Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഇജാസിനെ മതപഠന ക്ലാസുകളിൽ എത്തിച്ചത് റാഷിദ്; നിമഷയും റാഷിദിന്റെ ഭാര്യയും സഹപാഠികൾ; 2017ൽ നാംഗർഹർ പ്രവശ്യയിൽ ജിഹാദികളായി എത്തുന്നവർക്ക് സൗകര്യമൊരുക്കി; ക്ലീനിക് തുടങ്ങി ഭീകരരെ സഹായിച്ചു; ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഭാര്യയും കുട്ടികളും അഫ്ഗാൻ സേനയ്ക്ക് മുമ്പിൽ കീഴടങ്ങി; കരുത്ത് വീണ്ടെടുക്കാൻ മുന്നിൽ നിന്ന് നയിച്ചത് മലയാളി ഡോക്ടർ; അഫ്ഗാനിസ്ഥാൻ ജയിലിൽ ചാവേറാക്രമണം നടത്തിയത് കല്ലുകെട്ടിയ പുരയിൽ ഇജാസ്; കൊല്ലപ്പെട്ട കാസർഗോഡുകാരനായ ഭീകരന്റെ കഥ

ഇജാസിനെ മതപഠന ക്ലാസുകളിൽ എത്തിച്ചത് റാഷിദ്; നിമഷയും റാഷിദിന്റെ ഭാര്യയും സഹപാഠികൾ; 2017ൽ നാംഗർഹർ പ്രവശ്യയിൽ ജിഹാദികളായി എത്തുന്നവർക്ക് സൗകര്യമൊരുക്കി; ക്ലീനിക് തുടങ്ങി ഭീകരരെ സഹായിച്ചു; ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഭാര്യയും കുട്ടികളും അഫ്ഗാൻ സേനയ്ക്ക് മുമ്പിൽ കീഴടങ്ങി; കരുത്ത് വീണ്ടെടുക്കാൻ മുന്നിൽ നിന്ന് നയിച്ചത് മലയാളി ഡോക്ടർ; അഫ്ഗാനിസ്ഥാൻ ജയിലിൽ ചാവേറാക്രമണം നടത്തിയത് കല്ലുകെട്ടിയ പുരയിൽ ഇജാസ്; കൊല്ലപ്പെട്ട കാസർഗോഡുകാരനായ ഭീകരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: അഫ്ഗാനിസ്ഥാൻ ജയിലിൽ ചാവേറാക്രമണം നടത്തിയത് മലയാളിയും ഡോക്ടറുമായ ഐഎസ് ഭീകരൻ. എൻഐഎ കൊടുംകുറ്റവാളിയെന്ന് കണ്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കാസർഗോഡുകാരനായ കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണ് ആക്രമണം നടത്തിയത്. കാബുളിൽ നിന്ന് 115 കിലോമീറ്റർ അകലെ കിഴക്കൻ അഫ്ഗാനിൽ നൻഗർഹർ പ്രവിശ്യയിൽ സെൻട്രൽ ജയിലിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ആക്രമണത്തിൽ 29 പേർ കൊല്ലപ്പെടുകയും അൻപതിലധികം പേർക്ക് പരുക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ട് ജയിലിന് മുന്നിൽ കാർ ബോംബ് സ്ഫോടനം നടന്നു.

മൂന്ന് ഇന്ത്യക്കാരും മൂന്ന് അഫ്ഗാൻകാരും മൂന്ന് താജിക്ക് സ്വദേശികളും ഒരു പാക് പൗരനും അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ ഐസിസ് ഇന്നലെ ഭീകരരുടെ ചിത്രവും പുറത്തുവിട്ടു. തടവിൽ കിടക്കുന്ന ഭീകരരെ മോചിപ്പിക്കാനാണ് സംഘം ജയിൽ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. നിരവധി തടവുകാർ രക്ഷപ്പെട്ടു. ഒരു ഭീകരൻ സ്‌ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ജയിൽ കവാടത്തിൽ ഇടിച്ചുകയറ്റി ചാവേർ ആയി. കൂട്ടാളികൾ സുരക്ഷാ സേനയ്ക്ക് നേരെ തുരുതുരാ വെടിവച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ എല്ലാ ഭീകരരെയും വധിച്ചതായി അഫ്ഗാൻ സൈനിക മേധാവി ജനറൽ യാസീൻ സിയ അറിയിച്ചു.

14പേർക്കൊപ്പം 2015ലാണ് ഇജാസ് ഐസിസുമായി ബന്ധം സ്ഥാപിച്ചത്. ഐസിസിൽ ചേരാൻ 2016 മെയ്‌ 21ന് കുടുംബസമേതം രാജ്യം വിട്ടു. ഭാര്യ റഫീല (30), ആറ് വയസുള്ള മകൻ, സഹോദരൻ പി.കെ. ഷിഹാസ് (32), ഭാര്യ മംഗളൂരു ഉള്ളാൾ സ്വദേശി അജ്മല (24) എന്നിവരെയും കൂട്ടി. ഇജാസും ഭാര്യയും ഡോക്ടർമാരാണ്. തീവ്ര ഇസ്ലാമിക ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു. സംഘത്തിൽ കണ്ണൂർ, പാലക്കാട് നിന്നുൾപ്പെടെ 21 പേരുണ്ടായിരുന്നു. തൃക്കരിപ്പൂർ ഉടുംമ്പുന്തലയിലെ അബ്ദുൾ റാഷിദ് (38) ആയിരുന്നു സംഘത്തലവൻ. ഇയാൾ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടെന്ന് പിന്നീട് വിവരം ലഭിച്ചിരുന്നു. ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഐസിസിന് ക്ഷീണമുണ്ടായി. ഇതോടെയാണ് സ്ത്രീകൾ അടക്കം അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്.

അപ്പോഴും ഇജാസിനെ പോലുള്ളവർ ഐസിസിന്റെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടി ശ്രമിച്ചു. ഇതിന്റെ ഭാഗമാണ് ജയിൽ ആക്രമണവും. ഹൈദരാബാദിൽ നിന്ന് മസ്‌കറ്റ് വഴിയാണ് അഫ്ഗാനിസ്ഥാനിൽ എത്തിയത്. ജസീലയും കുട്ടിയും ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ തടവിലാണ്. ഇജാസ് നാട്ടിലെ ബന്ധുക്കളുമായി ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. സംഘത്തിലെ പി.കെ. അഷ്ഫാക്ക് ടെലിഗ്രാഫ് ആപ്പിലൂടെ പൊതുപ്രവർത്തകൻ ബി.സി.എ റഹ്മാൻ വഴി ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ഇജാസിനെയും തങ്ങൾക്കൊപ്പമുള്ള മറ്റ് പുരുഷന്മാരേയും ഡ്രോൺ ആക്രമണത്തിൽ കൊന്നുവെന്ന് റഫീല ഉൾപ്പെടെയുള്ള സ്ത്രീകൾ ചാനലുകളോട് പറഞ്ഞിരുന്നു. അത് വ്യാജമായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

കാസർക്കോട്ട് നിന്നും കാണാതായ ഡോ.ഇജാസ്, ഭാര്യ റുഫൈല, അഷ്ഫാഖ് മജീദ് എന്നിവർ തങ്ങൾ ഐസിസ് ക്യാമ്പിലാണെന്നും ഖിലാഫത്ത് സ്ഥാപിക്കുന്നുന്നതിനായാണ് ഇവിടെ വന്നതെന്നും വ്യക്തമാക്കി വീട്ടുകാർക്ക് 2016ൽ ശബ്ദ ശന്ദേശം അയച്ചിരുന്നു. എംബിബിഎസ് ബിരുദദാരിയായ ഇജാസും സംഘത്തിലെ മറ്റൊരാളും ചേർന്നാണ് ഐസിസ് ക്യാമ്പിൽ ക്ലിനിക്ക് ആരംഭിച്ചുവെന്നും വിവരം വന്നിരുന്നുയ 2016ലെ സന്ദേശത്തിൽ ക്ലിനിക്ക് തുടങ്ങിയിട്ടുണ്ടെന്നും നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ടെന്നുമായിരുന്നു വീട്ടുകാരോട് ഡോ.ഇജാസ് പറഞ്ഞിരുന്നത്.

അബ്ദുൽ റാഷിദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ഡോ. ഇജാസ്, സഹോദരൻ ഷിഹാസ്, ഷഫിസുദ്ദീൻ, പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിൻ എന്ന യഹിയ, ഭാര്യ മെറിൻ മറിയം, സഹോദരൻ ബെക്സൺ എന്ന ഈസ, ഭാര്യ നിമിഷ ഫാത്തിമ തുടങ്ങിയവരായിരുന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷൻ, പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത തിരോധാന കേസുകളെല്ലാം എൻ.ഐ.എ സംഘമാണ് അന്വേഷിക്കുന്നത്. തിരോധാന കേസുമായി ബന്ധപ്പെട്ട് വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ കൂട്ടാളികളെയടക്കം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാക്കിർ നായിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് (ഐആർഎഫ്) വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനായി അഫ്ഗാനിസ്താനിലേക്ക് കാസർകോട് നിന്ന് പോയവർ അവിടെ ജിഹാദികൾക്ക് സൗകര്യമൊരുക്കി ജീവിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഭീകരർക്ക് മേൽക്കോയ്മയുള്ള പ്രദേശത്ത് കടകൾ സ്ഥാപിച്ചും മതം പഠിപ്പിച്ചും കഴിയുന്ന ഇവരിലാരുംതന്നെ പോർമുഖത്തേയ്ക്ക് പോകാൻ താത്പര്യം കാണിക്കുന്നില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടരായി രാ്ജ്യം വിട്ട ഇവർ അഫ്ഗാനിലെ നാംഗർഹർ പ്രവിശ്യയിലുണ്ടെന്ന് കണ്ടെത്തിയത് 2017ലാണ്. ഭീകരസംഘടനയിൽ അംഗമാകാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും ജിഹാദികളായി എത്തുന്നവർക്ക് സൗകര്യമൊരുക്കുകയാണ് ഇവർ അന്ന് ചെയ്തിരുന്നത്. ഇജാസ് നാട്ടിൽനിന്ന് പോകുമ്പോൾ ഭാര്യ രഹൈല മൂന്നു മാസം ഗർഭിണിയായിരുന്നു.

പാലക്കാട് യാക്കര സ്വദേശി ഈസയേയും മതംമാറി ഇയാളുടെ ഭാര്യയായ കാസർകോട്ടെ ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയുമായിരുന്ന നിമിഷ എന്ന ഫാത്തിമയേയും പരസ്പരം പരിചയപ്പെടുത്തിയത് റാഷിദാണ്. പടന്ന സ്വദേശിയും കാണാതായ ഡോ.ഇജാസിനേയും മതപഠന ക്ളാസിലെത്തിച്ചതും റാഷിദാണ്. ഡോ. ഇജാസിന്റെ ഭാര്യ റഫീലയുടെ സഹപാഠിയാണ് ഫാത്തിമ. കാസർകോട്ട് പൊയിനാച്ചിയിലെ സെഞ്ചുറി ഡെന്റൽ കോളേജിലാണ് ഇവരൊന്നിച്ച് പഠിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ചായിരുന്നു അബ്ദുൾ റഷീദിന്റെ ഐസിസ് റിക്രൂട്ട്മെന്റ് നടന്നിരുന്നതെന്നാണ് സൂചനകൾ.

2014ൽ സ്വകാര്യ മെഡിക്കൽ സെന്ററിൽ ജോലിക്കെത്തിയ ഡോ. ഇജാസ് ഇത്തരത്തിൽ ഐസിസിൽ എത്തിപ്പെട്ടുവെന്നതിൽ സഹപ്രവർത്തകരും ഇയാളെ അറിയുന്നവരും അത്ഭുതപ്പെട്ടിരുന്നു. ഇടക്കാലത്ത് ഇവിടെനിന്ന് കാണാതായിരുന്ന ഇജാസ് ഐസിസ് പ്രചാര പ്രവർത്തനങ്ങൾക്കായാണ് മാറിനിന്നിരുന്നതെന്ന സംശയം ഉണർന്നിട്ടുണ്ട്. പിന്നീട് വീണ്ടും ജോലിക്കെത്തിയിരുന്ന ഡോക്ടർ ഏറെ സൗമ്യനായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP