Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാണാനില്ല എന്ന പരാതി കിട്ടിയപ്പോൾ തന്നെ അപ്പുക്കുട്ടനാണ് വില്ലനെന്ന് പൊലീസ് കണ്ടെത്തി; ഇരുവരുടെയും മൊബൈൽ ലൊക്കേഷൻ ഇലവീഴാപൂഞ്ചിറയിൽ ആണെന്ന് അറിഞ്ഞപ്പോൾ പൊലീസ് സംഘം അങ്ങോട്ടു വെച്ചുപിടിച്ചു; കാട്ടിലായതിനാൽ കണ്ടെത്താനാവാതെ പരിസരത്തു തമ്പടിച്ചു പൊലീസ് സംഘം; ആദിവാസികൾ ഉപേക്ഷിച്ച വീടുകളിൽ മാറിത്താമസിച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് കാമുകനും കാമുകിയും: 23ാം ദിവസം കാടിനു പുറത്തിറങ്ങിയത് വിശപ്പു സഹിക്കാൻ കഴിയാതെ വന്നപ്പോൾ

കാണാനില്ല എന്ന പരാതി കിട്ടിയപ്പോൾ തന്നെ അപ്പുക്കുട്ടനാണ് വില്ലനെന്ന് പൊലീസ് കണ്ടെത്തി; ഇരുവരുടെയും മൊബൈൽ ലൊക്കേഷൻ ഇലവീഴാപൂഞ്ചിറയിൽ ആണെന്ന് അറിഞ്ഞപ്പോൾ പൊലീസ് സംഘം അങ്ങോട്ടു വെച്ചുപിടിച്ചു; കാട്ടിലായതിനാൽ കണ്ടെത്താനാവാതെ പരിസരത്തു തമ്പടിച്ചു പൊലീസ് സംഘം; ആദിവാസികൾ ഉപേക്ഷിച്ച വീടുകളിൽ മാറിത്താമസിച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് കാമുകനും കാമുകിയും: 23ാം ദിവസം കാടിനു പുറത്തിറങ്ങിയത് വിശപ്പു സഹിക്കാൻ കഴിയാതെ വന്നപ്പോൾ

ആർ പീയൂഷ്

കുമളി: ഇലവീഴാപൂഞ്ചിറയിലെ ഘോരവനത്തിൽ 23 ദിവസത്തോളം ഒളിവിൽ താമസിച്ച കമിതാക്കളെ കുറിച്ചുള്ള വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. വനത്തിനുള്ളിൽ ഇത്രയും കാലം പൊലീസുകാരുടെയും വനപാലകരുടെയും കണ്ണുവെട്ടിച്ച് ഇവർ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഉണ്ട് താനും. ഇലവീഴാപൂഞ്ചിറയെന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെ വനത്തിൽ ഒളിച്ചു താമസിച്ച കമിതാക്കൾ പൊലീസിനും ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതൊന്നും ആയിരുന്നില്ല. ദിവസങ്ങൾ തന്നെ തമ്പടിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്.

പതിനേഴുകാരിയെയും യുവാവിനെയും പിടികൂടാൻ സഹായകമായത് പൊലീസിന്റെയും നാട്ടുകാരുടെയും സമാനതകളില്ലാത്ത കഠിന പ്രയത്നമായിരുന്നു. പെൺകുട്ടിയെ കാണാനില്ല എന്ന് പരാതി ലഭിച്ച ഉടൻ പൊലീസ് അന്വേഷിച്ചത് പെൺകുട്ടിയുടെ ഫോണിൽ വന്ന കോളുകളായിരുന്നു. ഇത് പരിശോധിച്ചപ്പോൾ തന്നെ വില്ലൻ അപ്പുക്കുട്ടൻ എന്ന അപ്പു ജോർജ്ജാണെന്ന് പൊലീസിന് മനസിലായി. അപ്പു ജോർജ്ജിനൊപ്പം പെൺകുട്ടി പോയെന്ന നിഗമനത്തിൽ തുടർന്നങ്ങോട്ട് അന്വേഷണം പുരോഗമിച്ചു. ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി കാണിച്ചത് വനത്തിന് സമീപമുള്ള ഇലവീഴാപ്പൂച്ചിറയിലെ ടവറിൽ നിന്നായിരുന്നു. ഇതോടെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രത്തിലെ റിസോർട്ടിലോ മറ്റോ ഒളിവിൽ കഴിയുകയാകും എന്ന് പൊലീസ് കരുതി.

ഇവിടുത്തെ വിവിധ റിസോർട്ടുകളിലും ഹോംസ്‌റ്റേകളിലും പൊലീസ് അന്വേഷണം നടത്തി. എന്നാൽ, ഇരുവരും പലയിടങ്ങളിലായി മുങ്ങി നടന്നു. പിന്നീട് പൊലീസ് പിന്നാലെയുണ്ടെന്ന് ബോധ്യമായതോടെയാണ് വനത്തിലേക്ക് കമിതാക്കൾ പോയത്. ഇരുവരും വനത്തിനുള്ളിൽ കടന്നു എന്ന സ്ഥിരീകരണം പൊലീസിന ലഭിച്ചത് ലൊക്കേഷൻ പരിശോധനയിൽ ആയിരുന്നു. ഇവർക്ക് വേണ്ടി വനത്തിൽ ആദ്യ ഘട്ടം കുമളി പൊലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല.

വനത്തിനുള്ളിലെ പല വഴികളിലും എത്തി പെടാൻ കഴിയാതിരുന്നതാണ് അന്വേഷണത്തിന് വഴിമുട്ടിയത. ഇതോടെ കട്ടപ്പന ഡി.വൈ.എസ്‌പി എൻ.സി രാജ്‌മോഹന്റെ നേതൃത്വത്തിൽ എഴുപത്തിയഞ്ചോളം പൊലീസുകാരെയും ഇരുനൂറോളം നാട്ടുകാരെയും ഉൾപ്പെടുത്തി പ്രത്യേക തിരച്ചിൽ സംഘത്തെ രൂപീകരിച്ചു. ഇവരെ വിവിധ മേഖലകളിലേക്ക് തിരച്ചിലിനായി അയച്ചു. ഇലവീഴാപ്പൂഞ്ചിറയിൽ നിന്നും മുകളിലേക്കുള്ള കോളപ്ര വന മേഖലയിൽ ആളൊഴിഞ്ഞ നിരവധി വീടുകൾ ഉണ്ട്. ആദിവാസികൾ താമസിച്ചതിന് ശേഷം ഉപേക്ഷിച്ച വീടുകളാണ് ഇതെല്ലാം. ഈ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പൊലീസ് തങ്ങളുടെ പുറകെ ഉണ്ടെന്ന് മനസ്സിലാക്കിയ ഇവർ വിവിധ സ്ഥലങ്ങളിലേക്ക് മാറി മാറി താമസിക്കുകയായിരുന്നു.

ഓരോ സ്ഥലത്ത് പരിശോധന നടത്തുമ്പോഴും ഇവർ താമസിച്ചിരുന്നതിന്റെ അടയാളങ്ങൾ പൊലീസിനും നാട്ടുകാർക്കും ലഭിച്ചിരുന്നു. അതോടെ അന്വേഷണം വീണ്ടും വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പൊലീസ് സംഘം തിരച്ചിലിനായി ഒപ്പമുണ്ടായിരുന്ന നാട്ടുകാരുടെ വീടുകളിൽ തമ്പടിച്ചായിരുന്നു അന്വേഷണം. ജനുവരി ഏഴു മുതൽ ആരംഭിച്ച തിരച്ചിലിനൊടുവിൽ ഇന്നലെ പുലർച്ചെ ഇവർ പൊലീസിന്റെ മുന്നിൽ വന്നു പെടുകയായിരുന്നു. ആഹാര സാധനങ്ങൾ ശേഖരിച്ചു വരികയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇരുവരും രണ്ടു ദിക്കിലേക്ക് ഓടി. ഓടിത്തളർന്ന പെൺകുട്ടി ശരംകുത്തിയിലെ ഒരു വീട്ടിലെത്തി വാതിലിൽ മുട്ടിവിളിച്ച് കുടിവെള്ളം ചോദിച്ചു.

അവശ നിലയിലായിരുന്ന കുട്ടിക്ക് വീട്ടുകാർ ഭക്ഷണവും വെള്ളവും നൽകി വിശ്രമിക്കാൻ സൗകര്യം ചെയ്തുകൊടുത്ത ശേഷം നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ പെൺകുട്ടിയെ തടഞ്ഞുനിർത്തി പൊലീസിന് കൈമാറി. മറുഭാഗത്തേക്ക് ഓടിയ ജോർജ്ജ് കുടയത്തൂർവഴി ആനക്കയത്തേക്കാണ് ഓടിക്കയറിയത്. ഇയാളെ നാട്ടുകാർ പിന്തുടർന്നു പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ അടയ്ക്ക പറിക്കാൻ വരുമ്പോൾ കണ്ടുമുട്ടിയെന്നും ദീർഘ നേരം സംസാരിച്ച ശേഷം പെൺകുട്ടിക്ക് നമ്പർ കൈമാറി. പിന്നീട് ഫോൺ വിളിയിലൂടെ പെൺകുട്ടിയെ വലയിലാക്കുകയും ചെയ്തുവെന്നുമാണ് അപ്പു ജോർജ്ജ് പറഞ്ഞത്.

പിന്നീട് ഒരുമിച്ചു താമസിക്കാം, എന്റെ കൂടെ പോരുന്നോ എന്നു ചോദിക്കുകയും കഴിഞ്ഞ ആറിന് പള്ളിയിലേക്ക് പെൺകുട്ടി പോകുമ്പോൾ ഒപ്പം കൂട്ടിക്കൊണ്ട് പോകുകയുമായിരുന്നു. കോളപ്ര ഭാഗത്തെ ആദിവാസികൾ ഉപേക്ഷിച്ച വീടുകളിലാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് അന്വേഷിച്ചെത്തുന്നുണ്ട് എന്നറിഞ്ഞ് ഉൾക്കാട്ടിലേക്ക് പോകുകയും മരത്തിന്റെ ചുവട്ടിൽ അന്തിയുറങ്ങി എന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. അപ്പു ജോർജ്ജ് കാട്ടിനുള്ളിൽ തന്നെ കഴിയുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. കാടിന്റെ ഓരോ മുക്കും മൂലയും വ്യക്തമായി അറിയുന്നതിനാലാണ് ഇത്രയും നാൾ കാട്ടിനുള്ളിൽ ഒളിച്ചു താമസിക്കാൻ കഴിഞ്ഞത് എന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP