്തേക്ക് പ്രവേശിക്കുന്നതിനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റുന്നതിനും, തുറസ്സായ സ്ഥലം നിലനിർത്തി സുഗമമായി സഞ്ചാരം ഉറപ്പുവരുത്തുന്നതിനും കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

കൂടാതെ ന്യൂ ബസാർ, ബിഗ് ബസാർ ഒയാസിസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ പഴയ കെട്ടിടങ്ങളിലെ ഇലക്ട്രിക് സംവിധാനം പരിശോധിക്കുന്നതിനും, സുരക്ഷാ മാർഗ്ഗങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിന് കത്ത് നൽകുമെന്നും കോർപ്പറേഷൻ അറിയിച്ചു.

മിഠായിതെരുവിന് സമീപം മൊയ്തീൻ പള്ളി റോഡിലായിരുന്നു തീപ്പിടിത്തമുണ്ടായത്. സംഭവത്തിൽ വ്യാപാരികൾക്ക് വീഴ്ചയെന്ന് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക റിപ്പോർട്ടും പുറത്തുവന്നിരുന്നു. അശാസ്ത്രീയ നിർമ്മിതികളും തിങ്ങിനിറഞ്ഞ കെട്ടിടങ്ങളും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് അഗ്‌നിരക്ഷാസേന കണ്ടെത്തിയിരുന്നു.



വെള്ളിയാഴ്ച മിഠായിത്തെരുവിലെ എംപി റോഡിൽ രണ്ട് കടകൾ കത്തിനശിച്ചതിന്റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധനയാണ് അഗ്‌നിരക്ഷാസേന നടത്തിയത്. കച്ചവട സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ് പ്രവർത്തിക്കുന്നതിലെ പോരായ്മകൾ അക്കമിട്ട് നിരത്തിയാണ് പ്രാഥമിക റിപ്പോർട്ട്. ഈ രീതി ഇനിയും തുടർന്നാൽ അപകടങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

നിയമം ലംഘിച്ച് നടത്തുന്ന വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. അഗ്‌നിശമന ഉപകരണങ്ങൾ കൂടുതൽ കടകളിലില്ലാത്ത് പോരായ്മയാണ്. മിഠായിതെരുവലെ എല്ലായിടങ്ങളിലേക്കും തീയണക്കാൻ വെള്ളമെത്തും വിധം ഫയർ ഹൈഡ്രന്റ് സ്ഥാപിക്കാൻ സൗകര്യമൊരുക്കണമെന്നും രാത്രികാല പട്രോളിംഗിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

ഇതിനിടെ മിഠായി തെരുവിൽ പലതവണയായി തീപ്പിടിത്തമുണ്ടായ സാഹചര്യത്തിൽ ഇതിനെ കുറിച്ച് അന്വേഷണം നടത്താനും അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കുവാനും ജില്ലാ പൊലീസ് മേധാവി എ.വി. ജോർജ് ജില്ലാ സ്പെഷൽ ബ്രാഞ്ച് എ.സി.പി. ഉമേഷ്. എ.യ്ക്ക് നിർദ്ദേശം നൽകി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്നിൽ എം. മഹാജന്റെ മേൽനോട്ടത്തിൽ സ്പെഷൽ ബ്രാഞ്ച് ഉമേഷ് എ.യുടെ നേതൃത്വത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും, ടൗൺ പൊലീസും അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി മേലേപാളയം, എസ്.എം. സ്ട്രീറ്റ്, കോർട്ട് റോഡ്, എംപി. റോഡ്, ബഷീർ റോഡ്, താജ് റോഡ് തുടങ്ങി എട്ടു ഭാഗങ്ങളായി തിരിച്ച് ഓരോ കെട്ടിടങ്ങളിലും കടകളിലും നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ, അനധികൃത കൈയേറ്റങ്ങൾ, കടയിൽ നിന്നും മറ്റും സാധനങ്ങൾ പുറത്തേക്ക് വച്ച് വഴിതടസ്സപ്പെടുത്തുന്ന കാര്യങ്ങൾ എന്നിവ ഉണ്ടായോ എന്ന് പരിശോധിക്കും. അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഒരാഴ്ചക്കകം ജില്ലാ പൊലീസ് മേധാവി മുമ്പാകെ സമർപ്പിക്കുമെന്ന് എ.സി.പി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP