Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേരാ തിരുമേനീ.. ഈപ്പച്ചൻ ഔട്ട്‌സ്‌പോക്കൺ ആണെന്ന് എം.ജി.സോമൻ പറഞ്ഞപ്പോൾ കൈയടി കിട്ടിയത് മണർകാട് പാപ്പനും കൂടി; പാപ്പൻ മോഹിച്ച് കെട്ടിയ പാലാ മഹാറാണിയും യുവറാണിയും അടങ്ങുന്ന മണർകാട് തിയേറ്റർ സമുച്ചയത്തിന് ശനിദശ; ജെ.ജെ.ഹോളിഡേ പ്രൈവറ്റ് റിസോർട്ടിന് വേണ്ടി ഉടമകൾ വരുത്തി വച്ചത് എട്ടരക്കോടിയിലേറെ ബാധ്യത; സർഫാസി നിയമപ്രകാരം തിയേറ്റർ സമുച്ചയവും മൂന്നാറിലെ ടി ആൻഡ് യു ലീഷർ ഹോട്ടലും ഏറ്റെടുത്ത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്

നേരാ തിരുമേനീ.. ഈപ്പച്ചൻ ഔട്ട്‌സ്‌പോക്കൺ ആണെന്ന് എം.ജി.സോമൻ പറഞ്ഞപ്പോൾ കൈയടി കിട്ടിയത് മണർകാട് പാപ്പനും കൂടി; പാപ്പൻ മോഹിച്ച് കെട്ടിയ പാലാ മഹാറാണിയും യുവറാണിയും അടങ്ങുന്ന മണർകാട് തിയേറ്റർ സമുച്ചയത്തിന് ശനിദശ; ജെ.ജെ.ഹോളിഡേ പ്രൈവറ്റ് റിസോർട്ടിന് വേണ്ടി ഉടമകൾ വരുത്തി വച്ചത് എട്ടരക്കോടിയിലേറെ ബാധ്യത; സർഫാസി നിയമപ്രകാരം തിയേറ്റർ സമുച്ചയവും മൂന്നാറിലെ ടി ആൻഡ് യു ലീഷർ ഹോട്ടലും ഏറ്റെടുത്ത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലായുടെ ചരിത്രം ആരെഴുതിയാലും അതിൽ പാലാക്കാരുടെ ചേട്ടന് ഒരുസ്ഥാനം കാണും. പലരും എഴുതിയിട്ടുമുണ്ട് ജോസഫ് മൈക്കിൾ എന്ന മണർകാട് പാപ്പന്റെ കഥകൾ. പെട്ടെന്നൊരുനാളാണ് മണർകാട് പാപ്പൻ ചാരായ ബിസിനസിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചത്. തോട്ടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ കാര്യങ്ങൾ വഷളായി. കടക്കെണിയിലായി. എറണാകുളത്തെ ഹോട്ടൽ യുവറാണി, ഹോട്ടൽ ടെർമ്മിസനസ് എന്നിവ കൈമാറി. മണർകാട്ട് വോളിമത്സരം അപ്പോഴേക്കും മത്സരമല്ലാതായി. കിഡ്‌നി തകരാറുകൾ കൂടി അലട്ടിയെങ്കിലും ചങ്കുവാട്ടാൻ പാപ്പൻ തയ്യാറായില്ല. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടു. പാപ്പന്റെ കാലശേഷം പുതിയ തലമുറ കാര്യങ്ങൾ ഏറ്റെടുത്തു. എന്നാൽ, പാപ്പനെ സ്‌നേഹിക്കുന്ന പാലാക്കാരെ വേദനിപ്പിക്കുന്ന വാർത്തകളാണ കേൾക്കുന്നത്. പാലാ മഹാറാണിക്കും യുവറാണിക്കും പൂട്ടുവീണിരിക്കുന്നു. ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ എട്ടരക്കോടിയിലേറെ ബാധ്യത വരുത്തിയതോടെ ബാങ്ക് ഏറ്റെടുത്തു.

യുവറാണിയും മഹാറാണിയും മാത്രമല്ല, മൂന്നാറിലെ ടിആൻഡ് യു ലീഷർ ഹോട്ടലും ഏറ്റെടുത്തവയിൽ പെടുന്നു. ജെ.ജെ.ഹോളിഡേ പ്രൈവറ്റ് റിസോർട്ടിന് വേണ്ടി മണർകാട്ട് വീട്ടിൽ മാനേജിങ് ഡയറക്ടറായ ജോസഫ് ജോസഫ്, ഡയറക്ടർമാരായ രാജേഷ് ജോസഫ്, സുമേഷ് ജോസഫ്, മിലേഷ് ജോസഫ് എന്നിവർക്ക് എട്ടുകോടി അൻപത്തിയൊമ്പത് ലക്ഷത്തി മുപ്പത്തിയൊമ്പതിനായിരത്തി എഴുന്നൂറ്റി അൻപത് രൂപ പലിശയടക്കം ബാങ്കിൽ 60 ദിവസത്തിനകം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബർ 20 ന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതോടെയാണ് ഇടുക്കി ജില്ല്ാ സഹകരണ ബാങ്ക് നടപടി സ്വീകരിച്ചത്. വസ്തുവിന്മേൽ എന്തെങ്കിലും ഇടപാടുകൾ നടത്തുന്നതും ബാങ്ക് വിലക്കിയിട്ടുണ്ട്. സർഫാസി നിയമപ്രകാരമുള്ള വസ്തുകൈമാറ്റ നോട്ടീസ് പാലാ യുവറാണി-മഹാറാണി ഹോട്ടലുകളുടെ ചുവരിൽ പതിച്ചുകളഞ്ഞു.

ഇതിന് പുറമേ നികുതി വെട്ടിപ്പിന്റെ പേരിൽ, കഴിഞ്ഞ 42 വർഷമായി പാലാ നഗരസഭയെ മണർകാട്ട് തിയറ്റേഴ്‌സ് കബളിപ്പിക്കുകയായിരുന്നുവെന്നും വ്യക്തമായിരുന്നു. 11000 അടി വിസ്തീർണമുള്ള തീയറ്ററിന് 2900 അടി വിസ്തീർണത്തിന് മാത്രമേ 42 വർഷമായി നികുതി അടച്ചിരുന്നുള്ളു. നഗരസഭ അറിയാതെ അനധികൃത നിർമ്മാണങ്ങൾ പലതും നടത്തിയതായും ആരോപണമുണ്ട്. ഫയർ ആൻഡ് സേഫ്റ്റി അംഗീകാരമില്ലാതെയാണ് ടൗണിന്റെ നടുവിൽ തിയേറ്റർ പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ മാസം ആരോപണം ഉയർന്നിരുന്നു. കാലാകാലങ്ങളായി ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വെട്ടിപ്പ് നടന്നതെന്നും നഗരസഭാ കൗൺസിലിൽ വിമർശനം ഉയർന്നിരുന്നു. ഏതായാലും മൺകാട് പാപ്പൻ ഉയർത്തിക്കൊണ്ടുവന്ന ബിസിനസ് സാമ്രാജ്യത്തിന് പുത്തൻകാലത്ത് പരിക്കുകൾ ഏറുകയാണ്. കൂനിന്മേൽ കുരുവായി ബാങ്കിന്റെ ഏറ്റെടുക്കലും.

മണർകാട് പാപ്പൻ എന്ന അതികായനുണ്ടായിരുന്നെങ്കിൽ പടർന്ന് പന്തലിച്ച ഒരുബിസിനസ് മോഡലിന് കാലാനുസൃതമായ മാറ്റങ്ങളോടെ പരിഷ്‌കാരങ്ങൾ വരുത്തുമായിരുന്നു. എന്നാൽ, പാപ്പന്റെ മരണശേഷം ചിതറിയ ചിന്തകളാണ് നയിക്കുന്നതെന്നാണ് വിമർശനം. പാപ്പനെ കുറിച്ച് ജോയ് കള്ളിവയലിന്റെ ഒരുപോസ്റ്റ് ഇങ്ങനെ:

പാപ്പന്റെ ചിന്തകളും പദ്ധതികളും മദ്യ വ്യവസായ രംഗത്തെ മറ്റുള്ളവരെ പോലെ തന്നെ നിഗൂഢങ്ങൾ ആയിരുന്നു. മറ്റുള്ളവരുമായി അവ പങ്കുവെക്കാൻ പാപ്പൻ ഇഷ്ടപെട്ടിരുന്നുമില്ല. ചോദിക്കാൻ ആർക്കും ധൈര്യവും ഇല്ലായിരുന്നു. സഹോദരന്മാരും, മക്കളും, മരുമക്കളും ഉൾപ്പെടെ എല്ലാവർക്കും പാപ്പന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക എന്ന ഒറ്റ ജോലിയെ ചെയ്യാനുണ്ടായിരുന്നുള്ളു. സ്വാഭാവികമായും പാപ്പനെ ചുറ്റിപ്പറ്റി ഒട്ടനവധി കഥകൾ ഉയർന്നു തുടങ്ങി. പാലാ ക്ലബ് ആയിരുന്നു പലതിന്റെയും ഉറവിടം. വരേണ്യന്മാരുടെ ആ സങ്കേതത്തിൽ ഒരു കാലത്തും പാപ്പന് സ്വാഗതം ഉണ്ടായിരുന്നിട്ടില്ല. അഭിമാനിയായ പാപ്പൻ അതിനായി ആരുടെയും പുറകെ പോയിട്ടുമില്ല. പാപ്പന്റെ ഹോട്ടലുകൾക്കു മഹാറാണി, യുവറാണി എന്ന് പേരുകൾ വരാനുള്ള കാരണം എന്താണ് എന്നതായിരുന്നു അത്തരം ഒരു കഥ. ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മ ആണ് എന്ന് ചില എതിരാളികൾ പ്രചരിപ്പിച്ചു. എല്ലാ കഥകളും അവ പറഞ്ഞു നടക്കുന്നത് ആരൊക്കെയാണെന്നും പാപ്പൻ അപ്പപ്പോൾ അറിഞ്ഞു കൊണ്ടിരുന്നു. അതൊന്നും കേട്ട ഭാവം പോലും പാപ്പൻ നടിച്ചില്ല. ആനപ്പക മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് പാപ്പൻ എന്നു ചിലർ ചിന്തിക്കാതെ ഇരുന്നുമില്ല.

മറ്റൊരു പോസ്റ്റ്-ലേലം സിനിമയുമായി ബന്ധപ്പെട്ട്

മണർകാട്ട് പാപ്പൻ - കേരളത്തിന്റെ ഈ മദ്യ രാജാവിനെ ഇന്ന് കോട്ടയത്തിനും ഇടുക്കിക്കും പുറത്തുള്ളവർക്ക് അത്ര പരിചയം പോരെങ്കിലും ആനക്കാട്ടിൽ ഈപ്പച്ചൻ എന്നപേര് മലയാളികളുടെ ഹൃദയത്തിൽ പച്ചകുത്തിയതുപോലെ മായാതെ കിടക്കുന്നു. എംജി സോമൻ അനശ്വരമാക്കിയ കഥാപാത്രം പാപ്പന്റെ ജീവിതത്തിലെ ഒരംശം മാത്രം. തന്നെക്കാൾ വലിയ മദ്യക്കച്ചവടക്കാർ കേരളത്തിൽ ഉണ്ടായിട്ടും രാജാവ് എന്ന പട്ടം ചാർത്തികിട്ടിയതു പാപ്പാനായിരുന്നു. 1980കളിൽ തന്റെ വ്യാപാരത്തിന് തടസ്സമായ ഗവണ്മെന്റിനെ തന്നെ താഴെയിറക്കാൻ MLA മാർക്ക് 2 കോടി വാഗ്ദാനം ചെയ്ത് സർക്കാരിനെ അടിമുടി വിറപ്പിച്ച ശക്തനായിരുന്നു അദ്ദേഹം. 1980 കളിൽ ഐസക് മുതലാളി 'സരിത സവിത സംഗീത' തിയേറ്റർ സമുച്ചയം പണിതത് തന്നെ തന്റെ എതിരാളിയായ പാപ്പൻ പാലായിൽ നിർമ്മിച്ച മഹാറാണി-യുവറാണി തീയേറ്ററിലും ഒരുപടി മുകളിൽ നിൽക്കാനായിരുന്നുവത്രെ... കേരളത്തിലെ തന്നെ ആദ്യകാല ac തിയേറ്ററുകളിൽ ഒന്ന്. പാവങ്ങൾക്ക് വീട്ടുമുറ്റത്തു ഭക്ഷണം കൊടുക്കുന്നതും തെരുവിൽ തെണ്ടി നടന്ന ഒരു അമ്മയുടെ പൈസ ഉപയോഗിച്ച് കച്ചവടം തുടങ്ങി എന്നും സിനിമയിൽ പറയുന്നതൊക്കെ നേരുതന്നെ, മരണം ഒഴിച്ച്. ഒഴുക്കൻ മട്ടിൽ ഈ പറഞ്ഞതല്ലാതെ എത്രയോ കഥകൾ കേട്ടിരിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP