Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കി മെഡിക്കൽ കോളജ് അനിശ്ചിതത്വത്തിനു പിന്നിലെ ലക്ഷ്യം സിപിഐ(എം) സഹകരണ ആശുപത്രിയുടെ വളർച്ചയോ? ഒന്നാം വർഷ പ്രവേശനം മരവിപ്പിച്ച സർക്കാർ നടപടിക്ക് നീതീകരണമില്ല; ഇടുക്കിയുടെ ചികിത്സാദൗർഭാഗ്യം തുടരും

ഇടുക്കി മെഡിക്കൽ കോളജ് അനിശ്ചിതത്വത്തിനു പിന്നിലെ ലക്ഷ്യം സിപിഐ(എം) സഹകരണ ആശുപത്രിയുടെ വളർച്ചയോ? ഒന്നാം വർഷ പ്രവേശനം മരവിപ്പിച്ച സർക്കാർ നടപടിക്ക് നീതീകരണമില്ല; ഇടുക്കിയുടെ ചികിത്സാദൗർഭാഗ്യം തുടരും

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിലെ കുട്ടികളെ മറ്റു കോളജുകളിലേക്ക് മാറ്റിയും പുതിയ ബാച്ചിന്റെ പ്രവേശനം മരവിപ്പിച്ചും ഡോക്ടർമാരെ സ്ഥലം മാറ്റിയുമുള്ള സർക്കാർ നടപടി സി. പി. എം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയെ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്നു സൂചന.

ഇതോടെ മെഡിക്കൽ കോളജ് അട്ടിമറിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമായി. സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. വി വർഗീസിന്റെ നേതൃത്വത്തിൽ തങ്കമണി കേന്ദ്രമായി പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയുടെ വളർച്ചയ്ക്ക് മെഡിക്കൽ കോളജ് വിലങ്ങുതടിയാകുമെന്ന വിലയിരുത്തലിലാണ് തുടർപ്രവേശനം മരവിപ്പിച്ചും ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയുമുള്ള നടപടിയെന്നാണ് ആരോപണം. മെഡിക്കൽ കോളജ് പ്രവർത്തിക്കുന്ന ചെറുതോണിയുടെ സമീപ മേഖലയാണ് തങ്കമണി. സഹകരണ ആശുപത്രിയുടെ ഒരു ശാഖ മെഡിക്കൽ കോളജിന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കരിമ്പനിലും പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു ശാഖ ആരംഭിക്കാനിരിക്കുകയാണ്. യു. ഡി. എഫ് നടപ്പാക്കിയ വികസനങ്ങളിൽ പ്രധാനമെന്ന് അവകാശപ്പെടുന്ന മെഡിക്കൽ കോളജ് രാഷ്ട്രീയപ്രേരിതമായി ഇല്ലായ്മ ചെയ്യാനാണ് എൽ. ഡി. എഫ് സർക്കാരിന്റെ ശ്രമമെന്ന യു. ഡി. എഫ് ആരോപണത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി തടസങ്ങളില്ലാതെ നടന്ന ഒന്നാം വർഷ പ്രവേശനത്തിന് ഇക്കൊല്ലം സർക്കാർ നിരോധനമേർപ്പെടുത്തിയതാണ് ഏറ്റവും പ്രതിഷേധകരം.

രണ്ടു ബാച്ചുകളുടെ പ്രവേശനമാണ് ഇതുവരെ നടന്നത്. ഇതിൽ ആദ്യബാച്ച് രണ്ടാം വർഷം പൂർത്തീകരിക്കുകയാണ്. മൂന്നാം വർഷം കുട്ടികൾക്ക് ക്ലിനിക്കൽ ലാബ് സൗകര്യം വേണം. ഇതില്ലാത്തതിനാൽ ആദ്യബാച്ച് കുട്ടികളെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് മാറ്റിയിരുന്നു. ഇപ്പോൾ ഒന്നാം വർഷം പൂർത്തീകരിക്കുന്ന രണ്ടാം ബാച്ചിലെ കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. മതിയായ സൗകര്യങ്ങളില്ലെന്ന കാരണംപറഞ്ഞ് ഇവരെക്കൂടി മാറ്റാനാണ് ഇടതുപക്ഷ സർക്കാരിന്റെ ശ്രമമെന്നാണ് ആരോപണം. മെഡിക്കൽ കോളജ് നിർത്തലാക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ചു യു. ഡി. എഫ് കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ ഹർത്താൽ നടത്തിയിരുന്നു. കോളജ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ സമരവുമായി മുമ്പോട്ടുപോകുമെന്നാണ് യു. ഡി. എഫ് പറയുന്നത്. ഇപ്പോൾ മാറ്റിയ കുട്ടികളെ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയശേഷം അടുത്തകൊല്ലം തിരികെ കൊണ്ടുവരുമെന്നാണ് സർക്കാരിന്റെ വിശദീകരണമെങ്കിലും ഇക്കാര്യത്തിൽ അവ്യക്തതയും നടപടികളിൽ ദുരൂഹതയും നിഴലിക്കുന്നുണ്ട്. ചികിത്സാരംഗത്ത് സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നായ ഇടുക്കിയിലെ മെഡിക്കൽ കോളജ് ഏതുവിധേനയും തുടർന്നു പ്രവർത്തിപ്പിക്കേണ്ട സർക്കാർ, കർത്തവ്യം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയെന്നുതന്നെയാണ് വ്യാപകമായ വിമർശനം.

ആദ്യബാച്ച് വിജയശതമാനത്തിൽ സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിൽനിന്നുതന്നെ ഒന്നാം വർഷ കുട്ടികൾക്ക് പഠനം സുഗമമായിരുന്നുവെന്ന് വ്യക്തമാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കേണ്ട ആദ്യബാച്ചിനെയാണ് ക്ലിനിക്കൽ സൗകര്യമില്ലെന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലേക്ക് മാറ്റിയത്. ക്ലിനിക്കൽ സൗകര്യത്തിന് നിലവിലെ കെട്ടിടത്തിന് മുകൾനിലയിൽ കെട്ടിടം പണിതിരുന്നുവെങ്കിലും നവംബറിൽ നടന്ന മെഡിക്കൽ കൗൺസിൽ പരിശോധനയിൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണിച്ചില്ലെന്നു ആരോപണമുണ്ട്.

നിലവിൽ 180 കിടക്കകളിൽനിന്ന് 321 കിടക്കകളായി ഉയർത്തിയിട്ടുണ്ട്. ഇത് മതിയായ സൗകര്യമാണ്. ഓഗസ്റ്റിലാണ് അടുത്ത ഇൻസ്‌പെക്ഷൻ. ആ സമയം സൗകര്യം പോരെങ്കിൽ അതു വ്യക്തമാക്കേണ്ടത് മെഡിക്കൽ കൗൺസിൽ അധികൃതരാണ്. അതിനുമുമ്പേ സർക്കാർ തിടുക്കത്തിൽ കുട്ടികളെ മാറ്റിയതിൽ ദുരൂഹത സുവ്യക്തമാണ്. രണ്ട് ഓപ്പറേഷൻ തീയേറ്ററുകളും സജ്ജമായതായി കോളജ് അധികാരികൾ പറയുന്നു. ഇനി ഒരു ഓപ്പറേഷൻ തീയേറ്റർ കൂടി സജ്ജീകരിക്കുകയും ആവശ്യമായ അദ്ധ്യാപകരുടെ നിയമനം നടത്തുകയും ചെയ്തിരുന്നെങ്കിൽ ക്ലിനിക്കൽ ലാബ് പ്രശ്‌നം ഏതാണ്ട് അവസാനിക്കുമായിരുന്നു. അധികാരത്തിലെത്തി രണ്ടു മാസത്തിനുള്ളിൽ ആരോഗ്യവകുപ്പിലടക്കം സംസ്ഥാനവ്യാപകമായി കൂട്ട സ്ഥലംമാറ്റം നടത്തി ഏറെ പ്രതിഷേധം ഏറ്റുവാങ്ങിയ സർക്കാർ എന്തുകൊണ്ട് ഇടുക്കി മെഡിക്കൽ കോളജിലേക്ക് ആവശ്യത്തിന് അദ്ധ്യാപകരെ നിയമിച്ചില്ലെന്ന ചോദ്യം പ്രതിപക്ഷം ഉയർത്തുന്നുണ്ട്.

ആദ്യബാച്ചിനെ പരിമിതികൾ ചൂണ്ടിക്കാട്ടി വിവിധയിടങ്ങളിലേക്ക് മാറ്റിയ തീരുമാനത്തെ ന്യായീകരിച്ചാൽക്കൂടി പുതിയ ബാച്ചിന് പ്രവേശനം നിഷേധിക്കാൻ കാരണമെന്തെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ഒന്നും രണ്ടും ബാച്ചുകൾ പഠിച്ച അതേ സൗകര്യങ്ങൾ നിലനിൽക്കേയാണ് പ്രവേശനം വേണ്ടെന്നു സർക്കാർ തീരുമാനിച്ചത്. ഇതിനിടെയാണ് 13 അദ്ധ്യാപക ഡോക്ടർമാരെ കൂട്ടത്തോടെ കൊല്ലം പാരിപ്പള്ളിയിലെ സർക്കാർ ആശുപത്രിയിലേക്ക് പറിച്ചുനട്ടത്. എൽ. ഡി. എഫ് തൂത്തുവാരിയ കൊല്ലം ജില്ലയിൽ ഒരു മെഡിക്കൽ കോളജ് അനുവദിക്കാൻ സ്റ്റാഫ് സ്‌ട്രെങ്ത് ഉണ്ടാക്കാനാണ് ഇത്രയും ഡോക്ടർമാരെയും ഒരു സാധാരണ ആശുപത്രിയിലേക്ക് നിയമിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ നടപടി ഇടുക്കി മെഡിക്കൽ കോളജ് അനിശ്ചിതത്വത്തിലാക്കുന്നതിന് ആക്കം കൂട്ടി.

സംസ്ഥാനത്ത് സഹകരണ മേഖലയിൽ ആശുപത്രികൾ ആരംഭിക്കുകയെന്ന മുൻ എൽ. ഡി. എഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായി പി. കെ ശ്രീമതി ആരോഗ്യ മന്ത്രി ആയിരിക്കേയാണ് തങ്കമണിയിൽ സഹകരണ ആശുപത്രി ആരംഭിച്ചത്. അടുത്ത കാലത്താണ് കരിമ്പനിൽ ആശുപത്രിയുടെ ശാഖ തുടങ്ങിയത്. സി. പി. എം നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ പ്രധാന ശാഖ ഹൈറേഞ്ചിലെ കട്ടപ്പനയിലും ആരംഭിക്കാനുള്ള ആലോചനയിലാണ്. സഹകരണ ആശുപത്രിയുടെ വളർച്ചയ്ക്ക് മെഡിക്കൽ കോളജ് തടസമാകുമെന്ന വാദം ശക്തമായി പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ നടപടികൾ. യു. ഡി. എഫും ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനും അഭിമാനമായി ഉയർത്തിക്കാട്ടുന്ന ഇടുക്കി മെഡിക്കൽ കോളജ് ഇല്ലാതാക്കുകയാണ് എൽ. ഡി. എഫ് സർക്കാരിന്റെ ലക്ഷ്യമെന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും ഇടുക്കി ജില്ലക്കാരുടെ ചികിത്സാസൗകര്യങ്ങൾ വൈകുക തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP