Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കുർബാന പണം അടിച്ചുമാറ്റി കാമുകിക്ക് കൊടുത്ത വൈദികൻ ളോഹയൂരാൻ താൽപ്പര്യം അറിയിച്ചു അരമനയ്ക്ക് കത്തു നൽകി; കാമുകിയുമൊത്ത് വൈവാഹിക ജീവിതം നയിക്കാനാണ് അച്ചന്റെ തീരുമാനിച്ചതെന്നും ആരോപണം; ചികിത്സാ സഹായം എന്നു പറഞ്ഞു വിശ്വാസികളിൽ നിന്നും ഫാ. പ്രിൻസ് പണം കടം വാങ്ങിയിരുന്നതായും സൂചന; കുർബാനപ്പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് വൈദികന് രക്ഷിക്കാൻ ഇടപ്പള്ളി സെയ്ന്റ് ജോർജ് പള്ളി കൈക്കാരന്മാരും

കുർബാന പണം അടിച്ചുമാറ്റി കാമുകിക്ക് കൊടുത്ത വൈദികൻ ളോഹയൂരാൻ താൽപ്പര്യം അറിയിച്ചു അരമനയ്ക്ക് കത്തു നൽകി; കാമുകിയുമൊത്ത് വൈവാഹിക ജീവിതം നയിക്കാനാണ് അച്ചന്റെ തീരുമാനിച്ചതെന്നും ആരോപണം; ചികിത്സാ സഹായം എന്നു പറഞ്ഞു വിശ്വാസികളിൽ നിന്നും ഫാ. പ്രിൻസ് പണം കടം വാങ്ങിയിരുന്നതായും സൂചന; കുർബാനപ്പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് വൈദികന് രക്ഷിക്കാൻ ഇടപ്പള്ളി സെയ്ന്റ് ജോർജ് പള്ളി കൈക്കാരന്മാരും

ആർ പീയൂഷ്

കൊച്ചി: പള്ളിയിൽ നിന്നും കുർബാന പണം അടിച്ചുമാറ്റി കാമുകിക്ക് കൊടുത്ത വൈദികൻ വൈദിക വൃത്തിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അരമനയ്ക്ക് കത്ത് നൽകി. പണം നഷ്ടപ്പെട്ട സംഭവം പുറത്തറിഞ്ഞതോടെയാണ് ഇടപ്പള്ളി അസി.വികാരി ഫാ.പ്രിൻസ് തൈക്കൂട്ടത്തിൽ കത്ത് നൽകിയത്. ഇതോടെ കാമുകിയുമൊത്ത് വൈവാഹിക ജീവിതം നയിക്കാനാണ് അച്ചന്റെ തീരുമാനമെന്ന് തെളിയുകയാണ്. കാമുകിയിൽ ഒരു കുട്ടിയുണ്ട് എന്ന് ഇടവകാംഗങ്ങൾ തന്നെ നേരത്തെ പറഞ്ഞിരുന്നു.

വിശ്വാസികളിൽനിന്നും പ്രിൻസ് പണം കടം വാങ്ങിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ചികിത്സാസഹായമെന്ന് പറഞ്ഞാണ് വാങ്ങിയത്. വിശ്വാസികളിൽനിന്നും വൈദികരിൽനിന്നും വാങ്ങിയതു കൂടാതെ കുർബാനപ്പണത്തിലും തിരിമറി നടത്തിയതായാണ് സംശയം. സാമ്പത്തിക തിരിമറി, വൈദികന് ചേരാത്ത ജീവിതരീതി എന്നിവയെത്തുടർന്ന് ഫാ. പ്രിൻസിനെ എറണാകുളം-അങ്കമാലി അതിരൂപത മെത്രാേപ്പാലീത്തൻ വികാരി മാർ ആന്റണി കരിയിൽ സസ്പെൻഡ് ചെയ്തിരുന്നു.

സസ്പെൻഷൻ ഉത്തരവ് ഫലത്തിൽ വൈദികവൃത്തിയിൽനിന്നുള്ള ഒഴിവാക്കലാണ്. എന്നാൽ ളോഹയൂരിക്കലിന് (ഡിഫ്രോക്കിങ്) സങ്കീർണമായ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. വത്തിക്കാനാണ് അന്തിമനടപടി സ്വീകരിക്കുന്നത്. വൈദികവൃത്തിയിൽനിന്ന് ഒഴിവാക്കാൻ ഫാ. പ്രിൻസ് അരമനയ്ക്ക് കത്ത് നൽകിയിരിക്കുന്നതിനാൽ നടപടി ക്രമങ്ങൾ വളരെ വേഗത്തിലാകും. റോമിൽ നാലുവർഷം ദൈവശാസ്ത്രം, കൂടാതെ രണ്ടുവർഷം മോറൽ തിയോളജിയും പഠിച്ചതിന് ശേഷം രണ്ട് വർഷമാകുന്നതെയുള്ളൂ ഇയാൾക്ക് വൈദിക പട്ടം ലഭിച്ചിട്ട്. ഒരു വർഷത്തോളമാണ് ഇയാൾ ഇടപ്പള്ളി പള്ളിയിൽ പ്രവർത്തിച്ചത്.

പള്ളിയിൽ വിശ്വാസികൾ ഏൽപ്പിച്ചിട്ടുള്ള കുർബാന നിയോഗങ്ങൾ അതിരൂപത പൂർണ ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്ന് മെത്രാേപ്പാലീത്തൻ വികാരി മാർ ആന്റണി കരിയിൽ വ്യക്തമാക്കി. ഗൗരവമായ അച്ചടക്ക ലംഘനത്തെ തുടർന്ന് ഫാ. പ്രിൻസിനെ പൗരോഹിത്യ ശുശ്രൂഷകളിൽനിന്ന് സസ്പെൻഡ് ചെയ്തതായി അതിരൂപത പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചു. കുർബാനപ്പണത്തിന്റെ കാര്യത്തിലുൾപ്പെടെ ഇദ്ദേഹത്തിന്റെ സാമ്പത്തിക ക്രമക്കേടുകളും ഇടപാടുകളും ശ്രദ്ധയിൽപ്പെട്ടയുടൻ നടപടി സ്വീകരിച്ചതായും അതിനാൽ വിശ്വാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അതിരൂപത അറിയിച്ചു.

പള്ളിയിൽനിന്ന് കുർബാനപ്പണം വകയിൽ തുക നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇടപ്പള്ളി സെയ്ന്റ് ജോർജ് പള്ളി കൈക്കാരന്മാർ പത്രക്കുറിപ്പിൽ അറിയിച്ചു. പള്ളിയിൽ കുർബാനപ്പണം സ്വീകരിക്കുന്നത് പ്രത്യേക കൗണ്ടറിലൂടെ രസീത് പ്രകാരമാണ്. ഈ പണത്തിന് പ്രത്യേകമായ ബാങ്ക് അക്കൗണ്ടും കണക്കുമുണ്ട്. വൈദികനും രണ്ട് കൈക്കാരന്മാരും ഒപ്പിട്ടാലേ ചെക്കുകൾ പാസാകൂ. മറ്റ് പള്ളികളിലെ വൈദികരുടെ ആവശ്യപ്രകാരം സുതാര്യമായി അവരുടെ അക്കൗണ്ട് വഴിയാണ് പണം നൽകുന്നത്. കൂടുതലും സംസ്ഥാനത്തിന് പുറത്തുള്ള മിഷൻ രൂപതകൾക്കാണ് പോകുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ദുഷ്പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കും -കൈക്കാരന്മാരായ ജോയ് പള്ളിപ്പാടൻ, ജോസ് നീരാക്കൽ എന്നിവർ പറഞ്ഞു.

ഇടവകയുടെ അക്കൗണ്ടിലുള്ള പണം പലഘട്ടങ്ങളിലായി ഇയാളുടെ കാമുകിക്ക് സ്ഥിരമായി അയച്ചുകൊടുത്തുവെന്ന ആരോപണം ഉയർന്നതിന്റെ പേരിലാണ് നടപടികളുണ്ടായത്. കാമുകിക്ക് ഒരു കുട്ടിയുണ്ട്. ഈ കുട്ടിയുടെ അച്ഛനാണ് ഫാദർ പ്രിൻസ് എന്നും ഇടവക അംഗങ്ങൾ പറയുന്നുണ്ട്. വിശ്വാസികൾ വിവിധ ആവശ്യങ്ങൾക്കായി കുർബാന ചൊല്ലാനായി ഏൽപ്പിക്കുന്ന പണത്തിൽ നിന്നാണ് 15 ലക്ഷം രൂപ കവർന്നിരിക്കുന്നത്. മരിച്ചവർക്ക് മോക്ഷം കിട്ടാനും ജോലി, വിവാഹം, രോഗസൗഖ്യം തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി കുർബാന നടത്താൻ ഏൽപ്പിക്കുന്ന പണമാണ് ഇത്തരത്തിൽ ദുർവിനിയോഗം ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇതുകൂടാതെ വിവിധ വൈദികരിൽനിന്ന് പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് അസി. വികാരിമാരുടെ സ്ഥലംമാറ്റത്തിൽ ഫാ. പ്രിൻസിനെ കറുകുറ്റിയിലേക്ക് സ്ഥലംമാറ്റി. അപ്പോഴാണ് ഫാ. പ്രിൻസ് പലരിൽനിന്നായി വലിയ തുകകൾ കടം വാങ്ങിയിട്ടുണ്ടെന്നും തിരികെ നൽകിയിട്ടില്ലെന്നും അതിരൂപത മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനെ വൈദികർ അറിയിക്കുന്നത്. തുടർന്ന് ഫാ. പ്രിൻസിനെ കറുകുറ്റിയിൽനിന്ന് വിളിച്ചുവരുത്തി.

വീട്ടിലെ ആവശ്യത്തിനാണ് പണം വാങ്ങിയതെന്നും പറഞ്ഞ സമയത്ത് തിരികെക്കൊടുക്കാൻ കഴിഞ്ഞില്ലെന്നും ഇയാൾ അറിയിച്ചതിനെത്തുടർന്ന് വീട്ടിൽ അന്വേഷിച്ചു. വീട്ടിൽ യാതൊരു പണവും ഇയാൾ നൽകിയില്ല എന്നാണ് അറിഞ്ഞത്. പ്രിൻസ് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് പണം കാമുകിക്ക് കൈമാറുകയായിരുന്നെന്ന് വ്യക്തമായത്. ഇതെത്തുടർന്നാണ് സസ്‌പെൻഷൻ ഉത്തരവ് നൽകിയത്.

പ്രത്യേക കുർബാനകൾക്ക് വിശ്വാസികൾ വൈദികർക്ക് പണം നൽകാറുണ്ട്. പാട്ടുകുർബാനയ്ക്ക് 150 രൂപയും സാധാരണ കുർബാനയ്ക്ക് 100 രൂപയുമാണ് നിരക്ക്. ഇടപ്പള്ളി പള്ളിയിൽ ഈ പണം കൈകാര്യം ചെയ്യാൻ പ്രത്യേക കൗണ്ടറും ബാങ്കിൽ വേറെ അക്കൗണ്ടുമുണ്ട്. ഇതിന്റെ ചുമതല ഫാ. പ്രിൻസിനായിരുന്നു. പെരുന്നാൾ സമയങ്ങളിലും മറ്റും ആയിരക്കണക്കിന് കുർബാനകൾ നടത്തേണ്ടിവരാറുണ്ട്. ഇത് ചൊല്ലിത്തീരാൻ സാധിക്കാത്തതിനാൽ ചെറിയ പള്ളികളിലേക്കും സന്ന്യാസ മഠങ്ങളിലേക്കും കുർബാന ചൊല്ലാനുള്ള ചുമതല കൈമാറുക പതിവാണ്. അതിനുള്ള പണം അവർക്ക് നൽകും.

വൈദികർക്ക് കൂടുതൽ പണം കൈമാറിയ ശേഷം തെറ്റുപറ്റിയതാണെന്നും നിശ്ചിത തുക കഴിച്ചുള്ള ബാക്കി തുക നേരിൽ കൈപ്പറ്റിക്കൊള്ളാമെന്നും പറഞ്ഞ് ഫാ. പ്രിൻസ് പണം വാങ്ങിയിരുന്നതായാണ് ആരോപണം. അതായത്, ഒരാൾക്ക് ആയിരം രൂപ കൊടുക്കാനുണ്ടെങ്കിൽ അയ്യായിരം അക്കൗണ്ടിലിടുക. ഇത് വൈദികർ ചൂണ്ടിക്കാട്ടുമ്പോൾ ബാക്കി നാലായിരം നേരിൽ വാങ്ങുക. ഇതുകൂടാതെയാണ് വൈദികരിൽനിന്ന് കടം വാങ്ങിയത്. പണം വാങ്ങിയത് തിരികെ നൽകാമെന്നും സാവകാശം വേണമെന്നും ഫാ. പ്രിൻസ് അരമനയെ അറിയിച്ചിട്ടുണ്ട്. കുർബാന ചൊല്ലുന്നതിൽ മുടക്കം വരില്ലെന്നും ഇയാൾ നൽകിയില്ലെങ്കിൽ പണത്തിന്റെ ഉത്തരവാദിത്വം തത്കാലം അരമന ഏറ്റെടുത്തെന്നും അതിരൂപത പി.ആർ.ഒ. ഫാ. പോൾ കരേടൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP