Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസ്‌ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും അടിപതറുമോ? കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള രാഷ്ട്രീയ - നിയമ പോരാട്ടങ്ങൾ ശക്തി പ്രാപിക്കുന്നു; കേസിലെ ഇരകൾ നീതി തേടി വീണ്ടും ഹൈക്കോടതിയിലേക്ക്; കുഞ്ഞാലിക്കുട്ടിയെ കക്ഷി ചേർക്കാൻ വിഎസും; ഇടക്കാലത്ത് തേഞ്ഞുമാഞ്ഞു പോയ ഐസ്‌ക്രീം കേസ് സജീവമാകുന്നതിന്റെ പിന്നിൽ ലീഗിനുള്ളിലെ അണിയറ നീക്കങ്ങൾ; കേന്ദ്രമന്ത്രി മോഹവുമായി ഡൽഹിക്ക് പോയ കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കങ്ങളോടെ ലീഗിൽ കലാപ സാധ്യത

ഐസ്‌ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും അടിപതറുമോ? കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള രാഷ്ട്രീയ - നിയമ പോരാട്ടങ്ങൾ ശക്തി പ്രാപിക്കുന്നു; കേസിലെ ഇരകൾ നീതി തേടി വീണ്ടും ഹൈക്കോടതിയിലേക്ക്; കുഞ്ഞാലിക്കുട്ടിയെ കക്ഷി ചേർക്കാൻ വിഎസും; ഇടക്കാലത്ത് തേഞ്ഞുമാഞ്ഞു പോയ ഐസ്‌ക്രീം കേസ് സജീവമാകുന്നതിന്റെ പിന്നിൽ ലീഗിനുള്ളിലെ അണിയറ നീക്കങ്ങൾ; കേന്ദ്രമന്ത്രി മോഹവുമായി ഡൽഹിക്ക് പോയ കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കങ്ങളോടെ ലീഗിൽ കലാപ സാധ്യത

എം മനോജ് കുമാർ

തിരുവനന്തപുരം: മുസ്ലിം ലീഗിലെ ഏറ്റവും കരുത്തനായ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കേസിൽ വീണ്ടും അടിപതറുമോ? ഒരു കാലത്ത് സ്വന്തം അതിജീവന ത്വരകൊണ്ട് അദ്ദേഹം അതിജീവിച്ച ഈ കേസ് വീണ്ടും ശക്തമായി പുനർജനിക്കുന്നതിന്റെ സൂചനകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ അഗ്‌നി പരീക്ഷകൾ തീർത്ത ഐസ്‌ക്രീം പാർലർ ലൈംഗികാപവാദക്കേസ് വീണ്ടും പുനരുജ്ജീവിക്കുന്നത് കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ച് കാര്യങ്ങൾ ഒട്ടും എളുപ്പമാകിയേക്കില്ല. നിലവിൽ മലപ്പുറം എംപിയും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമാണ് കുഞ്ഞാലിക്കുട്ടി.

യുപിഎ മന്ത്രി സഭ വന്നാൽ കേന്ദ്രത്തിൽ ഉപമുഖ്യമന്ത്രി പദവിയും അതല്ലെങ്കിൽ കേരളത്തിൽ യുഡിഎഫ് മന്ത്രിസഭാ വന്നാൽ അതിൽ ഉപമുഖ്യമന്ത്രിപദവിയും ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നത്. ഈ നീക്കങ്ങൾക്ക വിഘാതമായാണ് ഐസ്‌ക്രീം പാർലർ കേസ് വീണ്ടും പുനരു ജ്ജീവിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് ശരശയ്യ തീർത്ത മുത്തലാഖ് വിവാദത്തിനു പിന്നാലെയാണ് വീണ്ടും ഭീഷണിയായി ഐസ്‌ക്രീം പാർലർ കേസ് പിറവിയെടുക്കുന്നത്. ഐസ്‌ക്രീം കേസിൽ ഇരയായ കോഴിക്കോട് സ്വദേശിനിയായ യുവതി നീതി തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം തുടങ്ങിയതോടെയാണ് കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയായി ഐസ്‌ക്രീം കേസ് വീണ്ടും സജീവമാകുന്നത്.

ഐസ്‌ക്രീം കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിക്കുന്നത്. ഇരകളായ യുവതികൾ കൂടി കേസിൽ കക്ഷി ചേരും എന്നുള്ളതുകൊണ്ട് കുരുക്കുകൾ മുറുകുക തന്നെയാണ് ചെയ്യുന്നത്. മുസ്ലിം ലീഗിലെ നിലവിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ടാണ് എഴുതി തള്ളപ്പെട്ട കേസ് വീണ്ടും ശക്തമാകുന്നത്. മുത്തലാഖ് വിവാദത്തിൽ അടിപതറിയ കുഞ്ഞാലിക്കുട്ടിക്ക് നേരെ ലീഗിൽ നിന്നും പടയൊരുക്കം നടക്കുമ്പോൾ ഒപ്പം സിപിഎമ്മിൽ നിന്നും വി എസ്.അച്യുതാനന്ദൻ കൂടി ലീഗിലെ വിമത നീക്കങ്ങളെ തുണയ്ക്കുന്നുണ്ട്. ഐസ്‌ക്രീം പാർലർ കേസിൽ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കുരുക്കുമായി വി എസ് കൂടി ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. ഈ കേസിലെ കീഴ്‌ക്കോടതി വിധിക്കെതിരെ പി.കെ.കുഞ്ഞാലിക്കുട്ടിയെയും വ്യവസായിയായ റൗഫിനെയും കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടാണ് വി എസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

റൗഫിന്റെ മുൻ വെളിപ്പെടുത്തലുകളെ തുടർന്നാണ് കീഴ്‌ക്കോടതി കേസ് എഴുതി തള്ളിയിരുന്നത്. ഇതേ കേസിൽ ബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ്. നൽകിയ ഹർജി മുൻപ് സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐസ്‌ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയേയും റൗഫിനെയും കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ടു വി എസ് ഹൈക്കോടതിയെ ഈ കഴിഞ്ഞ ദിവസം സമീപിച്ചത്. ഇതെല്ലാം തന്നെ യോജിച്ചുള്ള ശക്തമായ നീക്കങ്ങൾ കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടന്നുവരുന്നു എന്നുള്ളതിന്റെ സൂചനകൾ ശക്തമാക്കുകയാണ്. കുഞ്ഞാലിക്കുട്ടി ലീഗിൽ ശക്തനായ സമയത്ത് കേസുമായി ബന്ധപ്പെട്ടു ലീഗിൽ അപശബ്ദങ്ങൾ ഉയർന്നിരുന്നില്ല. പക്ഷെ മുത്തലാഖ് വിവാദത്തോടെ കുഞ്ഞാലിക്കുട്ടി ലീഗിൽ ഒറ്റപ്പെടുന്നു എന്ന അവസ്ഥ വന്നതോടെയാണ് കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം കേസ് വീണ്ടും ഉയർത്തെഴുന്നേൽക്കുന്നത്.

മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ ഒത്താശ കേസുമായി ബന്ധപ്പെട്ടു ഇപ്പോൾ രംഗത്തുള്ള യുവതിക്ക് ലഭിക്കുന്നുണ്ട് എന്നാണ് സൂചനകൾ. കേസിൽ ആദ്യം അന്വേഷണം വന്നപ്പോൾ ഹൈക്കോടതിയെ സമീപിക്കും എന്ന് പറഞ്ഞ കോഴിക്കോട് സ്വദേശിനിയും മൊഴി മാറ്റിയിരുന്നു. മൊഴി മാറ്റാൻ തനിക്ക് പണം നൽകി എന്നാണ് യുവതി പറയുന്നത്. ഇപ്പോൾ നുണപരിശോധനയ്ക്ക് കൂടി വിധേയമാകാൻ തയ്യറാണ് എന്നാണ് യുവതി ഇപ്പോൾ പറയുന്നത്. യുവതിയുടെ രംഗപ്രവേശം കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള ലീഗ് നീക്കങ്ങളുടെ തുടർച്ചയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. മുത്തലാഖ്-ഐസ്‌ക്രീം കേസുകളിൽ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാനാണ് ലീഗിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടിയുടെ ഭാവി നീക്കങ്ങളുടെ മുനയൊടിക്കാനാണ് ഈ കേസിന്റെ പുനരുജ്ജീവന ശ്രമങ്ങൾ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വരുന്ന യുപിഎ മന്ത്രിസഭയിൽ കേന്ദ്രമന്ത്രി പദവി അല്ലെങ്കിൽ വരുന്ന യുഡിഎഫ് സർക്കാരിൽ ഉപമുഖ്യമന്ത്രി പദവി.

ഇതാണ് കുഞ്ഞാലിക്കുട്ടി ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യങ്ങൾ അവസാനിപ്പിക്കാനും കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടി നൽകാനുമാണ് ഇപ്പോൾ ലീഗിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നത്. ഒരു യുവനിര ഇപ്പോൾ ലീഗിലുണ്ട്. പി.കെ.ഫിറോസും കെ.എം.ഷാജിയും അടക്കമുള്ള യുവ നിര. ഈ നിരയെ ഉയർത്താനാണ് നിലവിലെ ശ്രമങ്ങൾ. അതിനു വലിയ വിഘാതമായി മുന്നിൽ നിൽക്കുന്നത് കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ വ്യക്തികേന്ദ്രിതമായ രീതികളുമാണ്. ഇതവസാനിപ്പിക്കാൻ കഴിയുമോ എന്നാണ് ലീഗ് നേതാക്കളുടെ നേട്ടം. കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള ലീഗിലെ വൻ നിരയുടെ നേതൃത്വം നിലവിൽ പി.കെ.അബ്ദുറബ്ബിനാണ്. എം.കെ.മുനീറിനെ കുഞ്ഞാലിക്കുട്ടിക്ക് എതിരായി ഉയർത്തിക്കാട്ടാൻ ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധർക്ക് ഇപ്പോൾ താത്പര്യമില്ലാത്ത അവസ്ഥയാണ്. അതിനാണ് അബ്ദുറബ്ബിനെ ഉയർത്തിക്കാട്ടുന്നത്.

ഒരു കാലത്ത് ലീഗിലെ പ്രമുഖ നേതാവും ഉപമുഖ്യമന്ത്രി പദവി വരെ അലങ്കരിച്ച നേതാവുമായ അവുക്കാദർകുട്ടിനഹയുടെ മകൻ എന്ന ഇമേജ് കുഞ്ഞാലിക്കുട്ടിക്ക് എതിര് നിൽക്കാൻ അബ്ദുറബ്ബിനെ പര്യാപതവുമാക്കുന്നുണ്ട്. മുത്തലാഖ് വിഷയത്തിൽ പാർലമെന്റിൽ വോട്ടെടുപ്പ് നടന്നപ്പോൾ അതിൽ പങ്കെടുക്കാതെ വിവാഹം കൂടാൻ പോയ കുഞ്ഞാലിക്കുട്ടിക്ക് തെറ്റുപറ്റി എന്നാണ് ലീഗ് നേതൃത്വം വിലയിരുത്തിയത്. അദ്ദേഹത്തിന് ജാഗ്രതകുറവ് സംഭവിച്ചു എന്നും ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു. ഇപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ എതിരാളിയായ മാറിയ പി.കെ.അബ്ദുറബ്ബിന്റെ പുതുവത്സര ആശംസ അവസാനിക്കുന്നത് തന്നെ ജാഗ്രത എന്ന വാക്കു കൂടി ഉൾപ്പെടുത്തിയായിരുന്നു.

ഇത് കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള അബ്ദു റബ്ബിന്റെ രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് ലീഗ് നേതാക്കൾ വിലയിരുത്തിയത്. ഇതെല്ലാം തന്നെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ലീഗിലെ പടനീക്കങ്ങൾ ശക്തമാകുന്നു എന്ന സൂചനകൾ നൽകുന്നതാണ്. ഇതേ ഘട്ടത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ അടിപതറൽ നടന്ന ഐസ്‌ക്രീം കേസ് എന്ന ലൈംഗികാപവാദക്കേസ് വീണ്ടും രാഷ്ട്രീയ കേരളത്തിൽ ഉയിർത്തെഴുന്നേൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP