Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കടത്തുമായി വിശുദ്ധ ഗ്രന്ഥത്തെ കൂട്ടിക്കെട്ടുന്നത് സങ്കടകരം; ചർച്ചകൾ വഴിമാറി ഖുർആൻ ഒരു ഭീകര വസ്തുവാണ് എന്നതിലേക്ക് എത്തിയിരിക്കുന്നു; ഖുർആൻ അറബ് രാജ്യങ്ങളിൽ നിന്ന് കൊണ്ടു വരുന്നതിലും വിതരണം ചെയ്യുന്നതിലും എന്താണ് തെറ്റ്? തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്നുണ്ടെന്ന് കരുതി എടപ്പാളിലേക്ക് യുഎഇയിൽ നിന്ന് ഖുർആൻ കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യാനാകില്ല: ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ മടവൂർ മറുനാടനോട് സംസാരിക്കുന്നു

സ്വർണ്ണക്കടത്തുമായി വിശുദ്ധ ഗ്രന്ഥത്തെ കൂട്ടിക്കെട്ടുന്നത് സങ്കടകരം; ചർച്ചകൾ വഴിമാറി ഖുർആൻ ഒരു ഭീകര വസ്തുവാണ് എന്നതിലേക്ക് എത്തിയിരിക്കുന്നു; ഖുർആൻ അറബ് രാജ്യങ്ങളിൽ നിന്ന് കൊണ്ടു വരുന്നതിലും വിതരണം ചെയ്യുന്നതിലും എന്താണ് തെറ്റ്? തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്നുണ്ടെന്ന് കരുതി എടപ്പാളിലേക്ക് യുഎഇയിൽ നിന്ന് ഖുർആൻ കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യാനാകില്ല: ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ മടവൂർ മറുനാടനോട് സംസാരിക്കുന്നു

ജാസിം മൊയ്തീൻ

കോഴിക്കോട്: കേരളത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ പ്രധാനപ്പെട്ടത് മന്ത്രി കെടി ജലീൽ ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്നതായിരുന്നു. ആരോപണം ഉന്നയിച്ചവരിൽ പ്രധാനിയായ മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് പോലും കഴിഞ്ഞ ദിവസം പറഞ്ഞത് ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന് സംശയമുണ്ട് എന്നാണ്. അദ്ദേഹത്തിന് സംശയം മാത്രമുള്ള കാര്യം പലയാവർത്തി ഉന്നയിക്കുന്നതിലൂടെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടത് വിശുദ്ധ ഖുർആൻ കൂടിയാണ്.

ലോക മുസ്ലിം ജനവിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ ഇത്തരത്തിൽ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ ഖുർആനിന്റെ രാഷ്ട്രീയവും അത്് മുന്നോട്ട് വെക്കുന്ന ആശയസംഹിതയെ കുറിച്ചും, കേരളത്തിലേക്ക് അറബ് രാജ്യങ്ങളിൽ നിന്ന് ഖുർആൻ എത്തിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ചും ഖുർആൻ അച്ചടിയെ കുറിച്ചുമെല്ലാം മറുനാടൻ മലയാളിയുമായി സംസാരിക്കുകയാണ് പ്രമുഖ ഇസ്ലാമിക മത പണ്ഡിതനും കോഴിക്കോട് പാളയം ജുമാമസ്ജിദ് മുഖ്യ ഇമാമുമായ ഡോ. ഹുസൈൻ മടവൂർ.

ഖുർആനിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ല

ഖുർആൻ ചർച്ച ചെയ്യപ്പെടുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ അത് ഇപ്പോൾ കാണുന്ന രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയുള്ളതു പോലെയാകരുത്. ഖുർആനിനെ കുറിച്ച് അറിയാത്തവർ അതിനെ ചർച്ച ചെയ്ത് അവഹേളിക്കാനും നിൽക്കരുത്. കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവരുന്നത് വലിയ അപരാധമൊന്നുമല്ല. അറബ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവരുന്നത് ആദ്യ സംഭവവുമല്ല. അത് വർഷങ്ങളായി തുടർന്നുവരുന്ന ഒരു സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗം കൂടിയാണ്. അതുകൊണ്ട് തന്നെ അറേബ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവന്നതോ അത് വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്തതോ വലിയ അപരാധമായി കാണേണ്ടതില്ല.

നിരോധിക്കപ്പെട്ട ഗ്രന്ഥവുമല്ല വിശുദ്ധ ഖുർആൻ. കേരളത്തിലെ ഏതൊരു മുസ്ലിംമത സ്ഥാപനങ്ങളിൽ നോക്കിയാലും അവിടങ്ങളിലെല്ലാം വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് അറേബ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഖുർആനുകൾ കാണാനാകും. അതിനെ ഭീകരമായി ചിത്രീകരിക്കേണ്ടതില്ല.ലോകത്തെല്ലായിടത്തും ഖുർആൻ പ്രിന്റ് ചെയ്യുന്നുണ്ട്. അത് എല്ലായിടത്തേക്കും വിനിമയം ചെയ്യുന്നുമുണ്ട്. കേരളത്തിൽ തിരൂരങ്ങാടിയിലും പ്രിന്റ് ചെയ്യുന്നുണ്ട്. തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്നുണ്ടെന്ന് കരുതി എടപ്പാളിലേക്ക് യുഎഇയിൽ നിന്ന് ഖുർആൻ കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യാനാകില്ല. ഖുർആനിനെ പറ്റിയുള്ള ചർച്ചകൾ നല്ലത് തന്നെയാണ്. അത് ഖുർആനിനെ മനസ്സിലാക്കാൻ വേണ്ടിയാകണം. സ്വർണ്ണക്കടത്തുമായി വിശുദ്ധ ഗ്രന്ഥത്തെ കൂട്ടിക്കെട്ടുന്നത് സങ്കടകരമാണ്. ചർച്ചകൾ വഴിമാറി ഖുർആൻ ഒരു ഭീകര വസ്തുവാണ് എന്നതിലേക്ക് എത്തിയിരിക്കുന്നു. ഖുർആൻ അറബ് രാജ്യങ്ങളിൽ നിന്ന് കൊണ്ടു വരുന്നതും അത് വിതരണം ചെയ്യുന്നതിലും എന്താണ് തെറ്റ്?

ഖുർആൻ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ല

ഇന്ത്യയിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് ഖുർആൻ വരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ഖുർആൻ കയറ്റി അയക്കുന്നുമുണ്ട്. നിയമപരമായി ഒരു തടസ്സവുമില്ല ഖുർആൻ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഗ്രന്ഥമൊന്നുമല്ല. ഇപ്പോഴത്തെ ചർച്ചകൾ നടക്കുന്നത് ഖുർആൻ ഒരു ഭീകര വസ്തുവാണെന്ന കണക്കെയാണ്. ഖുർആൻ കലാപത്തിന് ആഹ്വാനം ചെയ്യുന്നില്ല. സ്നേഹത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചുമാണ് ഖുർആൻ സംസാരിക്കുന്നത്. ബഹുസ്വര സമൂഹത്തിൽ ഓരോരുത്തരും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കണമെന്നാണ് ഉപദേശിക്കുന്നത്. ഇതുകൊണ്ടാണ് മുമ്പ് കൽക്കത്ത ഹൈക്കോടതിയിൽ ഖുർആൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി സമർപ്പിച്ച ഹർജി കോടതി തള്ളിയത്. ജഡ്ജിമാർ ഖുർആനിനെ പരിഭാഷകൾ വായിച്ച് മനസ്സിലാക്കിയാണ് ആ കേസ് തള്ളിയത്. ഖുർആൻ വളരെ സുതാര്യമായതും എവിടെയും ലഭിക്കുന്നതുമാണ്. ആ ഗ്രന്ഥത്തെ ഇത്തരത്തിൽ ഒരു ഭീകര വസ്തുമായി ചിത്രീകരിക്കരുത്. ഖുർആനെ കുറിച്ച് പഠിക്കാതെ അതിനെ കുറിച്ച് ചർച്ച ചെയ്ത് അവഹേളിക്കുകയും ചെയ്യരുത്. ഖുർആൻ പഠിക്കുന്നത് മുസ്ലിംങ്ങൾ മാത്രമല്ല. മുസ്ലിംമത വിശ്വാസികളല്ലാത്ത നിരവധിയാളുകൾ ഖുർആന്റെ വിവർത്തനങ്ങൾ എഴുതിയിട്ടുണ്ട്. വിവിധ ഭാഷകളിൽ ഖുർആൻ കവിതകളാക്കിയിട്ടുണ്ട്. കോന്നിയൂർ രാഘവൻ നായർ മലയാളത്തിൽ ഖുർആനെ അധികരിച്ച് ഗ്രന്ഥമെഴുതിയിട്ടുണ്ട്. ദീവ്യദീപ്തി ഉദാഹരണമാണ്. ഖുർആൻ പ്രാർത്ഥന ഗീതങ്ങളാക്കി എത്രയോ സ്ഥലങ്ങളിൽ പാടുന്നുണ്ട്. അതുകൊണ്ട് അറബ് രാജ്യങ്ങളിൽ നിന്ന് ഖുർആൻ കേരളത്തിലേക്ക് കൊണ്ടുവന്നതിനെയോ അതിവിടെ വിതരണം ചെയ്യുന്നതിനെയോ വലിയ അപരാധമായി കാണേണ്ടതില്ല.

അറബി മലയാളത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നില്ല

ഖുർആന്റെ പ്രിന്റിംഗിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്. പ്രവാചകൻ മുഹമ്മദിന്റെ കാലത്ത് ഖുർആൻ മനപാഠമാക്കലായിരുന്നു. ആദ്യം പ്രവാചകൻ മനഃപാഠമാക്കും കൂടെയുണ്ടായിരുന്ന സ്വഹാബീമാർ അഥവാ പ്രാവചകന്റെ അനുചരന്മാരും അത് മനഃപാഠമാക്കും. ഓരോ വർഷവും അതുവരെ അവതരിച്ചുകിട്ടിയ ഖുർആൻ മനഃപാഠമാക്കലായിരുന്നു. പ്രവാചകന് ജിബ്രീൽ എന്ന മാലാഖ വായിച്ചുകൊടുക്കുകയും പ്രവാചകൻ അത് മനഃപാഠമാക്കലുമായിരുന്നു. പ്രവാചകൻ മരണപ്പെടുന്ന വർഷം രണ്ട് തവണ ഇത്തരത്തിൽ ഖുർആൻ ആദ്യാവസാനം വരെ ജിബ്രീൽ പ്രവാചകന് വായിച്ചുകൊടുത്തു. പ്രവാചകൻ അത് മനഃപാഠമാക്കുകയും ചെയ്തു. അതോട് കൂടി ഖുർആൻ പൂർത്തിയായി.

ആ സമയത്ത് തന്നെ പ്രവാചകന്റെ അനുചരന്മാർ ഖുർആൻ അവസാനം വരെ മനഃപാഠമാക്കിയിരുന്നു. അങ്ങനെ എത്രയോ ആളുകൾ മനഃപാഠമാക്കി മനുഷ്യന്റെ മനസ്സിലുള്ളൊരു ഗ്രന്ഥമാണ് ഖുർആൻ. പിന്നീടാണ് സ്വഹാബിമാർ അവരുടെ കൈവശമുള്ള തുകലിലും മരക്കഷ്ണങ്ങളിലുമെല്ലാം എഴുതി വെക്കാൻ തുടങ്ങിയത്. പിന്നീട് സ്വഹാബിമാരായ അബൂബക്കർ സിദ്ദീഖിന്റെയും ഖലീഫ ഉമറിന്റെയുമെല്ലാം കാലഘട്ടത്തിലാണ് അത് അദ്ധ്യായങ്ങളെല്ലാം കൂട്ടിച്ചേർത്ത് പുസ്തക രൂപത്തിലാക്കിയത്. അന്നുണ്ടായിരുന്ന അറബി ഭാഷയിലാണ് അത് എഴുതിയിരുന്നത്. അത് തന്നെയാണ് ഖുർആനിന്റെ ലിപി. അന്നുണ്ടായിരുന്നതിൽ നിന്ന് വലിയ വ്യത്യാസമൊന്നും അറബി ഭാഷക്ക് ഇന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ കേട്ടത് കേരളത്തിലെ ഖുർആൻ അറബി മലയാളത്തിലാണ് എന്നാണ്. അത് തെറ്റാണ് അറബി മലയാളത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നില്ല. അറബി മലയാളമെന്നത് നമ്മൾ മംഗ്ലീഷ് എന്നൊക്കെ പറയും പോലെ അറബിയിൽ എഴുതുന്ന മലയാളമാണ്. കേരളത്തിൽ പ്രിന്റ് ചെയ്യുന്ന ഖുർആനുകൾ മലബാരി ലിബിയിലായിരുന്നു. അതിനെ ഖത്ത്മലബാരി എന്നും വിളിക്കും. അതും അറബി ഭാഷ തന്നെയാണ്. അതിന്റെ എഴുത്തിന്റെ രൂപത്തിൽ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. അതിനർത്ഥം അത് മറ്റേതെങ്കിലും ഭാഷയാണെന്നല്ല. നമ്മുടെ തിരൂരങ്ങാടിയിലും പൊന്നാനിയിലും എല്ലാം ആ ലിപിയിലായിരുന്നു ഖുർആൻ പ്രിന്റ് ചെയ്തിരുന്നത്. അറബ് രാജ്യങ്ങളിൽ പ്രിന്റ് ചെയ്യുന്ന ഖുർആൻ റസ്മുൽ ഉസ്മാനി എന്ന ലിപിയിലാണ് അച്ചടിക്കുന്നത്. അത് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടൊരു ലിപിയാണ്.

കേരളത്തിലും ആ ലിപിയിൽ അച്ചടിക്കുന്നുണ്ട്. എല്ലാം അറബി തന്നെയാണ്. അക്ഷരങ്ങളുടെ രൂപത്തിൽ ചില വൈവിദ്ധ്യങ്ങളുണ്ടെന്ന് മാത്രം. ഓരോ പ്രദേശത്തും പ്രിന്റ് ചെയ്യുന്ന ഖുർആനുകളിൽ ചില വൈവിധ്യങ്ങൾ അതിന്റെ രൂപത്തിലുണ്ടാകാറുണ്ട്. ഉദാഹരണത്തിന് ഉറുദു സംസാരിക്കുന്ന നോർത്ത് ഇന്ത്യൻ പ്രദേശങ്ങളിൽ പ്രിന്റ് ചെയ്യുന്ന ഖുർആനിന്റെ രൂപത്തിലും തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്ന ഖുർആനിന്റെ രൂപത്തിലും വ്യത്യാസങ്ങളുണ്ട്.

അക്ഷരങ്ങളുടെ വലിപ്പത്തിലും വണ്ണത്തിലും ചെരുവിലുമെല്ലാമാണ് ആ വ്യത്യാസങ്ങളുള്ളത്. ലോകത്തുള്ള എല്ലാ പ്രദേശങ്ങളിലേക്കും ഖുർആൻ പ്രിന്റ് ചെയ്ത് അയക്കുന്ന സ്ഥാപനമാണ് കിങ്ഫഹദ് ഖുർആൻ പ്രിന്റിങ് കോപ്ലക്സ്. അവർ വിവിധ ഭാഷകളിൽ ഖുർആനിന്റെ പരിഭാഷകളും പ്രസിദ്ധീകരിക്കുന്നുണ്ട്. മലയാള പരിഭാഷയും ലഭ്യമാണ്. സൗദി എംബസി മുഖേന ഈ മലയാള പരിഭാഷ മലയാളികൾക്ക് ലഭ്യമാകും. തുർക്കി, ഉർദു,ഇംഗ്ലീഷ് എല്ലാ ഭാഷകളിലും മദീനയിൽ പ്രിന്റ് ചെയ്ത ഖുർആൻ ലഭ്യമാണ്. ഖത്തറിലും, സിറിയയിലും, ഖുവൈത്തിലുമെല്ലാം ഇത്തരത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നുണ്ട്. അവരെല്ലാം ഉപയോഗിക്കുന്നത് റസ്മുൽ ഉസ്മാനി ലിപിയാണ്. ഓരോ രാജ്യങ്ങളിലും പ്രിന്റ് ചെയ്യുന്ന ഖുർആനുകളിൽ അവരുടെ സർട്ടിഫിക്കറ്റുകളും ഉണ്ടാകും. കേരളത്തിൽ പ്രിന്റ് ചെയ്യുന്ന ഖുർആനുകളുടെ കടലാസ് ക്വാളിറ്റി അറബ് രാജ്യങ്ങളുടേത് അപേക്ഷിച്ച് മോശമായിരിക്കും. പെട്ടെന്ന് മുഷിഞ്ഞു പോകുന്നതായിരിക്കും. എന്ന് കരുതി ഖുർആനിന്റെ മൂല്യത്തെ അത് ബാധിക്കുന്നില്ല. റസ്മുൽ ഉസ്മാനി ലിബിയിലും കേരളത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP