Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ട് മണിക്ക് തുറക്കാൻ നിശ്ചയിച്ച ഇടമലയാർ അണക്കെട്ട് അഞ്ച് മണിക്ക് തന്നെ തുറന്നത് നീരൊഴുക്ക് വേഗത്തിലായതോടെ; നാലു ഷട്ടറുകൾ 80 സെന്റിമീറ്റർ ഉയർത്തിയതോടെ പെരിയാറിൽ ഒന്നരമീറ്റർ ജലനിരപ്പ് വരെ ജലനിരപ്പ് ഉയർന്നേക്കും; ഭൂതത്താൻ കെട്ടു കടന്ന് ആലുവയിൽ ജലപ്രവാഹം എത്താൻ ആറ് മണിക്കൂറെടുക്കും; തുറന്നുവിടുന്നത് 164 ഘനമീറ്റർ ജലം; സർവ്വസജ്ജമായി ദുരന്ത നിവാരണ അതോരിറ്റി

എട്ട് മണിക്ക് തുറക്കാൻ നിശ്ചയിച്ച ഇടമലയാർ അണക്കെട്ട് അഞ്ച് മണിക്ക് തന്നെ തുറന്നത് നീരൊഴുക്ക് വേഗത്തിലായതോടെ; നാലു ഷട്ടറുകൾ 80 സെന്റിമീറ്റർ ഉയർത്തിയതോടെ പെരിയാറിൽ ഒന്നരമീറ്റർ ജലനിരപ്പ് വരെ ജലനിരപ്പ് ഉയർന്നേക്കും; ഭൂതത്താൻ കെട്ടു കടന്ന് ആലുവയിൽ ജലപ്രവാഹം എത്താൻ ആറ് മണിക്കൂറെടുക്കും; തുറന്നുവിടുന്നത് 164 ഘനമീറ്റർ ജലം; സർവ്വസജ്ജമായി ദുരന്ത നിവാരണ അതോരിറ്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടമലയാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് രാവിലെ അഞ്ച് മണിയോടെ തുറന്നത് ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചതോടെ. എട്ട് മണിക്കാണ് ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, പുലർച്ചെ അഞ്ച് മണിയോടെ തന്നെ നാലു ഷട്ടറുകൾ വേഗം തുറക്കാൻ തീരുമാനിക്കുകയായിരുന്നു. അഞ്ച് ഷട്ടറുകളിൽ നാലും തുറക്കുകയായിരുന്നു. ജലം പെരിയാറ്റഇലേക്കാണ് ഒഴുക്കിവിടുന്നത്. പെരിയാറിൽ ഒന്നരമീറ്റർവരെ ജലനിരപ്പുയർന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 164 ഘനമീറ്റർ ജലമാണ് തുറന്നു വിടുക.

വ്യാഴാഴ്ച രാവിലെ അഞ്ചു മണിക്ക് നാലു ഷട്ടറുകൾ 80 സെന്റിമീറ്ററാണ് ഉയർത്തിയത്. അണക്കെട്ടിൽനിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ചുമുതൽ ആറു മണിക്കൂർവരെ നേരം കൊണ്ട് ആലുവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013-ലാണ് ഇതിനുമുമ്പ് ഇടമലയാർ തുറന്നത്. രാത്രി ഈ മേഖലയിൽ ശക്തമായ മഴപെയ്തത് ജലനിരപ്പ് 169.95 മീറ്റർ എത്തിയതോടെ അഞ്ച് മണിക്ക് തന്നെ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇടമലയാർ പദ്ധതി പ്രദേശത്തെ മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തിൽ 164 ഘനമീറ്റർ (ക്യൂമെക്സ്) ജലമാണു പെരിയാറിലേക്ക് ഒഴുക്കുക. അണക്കെട്ട് ഇതിനു മുമ്പ് തുറന്ന 2013ൽ 900 ഘനമീറ്റർ ജലം ഒഴുക്കിയിരുന്നു. ഇടമലയാറിലെ വെള്ളം ഷട്ടർ തുറന്ന് ഒരു മണിക്കൂറിനകം കുട്ടമ്പുഴയിലെത്തി. ഭൂതത്താൻകെട്ടിൽ ഒന്നര മണിക്കൂറിലും പെരുമ്പാവൂർ, കാലടി മേഖലയിൽ നാല് മണിക്കൂറിനകവും ജലമെത്തുമെന്നാണു വിലയിരുത്തൽ. ആലുവ മേഖലയിൽ ജലപ്രവാഹം എത്താൻ ആറു മണിക്കൂർ എടുത്തേക്കുമെന്നു ജില്ലാ കലക്ടർ പറഞ്ഞു. മുന്നറിയിപ്പു കണക്കിലെടുത്ത് ഇടമലയാർ അണക്കെട്ടിന്റെ താഴെ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.

പെരിയാറിന്റെ തീരത്തുള്ള പ്രദേശങ്ങളിൽ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ആവശ്യമുള്ള പക്ഷം ക്യാംപുകൾ സജ്ജമാണെന്നും കലക്ടർ അറിയിച്ചു. ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക് പേജായ www.facebook.com/dcekmepw അറിയിപ്പുകൾ യഥാസമയം ലഭ്യമാകും. കാക്കനാട് കലക്ടറേറ്റിലെ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ ടോൾഫ്രീ നമ്പറായ 1077ലും ബന്ധപ്പെടാവുന്നതാണ്. മറ്റു നമ്പറുകൾ 7902200300, 7902200400, 04842423513.

ഇടമലയാർ അണക്കെട്ടിലെ പൂർണതോതിലുള്ള സംഭരണശേഷി 169 മീറ്ററാണ്. വൈദ്യുതി ബോർഡിന്റെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എൻജിനീയർ അതിജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. വിവരം എറണാകുളം, തൃശൂർ ജില്ലാ കലക്ടർമാർക്കു കൈമാറി. ദുരന്ത നിവാരണ അഥോറിറ്റി, വിവിധ വകുപ്പുകൾ എന്നിവയ്ക്കും അറിയിപ്പിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.

ഇടമലയാറിനൊപ്പം ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് അതിവേഗം ഉയരുന്നത് കണക്കിലെടുത്താണ് ഇടമലയാർ അണക്കെട്ട് തുറക്കാൻ അധികൃതർ തീരുമാനിച്ചത്. പെരിയാറിൽ ഇതുമൂലം ഒന്ന്-ഒന്നര മീറ്റർ ജലനിരപ്പ് ഉയരാൻ ഇടയാക്കുമെന്നാണ് കണക്കുകൂട്ടൽ. ഇടുക്കിയിൽ നിന്നും ഇടമലയാറിൽ നിന്നും ഒരേസമയം പെരിയാറിലേക്ക് ജലം ഒഴുക്കിവിടുന്നത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാനാണ് ഇടമലയാർ വ്യാഴാഴ്ച രാവിലെ തുറന്നത്. ഇതിനു മുന്നോടിയായി ഭൂതത്താൻകെട്ട് ബാരേജിന്റെ 15 ഷട്ടറുകളും 9 മീറ്റർ വീതം ഉയർത്തി പരമാവധി ജലം ഒഴുക്കിവിടുകയാണ്.

ഓറഞ്ച് അലർട്ടിനു ശേഷം ജലനിരപ്പ് സാധാരണനിലയിലായതോടെ ഇടുക്കിക്ക് പിന്നാലെ ഇടമലയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഇല്ലെന്ന പ്രഖ്യാപനത്തിലായിരുന്നു കെ.എസ്.ഇ.ബി. ഇടുക്കി അണക്കെട്ട്്് തുറന്നാലുണ്ടാകുന്ന പെരിയാറിലെ ക്രമാതീതമായ ജലനിരപ്പ് മുന്നിൽക്കണ്ടാണ് ഇടമലയാർ ആദ്യം തുറക്കാനുള്ള ഇപ്പോഴത്തെ തീരുമാനം.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെയാണ് ഡാം തുറക്കുന്നതിന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നൽകിയത്. രാവിലത്തെ 168.17 മീറ്റർ, ഉച്ചയ്ക്ക് ശേഷം 168.65 മീറ്ററിലെത്തിയതോടെയാണ് ഡാം തുറക്കാൻ ദ്രുതഗതിയിൽ തീരുമാനമായത്. 170 മീറ്റർ വരെ ജലം സംഭരിക്കുന്നതിന് ശേഷിയുണ്ട്. 2005-ലും 2013-ലുമാണ് ഇടമലയാർ ഡാം തുറന്നിട്ടുള്ളത്. ഡാം തുറന്നാൽ അഞ്ചര-ആറ് മണിക്കൂറ് കൊണ്ട് വെള്ളം ആലുവയിലെത്തും. ഇടമലയാർ ഡാം തുറന്നാൽ വടാട്ടുപാറ പലവൻവടിയിലൂടെ കുട്ടമ്പുഴ ആനക്കയത്ത് വച്ച് കുട്ടമ്പുഴയാറുമായി ഇടമലയാർ ചേരും. തുടർന്ന് തട്ടേക്കാടിലൂടെ ഭൂതത്താൻകെട്ടിന് ഒരു കിലോമീറ്റർ മുകളിൽ കൂട്ടിക്കൽ ഭാഗത്ത് വച്ച് പെരിയാറുമായി കൂടിച്ചേരും.

ഭൂതത്താൻകെട്ട് ബാരേജ് മുതൽ ആലുവ വരെ 48 കിലോമീറ്ററാണ്. ഭൂതത്താൻകെട്ട്, പാണിയേലി, മലയാറ്റൂർ, കാലടി, ആലുവ, പറവൂർ പുറപ്പിള്ളിക്കാവ് ബണ്ടിൽ വച്ച് പെരിയാർ കായലിൽ ചേരുന്നത്. ഇടമലയാർ ഡാം അഞ്ച് വർഷത്തിന് ശേഷമാണ് വീണ്ടും തുറക്കേണ്ടിവന്നിരിക്കുന്നത്. ഡാമിനു നാലു ഷട്ടറുകളാണുള്ളത്. 37.5 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകളും 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. 1.8 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിക്കുന്നുണ്ട്.

ഡാം അണക്കെട്ട് തുറന്നതിനെത്തുടർന്ന് എറണാകുളം ജില്ലയിലെ 51 പഞ്ചായത്ത് പ്രദേശങ്ങളിൽ പ്രളയക്കെടുതിക്ക് സാധ്യത മുന്നിൽക്കണ്ട്് ആവശ്യമായ സുരക്ഷാക്രമീകരണം ചെയ്തിട്ടുള്ളതായി അധികൃതർ അറിയിച്ചു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കുട്ടമ്പുഴ ടൗൺ, കീരമ്പാറ, കവളങ്ങാട്, പിണ്ടിമന പഞ്ചായത്തുകളിലെ പെരിയാർ തീരപ്രദേശങ്ങളെയുമാണ് വെള്ളപ്പൊക്കം ബാധിക്കുക. ആവശ്യമായി വന്നാൽ കോതമംഗലത്ത്്് 10 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് ഇടമലയാർ ഡാം തുറന്നപ്പോൾ കോതമംഗലം ടൗണിൽ ഉൾപ്പടെ താലൂക്കിലെ ഒട്ടേറെ പ്രദേശങ്ങൾ വെള്ളപ്പൊക്ക കെടുതി നേരിട്ടു. ഇത്തവണ അത്രയും വലിയ പ്രശ്‌നമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP