Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിന് ഇടുക്കി ബിഷപ്പിന്റെ താക്കീത്; സത്യവിശ്വാസം ഏറ്റവും വലുത്; സഭയ്ക്കു രാഷ്ട്രീയമില്ല; കൊച്ചുപുരയ്ക്കലച്ചനെ നെറികെട്ട രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാരനെന്ന് ആക്ഷേപിക്കുന്ന ലഘുലേഖ തടഞ്ഞുവച്ചു; എൽഡിഎഫിന്റെ മുൻകാലം മറക്കരുതെന്നു ലഘുലേഖയിൽ വിമർശനം

ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിന് ഇടുക്കി ബിഷപ്പിന്റെ താക്കീത്; സത്യവിശ്വാസം ഏറ്റവും വലുത്; സഭയ്ക്കു രാഷ്ട്രീയമില്ല; കൊച്ചുപുരയ്ക്കലച്ചനെ നെറികെട്ട രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാരനെന്ന് ആക്ഷേപിക്കുന്ന ലഘുലേഖ തടഞ്ഞുവച്ചു; എൽഡിഎഫിന്റെ മുൻകാലം മറക്കരുതെന്നു ലഘുലേഖയിൽ വിമർശനം

ഇടുക്കി: ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കുന്നുവെന്ന പ്രചാരണത്തെ തുടർന്നു ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെ ഇടുക്കി ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ കർശനമായ താക്കീത് നൽകി. ഇടതുപക്ഷത്തിന് അനുകൂലമായി സമിതിയുടെ പേരിൽ ഫാ. സെബാസ്റ്റ്യൻ പ്രസ്താവന പുറപ്പെടുവിക്കുകയോ യോഗങ്ങളിൽ സംബന്ധിക്കുകയോ ചെയ്യരുതെന്ന മുൻനിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് ബിഷപ്പ് ചെയർമാന് അന്തിമ മുന്നറിയിപ്പ് നൽകിയത്.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ ഇടുക്കി രൂപതയിലെ വൈദികരിലും വിശ്വാസികളിലുമുണ്ടായ വിഭാഗീയത കൂടുതൽ ശക്തമായതോടെ, ഫാ. സെബാസ്റ്റ്യനെ പ്രതിക്കൂട്ടിൽ നിർത്തി രൂപതയുടെ പി. ആർ. ഒയുടെ നേതൃത്വത്തിൽ ലഘുലേഖ തയാറാക്കിയെങ്കിലും ഉന്നതാധികാരികളുടെ സമ്മർദത്തെതുടർന്ന് പുറത്തിറക്കുന്നത് തടഞ്ഞുവച്ചിരിക്കുകയാണ്. ബിഷപ്പിന്റെ കൽപന ചെവിക്കൊണ്ടെങ്കിലും ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാൻ തെരഞ്ഞെടുപ്പ് പ്രചാരണവുമായി രഹസ്യമായി ബന്ധപ്പെടുന്നുവെന്നും രാത്രികാലങ്ങളിൽ ഫോണിൽ ഇടതു സ്ഥാനാർത്ഥികൾക്ക് അനുകൂലമായി സംസാരിക്കുന്നുവെന്നും ആരോപിച്ചു വൈദികർ തന്നെ രംഗത്തിറങ്ങിയതോടെ രൂപതയ്ക്കുള്ളിലെ ചേരിതിരിവ് ശക്തമാകുകയാണ്.

സത്യവിശ്വാസത്തേക്കൾ വലുതല്ല മറ്റൊന്നുമെന്നും ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പേരിൽ നടക്കുന്ന ഇടതുപക്ഷ അനുകൂല പ്രചാരണങ്ങളുമായി കത്തോലിക്കാ സഭയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും മുൻകാല ദുരനുഭവങ്ങൾ വിശ്വാസികൾ മറക്കരുതെന്നും വ്യക്തമാക്കിയാണ് വിവിധ ഭക്തസംഘടനകളുടെ അനുമതിയോടെ ലഘുലേഖ തയാറാക്കിയിരിക്കുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ നടക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ സഭയ്ക്കും സഭയുടെ വിശ്വാസങ്ങൾക്കും കോട്ടം തട്ടിക്കുന്നുവെന്ന വിലയിരുത്തൽ രൂപതാനേതൃത്വത്തിനുണ്ട്. ഇക്കാര്യം വ്യക്തമാക്കി തയാറാക്കിയ ലഘുലേഖയിൽ, സമിതിയുടെ ജനറൽ കൺവീനറും ഇടുക്കി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ചെയർമാനുമായ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെ 'നെറികെട്ട മാർക്‌സിസ്റ്റ് പാർട്ടിയുടെ കൂട്ടിക്കൊടുപ്പുകാരൻ' എന്നുവരെ പരാമർശിക്കുന്നതായാണ് വിവരം. സി. പി. എമ്മുമായി ചേർന്നു പ്രവർത്തിക്കരുതെന്ന ബിഷപ്പിന്റെ നിർദ്ദേശം വൈമനസ്യത്തോടെ സ്വീകരിച്ചെങ്കിലും അതംഗീകരിക്കാതെയാണ് കൊച്ചുപുരയ്ക്കലച്ചന്റെ പോക്കെന്നു രൂപതയിലെ മുതിർന്ന വൈദികൻ പറയുന്നു. ഇതിനാൽ ഫാ. സെബാസ്റ്റ്യന്റെ ഫോൺ കോൾ ലിസ്റ്റുകൾ പരിശോധിക്കണമെന്നുവരെ വൈദികർ ആവശ്യമുന്നയിച്ചിരിക്കുകയാണ്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫും ഹൈറേഞ്ച് സംരക്ഷണ സമിതിയും യോജിച്ചാണ് മത്സരിച്ചത്. സമിതിയുടെ നിയമോപദേഷ്ടാവ് ജോയ്‌സ് ജോർജാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചത്. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലങ്ങളിലെ സമിതികളുടെ പേരിൽ സമിതിയുടെ സ്ഥാനാർത്ഥികൾ എൽ. ഡി. എഫ് മുന്നണിയിൽനിന്നു മത്സരിച്ചു. സമിതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത തരത്തിൽ രാഷ്ട്രീയ ബന്ധങ്ങളുണ്ടാക്കുന്നതിനെതിരെ രൂപതയിൽ ഭിന്നതയുണ്ടാകുകയും വൈദികർ തമ്മിൽപോലും മോശമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. രൂപതയിലുളവായ അനൈക്യത്തിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സഭയ്ക്കും വൈദികർക്കും രാഷ്ട്രീയമില്ലെന്നും പ്രശ്‌നാധിഷ്ഠിത നിലപാടുകൾ സ്ഥിരം നയമാണെന്നു കരുതരുതെന്നും വിവിധ ഭക്തസംഘടനകളുടെ തീരുമാനമുണ്ടാകുകയും ചെയ്‌തെങ്കിലും ഇതിനെ ധിക്കരിച്ച് ഫാ. സെബാസ്റ്റ്യൻ നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ രൂപതയെ പ്രതിസന്ധിയിലാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയേയും തുണയ്ക്കുന്നില്ലെന്നു കത്തോലിക്ക കോൺഗ്രസ് ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘടനകൾ അറിയിച്ചിരുന്നെങ്കിലും ഇടുക്കി എം. പി ജോയ്‌സ് ജോർജ് മുഖേന ഫാ. സെബസ്റ്റ്യൻ രൂപതയ്ക്കു മുകളിൽനിന്നു കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്നുവെന്നാണ് ബഹുഭൂരിപക്ഷം വൈദികരുടെയും അഭിപ്രായം.

2007-ൽ ഹൈറേഞ്ച് സംരക്ഷണ സമിതി രൂപീകരിച്ചത് രാഷ്ട്രീയ താൽപര്യങ്ങൾ പാടില്ലെന്നും ഒരു രാഷ്ട്രീയ കക്ഷിയുമായി വേദി പങ്കിടരുതെന്നുമുള്ള വ്യക്തമായ നിർദേശത്തോടെയാണെന്ന് വൈദികരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഇടുക്കി രൂപത പി. ആർ ഒ ഫാ. ജോസ് കരിവേലിക്കൽ തയാറാക്കിയ ലഘുലേഖയിൽ പറയുന്നു. ആദ്യ മൂന്നര വർഷക്കാലം പട്ടയപ്രശ്‌നമുന്നയിച്ച് സമിതി സമരം നടത്തിയത് എൽ. ഡി. എഫ് സർക്കാരിനെതിരെയാണ്. സർക്കാർ അവസാനകാലത്ത് പുറപ്പെടുവിച്ച ഒരു ഓർഡിനൻസിൽ ഉപാധിരഹിത പട്ടയം നൽകുമെന്നതായിരുന്നു. എന്നാൽ പിന്നീട് വന്ന യു. ഡി. എഫ് സർക്കാർ ഇത് പാലിക്കാത്തതിനാലാണ് യു. ഡി. എഫ് സർക്കാരിനെതിരെ സമരം നടത്തിയത്. ഇതിനിടെ പരിസ്ഥിതി സംബന്ധമായുണ്ടായ കസ്തൂരിരംഗൻ-ഗാഡ്ഗിൽ റിപ്പോർട്ടുകൾ കർഷകർക്ക് വിനയാകുമെന്നു കണ്ടാണ് എതിർത്ത്. പി. ടി തോമസിന്റെ നിലപാടുകളാണ് സമിതിയിൽ യു. ഡി. എഫിനോട് ശത്രുതാ മനോഭാവം ഉണ്ടാക്കിയത്. ഈ സമയത്തുണ്ടായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സമിതിയുടെ സ്ഥാനാർത്ഥിയായ ജോയ്‌സ് ജോർജിനെ എൽ. ഡി. എഫ് പിന്തുണക്കുകയായിരുന്നു. എങ്കിലും എൽ. ഡി. എഫ് നേതാക്കളുമായി വേദി പങ്കിടില്ലെന്ന തീരുമാനപ്രകാരം സമിതിക്ക് മാത്രമായി കട്ടപ്പന പൊലിസ് സ്റ്റേഷനു സമീപം ഓഫീസ് തുറക്കുകയും സ്വന്തം നിലയിൽ പ്രചാരണം നടത്തുകയും ചെയ്തു. ജോയ്‌സ് ജോർജിന്റെ വിജയത്തിനുശേഷം രാഷ്ട്രീയം സമിതിക്ക് വേണ്ടെന്നു തീരുമാനമെടുത്തെങ്കിലും പ്രദേശിക തലത്തിൽ സമിതികൾ രൂപീകരിച്ച് ഫാ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സമിതി അംഗങ്ങൾ മത്സരിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതിയല്ല, പ്രാദേശിക സമിതികളാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത് എന്നായിരുന്നു ഫാ. സെബാസ്റ്റ്യന്റെ നിലപാട്.

നിയമസഭാ തെരഞ്ഞെടുപ്പിലും സമിതിക്ക് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കിയിട്ടും അദ്ദേഹം പിൻവാതിൽ കളികൾ നടത്തി സി. പി. എമ്മിന് ആളെക്കൂട്ടാൻ ശ്രമിക്കുകയാണ്. സമിതിയുടെ പേരിൽ ജോയ്‌സ് ജോർജ് എം. പി പ്രസ്താവന ഇറക്കുന്നത് അദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായിരിക്കുമെന്നും ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നുണ്ട്. മുൻ എൽ. ഡി. എഫ് സർക്കാരിന്റെ കാലത്ത് സഭക്കെതിരെയുണ്ടായ നീക്കങ്ങൾ വിശ്വാസികൾ മറക്കരുതെന്നു ഓർമപ്പെടുത്തലുമുണ്ട്. ജസ്റ്റീസ് വി. ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുണ്ടാക്കിയ ഭരണപരിഷ്‌കാര സമിതി സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ശ്രമിച്ചു. പാഠപുസ്തക വിവാദവും മതമില്ലാത്ത ജീവനും നികൃഷ്ട ജീവി പദപ്രയോഗവുമെല്ലാം വിശ്വാസികൾ മറക്കരുത്. ഉപാധി രഹിത പട്ടയമെന്നത് കർഷകരുടെ അവകാശമാണ്. അത് നൽകാൻ ഇടത്-വലത് മുന്നണികൾ ബാധ്യസ്ഥരാണ്. 1957 മുതലുള്ള കാലഘട്ടത്തിൽ പകുതി ഭരണം നടത്തിയ ഇടതുമുന്നണിക്കും ഇക്കാര്യത്തിൽനിന്നു മാറി നിൽക്കാനാവില്ല. കത്തോലിക്ക സഭയുടെ ആത്യന്തികമായ ലക്ഷ്യം വിശ്വാസജീവിതമാണ്. അത് മറികടന്ന് വിശ്വാസികളെ സി. പി. എമ്മിൽ എത്തിക്കുന്ന ജോലിയാണ് ഫാ. സെബാസ്റ്റ്യൻ ഏറ്റെടുത്തിരിക്കുന്നതെന്നും ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നു. തയാറാക്കിയ ലഘുലേഖ വിവാദങ്ങളെ ഭയന്ന് പുറത്തിറക്കാതിരിക്കുന്നത് ഫാ. സെബാസ്റ്റ്യൻ ചെയ്യുന്നതിനേക്കാൾ വലിയ തെറ്റായിരിക്കുമെന്നും അദ്ദേഹത്തെ എതിർക്കുന്ന വൈദികർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP