Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ വി ശശിക്ക് വീടു പോലെ പ്രിയം മഹാറാണി ഹോട്ടലും 106 ാം നമ്പർ മുറിയും; കോഴിക്കോട്ട് ഷൂട്ടിങ് നടക്കുമ്പോൾ ഹോട്ടലിൽ വെച്ചും ഒന്നോ രണ്ടോ രംഗം ചിത്രീകരിക്കുകയും പതിവ്; ഒടുവിൽ താമസിച്ചത് മോഹൻലാൽ ചിത്രമായ 'ശ്രദ്ധ'യുടെ ഷൂട്ടിംഗിനിടെ; ടി ദാമോദരൻ, എം ടി വാസുദേവൻ നായർ സൗഹൃദത്തിൽ നിരവധി സിനിമകൾ പിറന്നത് ഈ ഹോട്ടലിൽ നിന്നും

ഐ വി ശശിക്ക് വീടു പോലെ പ്രിയം മഹാറാണി ഹോട്ടലും 106 ാം നമ്പർ മുറിയും; കോഴിക്കോട്ട് ഷൂട്ടിങ് നടക്കുമ്പോൾ ഹോട്ടലിൽ വെച്ചും ഒന്നോ രണ്ടോ രംഗം ചിത്രീകരിക്കുകയും പതിവ്; ഒടുവിൽ താമസിച്ചത് മോഹൻലാൽ ചിത്രമായ 'ശ്രദ്ധ'യുടെ ഷൂട്ടിംഗിനിടെ; ടി ദാമോദരൻ, എം ടി വാസുദേവൻ നായർ സൗഹൃദത്തിൽ നിരവധി സിനിമകൾ പിറന്നത് ഈ ഹോട്ടലിൽ നിന്നും

കോഴിക്കോട്: ഐവി ശശിക്ക് തന്റെ മറ്റൊരു വീടായിരുന്നു കോഴിക്കോട്ടെ ഹോട്ടൽ മഹാറാണി. 106 -ാം നമ്പർ മുറി സ്വന്തം കിടപ്പു മുറിയും. അത്രയ്ക്ക് ആത്മ ബന്ധമാണ് അദ്ദേഹത്തിന് ഈ ഹോട്ടലിനോടും ആ മുറിയോടും. ഐവി ശശിയുടെ സിനിമാ ലോകത്തെ വളർച്ചയോടൊപ്പം ഒരു നിഴലായി എന്നും ഈ ഹോട്ടലും 106-ാം നമ്പർ മുറിയും ഉണ്ടായിരുന്നു. ആദ്യ സിനിമയായ ഉത്സവം മുതൽ തുടങ്ങിയതാണ് ഈ മുറിയോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക അടുപ്പം. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമാ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത് ഈ മുറിയിൽ നിന്നായിരുന്നു. അങ്ങാടി, കള്ളനും പൊലീസും, അനുഭൂതി, നാൽക്കവല അങ്ങനെ നിരവധി സിനിമകളുടെ പിറവി ഈ മുറിയിൽ വച്ചായിരുന്നു. താൻ വരുന്നതായി നേരത്തെ തന്നെ അദ്ദേഹം ഹോട്ടൽ അധികൃതരെ അറിയിക്കും. 106 ാം നമ്പർ മുറിയോടുള്ള അദ്ദേഹത്തിന്റെ പ്രണയം അറിയുന്ന ജീവനക്കാർ പിന്നെ അദ്ദേഹത്തിനായി ആ മുറി ഒഴിച്ചിടും.

ഐവി ശശി എന്ന സംവിധായകൻ മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയത്ത് എന്നും വലിയ ആൾക്കൂട്ടമായിരുന്നു ഈ മുറിക്കകത്തും പുറത്തും. കഥ പറയാൻ വരുന്നവരും തിരക്കഥ ചർച്ച ചെയ്യാൻ വരുന്നവരും അഭിനയ സാധ്യത തേടി വരുന്നവരുമെല്ലാം ആയി ഒരു ഉത്സവ മേളം തന്നെയാവും അദ്ദേഹം ആ മുറിയിലുണ്ടാവുന്ന സമയത്ത്. ദേവാസുരം എന്ന ഹിറ്റ് സിനിമയുടെ കഥ പറയാൻ രഞ്ജിത്ത് എത്തുന്നതും ഇവിടെയാണ്. ഈ മുറിയിൽ വച്ചാണ് ആ സിനിമയുടെ യഥാർത്ഥ പിറവി. ടി. ദാമോദരൻ, എംടി വാസുദേവൻ നായർ എന്നിവരോടൊത്ത് ചെയ്ത സിനിമകളുടെയെല്ലാം ചർച്ച നടന്നത് ഇവിടെ വച്ചാണ്.

ഐവി ശശി കോഴിക്കോട് വെച്ച് ചെയ്ത എല്ലാ സിനിമകളിലും ഒന്നോ രണ്ടോ സീൻ മഹാറാണി ഹോട്ടലിൽ വെച്ച് ചിത്രീകരിക്കുമായിരുന്നു. തന്റെ സ്വന്തം മുറിയായ 106 ാം നമ്പർ മുറിയും പല സിനിമകളിലും കടന്നു വന്നിട്ടുണ്ട്. ഈ ഹോട്ടലിൽ വെച്ച് ചിത്രീകരിക്കുന്നത് സിനിമയുടെ വിജയത്തിന് നല്ലതാണെന്ന് അദ്ദേഹം വിശ്വസിച്ചു പോന്നു. ഹോട്ടലിലെ ജീവനക്കാരേയും അദ്ദേഹം പരിഗണിക്കാറുണ്ട്. കള്ളനും പൊലീസും എന്ന സിനിമയിൽ കലക്ടറായി അഭിനയിച്ചത് ഈ ഹോട്ടലിലെ മാനേജറായിരുന്നു. മറ്റു പല സിനിമകളിലും പല വേഷങ്ങളിലായി ഇവിടെയുള്ള ജീവനക്കാർ അഭിനയിച്ചിട്ടുണ്ട്.

ഹോട്ടലിലെ ജീവനക്കാരെ സ്വന്തം കൂടപ്പിറപ്പുകളായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്്. ഓരോ ജീവനക്കാരന്റേയും പേര് അദ്ദേഹത്തിന് നന്നായി അറിയാം. എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെറുമാറിയിട്ടൊള്ളൂവെന്ന് ജീവനക്കാർ ഓർക്കുന്നു. കോഴിക്കോട് വന്നാൽ വീട്ടിൽ പോയി അമ്മയെ കണ്ട ശേഷം അദ്ദേഹം നേരെ എത്തിയിരുന്നത് ഈ ഹോട്ടലിലേക്കും തന്റെ ഈ മുറിയിലേക്കും ആയിരുന്നു. അടുത്തിടെ ഐവി ശശിക്ക് കോഴിക്കോട് വെച്ച് നൽകിയ ആദരം ഏറ്റുവാങ്ങാനായി എത്തിയപ്പോഴും അദ്ദേഹം ഇവിടെ വന്ന് താമസിച്ചിരുന്നു. അതിന് ശേഷം വീണ്ടും ഒന്ന് രണ്ട് തവണ ഇവിടെ വന്നു.

ശ്രദ്ധ എന്ന മോഹൻലാൽ ചിത്രമാണ് അദ്ദേഹം ഒടുവിൽ ഇവിടെ താമസിച്ച് ചെയ്തത്. പിന്നീട് ഇവിടെയുള്ള താമസത്തിന് കുറവു വന്നെങ്കിലും അദ്ദേഹം ഹോട്ടൽ ജീവനക്കാരെ നിരന്തരം ബന്ധപ്പെടുമായിരുന്നു. ഇടക്കിടെ ഫോണിൽ വിളിച്ച് അന്വേഷിക്കും. ഹോട്ടൽ അധികൃതർക്കും അദ്ദേഹം ഏറെ പ്രിയപ്പെട്ടതായിരുന്നു. മുറ്റത്തു നിന്നും ഒരു സ്റ്റെപ്പ് കയറിയാണ് നേരത്തെ ഹോട്ടലിലേക്ക് പ്രവേശിച്ചിരുന്നത്. ഇതു രണ്ടു സ്റ്റെപ്പ് ആക്കാൻ നിർദ്ദേശിച്ചത് ഐവി ശശിയായിരുന്നു. ഹോട്ടൽ അധികൃതർ അത് അക്ഷരം പ്രതി അംഗീകരിക്കുകയും ചെയ്തു. ഇന്നും അതിനൊരു മാറ്റവുമില്ല.

ഷൂട്ടിങ്ങ് സമയത്ത് പുലർച്ചെ അഞ്ച് മണിക്ക് അദ്ദേഹം കുളിച്ച് ഫ്രഷ് ആയി റസപ്ഷനിൽ വന്നു നിൽക്കുമായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ ഓർക്കുന്നു. അദ്ദേഹം തയ്യാറായി നിൽക്കുമെന്നതിനാൽ ബാക്കിയുള്ളവരും ആ സമയത്ത് തയ്യാറായി നിൽക്കും. അതിനാൽ ഷൂട്ടിങ്ങ് വൈകുന്ന സാഹചര്യം വളരെ കുറവായിരുന്നു. രാത്രി എന്തൊക്കെ തിരക്കുണ്ടായാലും എത്ര വൈകി കിടന്നാലും അതിന് അദ്ദേഹം ഭംഗം വരുത്തിയിട്ടില്ല.
ഐവി ശശിക്ക് ഈ ഹോട്ടലിനോടുള്ള സ്നേഹമാണ് സിനിമാ ലോകത്തെ ഒന്നാകെ ഹോട്ടൽ മഹാറാണിയിലേക്ക് എത്തിച്ചത്. അതിനുശേഷം കോഴിക്കോട്ടെ സിനിമാ ലോകത്തിന്റെ കേന്ദ്രമായി ഈ ഹോട്ടൽ മാറി. ഇന്നും സിനിമാ പ്രവർത്തകർക്ക് 106 ാം നമ്പർ മുറി ഏറെ പ്രിയമാണ്. ഐവി ശശിയുടെ വിയോഗത്തോടെ ഒരു കുടുംബാംഗമാണ് നഷ്ടമായതെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP