Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കോഴിക്കോട് ഐഐഎമ്മിൽ നിന്നുള്ള മാലിന്യം കാരണം കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകാതെ ആറ് കുടുംബങ്ങൾ; രണ്ട് വർഷം മുമ്പ് കക്കൂസ് മാലിന്യം കിണറുകളിലേക്ക് ഒഴുകിയതിന് പകരമായി ഐഐഎമ്മിൽ നിന്ന് ലഭിച്ചിരുന്ന കുടിവെള്ളം മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയപ്പോൾ പ്രതിഷേധവുമായി ജനങ്ങൾ; ഒടുവിൽ പരിഹാരം കണ്ടത് പൊലീസ് ഇടപെടലോടെ

കോഴിക്കോട് ഐഐഎമ്മിൽ നിന്നുള്ള മാലിന്യം കാരണം കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകാതെ ആറ് കുടുംബങ്ങൾ; രണ്ട് വർഷം മുമ്പ് കക്കൂസ് മാലിന്യം കിണറുകളിലേക്ക് ഒഴുകിയതിന് പകരമായി ഐഐഎമ്മിൽ നിന്ന് ലഭിച്ചിരുന്ന കുടിവെള്ളം മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയപ്പോൾ പ്രതിഷേധവുമായി ജനങ്ങൾ; ഒടുവിൽ പരിഹാരം കണ്ടത് പൊലീസ് ഇടപെടലോടെ

ജാസിം മൊയ്തീൻ

കോഴിക്കോട്: വീട്ടിലെ കിണറിൽ നിറയെ വെള്ളമുണ്ടായിട്ടും ഒരു തുള്ളിപോലും ഉപയോഗിക്കാൻ കഴിയാത്ത ദുരവസ്ഥയിലാണ് കോഴിക്കോട് കുന്ദമംഗം മാട്ടുമ്മൽ നിവാസികളായ ആറ് കുടുംബങ്ങൾ. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകിയതോടെയാണ് മാട്ടുമ്മലിൽ താമസിക്കുന്ന ആറു കുടുംബങ്ങളുടെ കിണറുകൾ മലിനമായത്. ഐഐഎം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള ആറ് കുടുംബങ്ങൾക്കാണ് ഇതോടെ കുടിവെള്ളം മുട്ടിയത്. രണ്ടു വർഷം മുമ്പാണ് ഐ.ഐ.എമ്മിൽ ശുചീകരണ ടാങ്കിലേക്ക് മാലിന്യം കൊണ്ടു പോകുന്ന പൈപ്പ് പൊട്ടി മാലിന്യം പരന്നൊഴുകിയത്.

ഇതേ തുടർന്ന് മാട്ടുമ്മൽ സ്വദേശികളുടെ കിണറുകളിൽ നിന്ന് അസഹ്യമായ ഗന്ധം പരന്നതോടെ വെള്ളം പരിശോധന നടത്തുകയായിരുന്നു. ഇതിൽ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഐഐഎം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെ തുടർന്ന് കുടിവെള്ളം നിലച്ചതിനാൽ തന്നെ ഗ്രാമപഞ്ചായത്ത് അധികൃതരും ജില്ല കലക്ടറും ഇടപെട്ട് വെള്ളം ശുചിയാകുന്നത് വരെ ഐഐഎമ്മിൽ നിന്ന് ആറു വീട്ടുകാർക്ക് വെള്ളം നൽകാൻ നിർദ്ദേശിക്കുകയും വെള്ളം നൽകി വരികയും ചെയ്തിരുന്നു. സ്വന്തമായി കിണറുണ്ടായിട്ടും വെള്ളത്തിനായി അധികാരികളുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയിലാണ് ഇപ്പോഴും ഈ ആറ് കുടുംബങ്ങൾ.

Stories you may Like

പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ജില്ല കലക്ടറുടെ അഭ്യർത്ഥന പ്രകാരം അഡ്വ. പി.ടി.എ റഹീം എംഎൽഎ ജപ്പാൻ കുടിവെള്ളം ലഭ്യമാക്കുന്നതിനായി ആസ്തി വികസന പദ്ധതിയിൽ നിന്ന് മൂന്നര ലക്ഷം രൂപ അനുവദിച്ച് വീടുകളിൽ പൈപ്പ് കണക്ഷൻ എത്തിച്ചിട്ടുണ്ട്. ഇതിൽ ഇതുവരേ വെള്ളം ലഭ്യമായിട്ടില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭ്യമായാലും കൃത്യമായി വെള്ളം ലഭിക്കുമെന്ന ഉറപ്പില്ലാത്തതിനാൽ ഐ.ഐ.എമ്മിൽ നിന്ന് സ്ഥിരമായി വെള്ളം നൽകണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഐഐഎം കാരണമാണ് തങ്ങളുടെ കുടിവെള്ളം മുട്ടിയതെന്നും അതിന് ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് ഐഐഎം തന്നെയാണെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

ഇതിനിടയിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്നലെ ഐഐഎമ്മിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വെള്ളം നിർത്തലാക്കിയതോടെയാണ് ഈ ആറ് കുടുംബങ്ങളും പ്രതിഷേധവുമായി ഐഐഎമ്മിന്റെ മുന്നിലെത്തിയത്. ബുധനാഴ്ച വെള്ളം ലഭിക്കാതെയായതോടെ മാട്ടുമ്മൽ നിവാസികൾ ഐ.ഐ.എമ്മുമായി ബന്ധപ്പെട്ടപ്പോൾ വെള്ളം നൽകേണ്ടെന്നാണ് തീരുമാനമെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സ്ത്രീകളടക്കമുള്ളവർ ഐ.ഐ.എമ്മിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധക്കാർ ഐഐഎമ്മിൽ നിന്ന് പുറത്തേക്കും അകത്തേക്കും വാഹനം കടത്തിവിടാതെ പ്രതിഷേധിച്ചു.

പിന്നീട് പൊലീസെത്തിയാണ് സമരക്കാരെ അനുനയിപ്പിച്ചത്. കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്ത് ഐഐഎം അധികൃതരോട് താൽക്കാലികമായി വെള്ളം വിതരണം ചെയ്യാൻ നിർദ്ദേശിച്ചു. തുടർന്ന് പഞ്ചായത്തംഗങ്ങളായ പി.പവിത്രൻ, എ.കെ ഷൗക്കത്തലി, എം.വി ബൈജു എന്നിവർ പ്രതിഷേധക്കാരുമായി സംസാരിച്ച് വ്യാഴാഴ്ച ഐ.ഐ.എം അധികാരികളുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

അതേ സമയം പ്രശ്നം പരിഹരിച്ചതായി ഐഐഎം പബ്ലിക് റിലേഷൻ ഓഫീസർ ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. കുറച്ച് സ്ത്രീകളും അവരുടെ കുടുംബാഗംങ്ങളും അവരുടെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ഐഐഎം ഗേറ്റിന് സമീപത്ത് വന്ന് പ്രതിഷേധിച്ചിരുന്നു. അപ്പോൾ തന്നെ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി അവരോട് സംസാരിച്ച് പ്രശ്നം പരിഹരിച്ചതാണെന്നും ശ്രീകുമാർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP