Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഭർത്താവുമൊത്തുള്ള ജീവിതം സ്വപ്‌നം കണ്ട് നീതു ഘാനയിൽ എത്തിയത് ആറ് മാസം മുമ്പ്; ഹൃദയസ്തംഭനം മൂലം ഭർത്താവ് അകാലത്തിൽ പൊലിഞ്ഞതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഞെട്ടിത്തരിച്ച് ഒരു അമ്മയും മകളും: അപരിചിതമായ നാട്ടിൽ ആറുവയസ്സുകാരി മകളുമായി ഒറ്റപ്പെട്ടു പോയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ മലയാളി യുവതി

ഭർത്താവുമൊത്തുള്ള ജീവിതം സ്വപ്‌നം കണ്ട് നീതു ഘാനയിൽ എത്തിയത് ആറ് മാസം മുമ്പ്; ഹൃദയസ്തംഭനം മൂലം ഭർത്താവ് അകാലത്തിൽ പൊലിഞ്ഞതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഞെട്ടിത്തരിച്ച് ഒരു അമ്മയും മകളും: അപരിചിതമായ നാട്ടിൽ ആറുവയസ്സുകാരി മകളുമായി ഒറ്റപ്പെട്ടു പോയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ മലയാളി യുവതി

സ്വന്തം ലേഖകൻ

അക്ര: ഒരുപാട് ജീവിതസ്വപ്നങ്ങളുമായാണ് ആഫ്രിക്കയിലെ ഘാനയിലേക്ക് തൊഴിൽ തേടി ബാലു എന്ന ചെറുപ്പക്കാരൻ പോയത്. ആറു മാസം മുമ്പ് ബാലുവിനടുത്തേക്ക് ഭാര്യ നീതുവും ആറു വയസ്സുകാരി മകൾ രുദ്രാലക്ഷ്മിയും വിമാനം കയറി. കടത്തിൽ നിൽക്കുമ്പോഴും ജീവിതം സന്തോഷ പൂർണ്ണമായി മുന്നോട്ട് പോകുമ്പോഴാണ് ബാലുവിനെ മരണം കവർന്നെടുത്തത്. ഹൃദയസ്തംഭനം മൂലം ബാലു മരിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ മകളുമായി അലമുറയിട്ടു കരയുകയാണ് ഈ മലയാളി യുവതി.

കൊറോണ വൈറസ് വ്യാപനം നിമിത്തം മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യത്തിൽ മൃതദേഹം അവിടി തന്നെ സംസ്‌കരിച്ചു. വ്യാഴാഴ്ചയായിരുന്നു സംസ്‌കാരം. മരണാനന്തര കർമങ്ങൾ ഇന്നു നടന്നു. ഇന്ത്യയിൽ ലോക്ക്ഡൗൺ നീട്ടിയതിനാൽ ഭർത്താവ് അരികിലില്ലാതെ അന്യനാട്ടിൽ എ്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് നീതു എന്ന ഈ യുവതി. ഘാനയിലെ മലയാളി അസോസിയേഷൻ സമ്പൂർണ പിന്തുണയുമായി നീതുവിന് പിന്നിലുണ്ടെങ്കിലും ഭർത്താവില്ലാത്ത അന്യനാട്ടിൽ വിഷമിക്കുകയാണ് ഈ യുവതി.

മകളും കുഞ്ഞും അന്യ നാട്ടിൽ ഒറ്റയ്ക്കായതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് നാട്ടിലുള്ള നീതുവിന്റെ അച്ഛനുമമ്മയും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാലു ഹൃദയസ്തംഭനം മൂലം മരിച്ചത്. മലയാളികൾ അധികമില്ലാത്ത ഘാനയിൽ ഓട്ടമൊബീൽ വർക്ഷോപ്പ് നടത്തുകയായിരുന്നു ബാലു. ആറുമാസം മുൻപാണ് നീതു ബാലുവിന്റെ അടുത്തേക്ക് എത്തുന്നത്. ഒരുമിച്ച് ജീവിതം തുടങ്ങി അധിക നാളുകളാവും മുൻപേ ബാലു മരണത്തിന് കീഴടങ്ങി.

അപരിചിതമായ നാട്ടിൽ ഭർത്താവ് നഷ്ടപ്പെട്ടതോടെ സംസാരിക്കാൻ പോലുമാവാത്ത അവസ്ഥയിലാണു നീതുവെന്ന് ബാലുവിന്റെ സുഹൃത്തുക്കൾ പറയുന്നു. നീതു പലപ്പോഴും അബോധാവസ്ഥയിലാണ്. അച്ഛനെന്താണ് സംഭവിച്ചതെന്ന് മകൾ രുദ്രാലക്ഷ്മിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അമ്മയുടെ സങ്കടത്തിന്റെ കാരണവുമറിയില്ല. നീതുവിനെയും മകളെയും അക്രയിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ ഒരു ഫ്‌ളാറ്റിൽ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ താമസസ്ഥലത്തിന് അടുത്തുള്ള ആശുപത്രികൾ എല്ലാം നിറഞ്ഞു കവിഞ്ഞതുകൊണ്ട് ബാലുവിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സ്ഥലം പോലും നീതുവിനു കിട്ടിയിരുന്നില്ല. ഒടുവിൽ മലയാളി അസോസിയേഷൻ പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് 40 കിലോമീറ്റർ അകലെയാണു മൃതദേഹം സൂക്ഷിച്ചത്.

കോഴിക്കോട് ഫറോക്ക് അടുത്തുള്ള നല്ലൂർ ആണ് ബാലുവിന്റെ വീട്. അവസാനമായി മകനെ ഒരു നോക്ക് കാണാൻ പോലുമാവാത്ത സങ്കടത്തിൽ അമ്മ മീരയും അച്ഛൻ ദേവദാസും. കെഎസ്ആർടിസി ജീവനക്കാരനായിരുന്ന അച്ഛൻ ദേവദാസ് പക്ഷാഘാതം വന്നു കിടപ്പിലാണ്. ചേലേമ്പ്ര തോട്ടശ്ശേരി സുബ്രഹ്മണ്യന്റെയും ഉദയ റാണിയുടെയും മകളാണ് നീതു. വിമാനസർവീസുകൾ ഒന്നും ഇല്ലാത്തതിനാൽ എത്രനാൾ അപരിചിതമായ സ്ഥലത്ത് മകൾക്കൊപ്പം നിൽക്കേണ്ടി വരുമെന്നു നീതുവിന് അറിയില്ല. സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടാണു ഘാനയിൽ തന്നെ ബാലുവിന്റെ സംസ്‌കാരം നടത്താൻ തീരുമാനിച്ചത്. ഒറ്റപ്പെട്ടു കഴിയുന്ന നീതുവിനെയും മകളെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാലുവിന്റെ സുഹൃത്തുക്കൾ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ കത്തുകൾ അയച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP