Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷൈൻ ചെയ്യാൻ പുതിയ താവളം തേടി മനോജ് എബ്രഹാം; തച്ചങ്കരി മോഡൽ പരീക്ഷിക്കാൻ കെഎസ്ആർടിസി എംഡിയാകാൻ കരുക്കൾ നീക്കി റേഞ്ച് ഐജി; പിണറായിയുടെ മനസ്സ് പിടിക്കാനുള്ള നീക്കം വിജിലൻസ് കേസുകളിൽ നിന്ന് രക്ഷ നേടാനോ?

ഷൈൻ ചെയ്യാൻ പുതിയ താവളം തേടി മനോജ് എബ്രഹാം; തച്ചങ്കരി മോഡൽ പരീക്ഷിക്കാൻ കെഎസ്ആർടിസി എംഡിയാകാൻ കരുക്കൾ നീക്കി റേഞ്ച് ഐജി; പിണറായിയുടെ മനസ്സ് പിടിക്കാനുള്ള നീക്കം വിജിലൻസ് കേസുകളിൽ നിന്ന് രക്ഷ നേടാനോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൈബർ ഡോമിലെ അഴിമതി അന്വേഷണം വിജിലൻസ് കടുപ്പിച്ചതോടെ പൊലീസിൽ നിന്നും പുറത്തു ചാടി ഇമേജ് വർദ്ധിപ്പിക്കാനൊരുങ്ങി മനോജ് എബ്രഹാം ഐപിഎസ്‌. തിരുവനന്തപുരം റേഞ്ച് ഐജിയായ മനോജ് എബ്രഹാമിനെ കെഎസ് ആർ ടിസിയുടെ എംഡിയാക്കാൻ പൊലീസിലെ തന്നെ ഒരു വിഭാഗം കരുക്കൾ നീക്കുകയാണ്. സൈബർ ഡോം, ബീറ്റ് ഉപകരണങ്ങളുടെ അഴിമതി തുടങ്ങിയവ മനോജ് എബ്രഹാമിന്റെ തലയ്ക്കു മുകളിൽ വിജിലൻസ് വാളായി ഉണ്ട്. ഈ സാഹചര്യത്തിൽ അഴിമതി രഹിത പ്രതിച്ഛായയുണ്ടാക്കിയെടുക്കാനാണ് മനോജ് എബ്രഹാമിന്റെ നീക്കം. ഇടത് സർക്കാരിന്റെ വിശ്വസ്തനായി മാറി വിജിലൻസ് അന്വേഷണങ്ങളെ മറികടക്കാനുള്ള ശ്രമമാണിതെന്നും വിലയിരുത്തലുണ്ട്.

റെയ്ഞ്ച് ഐജി പദവിയെക്കാൾ പകിട്ടേറിയ പദവിയല്ല കെഎസ്ആർടിസി എംഡി സ്ഥാനം. എന്നിട്ടും മനോജ് എബ്രഹാം ഈ പദവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നതെന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. സാധാരണഗതിയിൽ ആരെയെങ്കിലും ഒതുക്കുമ്പോഴാണ് കെഎസ്ആർടിസി എംഡി സ്ഥാനം നൽകുക. മുമ്പ് സെൻകുമാറിന് അത്തരത്തിൽ സ്ഥാനമാറ്റം നൽകിയെങ്കിലും അദ്ദേഹം കെഎസ്ആർടിസിയിൽ നല്ല പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന് പേരെടുക്കുകയായിരുന്നു. ഇപ്പോൾ അതുപോലെ കെഎസ്ആർടിയിസിയിലെത്തി ഷൈൻചെയ്യാമെന്ന പ്രതീക്ഷയിലാണ് മനോജിന്റെ നീക്കമെന്നാണ് സൂചനകൾ.

കടക്കെണിയിൽപ്പെട്ടുഴലുന്ന കെഎസ്ആർടിസിയെ രക്ഷിക്കാനാണ് ഇടത് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി എംഡിയെ മാറ്റാൻ ഇടത് മുന്നണിയോഗം തീരുമാനിച്ചിരുന്നു. ഇതോടെയാണ് കെ എസ് ആർ ടി സിയെ ലക്ഷ്യമിട്ട് പൊലീസിലെ ഉന്നതർ രംഗത്ത് വന്നത്. ഇതിൽ മനോജ് എബ്രഹാമിന് വേണ്ടിയാണ് ചരട് വലി സജീവമാക്കുന്നത്. എങ്ങനേയും കെ എസ് ആർ ടി സിയെ ലാഭത്തിലെത്തിക്കാമെന്നാണ് വാഗ്ദാനം. അതിനുള്ള രൂപ രേഖ തന്റെ കൈയിലുണ്ടെന്നും പറയുന്നു. നേരത്തെ ടിപി സെൻകുമാർ കെഎസ് ആർടിസിയുടെ എംഡിയായിരുന്നു. അന്ന് മികച്ച പ്രവർത്തനമാണ് കെ എസ് ആർ ടിസി കാഴ്ച വച്ചത്. പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം കൊണ്ട് പൊതുമേഖലാ സ്ഥാപനത്തിൽ അച്ചടക്കമുണ്ടായി. ഇതിന്റെ ഫലം കാണുകയും ചെയ്തു. ഇതേ മാതൃകയിൽ ഐപിഎസുകാരനെ കെ എസ് ആർ ടി സി എംഡിയാക്കുന്നതിനെ കുറിച്ചാണ് പിണറായി സർക്കാരും ആലോചിക്കുന്നത്.

ഇത് മനസ്സിലാക്കിയാണ് ഐജി മനോജ് എബ്രഹാം ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നത്. മുഖ്യമന്ത്രിയുമായി കൂടതൽ അടുക്കാനുള്ള വഴിയായാണ് ഇതിനെ ഇവർ കാണുന്നത്. ഇതിലൂടെ വിജിലൻസ് കേസുകൾ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഐജിയായ മനോജ് എബ്രഹാമിന് ഈ തസ്തികയിൽ രണ്ടര വർഷം പൂർത്തിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്ഥാന ചലനം ഉറപ്പാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് ചില ഐജി റാങ്കിലെ ഉദ്യോഗസ്ഥർ തിരിച്ചെത്തുന്നുമുണ്ട്. എല്ലാത്തിനും ഉപരി സൈബർ ഡോം അടക്കമുള്ള വിവാദങ്ങളുടെ പേരു ദോഷമുള്ളതിനാൽ പൊലീസിലെ വലിയൊരു വിഭാഗം എതിരുമാണ്. അതിനാൽ ഐജി സ്ഥാനത്ത് നിന്ന് മാറ്റിയാൽ സുപ്രധാന സ്ഥാനങ്ങളൊന്നും പൊലീസിൽ ലഭിക്കാനിടയില്ല.

പൊലീസ് ആസ്ഥാനത്ത് ഐജിയാകാനുള്ള ശ്രമത്തിനെതിരേയും എതിർപ്പുയരുമെന്ന് മനോജ് എബ്രഹാം കണക്ക് കൂട്ടുന്നു. അതുകൊണ്ടാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പൊതുമേഖലാ സ്ഥാപനത്തിലേക്ക് ചുവടുമാറ്റാൻ മനോജ് എബ്രഹാം തീരുമാനിച്ചത്. കെ എസ് ആർ ടി സിയാണ് നല്ലതെന്ന് ഐജി തിരിച്ചറിയുന്നു. ഇതിലൂടെ ഭരണപക്ഷവുമായി നിരന്തരമായി സമ്പർക്കം പുലർത്താം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ബുക്കിൽ എങ്ങനേയും കയറുക. കെ എസ് ആർ ടി സി യെ നഷ്ടക്കണക്കിൽ നിന്ന് മാറ്റിയെടുക്കാനായാൽ അതും നല്ല പേരുണ്ടാക്കും. ടോമിൻ തച്ചങ്കരി മാതൃകയിൽ പ്രതിച്ഛായ വർദ്ധനവാണ് മനോജ് എബ്രഹാമും ലക്ഷ്യമിടുന്നത്.

പൊലീസിൽ ഉണ്ടായിരുന്നപ്പോൾ നിരവധി കേസുകളിൽ തച്ചങ്കരി കുടുങ്ങിയിരുന്നു. എന്നാൽ കൺസ്യൂമർ ഫെഡ് എംഡിയായതോടെ തച്ചങ്കരി അഴിമതിക്കെതിരായ പോരാട്ടവുമായി നിറഞ്ഞു. ട്രാൻസ് പോർട്ട് കമ്മീഷണറായപ്പോൾ ഹെൽമറ്റ് വേട്ടയുൾപ്പെടെയുള്ള നടപടികളും തച്ചങ്കരിയുടെ അഴിമതി പ്രതിച്ഛായ മാറ്റി. ഈ മാതൃക ആവർത്തിക്കാനാണ് മനോജ് എബ്രഹാമിന്റെ ശ്രമം. അതിനിടെ പൊലീസിൽ നിന്ന് മനോജ് എബ്രഹാം പോകുന്നതിൽ പൊലീസിലെ വലിയൊരു വിഭാഗം ആശ്വാസത്തിലാണ്. അതിനിടെ സൈബർ ഡോം അഴിമതിയിലെ അന്വേഷണവുമായി വിജിലൻസ് മുന്നോട്ട് പോകുന്നുവെന്നതാണ് യാഥാർത്ഥ്യം. ഡിജിപി ജേക്കബ് തോമസ് കാര്യങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ട്.

കെ എസ് ആർ ടി സിയുടെ തലപ്പത്ത് എത്തിയാൽ അഴിമതി വിരുദ്ധ നടപടികളുമായി സജീവമാകാമെന്നാണ് മനോജ് എബ്രഹാമിന്റെ കണക്ക് കൂട്ടൽ. എങ്ങനേയും പിണറായി വിജയന്റെ വിശ്വസ്തനായി മാറിയാൽ വിജിലൻസ് ഡയറക്ടർ കേസുകൾ മുറുക്കില്ലെന്നും
കണക്കുകൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP