Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

അനധികൃതമായി തോക്ക് കൈവശം വെച്ചു; ലൈസൻസ് അപേക്ഷയിൽ സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചു; ഫെഡറൽ സർക്കാറുമായി ഒപ്പിട്ട കരാറിൽ തെറ്റായ വിവരങ്ങൾ നൽകി; ഹണ്ടർ ബൈഡനെതിരെ കേസ്; യുഎസ് പ്രസിഡന്റിന് മകൻ തലവേദനയാകുമ്പോൾ

അനധികൃതമായി തോക്ക് കൈവശം വെച്ചു; ലൈസൻസ് അപേക്ഷയിൽ സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചു; ഫെഡറൽ സർക്കാറുമായി ഒപ്പിട്ട കരാറിൽ തെറ്റായ വിവരങ്ങൾ നൽകി; ഹണ്ടർ ബൈഡനെതിരെ കേസ്; യുഎസ് പ്രസിഡന്റിന് മകൻ തലവേദനയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ കേസ്. യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. 2018ൽ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന സമയത്ത് തോക്ക് വാങ്ങിയെന്നാണ് ഹണ്ടറിനെതിരായ കേസ്.

യു.എസ് നിയമപ്രകാരം മയക്കുമരുന്നിന് അടിമപ്പെട്ടയാൾക്ക് തോക്ക് കൈവശം വെക്കാൻ അധികാരമില്ല. നികുതിവെട്ടിപ്പിനും മയക്കുമരുന്ന് വിൽപ്പനക്കാർക്ക് വേണ്ടി ഇടപ്പെട്ടതിനും ഹണ്ടറിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടിയുണ്ട്. 2024ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോ ബൈഡനെ സംബന്ധിച്ചടുത്തോളം തിരിച്ചടിയാണ് മകനെതിരായ കേസ്.

തോക്ക് ലൈസൻസിനായുള്ള അപേക്ഷയിൽ സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചു, തോക്ക് ലഭിക്കുന്നതിനായി ഫെഡറൽ സർക്കാറുമായി ഒപ്പിട്ട കരാറിൽ തെറ്റായ വിവരങ്ങൾ നൽകി, അനധികൃതമായി ആയുധം കൈവശം വെച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കുറ്റങ്ങൾക്ക് പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം. 750,000 ഡോളർ വരെ പിഴശിക്ഷയും ലഭിക്കാം.

ഇതിന് മുമ്പും പലവിധത്തിലുള്ള ക്രമക്കേടുകൾ നടത്തി ഹണ്ടർ ബൈഡൻ വിവാദത്തിൽ ചാടിയിരുന്നു. നികുതി വെട്ടിപ്പു കേസിലാണ് മുമ്പ് വിവാദത്തിൽ ചാടിയത്. ബൈഡൻ പ്രസിഡന്റാകുന്നതിനു മുൻപുള്ള കേസാണിത്. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടുവർഷം നികുതി നൽകിയില്ലെന്നാണ് കേസ്. മുൻ പ്രസിഡന്റ് ട്രംപ് നിയോഗിച്ച അഭിഭാഷകൻ ഡേവിഡ് വെയ്‌സാണ് ഹണ്ടർ ബൈഡെതിരായ ആരോപണം അന്വേഷിച്ചത്. 2017, 2018 വർഷത്തെ ടാക്‌സിലാണ് വെട്ടിപ്പ് നടന്നത്.

കോളജ്കാലത്തേ ലഹരിക്ക് അടിമ

1970ലാണ് ഹണ്ടറിന്റെ ജനനം. ജോ ബൈഡന്റെ ആദ്യഭാര്യയിലെ രണ്ടാമത്തെ മകൻ. 1972 ഡിസംബറിലാണ് കാര്യങ്ങളെ മുഴുവൻ മാറ്റിമറിച്ച ആ ദുരന്തം സംഭവിക്കുന്നത്. അമ്മയും മൂന്നു മക്കളും യാത്ര ചെയ്യുകയായിരുന്ന കാറിലേക്ക് അമിതവേഗത്തിൽ എത്തിയൊരു ട്രക്ക് ആഞ്ഞിടിച്ചു. ആ ദുരന്തത്തിൽ അമ്മയെയും കുഞ്ഞിപ്പെങ്ങൾ നവോമിയെയും ഹണ്ടറിനു നഷ്ടമായി. തലയോട്ടിയിൽ ക്ഷതമേറ്റ ഹണ്ടറിനെയും കാലൊടിഞ്ഞ ജേഷ്ഠൻ ബ്യൂവിനെയും ആശുപത്രിയിലെത്തിച്ചു. അന്ന് ഈ ഹണ്ടറിന് വിഷാദരോഗം ബാധിച്ചു. ചെറുപ്പത്തിലെയുണ്ടായ ഈ ഒറ്റപ്പെടലും, ഭീതിയുമൊക്കെ പിന്നീട് അയാളുടെ സ്വഭാവ രൂപീകരണത്തെ ബാധിച്ചിട്ടുണ്ടാവുമെന്നാണ് സൈക്കോളജിസ്റ്റുകൾ വിലയിരുത്തുന്നത്.

തലയിൽ നിരവധി ശസ്ത്രക്രിയകൾ വേണ്ടി വന്ന ഹണ്ടർ മാസങ്ങൾക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ചെറുപ്പത്തിൽ പഠിക്കാൻ മിടുക്കനുമായിരുന്നു. ഹണ്ടർ പിന്നീട് ജോർജ്ടൗൺ സർവകലാശാലയിൽ നിന്നു ബിരുദവും യേൽ ലോ സ്‌കൂളിൽ നിന്ന് 1996ൽ നിയമബിരുദവും നേടി. അവിടെ നിന്നു, സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്ന കത്തോലിക്ക സഭയുടെ സന്നദ്ധസംഘടയായ ജസ്യൂട്ട് വോളന്റിയേഴ്‌സ് ഗ്രൂപ്പിൽ ഹണ്ടർ അംഗമായി.

ചെറുപ്പത്തിലേതന്നെ ചിത്രകാരൻ എന്ന കീർത്തി ഹണ്ടർ ബൈഡന് ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് പരിധികളില്ലാത്ത അമേരിക്കയിൽ ഈ കൂട്ടുകെട്ടുകളിലൂടെ അയാൾ വേറൊരു ലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു. കോളജ് കാലത്തുതന്നെ അയാൾ ലഹരി ഉപയോഗം തുടങ്ങിയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ബൈഡൻ ഒരുതരത്തിലുമുള്ള ലഹരിയും ഉപയോഗിക്കാറില്ല. എന്നാൽ, ഹണ്ടറാകട്ടെ എല്ലാത്തരം ലഹരികൾക്കും അടിമയാണുതാനും. ചെറുപ്പകാലം മുതൽ ഹണ്ടർ മദ്യാസക്തനായിരുന്നു. കോളജ് പഠനകാലത്തുകൊക്കെയ്ൻ ധാരാളമായി ഉപയോഗിക്കുമായിരുന്നു. സഹോദരൻ ബ്യൂവിന്റെ നേതൃത്വത്തിൽ പല ഡീഅഡിക്ഷ കേന്ദ്രങ്ങളിലും എത്തിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ലഹരി ഉപയോഗം നിർത്തി എന്ന് അവകാശപ്പെട്ടാണ് 2013 ൽ യുഎസ് നേവൽ റിസേർവ്‌സിൽ അംഗമായത്. ആദ്യ ദിവസത്തെ മെഡിക്കൽ പരിശോധനയിൽ ഹണ്ടറുടെ രക്തത്തിൽ കൊക്കെയ്‌ന്റെ അളവു കൂടുതലായി കണ്ടെത്തി. അന്നുതന്നെ, യുഎസ് നേവൽ റിസേർവ്‌സിൽ നിന്ന് ഒഴിവാക്കി.

മയക്കുമരുന്ന്, മദ്യം, വേശ്യകൾ...

നിയമപഠനത്തിനിടയിൽ പരിചയപ്പെട്ട കാത്‌ലീൻ ബ്യൂളിനെ 1993 ൽ ഹണ്ടർ വിവാഹം കഴിച്ചു. ആ ദാമ്പത്യത്തിൽ മൂന്നു മക്കൾ; നവോമി, ഫിന്നേജൻ, മൈസി. വിവാഹം ബന്ധം 2017 ൽ പിരിഞ്ഞു. ബന്ധം വേർപിരിയുന്നതിന്റെ ഭാഗമായുള്ള പെറ്റീഷനിൽ കാത്‌ലീൻ ഇങ്ങനെ കുറിച്ചു: നിയമാനുസൃതമായ ബില്ലുകൾ അടയ്ക്കാൻ പണമില്ലാതെ കുടുംബത്തെ വിഷമിപ്പിക്കുമ്പോഴും സ്വന്തം താൽപര്യങ്ങൾക്കായി ഹണ്ടർ പണം ചെലവിട്ടു. തുടർന്ന് ഹണ്ടറിന്റെ സ്വന്തം താൽപര്യങ്ങൾ എന്തെല്ലാമെന്ന് അവർ വിശദീകരിക്കുന്നുമുണ്ട് ' മയക്കുമരുന്ന്, മദ്യം, വേശ്യകൾ, സ്ട്രിപ്പ് ക്ലബ്ബുകൾ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കുള്ള സമ്മാനങ്ങൾ തുടങ്ങിയ ഒരു നീണ്ടപട്ടിക!'.

24 വർഷം പൂർത്തിയാക്കിയ വിവാഹബന്ധം വേർപെടുത്തിയ ശേഷം അമേരിക്കൻ മാധ്യമങ്ങൾക്ക് അവർ ഒരു അഭിമുഖം നൽകിയിരുന്നു. ലഹരിമരുന്നിനോടുള്ള ഹണ്ടറുടെ ആസക്തിയെ കുറിച്ചും അതിലൂടെ താനനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും അവർ പങ്കുവച്ചു. 'ലഹരിക്ക് അടിമയായ ഒരാൾ ആണെന്ന് അറിഞ്ഞുകൊണ്ടല്ല ഞാൻ വിവാഹം കഴിച്ചത്; അയാൾ എന്തുകൊണ്ട് ഇങ്ങനെയായെന്ന ചോദ്യത്തിനു മാത്രം ഇനിയും ഉത്തരം ലഭിച്ചിട്ടില്ല' - അവർ കൂട്ടിച്ചേർത്തു.

ബ്യൂളുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിനു മുൻപുതന്നെ ഹണ്ടർ മരിച്ചുപോയ തന്റെ സഹോദന്റെ ഭാര്യയുമായും ബന്ധപ്പെട്ടിരുന്നു. ഒരു കരാറുമില്ലാതെ ആ ബന്ധം 2 വർഷം തുടർന്നു. 2015ലാണ് ജേഷ്ഠൻ ബ്യൂ ബ്രെയിൻ കാൻസറിനെ തുടർന്നു മരിച്ചത്. ജോ ബൈഡനെ പോലെതന്നെ ബ്യൂവിന്റെ മരണം ഹണ്ടറിനെയും കൂടുതൽ തളർത്തി. 'അവരൊന്നായിരുന്നു', ഹണ്ടറിന്റെ മകൾ നവോമി ഒരിക്കൽ ട്വിറ്ററിൽ കുറിച്ചു; 'ഒരു ഹൃദയവും ഒരാത്മാവും ഒരു മനസ്സും'. അതിനു കാരണം ചെറുപ്പത്തിലുണ്ടായ ദുരന്തമായിരുന്നത്രെ. അപകടത്തിൽ അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടപ്പോൾ ഇരുവരും തമ്മിലുള്ള സഹോദര്യം ഏറെ ദൃഢമാക്കി. പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ ഇരുവരും വീണ്ടും ഒറ്റപ്പെട്ടു.

ബ്യൂവിന്റെ ഭാര്യയുമായുള്ള ബന്ധം ആദ്യഭാര്യ ചോദ്യം ചെയ്തപ്പോൾ ഹണ്ടർ പറഞ്ഞതിങ്ങനെ: ബ്യൂവിന്റെ മരണത്തിലൂടെ ഇരുവർക്കും നഷ്ടപ്പെട്ടത് ഒരാളെയാണ്, അങ്ങനെയാണ് ഈ സ്‌നേഹബന്ധം ഉടലെടുത്തത്. സഹോദരന്റെ മരണത്തെ തുടർന്ന് അമിതമായി മദ്യപിക്കുന്ന ശീലം ഹണ്ടർ വീണ്ടും തുടങ്ങിയെന്നാണ് മക്കൾ തന്നെ ട്വീറ്റ് ചെയ്തത്.2021ൽ സൗത്ത് ആഫ്രിക്കൻ സിനിമാ നിർമ്മാതാവായ മെലിസാ കോഹനെ ഹണ്ടർ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ഒരു മകനുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP