Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത വേനൽ മഴ; ഇടുക്കി അടക്കമുള്ള മിക്ക ഡാമുകളും പാതിയോളം നിറഞ്ഞു; മൺസൂൺ പതിവ് തെറ്റിക്കാതെ തിമിർത്തു പെയ്താൽ അണക്കെട്ടുകൾ എല്ലാം നിറഞ്ഞു കവിയും; മുല്ലപ്പെരിയാറിൽ എന്തു സംഭവിക്കുന്നു എന്ന് പോലും ആർക്കും അറിയില്ല; വെള്ളം നിറയാൻ കാത്തു നിൽക്കാതെ സുരക്ഷയൊരുക്കണമെന്ന് വാദം; വേനൽ മഴയെ ചൊല്ലി കേരളത്തിൽ രാഷ്ട്രീയ തർക്കം തുടരുന്നു

ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത വേനൽ മഴ; ഇടുക്കി അടക്കമുള്ള മിക്ക ഡാമുകളും പാതിയോളം നിറഞ്ഞു; മൺസൂൺ പതിവ് തെറ്റിക്കാതെ തിമിർത്തു പെയ്താൽ അണക്കെട്ടുകൾ എല്ലാം നിറഞ്ഞു കവിയും; മുല്ലപ്പെരിയാറിൽ എന്തു സംഭവിക്കുന്നു എന്ന് പോലും ആർക്കും അറിയില്ല; വെള്ളം നിറയാൻ കാത്തു നിൽക്കാതെ സുരക്ഷയൊരുക്കണമെന്ന് വാദം; വേനൽ മഴയെ ചൊല്ലി കേരളത്തിൽ രാഷ്ട്രീയ തർക്കം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോറോണക്കാലത്തും വേനൽ മഴ തിമിർത്തു പെയ്യുകയാണ്. മൺസൂണും പതിവ് തെറ്റാതെ എത്തും. അതു കൊണ്ട് തന്നെ കോറോണ പേടിക്കിടെ പെരുമഴയുടെ ദുരന്തകാലമെത്തുമോ എന്ന ആശങ്ക സജീവമാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. വേനൽ മഴ നന്നായി ലഭിച്ചതാണ് ഇതിന് കാരണം. കൊറോണക്കാലത്ത് മുല്ലപ്പെരിയാറിൽ കേരളത്തിന്റെ നിരീക്ഷണം എത്രമാത്രമുണ്ടെന്ന സംശയവും ബാക്കിയാണ്. ഇവിടെ ജലനിരപ്പും മറ്റും കൃത്യമായി നിരീക്ഷിച്ചില്ലെങ്കിൽ വലിയ ഭീതിയുടെ സാഹചര്യമുണ്ടാക്കും. വീണ്ടും മറ്റൊരു പ്രളയത്തിന് തൊട്ടടുത്താണ് കേരളമെന്നാണ് റിപ്പോർട്ട്.

വേനൽ മഴ ഇപ്പോഴും പെയ്യുകയാണ്. ജൂൺ ആദ്യവാരം മൺസൂൺ എത്തിയാൽ എല്ലാം കൈവിടുമെന്നാണ് ആശങ്ക. കൊറോണ പ്രതിസന്ധികൾക്കിടെ കാലവർഷത്തെ വേനൽകാലത്ത് കാര്യമായി കേരളം എടുത്തിട്ടില്ല. കനത്ത ചൂടിൽ വറ്റി വരണ്ട് കിടന്ന ഡാമുകൾ പതിവിലും കൂടുതൽ നിറഞ്ഞത് വരാനിരിക്കുന്ന പ്രളയത്തിന്റെ സൂചനയാണ്. കാലവർഷമടുക്കുന്നതും വേനൽമഴ ശക്തമായതും സംസ്ഥാനത്തെ അണക്കെട്ടുകളുടെ ജലനിരപ്പിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ഇത് പ്രതിസന്ധിയായി മാറുകയും ചെയ്യും. അതിനിടെ ഇടുക്കിയുൾപ്പടെയുള്ള അണക്കെട്ടുകളിൽ അടിയന്തരമായി ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിസംഘടനകളും വിദഗ്ധരും സർക്കാരിനെ സമീപിച്ചു.

പ്രളയസാധ്യത മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങണമെന്നും കേരളത്തിലേക്ക് തുറക്കുന്ന തമിഴ്‌നാട് ഡാമുകളിലും ജലനിരപ്പ് താഴത്താൻ സർക്കാർതല ഇടപെടലുകൾ വേണമെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകൾ കേരളത്തിലെ പ്രളയങ്ങളിൽ നിർണ്ണായകമായിരുന്നു. തമിഴ്‌നാടിന്റെ കൈവശമുള്ളതും കേരളത്തിലേക്ക് തുറക്കുന്നതുമായ മുല്ലപ്പെരിയാർ, പറമ്പിക്കുളം, അപ്പർഷോളയാർ തുടങ്ങിയ ഡാമുകളിലെ ജലനിരപ്പ് താഴ്‌ത്തുന്നതിന് ഉടൻ ഇടപെടലുണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം. തമിഴ്‌നാട് വഴങ്ങുന്നില്ലെങ്കിൽ കേരളം സുപ്രീംകോടതിയെ സമീപിക്കണണമെന്ന നിർദ്ദേശവും സർക്കാരിന് മുമ്പിലുണ്ട്.

വേനൽ ഇത്തവണ പ്രതീക്ഷിച്ചതിലും അധികമാണ്. സാധാരണ വേനൽ മഴയിൽ മെയ്‌ അവസാനത്തോടെ ഡാമുകളിലെ ജലനിരപ്പ് പത്തു ശതമാനത്തിൽ എത്തിക്കാറുണ്ട്. എന്നാൽ വേനൽ മഴ ഇത്തവണ തുടരുമ്പോൾ ഇടുക്കിയുൾപ്പടെ ഏതാനും ഡാമുകളിലെ ജലനിരപ്പ് പതിവിലും ഏറെ ഉയർന്ന് നിൽക്കുകയാണ്. ഏപ്രിൽ 30 വരെയുള്ള കണക്കെടുത്താൽ ഈ വെള്ളമുപയോഗിച്ച് 165.7 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. മെയ്‌ അവസാനമാകുമ്പോൾ വേനൽമഴയിലൂടെ 13 കോടി യൂണിറ്റു കൂടി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലവർഷം വൈകുകയാണെങ്കിൽ ജൂണിലേക്കുള്ള വൈദ്യുതിക്കായി ഡാമുകളിൽ കരുതേണ്ടത് 70 കോടി യൂണിറ്റിനുള്ള വെള്ളം മാത്രമാണെന്നിരിക്കേയാണിത്.

ഇടുക്കി ഡാമിൽ മാത്രം 43 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. മൂലമറ്റം പവർഹൗസിൽ എട്ട് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. ഇത് തുടർന്നാൽ മെയ്‌ അവസാനം ഇടുക്കിയിൽ 35 ശതമാനം വെള്ളം ശേഷിക്കും. 2018 മെയ്‌ 31-ന് ഇടുക്കിയിൽ 25 ശതമാനം വെള്ളമുണ്ടായിരുന്നുവെന്നും ഇത് ജൂലായിൽ 95 ശതമാനമായി ഉയർന്നുവെന്നും വിദഗ്ദ്ധർ സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. അതായത് മൺസൂൺ തിമിർത്ത് പെയ്താൽ ഇടുക്കി നിറയും. വീണ്ടും തുറക്കേണ്ട സാഹചര്യവും ഉണ്ടാകും. അങ്ങനെ വന്നാൽ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ അത് ഭീഷണിയായി മാറും.

സംസ്ഥാന നദീസംരക്ഷണ കൗൺസിൽ പ്രസിഡന്റ് ഡോ. എസ്. സീതാരാമൻ, എനർജി കൺസർവേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. സോമൻ, കൊച്ചി സർവകലാശാല കാലാവസ്ഥ ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. എസ്. അഭിലാഷ്, ചാലക്കുടിപുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്‌പി. രവി, തൃശ്ശൂർ നദീ ഗവേഷണ കേന്ദ്രത്തിലെ എസ്. ഉണ്ണിക്കൃഷ്ണൻ, മൂവാറ്റുപുഴ നദീസംരക്ഷണസമിതിയിലെ ഡോ. ഷാജു തോമസ്, ചെർപ്പുളശ്ശേരി പുഴ സംഘടനയിലെ നിഭ നമ്പൂതിരി, മീനച്ചിൽ നദീസംരക്ഷണ സമിതി സെക്രട്ടറി എബി ഇമ്മാനുവൽ തുടങ്ങിയവർ സംയുക്തമായാണ് വിഷയത്തിന്റെ ഗൗരവം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. മഴ ഇനിയും കനത്താൽ കാര്യങ്ങൾ കൈവിടുമെന്ന ബോധ്യം സർക്കാരിനുമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. അതുകൊണ്ട് തന്നെ പ്രളയത്തെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിന് ഇല്ലെന്ന ആശങ്കയും സജീവമാണ്.

ഇടുക്കിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 17 അടി കൂടുതൽ ജലനിരപ്പ്

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ 17 അടി കൂടുതൽ ജലമാണുള്ളത്. ഇന്നലത്തെ ജലനിരപ്പ് 2347.30 അടിയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2330.42 അടിയായിരുന്നു. സംഭരണ ശേഷിയുടെ 58.76 ശതമാനം വെള്ളമാണു നിലവിലുള്ളത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കൂടുതൽ മഴ ലഭിക്കുകയും 2018 ൽ അണക്കെട്ട് തുറന്നുവിടുകയും ചെയ്തിരുന്നു.

ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കുകയും കോവിഡ് 19 മൂലം ഉപയോഗം കുറയുകയും ചെയ്തതാണ് അണക്കെട്ടിൽ വെള്ളം ഉയരാൻ കാരണം. നിലവിൽ വൈദ്യുതി ഉപയോഗം പകുതിയിൽ താഴെയാണ്. വ്യാപാരശാലകൾ ഒന്നര മുതൽ രണ്ട് മാസം വരെ അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോൾ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറക്കാൻ അനുവാദമുള്ളൂ.

ചെറിയ അണക്കെട്ടുകളിൽനിന്നുള്ള ഉൽപ്പാദനം നിർത്തിവച്ച ശേഷം ഇടുക്കി അണക്കെട്ടിൽനിന്ന് കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബി യുടെ തീരുമാനം. നിലവിലെ സ്ഥിതി തുടരുകയും ജൂണിൽ തന്നെ കാലവർഷം ആരംഭിക്കുകയും ചെയ്താൽ ജൂലൈയിലോ ഓഗസ്റ്റിലോ അണക്കെട്ട് തുറന്നു വിടേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ഇതു മുന്നിൽ കണ്ട് അണക്കെട്ട് തുറക്കേണ്ടി വന്നാൽ ചെയ്യേണ്ട മുൻകരുതലുകളെല്ലാം കെ.എസ്.ഇ.ബി. നടത്തിക്കഴിഞ്ഞു.

വേനൽ മഴ അഞ്ച് ദിവസം കൂടി തടരും

വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകൾക്ക് മഞ്ഞജാഗ്രത നൽകിയിട്ടുമുണ്ട്. 13-ന് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മഞ്ഞജാഗ്രത. 14-ന് മലപ്പുറം, കോഴിക്കോട് ജില്ലകൾക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കും.

14 വരെ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റും. അതിനാൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP