Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കായി എട്ടിടങ്ങളിൽ സ്മാർട് ലേണിങ് ഹബുകൾ; പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരീശീലനം നൽകി പരീക്ഷകൾക്ക് തയ്യാറാക്കുന്നു; അമ്മമാരെ കൊണ്ട് വിത്തുപേനകൾ നിർമ്മിപ്പിച്ച് വിൽപന നടത്തി സ്വയം പര്യപ്തരാക്കുന്നു; കോഴിക്കോടിന്റെ തീരദേശ മേഖലകളിൽ വിദ്യാഭ്യാസ വിപ്ലവം തീർക്കുന്ന ഐ ലാബിന്റെ കഥ

ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കായി എട്ടിടങ്ങളിൽ സ്മാർട് ലേണിങ് ഹബുകൾ; പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരീശീലനം നൽകി പരീക്ഷകൾക്ക് തയ്യാറാക്കുന്നു; അമ്മമാരെ കൊണ്ട് വിത്തുപേനകൾ നിർമ്മിപ്പിച്ച് വിൽപന നടത്തി സ്വയം പര്യപ്തരാക്കുന്നു; കോഴിക്കോടിന്റെ തീരദേശ മേഖലകളിൽ വിദ്യാഭ്യാസ വിപ്ലവം തീർക്കുന്ന ഐ ലാബിന്റെ കഥ

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രം ദൂരത്തുള്ള തീരദേശ മേഖലയായ പയ്യാനക്കലും നദീനഗറുമെല്ലാം നഗരത്തിന്റെ ആഡംബരങ്ങളൊന്നുമില്ലാതെ സാധാരണ ജീവിതം നയിക്കുന്നവരുടെ നാടാണ്. പലവിധ സാമൂഹിക കാരണങ്ങളാൽ വിദ്യാഭ്യാസം പൂർത്തിയാക്കാനാകാതെ തൊഴിലെടുക്കേണ്ടി വന്ന നിരവധി ചെറുപ്പക്കാരുമുണ്ട് ഇവിടെ. ഇവർക്കിടയിൽ കഴിഞ്ഞ നാല് വർഷക്കാലമായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു ചെറു സംഘമാണ് ഐ ലാബ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്നൊവേഷൻ ലബോറട്ടറി ഇന്ത്യ എന്ന കൂട്ടായ്മ.

തീരദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസവും ചെറിയ രീതിയിലെങ്കിലും ഈ മേഖലകളിലെ കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഐലാബ് ഈ കോവിഡ് കാലത്ത് പുതിയൊരു പദ്ധതിക്കു കൂടി ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ജൂൺ 1ന് തന്നെ സംസ്ഥാന സർക്കാർ അധ്യായനം വിക്ടേർസ് ചാനൽ വഴി ആരംഭിച്ചപ്പോൾ പയ്യാനക്കൽ, നദീനഗർ തുടങ്ങിയ തീരപ്രദേശങ്ങളിലെ കുട്ടികളിൽ വലിയൊരു ശതമാനം ഈ ക്ലാസ്മുറികൾക്ക് പുറത്തായിരുന്നു. അത്തരം വിദ്യാർത്ഥികൾക്കായി പ്രദേശത്തെ എട്ട് കേന്ദ്രങ്ങളിൽ സ്മാർട് ലേണിങ് ഹബുകൾ തുടങ്ങിയിരിക്കുകയാണ് ഇന്ന് ഐലാബ് കൂട്ടായ്മ.

കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസും സിറ്റി എഇഒ മനോജ് കുമാറും കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്‌സൺ അഡ്വ. ബബിത ബൽരാജുമെല്ലാം ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്ത സ്മാർട് ലേണിങ് ഹബുകളെ കുറിച്ചും കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കുറിച്ചും മറുനാടൻ മലയാളിയുമായി സംസാരിക്കുകയാണ് ഐലാബിന്റെ പ്രൊജക്ട് ലീഡറും കോഴിക്കോട് ദേവഗിരി കോളേജിലെ വിദ്യാർത്ഥിയുമായ സബീന.

സബീനയുടെ വാക്കുകൾ...

തുടക്കം നാല് വർഷങ്ങൾക്ക് മുമ്പ്

നാലു വർഷങ്ങൾക്ക് മുമ്പാണ് ഐ ലാബ് എന്ന കൂട്ടായ്മ പിറവിയെടുക്കുന്നത്. കോഴിക്കോട് സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന നസ്മിന നസ്‌റിനും അവരുടെ ജീവിത പങ്കാളി സീഷാൻ സൈനുദ്ദീനും ചേർന്നാണ് കൂട്ടായ്മയ്ക്ക് രൂപം നൽകുന്നത്. കോഴിക്കോട് നഗരത്തിനോട് ചേർന്ന തീരദേശ മേഖലയിലെ കുട്ടികളുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സംഘം രൂപീകരിച്ചത്. പഞ്ഞിമിഠായി എന്ന പേരിൽ കപ്പക്കൽ കടപ്പുറത്തെ വിദ്യാർത്ഥികൾക്കായി ഒരു ദിവസത്തെ ശിൽപശാല നടത്തിക്കൊണ്ടാണ് തുടക്കം. ഇപ്പോഴത് ചാമുണ്ടി വളപ്പ്,രണ്ടര സെന്റ് കോളനി, നദീനഗർ തുടങ്ങിയ ഇടങ്ങളിലെ നിരവധി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. നിരന്തര ശിൽപശാലകളും കലാകായിക പരിപാടികളുമായി ഐ ലാബ് ഈ കുട്ടികളുടെ പാഠ്യ പാഠേതര പ്രവർത്തനങ്ങളിൽ ഇടപെട്ടുവരുന്നുണ്ട്. അതിന്റെ മാറ്റം വിദ്യാർത്ഥികളിലും പ്രകടമായിത്തുടങ്ങിയിരിക്കുന്നു.

ഏറ്റെടുത്ത പ്രൊജക്ടുകൾ

സീഷെൽ എന്ന പേരിൽ രണ്ട് പ്രൊജക്ടുകളാണ് തുടക്കകാലത്ത് ഐലാബ് നടപ്പിലാക്കിയിരുന്നത്. 3,4,7,8 എന്നീ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഈ പ്രൊജക്ടുകളുടെ തുടക്കം. അറുപതിലധികം കുട്ടികൾ അന്ന് ഈ പ്രൊജക്ടുകളുടെ ഭാഗമായി. സർവ്വ ശിക്ഷ അഭിയാനുമായി ചേർന്ന് പ്രദേശത്തെ പ്രാഥമിക വിദ്യാലയങ്ങൾ വഴിയായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്. കോഴിക്കോട് കോർപറേഷന്റെ സഹകരണവുമുണ്ടായിരുന്നു. ഒരു വർഷത്തോളം നിരന്തരമായി കുട്ടികൾക്കായി ക്യാമ്പുകളും ശിൽപശാലകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചാണ് ഐലാബ് കുട്ടികൾക്കിടയിൽ പ്രവർത്തിച്ചത്. കുട്ടികളിൽ ആത്മ വിശ്വാസം വളർത്തിയെടുക്കലായിരുന്നു പദ്ധതിയുടെ പ്രാധമിക ലക്ഷ്യം. അതിൽ ഐലാബ് പൂർണ്ണമായും വിജയിക്കുകയും ചെയ്തു. ക്ലാസ്മുറികളിൽ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന വിദ്യാർത്ഥികൾ ഐലാബ് നടത്തുന്ന പരിപാടികളിലൂടെ വരക്കാനും പാടാനും പ്രസംഗിക്കാനും തുടങ്ങി. മികച്ച സംഘാടകരായും വിദ്യാർത്ഥികൾ മാറി. തങ്ങൾക്കിതിനെല്ലാമാകുമെന്ന വിശ്വാസം വിദ്യാർത്ഥികൾക്കിടയിലുണ്ടാക്കാൻ ഐലാബിനായി. ഓരോ മേഖലയിലെയും വിദഗ്ധരെ കൊണ്ടു വന്ന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഈ തുടക്കം ഐ ലാബിന് ഏറ്റവും നല്ലൊരു അടിത്തറയും കോഴിക്കോടിന്റെ തീരദേശ മേഖലയിൽ ഉണ്ടാക്കിക്കൊടുത്തു.

നിലവിൽ രണ്ട് പ്രൊജക്ടുകളാണ് ഐ ലാബ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. സീം, മിഷൻ ടെൻ എന്നിങ്ങനെയാണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ പേര്. ഒമ്പതുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനം ലക്ഷ്യമിട്ടാണ് സീം പദ്ധതി പ്രവർത്തിക്കുന്നത്. സ്‌കൂളിന് പുറമെ കുട്ടികൾക്ക് നിരന്തരം പരിശീലനങ്ങളും വർക്ക്‌ഷോപ്പുകളും നൽകുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പലവിധ കാരണങ്ങളാൽ പഠനത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന നിരവധി വിദ്യാർത്ഥികൾ ഈ തീരപ്രദേശങ്ങളിലുണ്ട്. സ്വന്തം പേരുപോലും എഴുതാൻ പറ്റാത്ത ഹൈസ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുണ്ട്. പല വിധ സാഹചര്യങ്ങളിൽ നിന്നും വരുന്ന ഇവർക്ക് മതിയായ പരിഗണനയോ ശ്രദ്ധയോ ഒരു പക്ഷെ സ്‌കൂളിൽ നിന്ന് ലഭിക്കുന്നില്ല. അത്തരം വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗരണന നൽകി അവരുടെ സാമൂഹിക അന്തരീക്ഷവും കുടുംബ പശ്ചാതലവും മനസ്സിലാക്കി അവരുടെ പഠന പ്രവർത്തനങ്ങൾ ഇടപെടുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സീം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ എട്ടിടങ്ങളിലായി സ്മാർട് ലേണിങ് ഹബുകൾ ആരംഭിച്ചിട്ടുള്ളത്.

പയ്യാനക്കൽ നദീനഗർ മേഖലയിലെ എട്ട് കേന്ദ്രങ്ങളിൽ ടെലിവിഷൻ സ്ഥാപിച്ചുകൊണ്ട് നിലവിൽ വിക്ടേർസ് ചാനൽ വഴി നടക്കുന്ന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്. നിരവധി കുട്ടികൾ വീട്ടിൽ ടിവിയില്ലാത്തതുകൊണ്ടോ മറ്റു കാരണങ്ങളാലോ വിക്ടേർസ് ചാനൽവഴി നടക്കുന്ന ക്ലാസുകൾ ലഭിക്കാത്തവരായിരുന്നു. ഇത് കണക്കിലെടുത്താണ് പെട്ടെന്ന് തന്നെ ഇത്തരം കേന്ദ്രങ്ങളാരംഭിച്ചത്. അംഗനവാടികളും മറ്റു പൊതു കെട്ടിടങ്ങളും ഐലാബിന്റെ തന്നെ നദീനഗറിലെ ഓഫീസുമൊക്കെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇവിടങ്ങളിലെല്ലാം ഇന്റർനെറ്റ് കണക്ഷനും കംബ്യൂട്ടറുകളും ലഭ്യമാക്കി പൂർണ്ണതോതിലുള്ള സ്മാർട് ലേണിങ് ഹബുകളാക്കി മാറ്റാനാണ് തീരുമാനം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം കൊണ്ടാണ് ഇത്തരത്തിൽ 8 കേന്ദ്രങ്ങൾക്ക് ഐ ലാബ് തുടക്കം കുറിച്ചിട്ടുള്ളത്. ഓരോ കേന്ദ്രങ്ങളിലും ഓരോ മെന്റർമാരെയും കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെ സഹായത്തിനായി നിയോഗിച്ചിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുകൊണ്ടാണ് മിഷൻ ടെൻ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. പത്താംക്ലാസിൽ പഠിക്കുന്ന പത്തോളം വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇവരുടെ എല്ലാവിധ പഠന പ്രവർത്തനങ്ങളിലും ഇടപെട്ട് ഇവരെ മുന്നിലെത്തിക്കുക എന്നതാണ് മിഷൻ ടെൻ എന്ന പദ്ധതിയിലൂടെ ചെയ്യുന്നത്. കോഴിക്കോട് കോർപറേഷന്റെയും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും പൂർണ്ണ സഹകരണത്തോടെയാണ് ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത്.

കൂട്ടികളിലൂടെ കുടുംബങ്ങളിലേക്ക്

കുട്ടികൾ വഴി അവരുടെ കുടുംബങ്ങളിലേക്ക് കൂടി ഐ ലാബിന്റെ കരുതലെത്തുന്നുണ്ട്. തീരദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കുള്ള പ്രധാന കാരണമായി ഐലാബ് കണ്ടെത്തിയിട്ടുള്ളത് വീടുകളിലെ ദാരിദ്ര്യമാണ്. മത്സ്യബന്ധനമാണ് പ്രധാന വരുമാന മാർഗ്ഗം. പലപ്പോഴുമത് ലഭിക്കാതെ വരുമ്പോൾ ചെറുപ്രായത്തിൽ തന്നെ പഠനം നിർത്തി ജോലിക്ക് പോകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. വീട്ടിലെ സ്ത്രീകളിൽ ഭൂരിഭാഗം ആളുകൾക്കും സ്വന്തമായി വരുമാനമില്ല. സ്ത്രീകൾക്കു കൂടി ചെറിയൊരു വരുമാനമാർഗ്ഗമുണ്ടായാൽ കുടുംബങ്ങളിലെ സാമ്പത്തിക പ്രയാസങ്ങൾക്ക ഒരളവു വരെയെങ്കിലും പരിഹാരം കാണനാകും. ഇതോടു കൂടി പാതിവഴിയിൽ പഠനം നിർത്തിപ്പോകേണ്ട അവസ്ഥയിൽ നിന്ന് കുട്ടികൾക്കും മോചനുമുണ്ടാകും. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഐ ലാബ് വിത്തുപേന നിർമ്മാണത്തിലേക്കിറങ്ങിയത്. ഐലാബിന്റെ പഠന പദ്ധതികളുടെ ഭാഗമായിട്ടുള്ള വിദ്യാർത്ഥികളുടെ അമ്മമാർക്ക് പേന നിർമ്മാണത്തിൽ പരീശീലനം നൽകി അവരെ കൊണ്ട് പേന നിർമ്മിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പേനകൾ ഐ ലാബ് വഴി വിൽപന നടത്തുകയും ലാഭ വിഹിതത്തിന്റെ നല്ലൊരു ശതമാനം നിർമ്മിക്കുന്ന സ്ത്രീകൾക്ക് നൽകുകയുമാണ് ചെയ്യുന്നത്. ഇതുവഴി ദിവസേന 300 രൂപയെങ്കിലും ചുരുങ്ങിയത് ഓരോ കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ട്.

വളണ്ടിയർമാരാണ് ഐലാബിന്റെ കരുത്ത്

ഒരു പറ്റം ചെറുപ്പക്കാരുടെ സംഘമാണ് ഐലാബ്. ഈ വളണ്ടിയർമാർ തന്നെയാണ് ഐലാബിന്റെ കരുത്തും. യുവത്വത്തിന്റെ ഊർജ്ജവും കരുത്തും അധസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കണമെന്ന ഒരു പറ്റം വിദ്യാർത്ഥികളുടെയും ചെറുപ്പക്കാരുടെയും മനസ്സാണ് ഐ ലാബിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നത്. ഓരോ വർഷവും നടത്തുന്ന ഡ്രൈവിലൂടെയാണ് ഐ ലാബിന്റെ പ്രവർത്തനങ്ങൾക്കായി വളണ്ടിയർമാരെ കണ്ടെത്തുന്നത്. കൂടുതലും വിദ്യാർത്ഥികളാണ് വളണ്ടിയർമാരായെത്തുന്നത്. ഈ വളണ്ടിയർമാർ തന്നെയാണ് ഇപ്പോൾ ഐ ലാബ് നടത്തുന്ന പഠന പ്രവർത്തനങ്ങളിൽ ക്ലാസുകളെടുക്കുന്നതെന്നും ഐലാബിന്റെ പ്രൊജക്ട് ലീഡർ സബീന മറുനാടൻ മലയാളിയോട് പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP