Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിസ്ഥാനം പോയതോടെ മൂന്നര വർഷത്തിനിടെ സൗദിക്ക് പറന്നത് 70 തവണ; കൊച്ചിയിൽ നിന്ന് നേരിട്ട് ഫ്‌ളൈറ്റ് ഉണ്ടെങ്കിലും പോയത് ദുബായി വഴി; ഇബ്രാഹിം കുഞ്ഞിന്റെ ദുബായ് യാത്രകൾ ദുരൂഹമെന്ന് വിജിലൻസ്; നാട്ടിൽ മടങ്ങിയെത്തുമ്പോൾ വിശദമായി ചോദ്യം ചെയ്യാൻ ഒരുക്കം; പാലാരിവട്ടം മേൽപ്പാല അഴിമതിക്കേസിന് പിന്നാലെ ഗൾഫ് യാത്രയും വിവാദമായതോടെ മുൻ മന്ത്രിയെ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കി

മന്ത്രിസ്ഥാനം പോയതോടെ മൂന്നര വർഷത്തിനിടെ സൗദിക്ക് പറന്നത് 70 തവണ; കൊച്ചിയിൽ നിന്ന് നേരിട്ട് ഫ്‌ളൈറ്റ് ഉണ്ടെങ്കിലും പോയത് ദുബായി വഴി; ഇബ്രാഹിം കുഞ്ഞിന്റെ ദുബായ് യാത്രകൾ ദുരൂഹമെന്ന് വിജിലൻസ്; നാട്ടിൽ മടങ്ങിയെത്തുമ്പോൾ വിശദമായി ചോദ്യം ചെയ്യാൻ ഒരുക്കം; പാലാരിവട്ടം മേൽപ്പാല അഴിമതിക്കേസിന് പിന്നാലെ ഗൾഫ് യാത്രയും വിവാദമായതോടെ മുൻ മന്ത്രിയെ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ആരോപണവിധേയനായ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ ഗൾഫ് യാത്രകളും വിജിലൻസ് അന്വേഷിക്കുന്നു. മന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ 70 തവണയാണ് ഉംറ അനുഷ്ഠിക്കുന്നതിനുവേണ്ടി സൗദിക്ക് പോയിട്ടുള്ളത്. കൊച്ചിയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഉള്ളപ്പോൾ ഭൂരിഭാഗം യാത്രകളും ദുബായ് വഴിയാണ് പോയിട്ടുള്ളത്. ഇതോടെ ഇബ്രാഹിം കുഞ്ഞിന്റെ ദുബായ് യാത്രകളെ കുറിച്ച് അന്വേഷണം നടത്താനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

2016നു ശേഷമാണ് ഇബ്രാഹിംകുഞ്ഞ് ദുബായിലേക്ക് പലവട്ടം പറന്നത്. ഉംറയ്ക്കായി സൗദിയിലേക്ക് തിരിച്ച ഇബ്രാഹിംകുഞ്ഞ് ഇപ്പോൾ ദുബായിയിൽ ആണ്. അദ്ദേഹം മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ വിശദമായി ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ നീക്കം. ദുബായിൽ ഇബ്രാഹിംകുഞ്ഞിന് ബിനാമി ഇടപാടുകളുണ്ടോയെന്നാണ് സംശയം. പാലാരിവട്ടം അഴിമതി നടന്ന 2012-14 കാലഘട്ടത്തിലെ ഇബ്രാഹിം കുഞ്ഞിന്റെ ഉറ്റബന്ധുക്കളുടെ സ്വത്തുവിവരങ്ങളും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

പാലാരിവട്ടം പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേയും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പാലം നിർമ്മാണ കരാർ കമ്പനികൾക്ക് മുൻ കൂറായി പണം നൽകിയത് മന്ത്രിയുടെ ശുപാർശയെ തുടർന്നാണെന്നാണ് സൂരജ് അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നൽകിയിരിക്കുന്നത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു.

ഫ്‌ളൈ ഓവർ നിർമ്മിച്ച സ്വകാര്യ കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ അനുമതി നൽകിയത് ഇബ്രാഹിം കുഞ്ഞാണെന്നാണ് ടി.ഒ. സൂരജ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറഞ്ഞത്. കേസിൽ നിർണായക വഴിത്തിരിവായ വെളിപ്പെടുത്തൽ കൂടിയായതിനാൽ വിജിലൻസിന്റെ അന്വേഷണം ഇപ്പോൾ ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിക്കുകയാണ്.

പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ തനിക്ക് പങ്കില്ലെന്നും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണെന്നുമാണ് ഇബ്രാഹിം കുഞ്ഞ് ആവർത്തിക്കുന്നത്. സർക്കാർ നയം അനുസരിച്ചിട്ടുള്ള ഫയൽ മാത്രമേ താൻ കണ്ടിട്ടുള്ളൂ. കരാർ കമ്പനിക്ക് നേരിട്ട് തുക നൽകാനുള്ള ഒരു ഫയലും കണ്ടിട്ടില്ല. താനല്ല അഴിമതി നടത്തിയതെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വി.കെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ടി.ഒ.സൂരജിനെതിരെ വീണ്ടും കേസ്

അതിനിടെ, ടി.ഒ. സൂരജിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മലപ്പുറം ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണത്തിൽ 35 കോടി രൂപയുടെ അഴിമതിയെന്നാരോപിച്ചാണ് കേസ്. ടി.ഒ. സൂരജിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് നൽകി.
അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെൻഡർ വിളിക്കാതെ കരാർ നൽകി. കൺസ്ട്രക്ഷൻ കോർപറേഷൻ എംഡി. കെ.എസ്. രാജു, കരാറുകാരായ പി.ജെ. ജേക്കബ്, വിശ്വനാഥൻ വാസു, ജോസഫ് പോൾ എന്നിവരും കേസിൽ പ്രതികളാകും. പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ സൂരജ് ഉൾപ്പെടെ നാലുപേരെ ഓഗസ്റ്റ് 30നാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.

ഗണേശ് കുമാറിന്റെ ആരോപണം

നേരത്തെ കെ.ബി.ഗണേശ് കുമാർ എംഎൽഎ ഇബ്രാഹിം കുഞ്ഞിന്റെ സ്വത്ത് സ്മ്പാദനത്തെ കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. 1983ൽ തോട്ടക്കാരനായിരുന്ന വികെ ഇബ്രാഹിംകുഞ്ഞ് 32 കൊല്ലം കൊണ്ട് കോടീശ്വരനായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ഗണേശ് കുമാർ 2015 മാർച്ച് 30 നാണ് ലോകായുക്തയിൽ ആവശ്യപ്പെട്ടത്. ഇബ്രാഹിംകുഞ്ഞിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ താൻ ശേഖരിച്ച തെളിവുകൾ ലോകായുക്തയ്ക്ക് അദ്ദേഹം കൈമാറി.

1983ൽ കൊച്ചിയിലെ വെറുമൊരു തോട്ടക്കാരനായിരുന്നു ഇബ്രാഹിംകുഞ്ഞ്. 1991ൽ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ചെയർമാനായി. ആയിരം രൂപയാണ് ചെയർമാന്മാർക്ക് പ്രതിമാസം ലഭിക്കുക. ഇബ്രാഹിംകുഞ്ഞിന്റെ കുടുംബ സ്വത്ത് സഹോദരനുമൊത്ത് ഒരു പോലെയാണ് വീതിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യയും മക്കളും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നുമില്ല. പിന്നെ എങ്ങനെ ഇബ്രാഹിംകുഞ്ഞിന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടായെന്നാണ് ഗണേശ് കുമാർ ലോകായുക്തയിൽ ഉന്നയിച്ചത്. ആദായ നികുതി വകുപ്പിന്റെ സഹകരണത്തോടെ അന്വേഷണം നടന്നാൽ എല്ലാം പുറത്തുവരും. ലോകായുക്തയുടെ അന്വേഷണ സംവിധാനം ഇതിനായി ആദായ നികുതി വകുപ്പുമായി സഹകരിക്കണമെന്നും ഗണേശ് കുമാർ ആവശ്യപ്പെട്ടുിരുന്നു.

പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കും

ഏതായാലും അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ വി.കെ. ഇബ്രാഹിം കുഞ്ഞിനോട് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നതിനാൽ തെരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതേതുടർന്നാണ് ഇബ്രാഹിംകുഞ്ഞ് വിദേശത്തേക്കു പോയതെന്നും സൂചനയുണ്ട്. ലീഗ് മത്സരിക്കുന്ന മഞ്ചേശ്വരത്ത് പാർട്ടിയിലെ മറ്റു പ്രമുഖനേതാക്കളെല്ലാം പ്രചാരണരംഗത്ത് സജീവമായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP