Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

50 സെന്റീമീറ്റർ വ്യാസമുള്ള പൈപ്പിടാൻ അഞ്ചു മീറ്ററിൽ റോഡ് പണിയുന്ന കൗൺസിലർ; അനധികൃതമെന്ന് തോന്നിയ മതിലുകൾ നാട്ടുകാർ പൊളിക്കുന്നത് കണ്ടു നിന്ന എംഎൽഎ! റോഡ് വെട്ടിയെന്ന് പറഞ്ഞാൽ പൈപ്പ് കൊണ്ട് ഇടുന്ന വാട്ടർ അഥോറിറ്റി; എല്ലാം ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഭൂമാഫിയ വികൃതികൾ; ഇടത്തറയിലെ റോഡ് വെട്ടൽ ആർക്കു വേണ്ടി ?

50 സെന്റീമീറ്റർ വ്യാസമുള്ള പൈപ്പിടാൻ അഞ്ചു മീറ്ററിൽ റോഡ് പണിയുന്ന കൗൺസിലർ; അനധികൃതമെന്ന് തോന്നിയ മതിലുകൾ നാട്ടുകാർ പൊളിക്കുന്നത് കണ്ടു നിന്ന എംഎൽഎ! റോഡ് വെട്ടിയെന്ന് പറഞ്ഞാൽ പൈപ്പ് കൊണ്ട് ഇടുന്ന വാട്ടർ അഥോറിറ്റി; എല്ലാം ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഭൂമാഫിയ വികൃതികൾ; ഇടത്തറയിലെ റോഡ് വെട്ടൽ ആർക്കു വേണ്ടി ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : തിരുവനന്തപുരത്ത് കിംസ് ആശുപത്രിക്ക് സമീപം ഇടത്തറ പാലം മുതൽ കിംസ് പാലം വരെ ഭൂവുടമകളുടെ എതിർപ്പ് അവഗണിച്ച് സ്വകാര്യ പറമ്പുകളിലൂടെ അധികൃതർ കൈയൂക്ക് കാട്ടി റോഡ് വെട്ടിയതിന് പിന്നിൽ ഭൂമാഫിയയെന്ന സംശയം ശക്തം. ആമയിഴഞ്ചാൻ തോടിന്റെ തെക്കേക്കരയിൽ ഇടത്തറ പാലത്തിന്റെ സമീപത്തുനിന്നാണ് ദിവസങ്ങൾകൊണ്ട് അഞ്ചുമീറ്ററോളം വീതിയിൽ റോഡ് പൂർത്തിയാക്കിയത്. ഈ റോഡ് ചെന്നവസാനിക്കുന്നിടത്ത് വീടകളൊന്നും ഇല്ലെന്നതാണ് ദുരൂഹത കൂട്ടുന്നത്.

കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎ.യുടെയും കടകംപള്ളി വാർഡ് കൗൺസിലർ പി.കെ.ഗോപകുമാറിന്റെയും നേതൃത്വത്തിലാണ് റോഡ് വെട്ടിയതെന്ന് സ്ഥലമുടമകൾ ആരോപിച്ചു. ഇത് അവർ നിഷേധിച്ചു. വെറും പൈപ്പിടലാണ് നടന്നതെന്നാണ് അവർ പറയുന്നത്.
ഇടത്തറയിൽ പണി പുരോഗമിക്കുന്ന സ്വീവറേജ് പമ്പിങ് സ്റ്റേഷനിലേക്ക് പേട്ട-വെൺപാലവട്ടം-ഗ്രീൻപാർക്ക് മേഖലകളിൽ നിന്നുള്ള സ്വീവറേജ് ലൈൻ സ്ഥാപിക്കാനാണ് ആമയിഴഞ്ചാൻ തോടിന്റെ തെക്കേക്കരയിൽലൂടെ പൈപ്പിടുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ വിശദീകരിക്കുന്നു. എന്നാൽ ഇതും നടന്ന ഇടപെടലും തമ്മിൽ ബന്ധമില്ല. അഞ്ചു മീറ്ററിലെ റോഡ് നിർമ്മാണമാണ് നടന്നതെന്ന് വ്യക്തം.

സ്വകാര്യ പറമ്പുകളിലൂടെ തന്റേയും കൗൺസിലറുടേയും നേതൃത്വത്തിൽ റോഡ് വെട്ടിയതായി പറയുന്നത് വാസ്തവ വിരുദ്ധമാണ്. ഈ ലൈൻ സ്ഥാപിക്കുന്നതിനായി സ്ഥലം സന്ദർശിച്ചപ്പോൾ രണ്ടു മൂന്ന് വ്യക്തികൾ ആമയിഴഞ്ചാൻ തോടും തോട് പുറമ്പോക്കും കൈയേറി മതിൽ കെട്ടിയതായി ശ്രദ്ധയിൽ പെട്ടു. ഇതേ തുടർന്ന് ജനപ്രതിനിധികൾ എന്ന നിലയിൽ സമവായത്തിന് ശ്രമിക്കുകയായിരുന്നു. മാലിന്യ പ്രശ്‌നം മൂലം പൊറുതി മുട്ടിയിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ പദ്ധതി നടത്തിപ്പിനായി അനധികൃതമായി നിർമ്മിച്ചിരുന്ന മതിലുകൾ സ്വന്തം നിലയിൽ പൊളിച്ചു നീക്കുകയായിരുന്നുവെന്നും എംഎൽഎ അറിയിച്ചു. അനധികൃതമായ മതിലുകൾ പൊളിക്കാൻ നാട്ടുകാർക്ക് അവകാശമില്ല. ഈ മതിലുകൾ അനധികൃതമാണെന്ന് നാട്ടുകാർ എന്ന് പറയുന്നവർ ഒറ്റനോട്ടത്തിൽ എങ്ങനെ മനസ്സിലാക്കിയെന്നതാണ് ഉയരുന്ന ചോദ്യം.

അനധികൃത കൈയേറ്റം കണ്ടെത്താൻ റവന്യു വകുപ്പിൽ നിരവധി സംവിധാനങ്ങളുണ്ട്. അങ്ങനെ അനധികൃത കയ്യേറ്റമെന്ന് കണ്ടെത്തിയാൽ അത് റവന്യൂ വകുപ്പിന് പൊളിച്ചു മാറ്റാം. ഇതാണ് നിയമം. ഈ നിയമം ഒരു കൂട്ടർ കൈയിലിടെത്തുവെന്ന് കടകംപള്ളി സുരേന്ദ്രൻ തന്നെ സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഭൂമാഫിയയുടെ ഇടപടെലാണ് നടന്നതെന്നും വ്യക്തമാണ്. അല്ലാത്ത പക്ഷം അതിവേഗം മതിൽ പൊളിക്കാനുള്ള സാധന സാമഗ്രികൾ അവിടെ എത്തില്ലായിരുന്നു. അങ്ങനെ റവന്യൂ വകുപ്പിന്റേയോ കോടതിയുടേയോ അനുമതിയില്ലാതെ ഒരു കൂട്ടർ നടത്തിയ നിമയ ലംഘനത്തിനെതിരെ പൊലീസ് നടപടിയുമില്ല.

മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് മതിലുകൾ ഇടിച്ച് റോഡ് വെട്ടിയശേഷം സ്വീവേജ് ലൈൻ സ്ഥാപിക്കാനെന്നു പറഞ്ഞ് അമ്പതു സെന്റി മീറ്റർ വ്യാസമുള്ള എച്ച്.ഡി.പി.ഇ. പൈപ്പുകളും റോഡിൽ കൊണ്ടിട്ടിട്ടുണ്ട്. പത്തോളം സ്വകാര്യ പറമ്പിലൂടെയാണ് ഒരു കിലോമീറ്ററിനടുത്ത് നീളം വരുന്ന റോഡ് നിർമ്മിച്ചത്. അവധി ദിവസങ്ങളുടെ മറവിലാണ് അധികൃതരുടെ നേതൃത്വത്തിൽ 'കൈയേറ്റം' നടന്നതെന്നതാണ് വസ്തുത. കോടതിയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളും അവധിയായ ദിവസം. റോഡ് നിർമ്മിക്കേണ്ട ഒരു സാഹചര്യവും അവിടെ ഇല്ല. അതു നടന്നില്ലെന്ന് എംഎൽഎയും വിശദീകരിക്കുന്നു. എങ്കിൽ പിന്നെ 50 സെന്റീമീറ്റർ പൈപ്പിടാൻ എന്തിന് അഞ്ചു മീറ്റർ കൈയേറ്റമെന്നതാണ് ഉയരുന്ന ചോദ്യം. ഈ ഭാഗത്തെ ഭൂമി വൻകിട മുതലാളിമാർ വൻതോതിൽ വാങ്ങി കൂട്ടുന്നുവെന്ന സൂചനയുണ്ട്. ഇവരുടെ ഫ്‌ളാറ്റ് നിർമ്മാണത്തിന് മുമ്പായി റോഡ് പണിയലാണ് ലക്ഷ്യമെന്നും സംശയം ഉയരുന്നു.

29ാം തീയതി രാവിലെയാണ് സ്ഥലമുടമകളെ പുതിയ പദ്ധതി വിശദീകരിക്കാനെന്നു പറഞ്ഞ് സ്ഥലത്ത് വിളിച്ചുവരുത്തിയത്. അന്ന് വെള്ളിയാഴ്ചയായിരുന്നു. അനാവശ്യ റോഡ് നിർമ്മാണമാണ് എന്ന് വ്യക്തമായപ്പോൾ ചില ഉടമകൾ എതിർത്തു. എന്നാൽ, എതിർത്തവരെ എംഎ‍ൽഎ.യും കൗൺസിലറും നോക്കിനിൽക്കെ പുറത്തുനിന്നെത്തിയവർ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാനൊരുങ്ങുകയും ചെയ്തതായി പറയുന്നു. സ്ഥലമുടമകൾ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ശനിയാഴ്ച കോടതിയെ സമീപിച്ചപ്പോൾ അഡ്വക്കേറ്റ് കമ്മിഷനെ നിയമിച്ചു. വൈകുന്നേരം കമ്മീഷൻ എത്തി. കോടതിയുടെ പരിഗണനയിൽ തർക്കമായി ഇരിക്കുന്ന കേസിൽ പക്ഷേ, മെയ്‌ ദിനമായ ഞായറാഴ്ചയും തിങ്കളാഴ്ചയും കൊണ്ട് റോഡ് നിർമ്മിച്ച് പൈപ്പുകൾ കൊണ്ടിടുകയായിരുന്നു. അങ്ങനെ അതിവേഗ വികസനം സാധ്യമായി.

പണി പുരോഗമിക്കുന്ന സ്വീവേജ് പമ്പ് ഹൗസിലേക്ക് ആനയറ-ഒരുവാതിൽക്കോട്ട റോഡിൽനിന്നു പൈപ്പിടാനാണ് റോഡ് നിർമ്മിച്ചതെന്ന് കൗൺസിലർ ഗോപകുമാർ പറയുന്നു. പൈപ്പിടാൻ എന്തിനാണ് റോഡ് നിർമ്മിക്കുന്നതെന്നതാണ് ഉയരുന്ന ചോദ്യം. കേരളത്തിൽ തന്നെ ആദ്യ സംഭവമാണ് ഇത്. എന്നാൽ, അങ്ങനെയൊരു പദ്ധതി വാട്ടർ അഥോറിറ്റി സ്വീവേജ് വിഭാഗത്തിന്റെ മുന്നിലില്ല. നാട്ടുകാർ ഒരു റോഡ് നിർമ്മിച്ചിട്ടുണ്ടെന്നും സ്വീവേജ് പൈപ്പിടണമെന്നും ആവശ്യപ്പെട്ടപ്പോൾ തങ്ങൾ പൈപ്പുകൾ കൊണ്ടിടുകയായിരുന്നുവെന്ന് വാട്ടർ അഥോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ അജീഷ് പറഞ്ഞു. ഇതിന് വർക്ക് എഗ്രിമെന്റോ ടെൻഡർ നടപടികളോ പാലിച്ചിട്ടുമില്ല.

ഈ സ്ഥലത്ത് താമസക്കാരില്ലാത്തതിനാൽ ഇങ്ങനെ വഴിയോ സ്വീവേജ് ലൈൻ വേണമെന്നോ ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ഥലമുടമകൾ പറയുന്നു. സ്വീവേജ് ലൈൻ വികസനത്തിനാണ് സ്ഥലമെടുക്കുന്നതെങ്കിൽ സ്ഥലമുടമകളുടെ അനുമതി തേടി ഔദ്യോഗിക രീതിയിൽ എന്തുകൊണ്ടു ചെയ്യാത്തതെന്നും അവർ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP