Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പ്രവാസ ജീവിതം മടുത്തപ്പോൾ ബിസിനസ്സ് ചെയ്യാൻ കൊച്ചിയിൽ എത്തി; അങ്കോളയിലെ മലയാളി സുഹൃത്ത് ജിബി പോൾ പറഞ്ഞപ്പോൾ കണ്ണുമടച്ച് വാങ്ങിയത് ഐ ഗ്രോ ബിസിനസ് സോല്യുഷൻസിന്റെ അമ്പത് ശതമാനം ഷെയറുകൾ; ഒന്നേകാൽ കോടിയുടെ മുടക്ക് മുതൽ ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകിയതുമില്ല; പരാതിയിൽ ഐ ഗ്രോ ബിസിനസ് സോല്യുഷൻസിന്റെ ഡയരക്ടർമാർക്കെതിരെ വഞ്ചനാകുറ്റത്തിനു കേസ്; തന്നെ കുരുക്കാൻ മനഃപൂർവമുള്ള കേസാണെന്ന് ആരോപിച്ച് ജോർജ് സി മറ്റവും

പ്രവാസ ജീവിതം മടുത്തപ്പോൾ ബിസിനസ്സ് ചെയ്യാൻ കൊച്ചിയിൽ എത്തി; അങ്കോളയിലെ മലയാളി സുഹൃത്ത് ജിബി പോൾ പറഞ്ഞപ്പോൾ കണ്ണുമടച്ച് വാങ്ങിയത് ഐ ഗ്രോ ബിസിനസ് സോല്യുഷൻസിന്റെ അമ്പത് ശതമാനം ഷെയറുകൾ; ഒന്നേകാൽ കോടിയുടെ മുടക്ക് മുതൽ ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകിയതുമില്ല; പരാതിയിൽ ഐ ഗ്രോ ബിസിനസ് സോല്യുഷൻസിന്റെ ഡയരക്ടർമാർക്കെതിരെ വഞ്ചനാകുറ്റത്തിനു കേസ്; തന്നെ കുരുക്കാൻ മനഃപൂർവമുള്ള കേസാണെന്ന് ആരോപിച്ച് ജോർജ് സി മറ്റവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രവാസി വ്യവസായിയെ കബളിപ്പിച്ച് ഒന്നേകാൽ കോടി രൂപ തട്ടിയെടുത്തതിന്റെ പേരിൽ കൊച്ചിയിലെ ഐ ഗ്രോ ബിസിനസ് സോല്യുഷൻസിന്റെ ഡയരക്ടർമാർക്ക് എതിരെ കളമശ്ശേരി പൊലീസിൽ പരാതി. പുത്തൻകുരിശിലെ ഐ ഗ്രോ ബിസിനസ് സൊല്യുഷൻസ് ഉടമകളായ ജോർജ് സി മറ്റം, അനിഷ ആർ, സജോ ജി മറ്റം, മജോ ജി.മറ്റം, ജിബി പോൾ എന്നിവർക്കെതിരെയാണ് പരാതി വന്നത്. ജോർജ് സി മറ്റം മുതലുള്ള അഞ്ച് പേരെ പ്രതികളാക്കി സാമ്പത്തിക തട്ടിപ്പ് കേസിൽ കളമശ്ശേരി പൊലീസ് എഫ്‌ഐആർ ഇടുകയും ചെയ്തിട്ടുണ്ട്. ഒരു ലൈസൻസുമില്ലാതെ പ്രവർത്തിച്ച ഐ ഗ്രോ ബിസിനസ് സൊല്യുഷൻസ് എന്ന മീറ്റ് പ്രോസസിങ് സ്ഥാപനത്തിൽ തെറ്റിദ്ധരിപ്പിച്ച് തന്നെക്കൊണ്ട് ഒന്നേകാൽ കോടി രൂപ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചുവെന്നും തട്ടിപ്പ് മനസിലായപ്പോൾ മുതൽമുടക്കായ ഒന്നരക്കോടി രൂപ ജോർജ് സി മറ്റം തിരികെ നൽകാതെ വഞ്ചിച്ചു എന്നാണ് പ്രവാസി വ്യവസായിയായ ജോജി ജേക്കബ് നൽകിയ പരാതി.

വടവുകോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവരാവകാശ പ്രകാരം തിരക്കിയപ്പോഴാണ് ഒരു ലൈസൻസുമില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് അറിയുന്നത്. ഇതോടെ താൻ മുടക്കുമുതൽ തിരികെ ചോദിച്ചെങ്കിലും ജോർജ് സി മറ്റം പണം തിരികെ നൽകാതെ വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു. കൊച്ചിയിലെ അറിയപ്പെടുന്ന ബിസിനസുകാരന്റെ തട്ടിപ്പ് സ്ഥാപനത്തിൽ തന്റെ പണം അകപ്പെട്ടപ്പോൾ വഞ്ചനാപരമായ നിലപാടാണ് കളമശ്ശേരി പൊലീസ് സ്വീകരിച്ചത്. തന്റെ പണം തട്ടിച്ചപ്പോൾ പ്രതിസ്ഥാനത്ത് നിന്ന ജോർജ് സി മറ്റവുമായി കളമശ്ശേരി പൊലീസ് ധാരണയുണ്ടാക്കി. അതുകൊണ്ട് തന്നെ കോടതിയിൽ കേസ് നൽകിയതിനെ തുടർന്ന് എഫ്‌ഐആർ ഇടാൻ പൊലീസിനോട് നിർദ്ദേശിച്ചപ്പോൾ പ്രതികളെ അറസ്റ്റിൽ നിന്നും രക്ഷിക്കാനും പൊലീസ് കൂട്ട് നിന്നതായി ജോജി ജേക്കബ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അങ്കോളയിൽ വെച്ച് പരിചയമുണ്ടായിരുന്ന ഒരു മലയാളി സുഹൃത്ത് ജിബി പോളാണ് ജോജി ജേക്കബിന് ജോർജ് സി മറ്റത്തിനെ പരിചയപ്പെടുത്തുന്നത്. ജോർജിന്റെ ഐ ഗ്രോ സോല്യുഷൻസിൽ ഷെയർ വാങ്ങിക്കാനാണ് സുഹൃത്ത് പറഞ്ഞത്. മലയാളി സുഹൃത്തിനെ വിശ്വാസമുണ്ടായിരുന്നതിനാൽ ജോജി ജേക്കബിന് മറിച്ചൊരു സംശയവുമുണ്ടായിരുന്നില്ല. ജോർജാണെങ്കിൽ സാമ്പത്തിക പ്രശ്‌നത്തിൽ ആ ഘട്ടത്തിൽ കുരുങ്ങി നിൽക്കുകയായിരുന്നു. അതിനാൽ ഐ ഗ്രോ ബിസിനസ് സോല്യുഷൻസിന്റെ അമ്പത് ശതമാനം ഷെയർ വാങ്ങാനാണ് സുഹൃത്ത് ഉപദേശിച്ചത്. അമ്പത് ശതമാനം ഷെയറാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ജോജി വാങ്ങിച്ചത്. ഇതിനായാണ് ഒന്നേകാൽ കോടി രൂപയോളം മുടക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറച്ചി എത്തിച്ച് കേരളത്തിൽ സെയിൽ ചെയ്യുന്ന ബിസിനസാണ് ഐ ഗ്രോ ബിസിനസ് സോല്യുഷൻസ് ചെയ്ത് വന്നത്. ഐ ഗ്രോ ബിസിനസ് സൊല്യുഷൻസിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തിൽ അന്വേഷിച്ചപ്പോഴാണ് ആവശ്യമായ ഒരു ലൈസൻസും ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് അറിയുന്നത്. ഇതോടെയാണ് താൻ മുതൽ മുടക്കിയത് നിയമവിരുദ്ധ സ്ഥാപനത്തിലാണ് എന്ന് ജോജി അറിയുന്നത്. കാര്യങ്ങൾ മനസിലാക്കിയപ്പോൾ തന്റെ മുതൽമുടക്ക് ജോജി തിരികെ ചോദിച്ചു. പക്ഷെ നിഷേധാത്മകമായ മറുപടിയാണ് ജോർജ് നൽകിയത്. തുടർന്ന് ജോജി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ജോർജ് സി മറ്റത്തിന്റെ ചതിയെക്കുറിച്ച് ജോജി മറുനാടനോട് പ്രതികരിച്ചത് ഇങ്ങിനെ:

നാട്ടിൽ ബിസിനസ് തുടങ്ങാം എന്ന് കരുതിയപ്പോൾ ചെന്ന് ചാടിയത് ചതിയിലാണ്. അങ്കോളയിൽ പരിചയമുണ്ടായിരുന്ന ജിബി പോളാണ് എന്നെ ആദ്യം ചതിച്ചത്. ജിബിയുടെ വാക്ക് വിശ്വസിച്ചാണ് ഞാൻ ഐ ഗ്രോ ബിസിനസ് സോല്യുഷൻസിൽ പണം നിക്ഷേപിച്ചത്. 50 ശതമാനം ഷെയർ വാങ്ങാനാണ് ജിബി പോൾ എന്നോടു ആവശ്യപ്പെട്ടത്. അതുവഴി കമ്പനി ഡയരക്ടർ ബോർഡിലും പങ്കാളിത്തം വരുമെന്ന് പറഞ്ഞു. ലാഭകരമായ ബിസിനസ് ആണെന്നും എന്നെ ബോധ്യപ്പെടുത്തി. സ്ഥാപനത്തിന്റെ ലാഭം ചൂണ്ടിക്കാട്ടിയുള്ള സ്റ്റേറ്റ്‌മെന്റും എനിക്ക് അയച്ചു തന്നു. നേരിട്ട് കണ്ടപ്പോൾ കമ്പനി കുടുംബസ്വത്താണ് എന്നാണ് ജോർജ് സി മറ്റം പറഞ്ഞത്. കുടുംബാംഗങ്ങൾ തന്നെയാണ് ഡയരക്ടർ ബോർഡ് അംഗങ്ങൾ എന്നും പറഞ്ഞു. സ്ഥലം സ്വന്തമാണ് എന്നും പറഞ്ഞു. ഫെഡറൽ ബാങ്ക് ലോൺ തിരിച്ചടവ് പ്രശ്‌നമുണ്ട്. അതിനാലാണ് ഷെയറുകൾ വിൽക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞു. പിന്നീടാണ് അഗ്രിമെന്റ് ഒപ്പ് വയ്ക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ആദ്യം നൽകിയത്. പിന്നീട് കഴിഞ്ഞ നവംബർ മാസം ഒരു കോടി ഇരുപത്തിമൂന്നു ലക്ഷം രൂപ ഷെയർ ഇനത്തിൽ നൽകുന്നത്.

കമ്പനി അഞ്ചു കോടി വില മതിക്കുന്നതിനാൽ രണ്ടു കോടി ബാങ്ക് ലോൺ ഒഴിവാക്കി മൂന്നു കോടി രൂപയിൽ പകുതി തുകയാണ് ഷെയർ ഇനത്തിൽ നൽകാൻ ഞാൻ സമ്മതിച്ചത്. പിന്നെ കമ്പനിയിൽ പോയപ്പോഴാണ് യാതൊരു വിധ അംഗീകാരവും ഇല്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കുന്നത്. തീർത്തും നിയമവിരുദ്ധമായ സ്ഥാപനത്തിലാണ് ഞാൻ മുതൽ മുടക്കിയത് എന്നാണ് തിരിച്ചറിഞ്ഞത്. ഇതോടെ കാശ് തിരികെ ആവശ്യപ്പെട്ടു. പക്ഷെ എനിക്കത് ലഭിച്ചില്ല. ഇപ്പോൾ കേസും പരാതിയുമായി കയറി ഇറങ്ങുകയാണ്. പഞ്ചായത്തിലെ ആളുകൾക്ക് പണം നൽകിയാണ് ഐ ഗ്രോ ബിസിനസ് സോല്യുഷൻസ് ഇറച്ചി ബിസിനസ് മുന്നോട്ടു കൊണ്ട് പോയത്. ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നാണ് പഞ്ചായത്ത് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ പറയുന്നത്. കെട്ടിടം കെട്ടിയത് വരെ അനുമതിയില്ലാതെയാണ്. അനധികൃത നിർമ്മാണം അംഗീകരിക്കപ്പെടാൻ അനുമതിക്ക് വേണ്ടി ഐ ഗ്രോ ബിസിനസ് സോല്യുഷൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ വടവുകോട് പഞ്ചായത്ത് പറയുന്നു. പക്ഷെ പൊല്യുഷൻ കൺട്രോൾ ബോർഡ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്.

ഞങ്ങൾ ഒരു ചാർട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് ഒരു റിപ്പോർട്ട് ഉണ്ടാക്കി. ആ റിപ്പോർട്ട് സ്ഥാപനത്തിനു തീർത്തും എതിരായ റിപ്പോർട്ട് ആയിരുന്നു. മറ്റം ഫർണിച്ചർ, മറ്റം ഫിനാൻസ് എന്നിവ തുടങ്ങി പൊട്ടിയതാണ് ജോർജ് സി മറ്റം. രണ്ടു മൂന്നു പേര് ഈ പ്രശ്‌നത്തിൽ ആത്മഹത്യ ചെയ്യുകയൊക്കെ ചെയ്തിട്ടുണ്ട്. ഈ സ്ഥാപനത്തിൽ തന്നെ തിരുവനന്തപുരം സ്വദേശി ബദറുദ്ദീൻ നിക്ഷേപം നടത്തിയിരുന്നു. അയാളെയും ജോർജ് ചതിച്ചതായാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹം നൽകിയ രണ്ടു കേസുകൾ ഉണ്ട്. ക്രിമിനൽ കേസ് വിധിയായിട്ടില്ല. പക്ഷെ വഞ്ചനാ കേസ് വിധി ആയി എന്നാണ് തോന്നുന്നത്. ബദറുദ്ദീൻ പ്രശ്‌നം ഞാൻ അറിഞ്ഞിരുന്നില്ല. പിന്നീടാണ് അറിഞ്ഞത്. അങ്ങിനെയാണ് ജോർജിന്റെ ഫ്രോഡ് പരിപാടികൾ ഞാൻ അറിയാൻ ഇടവരുന്നത്. 2014-ൽ ഒരു അറബിയെ പറ്റിച്ച കേസുണ്ട്. ആ കേസ് വിധിയായിട്ടുണ്ട്. 40 ലക്ഷം രൂപ കൊടുക്കാനാണ് വിധി വന്നത്. സംസ്ഥാന സർക്കാരിന്റെ സീലും ലെറ്റർഹെഡും വ്യാജമായി നിർമ്മിച്ച ഒരു കേസും ജോർജിന്റെ പേരിൽ വന്നു. അത് സിബിഐ ചാർജ് ചെയ്ത കേസ് ആണ്. അതിൽ അഞ്ച് വർഷം ശിക്ഷയാണ് ജോർജിന് ലഭിച്ചത്. ഇതിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് ജോർജ്. (സിബിഐ ചാർജ് ചെയ്ത കേസ് ഇപ്പോൾ ഹൈക്കോടതിയിൽ നടന്നു വരുകയാണ് എന്നാണു ജോർജ് മറുനാടനോട് പ്രതികരിച്ചത്)

പാലാരിവട്ടം, കളമശ്ശേരി, സ്റ്റേഷനുകളിൽ ഒക്കെ ജോർജിന്റെ പേരിൽ കേസുകളുണ്ട്. എല്ലാം അറിഞ്ഞപ്പോൾ ജോർജിന്റെ സംരംഭത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു. വക്കീൽ നോട്ടീസ് അയച്ചു. നെഗറ്റീവ് ആയിട്ടായിരുന്നു പ്രതികരണം. ഇതോടെ കളമശ്ശേരി പൊലീസിൽ പരാതി നൽകി. കളമശ്ശേരി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ജോർജിന്റെ കോർപ്പറെറ്റ് ഓഫീസ് എന്ന് എന്നതിനാൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജൂലൈ അഞ്ചിനാണ് പരാതി നൽകുന്നത്. എന്നാൽ കളമശ്ശേരി സിഐ പ്രസാദ് അനങ്ങിയില്ല. ഇതോടെ ഞാൻ കോടതിയെ സമീപിച്ചു. ഇതോടെയാണ് കളമശ്ശേരി പൊലീസ് എഫ്‌ഐആർ ഇട്ടത്. ജൂലൈ 27നാണ് എഫ്‌ഐആർ ഇട്ടത്. ഇതോടെ ജോർജും കൂട്ടരും മുൻകൂർ ജാമ്യത്തിനു പോയി. പക്ഷെ എഫ്‌ഐആർ വന്നപ്പോൾ തന്നെ ജോർജിനെ സിഐ വിവരമറിയിച്ചു എന്നാണ് മനസിലാക്കുന്നത്. ഓഗസ്റ്റ് ഈ കേസ് കോടതിയിൽ വന്നപ്പോൾ പ്രതികൾക്ക് ജാമ്യം നൽകുന്നത് എന്റെ അഭിഭാഷകൻ എതിർത്തു. പൊലീസിനോട് സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കാൻ ജോർജ് ആവശ്യപ്പെട്ടു. 15 പേജുള്ള ഡിറ്റെയിൽഡ് മൊഴിയാണ് ഞാൻ കളമശ്ശേരി സിഐയ്ക്ക് നൽകിയത്. അതിൽ തെളിവുകൾ എല്ലാം അറ്റാച്ച് ചെയ്തിരുന്നു. എന്നാൽ സിഐ കോടതിയിൽ മൊഴി ഹാജരാക്കിയപ്പോൾ അത് വെറും നാല് പേജ് മാത്രമേയുള്ളൂ. പതിനാലു അറ്റാച്ച്‌മെന്റുകൾ ആണ് മൊഴിയിൽ വെച്ചത്. എന്നാൽ ഒരു തെളിവും കണ്ടു കിട്ടിയിട്ടില്ല എന്നാണ് സിഐ മൊഴി നൽകിയത്.

വലിയ ചതിയാണ് കളമശ്ശേരി സിഐചെയ്തത്. തെളിവ് ഇല്ലാത്തതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ ഉദ്ദേശ്യമില്ലെന്നും പൊലീസ് എഴുതി നൽകി. ഇതോടെയാണ് ജോർജിനും കൂട്ടർക്കും കോടതി ജാമ്യം നൽകിയത്. സിഐയുടെ ചതി മനസിലായപ്പോൾ ഞാൻ കൊച്ചി കമ്മിഷണർ വിജയ് സാഖറെയ്ക്ക് പരാതി നൽകി. വഞ്ചനാ കേസ് എഴുതി തള്ളാനുള്ള തയ്യാറെടുപ്പിലാണ് കളമശ്ശേരി പൊലീസ് എന്നാണ് ഞാൻ പരാതി നൽകിയത്. കമ്മിഷണർ അത് കമ്മിഷണർ ഓഫീസിലെ സ്‌പെഷ്യൽ സ്‌ക്വാഡിനു കൈമാറി. കമ്മിഷണർ ഓഫീസിലെ സ്‌പെഷ്യൽ സ്‌ക്വാഡ് റിപ്പോർട്ട് കളമശ്ശേരി സിഐയ്ക്ക് എതിരായാണ് നൽകിയത്. കേസ് ഡിവൈഎസ്‌പിക്ക് കൈമാറണം എന്നാണ് ഇവർ കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. വിചിത്രമായ കാര്യം വിജയ് സാഖറെ അന്വേഷണ ചുമതല ഈ സിഐയ്ക്ക് തന്നെയാണ് നൽകിയത്. എന്താണ് ഇതിനു പിന്നിലെ കളി എന്ന് അറിയില്ല. എല്ലാവരും എനിക്ക് നീതി നിഷേധിക്കാനാണ് നോക്കിയത്. പണം നഷ്ടപ്പെട്ട എനിക്ക് തുണയാവേണ്ട പൊലീസ് പ്രതികൾക്ക് അനുകൂലമായി നീങ്ങുകയാണ് ചെയ്തത്. ഇതോടെയാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ നീക്കി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഞാൻ ഹർജി നൽകിയത്. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിംഗിന് കേസ് കൈമാറണം എന്നാണ് ഞാൻ ആവശ്യപ്പെട്ടത്. ഈ കാര്യത്തിൽ ഇനി ഹൈക്കോടതി തീരുമാനം വേണം-ജോജി ജോർജ് പറയുന്നു.

ജോർജ് സി മറ്റത്തിന്റെ മറുനാടനോടുള്ള പ്രതികരണം ഇങ്ങനെ:

എന്റെ കമ്പനിയിൽ ജോജി ജോർജ് ഷെയർ എടുത്തതാണ്. ഒരേക്കർ സ്ഥലവും പതിനായിരം സ്‌ക്വയർ ഫീറ്റ് കെട്ടിടവുമുണ്ട്. ഒന്നരക്കോടി രൂപയുടെ മെഷീനറിയുമുണ്ട്. ഒരു കൺസൽട്ടന്റ് മുഖേനയാണ് ജോജി എന്റെ അടുക്കൽ വന്നത്. ആദ്യം പത്ത് ലക്ഷം തന്നു. പിന്നീടാണ് 75 ലക്ഷം തന്നത്. 50000 ഷെയറിന്റെ 50 ശതമാനമാണ് നൽകിയത്. അഞ്ചു കോടി വിലയുള്ള കമ്പനിയാണ് എന്റെത്. അവർ എന്റെ കമ്പനിയുടെ ഡയരക്ടർ കൂടിയാണ്. ഖത്തറിലേക്ക് എക്‌സ്‌പോർട്ട് ചെയ്യാം എന്നൊക്കെ പറഞ്ഞാണ് എന്റെ കമ്പനിയിൽ വന്നത്.

പിന്നീട്‌  കമ്പനിയിൽ ജോജിയും ഭാര്യയും വരാതെയായി. എന്റെ കമ്പനിയുടെ പ്രോഡകറ്റ് മോശമാണ് എന്നൊക്കെ ആരോപണം ഉയർത്തി. പക്ഷെ ഷെയറിന് മുടക്കിയ പണം തിരികെ നൽകണം എന്ന് ജോജി ആവശ്യപ്പെട്ടിട്ടില്ല. നിലവിൽ കമ്പനിക്ക് എല്ലാ ലൈസൻസുകളും ഉണ്ട്. പഞ്ചായത്ത് ലൈസൻസ് കിട്ടാൻ താമസിച്ചിരുന്നു. പക്ഷെ ഇപ്പോൾ പഞ്ചായത്ത് ലൈസൻസുമുണ്ട്. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ജോജി എനിക്ക് എതിരെ പരാതി നൽകിയിട്ടുണ്ട്. പക്ഷെ ആ പരാതി പൊലീസ് തൊട്ടില്ല. അതിനാൽ കളമശ്ശേരി കോടതിയിൽ പരാതി നൽകി. ഈ കേസിൽ ഞങ്ങൾ ജാമ്യം എടുത്തിട്ടുണ്ട്-ജോർജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP