Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗി ആശുപത്രിയിൽ എത്തിയാൽ മാത്രം ചികിത്സയും മരുന്നും; കാരുണ്യയിൽ നിന്ന് ആശാധാരാ പദ്ധതിയിലേക്കുള്ള മാറ്റം വലിയ തിരിച്ചടി; ഏഴു മാസത്തിനിടെ മരിച്ചത് എട്ട് ഹീമോഫീലിയ രോഗികൾ; മറുനാടൻ വാർത്തയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കേസെടുത്ത് സർക്കാരിന് നോട്ടീസ്

രോഗി ആശുപത്രിയിൽ എത്തിയാൽ മാത്രം ചികിത്സയും മരുന്നും; കാരുണ്യയിൽ നിന്ന് ആശാധാരാ പദ്ധതിയിലേക്കുള്ള മാറ്റം വലിയ തിരിച്ചടി; ഏഴു മാസത്തിനിടെ മരിച്ചത് എട്ട് ഹീമോഫീലിയ രോഗികൾ; മറുനാടൻ വാർത്തയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കേസെടുത്ത് സർക്കാരിന് നോട്ടീസ്

ആർ പീയൂഷ്

കൊച്ചി: സമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ ഏഴ് മാസത്തിനിടെ കേരളത്തിൽ എട്ട് ഹീമോഫീലിയ രോഗികൾ മരിച്ചതായി ഹീമോഫീലിയ സൊസൈറ്റി അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സർക്കാരിന് നോട്ടീസയച്ചു. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. മറുനാടൻ മലയാളിയിൽ വന്ന വാർത്തയാണ് കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടത്.

കാരുണ്യ ചികിത്സാ പദ്ധതിയിൽ നിന്നും ആശാധാരാ പദ്ധതിയിലേക്കുള്ള മാറ്റം ഹീമോഫീലിയ രോഗികൾക്ക് വലിയ ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നത്. രോഗി ആശുപത്രിയിലായാൽ മാത്രമേ ചികിത്സയും മരുന്നും അനുവദിക്കേണ്ടതുള്ളൂവെന്ന ആശാധാരയിലെ വ്യവസ്ഥയാണ് ഹീമോഫീലിയ രോഗികളെ ബുദ്ധിമുട്ടിലാക്കിയത്.

ആന്തരിക രക്ത സ്രാവമാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാനുള്ള ഘടകങ്ങളായ ഫാക്ടർ 7, ഫാക്ടർ 8, ഫാക്ടർ 9 എന്നിവ രക്തത്തിൽ കുറവായിരിക്കുന്നതാണ് രോഗ കാരണം. ഹീമോഫീലിയ ബാധിതരിൽ സാധാരണ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ രക്തസ്രാവം ഉണ്ടാകാറുണ്ട്. ഈ സമയത്ത് രോഗിക്ക് ആവശ്യമുള്ള ഫാക്ടർ മരുന്നുകൾ കുത്തി വയ്ക്കണം. ചികിത്സക്ക് താമസമുണ്ടായാൽ ജീവന് ഭീഷണിയാവും.

രക്തസ്രാവമുണ്ടാകുന്ന സമയത്ത് ഉപയോഗിക്കാനായി രണ്ട് ഡോസ് മരുന്ന് വീട്ടിൽ കരുതണം. എന്നാൽ ആന്തരിക രക്തസ്രാവമുണ്ടായാൽ ആശുപത്രിയിൽ കിടക്കണമെന്നാണ് ആശാധാരയിലെ വ്യവസ്ഥ. ജില്ലകളിൽ ഹീമോഫീലയ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ദുരെയുള്ള രോഗികൾക്ക് ആശുപത്രിയിലെത്താൻ പ്രയാസമുണ്ട്. കാരുണ്യ രീതി പുനരാരംഭിച്ചാൽ ഹീമോഫീലിയ രോഗികൾക്ക് യഥാസമയം സൗജന്യ ചികിത്സ ലഭിക്കുമെന്ന് ഹീമോഫീലിയ സൊസൈറ്റി കൊച്ചി ചാപ്റ്റൻ സെക്രട്ടറി വിനോദ് അരവിന്ദാക്ഷൻ പറഞ്ഞു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ ഹീമോഫീലിയ ചികിത്സാ കേന്ദ്രങ്ങൾ (എച്ച്.ടി.സി.) ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ദൂരെയുള്ള രോഗികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ഈ കേന്ദ്രത്തിലെത്തുക പ്രായോഗികമല്ല. ഹീമോഫീലിയ ചികിത്സയിലുള്ളവർ ആഴ്ചയിൽ രണ്ടുവട്ടം ഈ കേന്ദ്രത്തിലെത്തി മരുന്ന് എടുക്കണം. കുട്ടികൾക്ക് ബുധനും ശനിയും പോകണം. എന്നാൽ, എല്ലാ കുട്ടികൾക്കും എപ്പോഴും ഇത് എളുപ്പമാവില്ല.

ലോക ഹീമോഫീലിയ ഫെഡറേഷന്റെ നിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടന അംഗീകരിച്ച് എല്ലാ രാജ്യങ്ങളിലും നടപ്പാക്കുന്ന രീതിയാണ് ഹോം തെറാപ്പി. ഫാക്ടർ മരുന്നുകൾ വീട്ടിൽ സൂക്ഷിച്ച് അത്യാവശ്യ ഘട്ടത്തിൽ വീട്ടിൽ തന്നെ കുത്തിവെപ്പ് നൽകുന്ന രീതിയാണിത്. കേരളത്തിൽ പിന്തുടർന്നിരുന്നതും പുതിയ പദ്ധതിയെത്തിയതോടെ നിന്നുപോയ രീതിയുമാണിത്. രോഗികൾക്കായി അറുപതിലേറെ താലൂക്ക് ആശുപത്രികളിൽ ചികിത്സാ സംവിധാനം വന്നെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ 40 ആശുപത്രികളിൽ മാത്രമാണ് മരുന്ന് എത്തിയിരിക്കുന്നത്. ഹീമോഫീലിയ ചികിത്സാ പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്‌സുമാരും ഇല്ലാത്തതും പ്രശ്നമാണ്. കാരുണ്യ രീതി പുനരാരംഭിക്കുകയും ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയുമാണ് വേണ്ടത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP