Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാനകാലത്ത് കോൺഗ്രസിനേക്കാൾ വലിയ പരിഗണന കിട്ടിയത് ബിജെപിയിൽ നിന്ന്; കിട്ടുമ്പോഴൊക്കെ പ്രണബിനെ പ്രശംസ കൊണ്ട് മൂടി മോദിയും കൂട്ടരും; കോൺഗ്രസും ഇടതുനേതാക്കളും സ്വന്തം മകളും എതിർത്തിട്ടും ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു; ഹെഡ്ഗേവാറിനെ വിശേഷിപ്പിച്ചത് 'ഭാരതമാതാവിന്റെ മഹാനായ പുത്രനെന്ന്; നാഗ്പൂർ സന്ദർശനം പ്രണബിന്റെ രാഷ്ട്രീയ പ്രതികാരമോ?

അവസാനകാലത്ത് കോൺഗ്രസിനേക്കാൾ വലിയ പരിഗണന കിട്ടിയത് ബിജെപിയിൽ നിന്ന്; കിട്ടുമ്പോഴൊക്കെ പ്രണബിനെ പ്രശംസ കൊണ്ട് മൂടി മോദിയും കൂട്ടരും; കോൺഗ്രസും ഇടതുനേതാക്കളും സ്വന്തം മകളും എതിർത്തിട്ടും ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു; ഹെഡ്ഗേവാറിനെ വിശേഷിപ്പിച്ചത് 'ഭാരതമാതാവിന്റെ മഹാനായ പുത്രനെന്ന്; നാഗ്പൂർ സന്ദർശനം പ്രണബിന്റെ രാഷ്ട്രീയ പ്രതികാരമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എന്നും മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും പ്രതിരുപമായിരുന്നു അന്തരിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി. പക്ഷേ അദ്ദേഹം അവസാനകാലത്ത് മതേതരത്വത്തിൽ വെള്ളം ചേർത്തുവെന്ന് കടുത്ത ആരോപണം നേരിട്ടിരുന്നു. അത് 2018ൽ അദ്ദേഹം ആർഎസ്എസിന്റെ നാഗ്പൂർ ആസ്ഥാനം സന്ദർശിച്ചതും അവിടെ പ്രസംഗിക്കുകയും ചെയ്തിലുടെയായിരുന്നു ഇത്. ഇതോടെ വലിയ രാഷ്ട്രീയ മേൽക്കോയ്മയാണ് സംഘപരിവാർ ശക്തികൾക്ക് കിട്ടിയതും. സ്വന്തം പാർട്ടിയായ കോൺഗ്രസും, സുഹൃത്തുക്കൾ ഏറെയുള്ള ഇടതുപക്ഷവും ഒന്നിച്ച് നാഗ്പൂർ സന്ദർശനത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം ചെവിക്കൊണ്ടില്ല. മകൾ ശർമിഷ്ഠ മുഖർജി പോലും അതൃപ്തിയറിയിച്ചിട്ടും അദ്ദേഹം നാഗ്പൂരിലെത്തി, എന്നുമാത്രമല്ല ആർഎസ്എസ് സ്ഥാപകൻ കെ ബി ഹെഡ്ഗേവാറിനെ 'ഭാരതമാതാവിന്റെ മഹാനായ പുത്രൻ' എന്നു വിശേഷിപ്പിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു.

പക്ഷേ ഇത് തുടർച്ചയായ രാഷ്ട്രീയ തിരിച്ചടികളിൽ മനം മടുത്തുപോയ ഒരു വ്യക്തിയുടെ പ്രതികാരം കൂടിയായി വേണമെങ്കിൽ കണക്കാക്കാം. കഴിവും പ്രതിഭയും ഉണ്ടായിട്ടും എക്കാലവും കോൺഗ്രസിൽ രണ്ടാമനായി നിൽക്കാനായിരുന്നു അദ്ദേഹത്തിന്റെ യോഗം. രണ്ടുതവണയാണ് കപ്പിനും ചുണ്ടിനും ഇടയിൽ അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്. ഇന്ദിരാഗാന്ധിക്കുശേഷം രാജ്യത്തെ നയിക്കേണ്ടത് പ്രണബ് മുഖർജിയാണെന്ന് പൊതുവെ അഭിപ്രായം ഒരുകാലത്ത് ഉയർന്നു കേട്ടിരുന്നു. എന്നാൽ കുടുംബാധിപത്യത്തിൽ വിശ്വസിച്ചിരുന്ന കോൺഗ്രസ് ഭരണ പരിചയം ഇല്ലാത്ത രാജീവ്ഗാന്ധിയെ ആണ് പരിഗണിച്ചത്. പിന്നീട് ഒന്നാം യുപിഎ സർക്കാറിന്റെ കാലത്തും സ്വത്തം വ്യക്തിത്വം പ്രണബ്ദാക്ക് പാരയായി. പ്രണബ്മുഖർജിക്ക് പകരം മന്മോഹൻസിങിനെ പ്രധാനമന്ത്രിയാക്കിയതിന് പിന്നിൽ ഗാന്ധി കൂടുംബത്തോടുള്ള വിധേയത്വം മാത്രമായിരുന്നു. കോൺഗ്രസ് ചെയ്ത രാഷ്ട്രീയ ആത്മഹത്യയായിരുന്നു ഇതെന്നും, പ്രണബിനെപ്പോലുള്ള ഒരു ജനകീയ നേതാവ് പ്രധാനമന്ത്രിയായിരുന്നെങ്കിൽ മോദി തരംഗം ഉണ്ടാവുമായിരുന്നില്ല എന്നുപോലും പിൽക്കാലത്ത് വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

ഇനി അദ്ദേഹത്തെ രാഷ്ട്രപതിയാക്കിയതും ഒതുക്കാനായുള്ള സോണിയാ ഗാന്ധിയുടെ ബുദ്ധിയാണെന്ന് പൊതുവെ പ്രചാരണം ഉണ്ടായിരുന്നു. വ്യക്തിത്വമുള്ള സ്വന്തമായി ഏത്കാര്യത്തിലും അഭിപ്രായമുള്ള പ്രണബിനെ കോൺഗ്രസ് നേതൃത്വത്തിന് സത്യത്തിൽ ഭയമായിരുന്നു. അങ്ങനെ രാഷ്ട്രപതിയാക്കി ഫലത്തിൽ കോൺഗ്രസ് അദ്ദേഹത്തെ ഒതുക്കുകയായിരുന്നു. എന്നാൽ മോദി അധികാരത്തിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറഞ്ഞു. സ്വന്തം പാർട്ടിയിൽനിന്ന് കിട്ടാത്ത അംഗീകാരായിരുന്നു അദ്ദേഹത്തിന് മോദിയിൽനിന്നും ബിജെപിയിൽനിന്നും കിട്ടിയത്. പ്രധാനമന്ത്രി അടക്കമുള്ള ആളുകൾ കിട്ടുന്ന അവസരങ്ങളിലൊക്കെ പ്രണബിന്റെ സംഭാവനകളെ കുറിച്ച് പറയാറുണ്ടായിരുന്നു. പ്രണബ് വിരമിച്ചപ്പോൾ വികാര നിർഭരമായ കത്തെഴുതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ തന്നെ അംഗീകരിക്കാത്ത കോൺഗ്രസിന് കൊടുത്ത മുട്ടൻ പണിതന്നെയാിരുന്നു അദ്ദേഹത്തിന്റെ നാഗ്പുർ സന്ദർശനം.

ആർഎസ്എസ് പാളയത്തിൽ പറഞ്ഞതും മതേതരത്വത്തെക്കുറിച്ച്

ഇന്ദിരാ ഗാന്ധിയെപ്പോലെ തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറയാനും ചെയ്യാനും ഒട്ടും മടി കാണിച്ചിരുന്നില്ല പ്രണബ് മുഖർജി. 2018 ൽ ജൂണിലാണ് അദ്ദേഹം നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചത്. ആർഎസ്എസിന്റെ സംഘശിക്ഷാ വർഗിന്റെ സമാപന ചടങ്ങിൽ സംസാരിക്കാനാണ് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നത്. താനവിടെ പോകുന്നതല്ല എന്താണ് പറയുന്നത് എന്നതാണ് പ്രധാനമെന്നാണ് അദ്ദേഹം വിമർശനങ്ങളോട് പ്രതികരിച്ചത്. ആ വാക്ക് പ്രണബ് പാലിക്കയും ചെയ്തു. എന്നാൽ അവിടെയും തീർത്തും മതേരമായ ഒരു പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്. മതേതരത്വമാണ് ഇന്ത്യയുടെ മതമെന്ന് പ്രണബ് മുഖർജി ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും തീർത്തു പറഞ്ഞു.

'വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയത. വെറുപ്പ്, അസഹിഷ്ണുത, മതം എന്നിവകൊണ്ട് അതിനെ വിശദീകരിക്കാൻ ശ്രമിക്കുന്നത് ദേശീയത ശുഷ്‌കിക്കാൻ കാരണമാകും. ദശീയത, ദേശം, ദേശ സ്നേഹം എന്നിവയേക്കുറിച്ച് തന്റെ ബോധ്യങ്ങളെ പങ്കുവെക്കാനാണ് താനിവിടെ എത്തിയത്. രാജ്യത്തോടുള്ള സമർപ്പണമാണ് ദേശസ്നേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് വേണ്ടി ഇന്ത്യയുടെ വാതിൽ എപ്പോഴും തുറന്നുകിടന്നിരുന്നു. അസഹിഷ്ണുത രാജ്യത്തിന്റെ സ്വത്വം തകർക്കുന്നു. വിശ്വമാനവീകതയിൽ അടിയുറച്ചതാകണം ദേശീയതയെന്നും അദ്ദേഹം വ്യക്തമാക്കി. വെറുപ്പിനേയും വിവേചനത്തിനെയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തിന് ഭീഷണിയാണ്.

ഇന്ത്യൻ ദേശീയത എന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതോ നാശത്തിന് കാരണമാകുന്നതോ അല്ലെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയത എന്നതിന് വ്യക്തമായ വിശദീകരണം പണ്ഡിറ്റ് നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.'- - പ്രണബ് മുഖർജി കൂട്ടിച്ചേർത്തിരുന്നു. മതേതരത്വമാണ് ഇന്ത്യയുടെ മതം. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണുതയുമുള്ളവരുമാക്കി മാറ്റുന്നത്. കോപത്തിൽ നിന്നും അക്രമത്തിൽ നിന്നും ശാന്തിയിലേക്കും സമാധാനത്തിലേക്കുമാണ് നാം പോകേണ്ടത്. ലോകത്തിലേറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. എന്നാൽ ലോക സന്തുഷ്ടി സൂചികയിൽ ഇതുവരെ നമ്മളെത്തിയിട്ടില്ല. ജനങ്ങളുടെ സന്തോഷത്തിലാണ് ഭരണാധികാരിയുടെ സന്തോഷമിരിക്കുന്നത്'- പ്രണബ് മുഖർജി വ്യക്തമാക്കി.

'മടയിലെത്തി പുലിയെ നേരിട്ട വ്യക്തി'

ഇതെല്ലാം ആർ എസ് എസിന്റെ വിദ്വേഷ നയത്തിന് എതിരാണ്. അതുകൊണ്ട് തന്നെ മടയിൽ പോയി പുലിയെ നേരിട്ട വ്യക്തി പ്രണബ് എന്നാണ് കോൺഗ്രസുകാർ പ്രസംഗശേഷം പ്രചരിപ്പിച്ചത്. . ഇതെല്ലാം ആർ എസ് എസിനെ ലക്ഷ്യമിട്ടുള്ള ഒളിയമ്പാണെന്നും അവർ വിശദീകരിക്കുന്നു. ഏതായാലും നാഗ്പൂരിൽ പ്രണബ് പോകുന്നതിനെ എതിർത്ത വിമർശകരെല്ലാം പ്രസംഗം കഴിഞ്ഞതോടെ പിന്മാറി.

എന്നാൽ ആർഎസ്എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്ഗേവാർ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രണബ് മുഖർജി പ്രകീർത്തിച്ചത് ആർഎസ്എസിനും ഗുണകരമായി. നാഗ്പൂരിൽ പ്രണബ് മുഖർജി ഹെഡ്ഗേവാറിന്റെ സ്മാരകം സന്ദർശിച്ചു. ഇവിടെ പുഷ്പാർച്ചന അർപ്പിച്ചതിന് ശേഷം അവിടുത്തെ സന്ദർശക ഡയറിയിലാണ് ഹെഡ്ഗേവാറിനെ പ്രണബ് പ്രകീർത്തിച്ചത്. ഈ പരാമർശം കോൺഗ്രസിനെ വെട്ടിലാക്കി. ഭാരതമാതിന്റെ വീരപുത്രന് ആദരാഞ്ജലി അർപ്പിക്കാനാണ് താനിവിടെ എത്തിയതെന്ന് പ്രണബ് മുഖർജി ഡയറിയിൽ രേഖപ്പെടുത്തി. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനൊപ്പമാണ് അദ്ദേഹം സ്മാരകം സന്ദർശിക്കാനെത്തിയത്. ഈ പരാമർശത്തെ കുറിച്ച് കോൺഗ്രസ് ഒന്നു പറയാനില്ല. പക്ഷേ ആത്യന്തികമായി നോക്കുമ്പോൾ ബിജെപിക്കും ആർഎസ്എസിനും വലിയ രാഷ്ട്രീയ മൈലേജാണ് രാഷ്ട്രപതിയുടെ സന്ദർശനം ഉണ്ടാക്കിയത്. പ്രണബിന്റെ മകൾ ശർമിഷ്ഠാ മുഖർജി, സന്ദർശത്തിന് മുമ്പ് ചൂണ്ടിക്കാട്ടിയപോലെ, പ്രണബ് അവിടെ പറഞ്ഞതെല്ലാം ഏവരും മറന്നു. പക്ഷേ സന്ദർശനത്തിന്റെ ചിത്രങ്ങൾ മാത്രം നിലനിൽക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP