Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടനിൽ പാക് ഹൈ കമ്മീഷനു മുന്നിലെത്തി ഇന്ത്യക്കാരുടെ പ്രതിഷേധം; ഈ തെറ്റിന് മാപ്പില്ലെന്നു മുന്നറിയിപ്പ്; കയ്യിൽ ഇന്ത്യൻ ദേശീയ പതാക ഏന്തിയവർ ഇന്ത്യക്കു മറുപടിയുണ്ട്.. എന്ന മുദ്രാവാക്യങ്ങളും മുഴക്കി; മലയാളി സ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ധീര ജവാന്മാർക്ക് ശ്രദ്ധാഞ്ജലി; സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിലേക്കുള്ള യാത്രക്ക് ബ്രിട്ടന്റെ മുന്നറിയിപ്പ്; പുൽവാമ ചാവേർ ആക്രമണത്തിന് തൊട്ടു മുൻപ് ലണ്ടനിൽ ജമ്മു കാശ്മീർ ലിബറേഷൻകാരുടെ കൂട്ടായ്മയും

ലണ്ടനിൽ പാക് ഹൈ കമ്മീഷനു മുന്നിലെത്തി ഇന്ത്യക്കാരുടെ പ്രതിഷേധം; ഈ തെറ്റിന് മാപ്പില്ലെന്നു മുന്നറിയിപ്പ്; കയ്യിൽ ഇന്ത്യൻ ദേശീയ പതാക ഏന്തിയവർ ഇന്ത്യക്കു മറുപടിയുണ്ട്.. എന്ന മുദ്രാവാക്യങ്ങളും മുഴക്കി; മലയാളി സ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ധീര ജവാന്മാർക്ക് ശ്രദ്ധാഞ്ജലി; സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിലേക്കുള്ള യാത്രക്ക് ബ്രിട്ടന്റെ മുന്നറിയിപ്പ്; പുൽവാമ ചാവേർ ആക്രമണത്തിന് തൊട്ടു മുൻപ് ലണ്ടനിൽ ജമ്മു കാശ്മീർ ലിബറേഷൻകാരുടെ കൂട്ടായ്മയും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വ്യാഴാഴ്ച രാജ്യത്തെ ഞെട്ടിച്ചു 39 സി ആർ പി എഫ് ജവാന്മാരുടെ ജീവനെടുത്ത ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾക്ക് രാജ്യം മാപ്പു നൽകില്ലെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ വംശജരുടെ വൻപ്രതിഷേധം ലണ്ടനിൽ. ഇന്നലെ ഉച്ചയ്ക്ക് ലണ്ടനിലെ പാക് ഹൈ കമ്മീഷൻ ഓഫീസിനു മുന്നിലെത്തിയാണ് ഈ തെറ്റ് ഞങ്ങൾ മറക്കില്ലെന്ന് ഇന്ത്യക്കാർ ഓർമ്മിപ്പിച്ചത്. വെള്ളിയാഴ്ച സോഷ്യൽ മീഡിയ വഴി പ്രത്യേക സംഘടനയുടെ ഒന്നും ലേബൽ ഇല്ലാതെ നടന്ന പ്രതിഷേധ ആഹ്വനത്തിൽ നൂറു കണക്കിന് ആളുകളുടെ സാന്നിധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രധാനമായും സിഖ് വംശജരാണ് റാലിയിൽ കൂടുതലും പങ്കെടുത്തത്. കഴിഞ്ഞ കുറെ മാസങ്ങളായി സിഖുകാരിൽ ഒരു വിഭാഗത്തെ അടർത്തിയെടുത്തു ഖാലിസ്ഥാൻ വിമോചന പ്രസ്ഥാനത്തിന് ജീവൻ നൽകിയ വിഭാഗത്തിനുള്ള മുന്നറിയിപ്പ് കൂടിയായി ഈ കൂട്ടായ്മ. ഇന്ത്യയെ ഇല്ലായ്മ ചെയ്യാൻ ഒരിന്ത്യക്കാരും കൂട്ട് നിൽക്കില്ലെന്ന പ്രഖ്യാപനവും പാക് ഹൈ കമ്മീഷൻ ഓഫീസിനു മുന്നിൽ എത്തിയവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കയ്യിൽ ഇന്ത്യൻ ദേശീയ പതാക ഏന്തിയവർ ഭാരത് ജവാബ് ദേഖാ (ഇന്ത്യക്കു മറുപടിയുണ്ട്) എന്ന് വികാരഭരിതമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. ഞങ്ങൾ ഇത് മറക്കില്ല. ഓർമ്മയിൽ ചോരമണമുള്ള ഈ ദിനം ഞങ്ങൾ സൂക്ഷിക്കും എന്നൊക്കെയുള്ള മുദ്രവാക്യങ്ങൾക്കൊപ്പം വീര ജവാൻ അമർ രഹെ എന്ന് മുഴക്കിയും ദേശ സ്നേഹികൾ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യം അർപ്പിച്ചു ദാരുണമായ ആക്രമണത്തിൽ ഇന്ത്യക്കു നിശബ്ദമായിരിക്കാൻ കഴിയില്ല എന്നോർമ്മിപ്പിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കൊപ്പം ലണ്ടനും പങ്കു ചേർന്നത്. ലണ്ടനിൽ തുടർച്ചയായി പാക് അനുകൂല സംഘടനകൾ കാശ്മീർ വിഷയം ചർച്ചയാക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വംശജരുടെ പ്രതിഷേധത്തിനു വലിയ പ്രാധാന്യമാണ് നിരീക്ഷകർ നൽകുന്നത്.

അതിനിടെ പുൽവാമയിൽ ജീവൻ ബലി നൽകിയ ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു കവൻട്രി കേരള സ്‌കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് മൗന പ്രാർത്ഥനയും ശ്രദ്ധാഞ്ജലിയും നടത്തി. മുതിർന്ന അദ്ധ്യാപകൻ എബ്രഹാം കുര്യൻ ഭീകരവാദത്തിന്റെ രൂക്ഷത വിശദീകരിച്ച പരിപാടിയിൽ പ്രധാന അദ്ധ്യാപകൻ ലാലു സ്‌കറിയ, ഷിൻസൺ മാത്യു, മാത്യു വർഗീസ്, റെജി യോഹന്നാൻ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ ദേശീയതയെ കുറിച്ച് രണ്ടാഴ്ച മുൻപ് റിപ്പബ്ലിക് ദിനത്തിൽ നൃത്താവിഷ്‌കാരം നടത്തിയ കുട്ടികൾക്ക് തന്നെ അതെ ദേശീയത നേരിടുന്ന വിപത്തിന്റെ ചിത്രവും ബോധ്യമാക്കുന്നതിനു വേണ്ടിയാണു ഇത്തരം ഒരു ചടങ്ങു ക്രമീകരിച്ചത്. മലയാളി ജവാൻ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട സംഭവത്തിൽ ലോകത്തിനൊപ്പം ദുഃഖം രേഖപ്പെടുത്തുന്നു എന്ന് വക്തമാക്കിയാണ് ദേശീയഗാനം ചൊല്ലി ചടങ്ങ് സമാപിച്ചത്.

ജമ്മു കാശ്മീരിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ബ്രിട്ടീഷ് സഞ്ചാരികൾ തൽക്കാലം അങ്ങോട്ടുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലതു എന്ന മട്ടിൽ ബ്രിട്ടൻ യാത്ര മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മുവിൽ സംഘർഷം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ ഒക്കെ ബ്രിട്ടൻ ഇത്തരം മുന്നറിയിപ്പ് പ്രഖ്യാപിക്കുക സാധാരണമാണ്. അടുത്തിടെ കേരളത്തിൽ ശബരിമല വിഷയത്തിൽ സംഘർഷം ഉണ്ടായപ്പോഴും ഇത്തരത്തിൽ ഉള്ള ജാഗ്രത നിർദ്ദേശം ബ്രിട്ടൻ പുറപ്പെടുവിച്ചിരുന്നു.

ഈ മാസം 9 നു ജമ്മു കാശ്മീർ നാഷണൽ അവാമി പാർട്ടി പാക് അധീന കശ്മീരിലെ മനുഷ്യാവകാശ ലാംന്ഘനം ചൂണ്ടിക്കാട്ടി പാക് ഹൈ കമ്മീഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. ഭീകരവാദം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്ന് മുന്നറിയിപ്പും ജെ കെ എൻ എ പി അന്ന് ഉയർത്തിയിരുന്നു. പാക്കിസ്ഥാന് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നവർ ജമ്മുവിലെ ജനങ്ങളുടെ കണ്ണീർ കാണാതെ പോകുന്നത് എന്തുകൊണ്ടാണെന്നും പ്രതിഷേധക്കാർ ആശങ്കപ്പെട്ടിരുന്നു. ജമ്മുവിൽ കലാപം ഉയർത്താൻ ശ്രമിക്കുന്നവർ പാക് അധീന കാശ്മീരിൽ നടക്കുന്നത് എന്താണ് എന്ന് തിരിച്ചറിയണമെന്നും സംഘടനാ ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിഷേധത്തിനു മുന്നോടിയായി ഫെബ്രുവരി ആറിന് നൂറുകണക്കിന് ആളുകളെ അണിനിരത്തി കാശ്മീരി സോളിഡാരിറ്റി ഡേ എന്ന് പേരിട്ടു വലിയ ഇന്ത്യ വിരുദ്ധ പ്രകടനത്തിനും ലണ്ടൻ സാക്ഷിയായിരുന്നു.

ഇതിനു ബദൽ എന്നോണം രണ്ടു നാൾ കഴിഞ്ഞപ്പോൾ ഈ മാസം 11 നു തന്നെ ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് ലണ്ടനിൽ മറ്റൊരു പ്രതിഷേധം നടത്തിയിരുന്നു. ബർമിങ്ഹാമിൽ നാൽപതു വർഷം മുൻപ് രൂപം കൊണ്ട ഈ വിഘടിത സംഘടനക്ക് ബ്രിട്ടന് കൂടാതെ അമേരിക്കയിലും യൂറോപ്പിലും മിഡ്ഡിൽ ഈസ്റ്റിലും കൂടാതെ പാക് അധീന കാശ്മീരിലും ജമ്മു കാശ്മീരിലും കാര്യമായ ആൾ സ്വാധീനമുണ്ട് 1994 കളിൽ ഇവരുടെ ഇന്ത്യ ഘടകം വെടിനിർത്തൽ പ്രഖ്യാപനവുമായി രംഗത്ത് വന്നു ഏറെക്കുറെ നിശബ്ദം ആയെങ്കിലും 2005 ൽ വീണ്ടും സംയുക്തമായി ആദ്യകാല ആവശ്യങ്ങളിലേക്കു മടങ്ങുക ആയിരുന്നു.

പാക്കിസ്ഥാൻ ആർമിയുടെ പൂർണ പിന്തുണയുള്ള ജെ കെ എൽ എഫ് സംഘടനാ സ്ഥാപകൻ മക്‌ബൂൽ ഭട്ടിന്റെ 35 ചരമ വാർഷികം പ്രമാണിച്ചാണ് ലണ്ടനിൽ കഴിഞ്ഞ ആഴ്ച പത്ര സമ്മേളനവും കൂട്ടായ്മയും സംഘടിപ്പിച്ചത്. മൂന്നു നാൾ കഴിഞ്ഞു പുൽവാമയിൽ ഉണ്ടായ ആക്രമണം ജെ കെ എൽ എഫ് അടക്കമുള്ള വിഘടന വാദികൾക്ക് നൽകുന്ന ആവേശം ചെറുതായിരിക്കില്ല. ബ്രിട്ടനിൽ തുടർച്ചയായി ഇന്ത്യ വിരുദ്ധ സംഘടനകൾ നടത്തുന്ന നീക്കങ്ങൾക്കു എതിരെ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് കരുത്തു കാട്ടാൻ ജെ കെ എൽ എഫ് രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.

ഈ മാസം നാലിന് ബ്രിട്ടീഷ് പാർലിമെന്റിൽ തന്നെ കൺസർവേറ്റിവ്, ലേബർ പാർട്ടി അംഗങ്ങളായ മുസ്ലിം വിഭാഗത്തിലെ എംപിമാർ ചേർന്ന് കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനം ഉയർത്തി യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പാക് വിദേശ കാര്യാ മന്ത്രാലയത്തിന്റെ കുറിപ്പും എംപിമാർ വിതരണം ചെയ്തിരുന്നു. ഇന്ത്യയെ അപലപിക്കും വിധമാണ് യോഗ നടപടികൾ മുന്നേറിയത്. ഇതറിഞ്ഞ ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനെ പ്രതിഷേധം അറിയിച്ചെങ്കിലും പാർലിമെന്റ് അംഗങ്ങളുടെ ഇത്തരം പ്രവർത്തനത്തിൽ സ്വതന്ത്ര രാജ്യം എന്ന നിലയിൽ ഇടപെടാൻ പ്രയാസം ഉണ്ടെന്നായിരുന്നു മറുപടി. പാർലിമെന്റ് അംഗങ്ങൾ അവരുടെ പ്രവർത്തന സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു ബ്രിട്ടന്റെ നിലപാട്.

പാക്കിസ്ഥാൻ വിദേശ കാര്യാ മന്ത്രിയുടെ ലണ്ടനിലെ അടുത്തിടെ ഉണ്ടായ സന്ദർശനവും കാശ്മീർ കോൺഫ്രൻസ് എന്ന് പേരിട്ടു നടത്തിയ പരിപാടിയിലെ പങ്കാളിത്തവും ഒക്കെ ആശങ്ക ആയി ഇന്ത്യ അറിയിച്ചതിനു പിന്നാലെ എത്തിയ പുൽവാമ ആക്രമണത്തിൽ ബ്രിട്ടൻ ശക്തമായ നിലപാട് പാകിസ്തനു എതിരെ എടുക്കണമെന്നും ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യ പ്രതീക്ഷിച്ച നിലയിലുള്ള പ്രതികരണമല്ല ബ്രിട്ടനിൽ നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർ പാക് ഹൈ കമ്മീഷന് മുന്നിൽ ഉയർത്തിയ പ്രതിഷേധത്തിനു വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. പാക് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം ഔദ്യോഗികം അല്ലായിരുന്നു എന്ന് മാത്രമാണ് ബ്രിട്ടൻ ഇന്ത്യക്കു നൽകിയ മറുപടിയിൽ അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP