Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതുവരെ പിന്നിൽ നിന്ന മലപ്പുറത്ത് നിന്ന് ഇക്കുറി നാലു പേർ; പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൊഴികെ 11 ജില്ലകളിൽ നിന്നും ഇക്കുറി ഐഎഎസുകാരോ ഐപിഎസുകാരോ; മലയാളികളിൽ ഏറ്റവും വലിയ നേട്ടം കൊയ്തത് 29-ാം റാങ്ക് നേടിയ ആലുവക്കാരിയായ ശ്രീലക്ഷ്മി; ഇക്കുറി സിവിൽ സർവ്വീസിൽ കയറി പറ്റിയത് സർക്കാർ-എയിഡഡ് സ്‌കൂളുകളിൽ പഠിച്ച് വിജയിച്ച ആദിവാസി വിഭാഗക്കാരിയായ ശ്രീധന്യ അടക്കം 17 മലയാളികൾ; ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചതും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള കനിഷക് കടാരിയയും

ഇതുവരെ പിന്നിൽ നിന്ന മലപ്പുറത്ത് നിന്ന് ഇക്കുറി നാലു പേർ; പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൊഴികെ 11 ജില്ലകളിൽ നിന്നും ഇക്കുറി ഐഎഎസുകാരോ ഐപിഎസുകാരോ; മലയാളികളിൽ ഏറ്റവും വലിയ നേട്ടം കൊയ്തത് 29-ാം റാങ്ക് നേടിയ ആലുവക്കാരിയായ ശ്രീലക്ഷ്മി; ഇക്കുറി സിവിൽ സർവ്വീസിൽ കയറി പറ്റിയത് സർക്കാർ-എയിഡഡ് സ്‌കൂളുകളിൽ പഠിച്ച് വിജയിച്ച ആദിവാസി വിഭാഗക്കാരിയായ ശ്രീധന്യ അടക്കം 17 മലയാളികൾ; ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചതും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള കനിഷക് കടാരിയയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ രാജസ്ഥാനാണ്. ഐഐടി ബോംബെയിലെ ബി ടെക് ബിരുദധാരിയും ഡേറ്റ അനലിസ്റ്റുമായ കനിഷക് കടാരിയയ്ക്കാണ് ഒന്നാം റാങ്ക്. കനിഷക് പട്ടികജാതി വിഭാഗത്തിൽ നിന്നാണ്. ഗുവാഹത്തി ഐഐടിയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയ ജയ്പുർ സ്വദേശി അക്ഷത് ജയിനാണു രണ്ടാം റാങ്ക്. ഡൽഹിയിൽ നിന്നുള്ള യുപി സ്വദേശി ജുനൈദ് അഹമ്മദിനാണു മൂന്നാം സ്ഥാനം. അഞ്ചാം റാങ്ക് നേടിയ ശ്രുതി ജയന്ത് ദേശ്മുഖാണ് വനിതകളിലെ ഉയർന്ന റാങ്കുകാരി. 759 പേരാണു റാങ്ക് പട്ടികയിലുള്ളത് 577 പുരുഷന്മാരും 182 വനിതകളും. കേരളത്തിൽ ഒന്നാമത് ശ്രീലക്ഷ്മിയാണ്.

410ാം റാങ്ക് ലഭിച്ച ആദിവാസി യുവതി ശ്രീധന്യ സുരേഷാണ് മലയാളികളുടെ ഇത്തവണത്തെ താരം. ശ്രീധന്യ പഠിച്ചതു മലയാളം മീഡിയത്തിൽ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലാണ്. തരിയോട് സെന്റ് മേരീസ് യുപി സ്‌കൂൾ, തരിയോട് നിർമല ഹൈസ്‌കൂൾ, തരിയോട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളജിൽനിന്നു സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്നു 2014ൽ ബിരുദാനന്തര ബിരുദവും നേടി. 2 വർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തു. കുറിച്യ വിഭാഗത്തിൽ നിന്ന് സിവിൽ സർവ്വീസ് നേട്ടത്തിന് ഉടമയാകുന്ന ശ്രീധന്യയ്ക്ക് ഐഎഎസ് കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ ഐഎഎസ് കിട്ടുന്ന ആദ്യ വയനാടുകാരിയായി ശ്രീധന്യ മാറും. സിവിൽസർവീസിൽ റാങ്ക് ലിസ്റ്റിൽ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നാലുപേരുണ്ട്. പി. സജാദ്, ജിതിൻ റഹ്മാൻ, ടി. ഫറാഷ്, സി.വി. ഗോകുൽ എന്നിവരാണ് റാങ്ക് ലിസ്റ്റിലുൾപ്പെട്ടത്.

സിവിൽ സർവീസ് പരീക്ഷയിൽ 29-ാം റാങ്കുകാരിയും കേരളത്തിൽനിന്നുള്ള ഒന്നാം സ്ഥാനക്കാരിയുമായ ആർ. ശ്രീലക്ഷ്മി ബിരുദാനന്തര ബിരുദത്തിനു പഠിച്ചതു ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലാണ്. തുടർന്നു തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) പ്രോജക്ടും സിവിൽ സർവീസ് തയ്യാറെടുപ്പും നടത്തി. ആലുവ കിഴക്കെ കടുങ്ങല്ലൂർ സഹജഗ്രാമം പ്രസന്ന വീട്ടിൽ എസ്‌ബിഐ റിട്ട. ഉദ്യോഗസ്ഥരായ വി.എ. രാമചന്ദ്രന്റെയും ബി. കലാദേവിയുടെയും മകളായിരുന്നു. സഹോദരി ഡോ. ആർ. വിദ്യ തിരൂർ മലയാളം സർവകലാശാലയിൽ അസി. പ്രഫസറാണ്.

അറുപത്തിയാറാം റാങ്ക് കിട്ടിയ അർജുൻ മോഹനൻ കണ്ണൂർ പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സ്റ്റോർ റിട്ട. ജീവനക്കാരൻ കോട്ടേൻ വീട്ടിൽ മോഹനന്റെയും ചെറുപുഴ ജെഎം യു പി സ്‌കൂൾ അദ്ധ്യാപിക പി.രാജിയുടെയും മകനാണ്. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെയാണ് ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് പാസായത്.

കാസർകോട് ബദിയടുക്ക സ്വദേശിയായ രഞ്ജിന മേരി വർഗീസ് 49-ാം റാങ്കാണ്.. കെമിക്കൽ എൻജിനീയറിങ്ങിനു ശേഷം ഇന്ത്യൻ ഓർഡ്‌നൻസ് ഫാക്ടറി സർവീസിൽ ജോലി ചെയ്യുന്നു. മാതാപിതാക്കളായ വി.എ. വർഗീസും ടി.ജെ.തെരേസയും സ്വകാര്യ സ്‌കൂൾ അദ്ധ്യാപകരും. ജിഷ്ണു ജെ. രാജു (132): മുംബൈയിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ ജിഷ്ണു ജെ രാജുവിന് 132-ാം റാങ്കാണ് കിട്ടിയത്. തിരുവനന്തപുരം ചെമ്പഴന്തി ഭഗവതിപുരം കണിക്കൊന്ന വീട്ടിൽ കെഎസ്ഇബി കരാറുകാരൻ പി.രാജുവിന്റെയും ജഗദയുടെയും മകൻ. പി. നിഥിൻ രാജിന് 210-ാം റാങ്കാണ്. കാസർകോട് രാവണിശ്വരം സ്വദേശി. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു ബിടെക് നേടിയിരുന്നു. എക്കാൽ കെ രാജേന്ദ്രൻ നമ്പ്യാരുടെയും പി.ലതയുടെയും മകനാണ്.

പരീശലത്തിൽ ഉള്ളവർക്കും റാങ്ക്‌

പി. വിഷ്ണുരാജ് (234): കഴിഞ്ഞ തവണ ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ 92-ാം റാങ്ക് നേടി ഡെറാഡൂണിൽ പരിശീലനത്തിലാണ് പി വിഷ്ണു രാജ്. തൃശൂർ എറവ് പാട്ടാട്ട് വീട്ടിൽ പരേതനായ പി.കെ.രാജന്റെയും കമലയുടെയും മകനാണ്. വിഷ്ണുവിന് ഇപ്പോൾ 234-ാം റാങ്കാണ് കിട്ടിയത്. സൂരജ് ഷാജി (288): മാവേലിക്കര കൊയ്യപ്പള്ളി കാരാൺമ കൈപ്പള്ളിൽ വീട്ടിൽ ഷാജി മൃത്യൂഞ്ജയന്റെയും അനിലയുടെയും മകനായ സൂരജ് ഷാജിക്ക് 288-ാം റാങ്ക് കിട്ടി. കായംകുളം കണ്ടല്ലൂർ കടയിൽ തറയിൽ റിട്ട. ലഫ്റ്റനന്റ് കേണൽ പി.പി.ശ്രീസുതന്റെയും ശ്രീലതയുടെയും മകളാണ് 299-ാം റാങ്കുകാരിയായ വീണ എസ് സുതൻ. ആര്യ ആർ. നായർക്ക് (301-ാം റാങ്കും കിട്ടി.: റിട്ട. ജോയിന്റ് ലേബർ കമ്മിഷണർ കോട്ടയം കൂരോപ്പട അരവിന്ദത്തിൽ ജി.രാധാകൃഷ്ണൻനായരുടെയും റിട്ട. അദ്ധ്യാപിക സുജാതയുടെയും മകൾ. മധ്യപ്രദേശിൽ ഇന്റലിജൻസ് ബ്യൂറോയിൽ ഇന്റലിജൻസ് ഓഫിസറാണ്.

സൂരജ് ബെൻ (321) മൂവാറ്റുപുഴ മണ്ണൂർ കല്ലറയ്ക്കൽ (ഐശ്വര്യ) റിട്ട. ഹെഡ്‌മാസ്റ്റർ കെ.പി.രാജന്റെയും ബിന്ദുവിന്റെയും മകനാണ്. ഡോ. നിർമൽ ഔസേപ്പച്ചൻ (329) ആലപ്പുഴ തുമ്പോളി ക്രൈസ്റ്റ് ഭവനിൽ ഔസേപ്പച്ചന്റെയും വിനീതയും മകൻ. പി.പി അർച്ചന (334) പയ്യന്നൂർ മുൻസിഫ് കോടതിക്കു സമീപം പരേതനായ കെ.ഇ.ജീവരാജിന്റെയും പിലാത്തറ യുപി സ്‌കൂൾ അദ്ധ്യാപിക പി.പി. ഗീതയുടെയും മകൾ. എടാട്ട് കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ നിന്നു ബിടെക്. ഇപ്പോൾ വൈദ്യുതി ബോർഡിൽ താൽക്കാലിക ജോലി. എസ്. ഗൗതം രാജ് (353) ചവറ തോട്ടിനു വടക്ക് മരുന്നൂർ പടിഞ്ഞാറ്റതിൽ സോമരാജൻ പിള്ളയുടെയും ആർ.എസ്. സുഷമാദേവിയുടെയും മകൻ. പി. മുഹമ്മദ് സജ്ജാദ് (390) മലപ്പുറം കരുവാരകുണ്ട് പുൽവെട്ട പാറമ്മൽ റിട്ട. അദ്ധ്യാപകൻ അബ്ദുറഹിമാൻ സുല്ലമിയുടെയും കദീജയുടെയും മകനാണ്,

എംപി.അമിത്ത് (405): കോഴിക്കോട് വേങ്ങേരി തണ്ണീർപന്തൽ സ്വദേശിയാണ്. സൈന്യത്തിൽനിന്നു വിരമിച്ച മരത്തപ്പള്ളി മോഹനന്റെയും വീട്ടമ്മയായ പ്രേമയുടെയും മകൻ. കഴിഞ്ഞ തവണ സിവിൽ സർവീസിൽ 792-ാം റാങ്ക് നേടി ന്യൂഡൽഹിയിൽ ഐആർഎസ് പരിശീലനത്തിലാണ്. ടി. ഫറാഷ് (421) മലപ്പുറം അരീക്കോട് പുത്തലം തൊടുകര ഇസ്മായിൽ ഷരീഫിന്റെയും തൊയ്യിബയുടെയും മൂത്ത മകനും ശ്വേത സുഗതൻ (461) കഴിഞ്ഞ തവണ ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ കേരളത്തിൽ നിന്നുള്ളവരിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു. 34 ാം റാങ്ക് ആയിരുന്നു അന്ന് കിട്ടിയത്. ചാലക്കുടി ഐക്യു റോഡ് കാമറ്റത്തിൽ കെ. എസ്. സുഗതന്റെയും ബിന്ദുവിന്റെയും മകളായ ശ്വേത ബി ടെക് ബിരുദധാരിയാണ്.

മലപ്പുറത്തിന് നാല് പേർ

സിവിൽസർവീസിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നാലുപേർ. പി. സജാദ്, ജിതിൻ റഹ്മാൻ, ടി. ഫറാഷ്, സി.വി. ഗോകുൽ എന്നിവരാണ് റാങ്ക് ലിസ്റ്റിലുൾപ്പെട്ടത്. കരുവാരക്കുണ്ട് പുൽവെട്ട പാറമ്മൽ അബ്ദുൽ റഹ്മാൻ -ഖദീജ ദമ്പതിമാരുടെ മകനായ സജാദ് തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് 390-ാം റാങ്കോടെ നേട്ടം കൈവരിച്ചത്. സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സജാദ് കഴിഞ്ഞവർഷം ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും പരിശീലനത്തിനായി മാറ്റി വെക്കുകയായിരുന്നു.

അരീക്കോട് പുത്തലം തൊടുകര ടി. ഫറാഷ് 421-ാം റാങ്ക് നേടി. മുമ്പ് രണ്ടുതവണ പരീക്ഷ എഴുതിയിരുന്നു. അരീക്കോട് പുത്തലം തൊടുകര ഇസ്മാഈൽ ശരീഫിന്റെയും ത്വയ്യിബയുടെയും മൂത്ത മകനാണ് ഫറാഷ്. കൊല്ലം ടി.കെ.എം. കോളേജിൽ നിന്ന് ബി.ടെക് നേടിയ ശേഷമാണ് സിവിൽ സർവീസിന് ശ്രമം തുടങ്ങിയത്. ചന്തക്കുന്ന് കുന്നത്തുപറമ്പ് ഹഫീസ് റഹ്മാൻ- സുബൈദ ദമ്പതിമാരുടെ മകനായ ജിതിന് 606-ാം റാങ്കാണ്. കഴിഞ്ഞ വർഷത്തെ ലിസ്റ്റിൽ 808-ാം റാങ്കായിരുന്നു. സാദിയ സിറാജാണ് ഭാര്യ. മഞ്ചേരി അത്താണിക്കൽ ഗോകുലം വീട്ടിൽ പി.പി. വിക്രമൻ, പി. പുഷ്പലത ദമ്പതിമാരുടെ മകനായ സി.വി. ഗോകുൽ ആദ്യ ശ്രമത്തിൽത്തന്നെ 716-ാം റാങ്ക് നേടി. അടുത്ത വർഷവും പരീക്ഷയെഴുതാനാണ് ഗോകുലിന്റെ തീരുമാനം.

പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റിയീട്ടിന് നേട്ടം

ഈവർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ വിജയത്തിളക്കവുമായി പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്. മലയാളികളായ ആദ്യറാങ്കുകാരിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ശ്രീലക്ഷ്മി ആർ.(റാങ്ക്-29), രഞ്ജന മേരി വർഗീസ്(49), അർജുൻ മോഹൻ(66) എന്നിവർ ഉൾപ്പെടുന്നു. ഇത്തവണ ഇവരുൾപ്പെടെ 24 പേരെ ഇന്ത്യൻ സിവിൽ സർവീസിലേക്കു നൽകാൻ സ്ഥാപനത്തിനു കഴിഞ്ഞെന്ന് പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ അറിയിച്ചു. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ, തിരുവനന്തപുരം, എറണാകുളം സെന്ററുകളിൽ പരിശീലനം നേടിയവരാണ് വിജയികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP