Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബുക്സ് എടുക്കാൻ വീട്ടിലേക്ക് വന്നോട്ടേയെന്ന് ചോദിച്ചപ്പോൾ അനുവാദം നൽകിയിരുന്നെങ്കിൽ അവൾ ഇപ്പോഴും ജീവിച്ചിരുന്നേനേ; കൊച്ചിയെ കുറിച്ച് ഒന്നുമറിയാത്ത കുട്ടി ഐലന്റ് വരെ പോയി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കില്ല; 'നിന്റെ കണ്ണിൽ നോക്കിക്കൊണ്ടിരിക്കാൻ നല്ല ഭംഗിയാണെന്ന്' യുവാവ് പറഞ്ഞപ്പോൾ അവൾ പേടിച്ചുപോയി: ഹൃദയം നുറുങ്ങുന്ന വേദനയിൽ മിഷേൽ ഷാജിയുടെ മാതാവ് മറുനാടനോട്

ബുക്സ് എടുക്കാൻ വീട്ടിലേക്ക് വന്നോട്ടേയെന്ന് ചോദിച്ചപ്പോൾ അനുവാദം നൽകിയിരുന്നെങ്കിൽ അവൾ ഇപ്പോഴും ജീവിച്ചിരുന്നേനേ; കൊച്ചിയെ കുറിച്ച് ഒന്നുമറിയാത്ത കുട്ടി ഐലന്റ് വരെ പോയി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കില്ല; 'നിന്റെ കണ്ണിൽ നോക്കിക്കൊണ്ടിരിക്കാൻ നല്ല ഭംഗിയാണെന്ന്' യുവാവ് പറഞ്ഞപ്പോൾ അവൾ പേടിച്ചുപോയി: ഹൃദയം നുറുങ്ങുന്ന വേദനയിൽ മിഷേൽ ഷാജിയുടെ മാതാവ് മറുനാടനോട്

അർജുൻ സി വനജ്

കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണത്തിലെ ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വാദം. എന്നാൽ, ഈ വാദം കണ്ണടച്ച് അംഗീകരിക്കാൻ മാതാപിതാക്കൾ തയ്യാറല്ല. തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മിഷേലിന്റെ പിതാവ് ഷാജി വർഗീസും മാതാവ് സൈലമ്മ ഷാജിയും അഭിപ്രായപ്പെടുന്നത്. മകളുടെ വിയോഗത്തിന്റെ വേദനയിലും സത്യം പുറത്തുവരാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇവർ. ബുക്സ് എടുക്കാൻ ഇന്ന് വീട്ടിലേക്ക് വന്നോട്ടേയെന്ന് ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾ, അനുവാദം നൽകിയിരുന്നെങ്കിൽ അവൾ ഇപ്പോഴും ജീവിച്ചിരുന്നേനേയെന്ന് മാതാവ് സൈലമ്മ ഷാജി മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

തിങ്കളാഴ്ച നടക്കുന്ന ടെസ്റ്റ് പേപ്പറിന് പഠിക്കാനുള്ള ബുക്സ് അബദ്ധത്തിൽ വീട്ടിലായിപ്പോയി. അത് എടുക്കാൻ വന്നോട്ടേയെന്ന് ഞാറാഴ്ച മൂന്ന് മണിക്കാണ് വീട്ടിൽ വിളിച്ച് മകൾ എന്നോട് ചോദിക്കുന്നത്. ഒറ്റക്കല്ലെ, ഇവിടെയെത്തുമ്പോൾ സന്ധ്യയാകും വരേണ്ടെന്നും, സാരമില്ല, ക്ലാസ്സ് ടെസ്റ്റ് പേപ്പറല്ലേ പഠിച്ചില്ലേലും വേണ്ടില്ലാ അത് മറന്നേക്ക്, അല്ലേൽ ഞങ്ങൾ ബുക്സ് അങ്ങോട്ട് കൊണ്ടുവന്നു തന്നോളാമെന്നും ഞാൻ അവളോട് പറഞ്ഞു. എല്ലാ ദിവസവും സംസാരിക്കുന്നതിൽ നിന്ന് വിത്യാസ്തമായി മകളുടെ സംഭാഷണത്തിൽ ഒരസ്വഭാവീകതയും തോന്നിയിട്ടില്ല. സൈലമ്മ മറുനാടനോട് പറഞ്ഞു.

ഞങ്ങൾക്ക് പോകാനുള്ളത് പോയി. പക്ഷെ എങ്ങനെയാണ് ഞങ്ങളുടെ മകളുടെ ജീവൻ നഷ്ടമായതെന്ന് അറിയണം. എറണാകുളത്തെ ക്കുറിച്ച് ഒന്നുമറിയാത്ത കുട്ടി ഐലന്റ് വരെ പോയി ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് പറഞ്ഞാൽ അത് അതേപോലെ വിശ്വസിക്കാൻ പെറ്റവയറിന് ആകില്ല. മിഷേൽ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്ക് ഉറപ്പാണ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള സംഭാഷണത്തിൽ ഇത്തിരിയെങ്കിലും മാനസിക പിരിമുറുക്കം പ്രകടിപ്പിക്കേണ്ടതല്ലേ...? സൈലമ്മ ഷാജി ചോദിക്കുന്നു. കൊച്ചിന്റെ സുഹൃത്തുക്കൾ എല്ലാം പറയുന്നത് നല്ല ഒരു ക്യാരക്ടറിന്റെ ഉടമായാണ് അവളെന്നാണ് പറയുന്നത്. അവൾക്ക് എന്തോ ആപത്ത് സംഭവിച്ചുവെന്നാണ് അവരും വീട്ടിൽ വന്നപ്പോൾ പറഞ്ഞത്. സൈലമ്മ പറയുന്നു.

എല്ലാം സിമ്പിളായിട്ട് എടുക്കുന്ന പ്രകൃതക്കാരിയാണ് കൊച്ച്. അതുകൊണ്ടാവാം കഴിഞ്ഞ മാസം 26 ന് നടന്ന സംഭവം വീട്ടിൽ അറിയിക്കാതിരുന്നതും കലൂർ പള്ളിയിൽ പോയി ഇറങ്ങിവരുമ്പോൾ ആരോ ഒരാൾ വന്ന് പേര് ചോദിച്ചു.'നിന്റെ കണ്ണിൽ നോക്കിക്കൊണ്ടിരിക്കാൻ നല്ല ഭംഗിയാണെന്നും' പറഞ്ഞു. അപ്പോൾ മിഷേൽ പേടിച്ച് ബസ് സ്റ്റോപ്പിൽ പോയി നിന്നു, അപ്പോൾ അയാൾ ബസ് സ്റ്റോപ്പിൽ വന്നു. പിന്നെ ഹോസ്റ്റലിലേക്ക് ഓടിപ്പോയി. കോളേജിലെ ഒരു ഫ്രണ്ടിനെ വിളിച്ച് പറഞ്ഞു. ആ സുഹൃത്ത് മറ്റൊരാളേയും കൂട്ടിക്കൊണ്ട് പോയി പള്ളിയുടെ പരിസരം നിരീക്ഷിച്ചു. പക്ഷെ അവിടെ ആരേയും കണ്ടില്ല. എൻ.ആർ.ഐ സ്ലാങ് മാതിരിയുള്ള സംഭാഷണം ആണെന്ന് മാത്രമാണ് വന്നയാളെക്കുറിച്ച് പറഞ്ഞ ഐഡന്റിഫിക്കേഷൻ. ഇത്രയും കാര്യങ്ങൾ ഹോസ്റ്റലിലെ സുഹൃത്തുക്കളോടാണ് മിഷേൽ പറഞ്ഞതെന്നും മാതാവ് പറയുന്നു.

പിറവം-കൂത്താട്ടുകുളം റോഡിൽ കുളങ്ങരപ്പടി സ്റ്റോപ്പിന് അടുത്തായുള്ള എണ്ണക്കാപിള്ളിൽ വീട്ടിലേക്ക് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മറുനാടൻ വാർത്ത സംഘം എത്തുന്നത്. ശോകമൂകമായ അന്തരീക്ഷമായിരുന്നു വീട്ടിൽ. മിഷേലിന്റെ മാതാവ് സൈലമ്മയും മാതാവിന്റെ സഹോദരിയും, പിതാവ് ഷാജിയുടെ മാതാവും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മാതാവിന്റെ സഹോദരിയോട് വിവരങ്ങൾ ഓരോന്നായി തിരക്കി. ഇതിനിടയിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ലൈലമ്മ വരാന്തയിലേക്ക് വന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ നടന്ന സംസ്‌ക്കാര ചടങ്ങിന് ശേഷം ശനിയാഴ്ചയാണ് സൈലമ്മ മുറിക്ക് പുറത്തേക്ക് ആദ്യമായി ഇറങ്ങുന്നത്. തുടർന്നാണ് മറുനാടൻ മലയാളിയോട് സൈലമ്മ മകളുടെ  മരണത്തെക്കുറിച്ചുള്ള സംശയങ്ങൾ തുറന്നു പറയുന്നത്. ഈ സമയം പിറവത്ത് നിന്ന് വീട്ടിലെത്തിയ പിതാവ് ഷാജിയും സൈലമ്മയുടെ സഹോദരൻ ഷൈജു മാത്യുവും മരണം ആത്മഹത്യയല്ലെന്ന് സംശയിക്കുന്ന വാദങ്ങൾ മറുനാടൻ മലയാളിയോട് പങ്കുവെച്ചു.

എന്റെ മനസ്സിലുള്ള ആഗ്രഹം തന്നെയാണ് അവൾക്കും. പഠിച്ച് സി.എ ക്കാരി ആവുക എന്നത്. മിഷേൽ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് തന്നെയാണ് ഹോസ്റ്റലിലേയും കോളേജിലേയും സഹപാഠികൾ ആണയിട്ട് പറയുന്നത്. പള്ളിയിൽ പോയി തിരിച്ചുവരുന്നതിനിടെ എന്തോ സംഭവിച്ചിട്ടുണ്ട്. മരിച്ചതിന് ശേഷം വെള്ളത്തിൽ കൊണ്ടുപോയി ഇട്ടത് പോലെയായിരുന്നു ബോഡി ഉണ്ടായിരുന്നത്. അധികസമയം വെള്ളത്തിൽ കടന്നതിന്റെ ഒരു ലക്ഷണവും ബോഡിക്ക് ഇല്ലായിരുന്നു. എല്ലാ ദിവസവും രാവിലേയും വൈകിട്ടും ഫോണിൽ തുറന്ന് സംസാരിക്കുന്ന രീതിയാണ് ഉള്ളത്. എറണാകുളം സിറ്റിയിൽ ബസ്സിൽ യാത്ര ചെയ്ത ഒരു പരിചയം കൊച്ചിനില്ല. കാരണം എല്ലാ ആഴ്ചയിലും ഹോസ്റ്റലിൽ കൊണ്ടുവിടുന്നതും കൂട്ടിക്കൊണ്ടുവരുന്നതും ഞാൻ തന്നെയാണ്. പിന്നെങ്ങനെയാണ് കൊച്ചിന്റെ ബോഡി കിട്ടിയ ഭാഗത്തേക്ക് അവൾ പോവുക..? പിതാവ് ഷാജി വർഗ്ഗീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

മുഖത്തിന്റെ വലത് വശത്തായി കണ്ണിന് തൊട്ട് താഴെ നഖം കൊണ്ട മുറിവുണ്ട്. വലത് കൈയുടെ മടക്കിനോട് ചേർന്ന് മൂന്നു മുറിവുകളും കാലിന് ചെറിയ പോറലും മാത്രമായിരുന്നു ശരീരത്തിലുണ്ടായിരുന്നത്. കായലിൽ നിന്ന് കണ്ടെടുക്കുമ്പോൾ വെള്ളം കുടിച്ച് മരിച്ചതിന്റെ ലക്ഷണങ്ങളില്ല. ബോഡിയുടെ നിറം മാറിയിട്ടുമില്ല. അതായത് ജീവനോടെ എങ്ങനെ മോളെ കാണുന്നുവോ അതുപോലെ തന്നെയായിരുന്നു ബോഡിയെന്ന് മിഷേലിന്റെ മാതാവിന്റെ സഹോദരൻ പറയുന്നു. ബോഡിയുടെ ചിത്രങ്ങൾ മുക്കുവരെ കാണിച്ചുപ്പോൾ അവർ പറഞ്ഞത്
ഇത് കായലിൽ വീണ് മരിച്ചബോഡി അല്ലെന്നാണ്. കാരണം, എറണാകുളത്തെ കായലിൽ വീണ് മരിച്ചാൽ കറുത്ത വണ്ടുകൾ പോലത്തെ ഒരുതരം പ്രാണികൾ ശരീരത്ത് മുഴുവനും കടിച്ചുപിടിച്ചിരിക്കും എന്നാണ്.

കാണാതാവുന്നതിന്റെ അന്ന് രാവിലേയും തന്നെ വിളിച്ച് ഒത്തിരികളി തമാശകൾ പറഞ്ഞിരുന്നതായി, മിഷേലിന്റെ മാതൃസഹോദരിയുടെ മകൻ ജിൻസ് മോൻ ബോബനും വ്യക്തമാക്കി. എട്ടാം തരത്തിൽ പഠിക്കുന്ന മിഷേലിന്റെ സഹോദരൻ അധികം ആരോടും സംസാരിക്കാതെ മാറി എല്ലാം കണ്ടും കേട്ടും നിസഹായതയോടെ ഇരിക്കുന്നുണ്ടായിരുന്നു. രണ്ട് മണിക്കുറുകളോളം ആ വീട്ടിൽ ചിലവഴിച്ച ശേഷമാണ് മറുനാടൻ വാർത്താ സംഘം മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP