Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാരത് മേം സബ് അച്ഛാ ഹേ.. എന്നു ഹിന്ദിയിൽ പറഞ്ഞ മോദി 'എല്ലാം സൗഖ്യം' എന്നു മലയാളത്തിലും പറഞ്ഞതോടെ ആവേശത്തിലായി യുഎസ് മലയാളികൾ; 'അടുത്ത തവണയും ട്രംപ്' എന്ന വാചകം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റുമായുള്ള ആത്മബന്ധവും വ്യക്തമാക്കി; മോദിയുടെ കീഴിയിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നുവെന്ന് ട്രംപും; അദ്ദേഹത്തെ കുടുംബ സമേതം ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു എന്നു പറഞ്ഞപ്പോൾ നിലയ്ക്കാത്ത കയ്യടി; 'ഹൗഡി മോദി' സംഗമ വേദിയിൽ തെളിഞ്ഞത് ട്രംപ് - മോദി സൗഹൃദത്തിന്റെ പുതിയ എപ്പിസോഡ്

ഭാരത് മേം സബ് അച്ഛാ ഹേ.. എന്നു ഹിന്ദിയിൽ പറഞ്ഞ മോദി 'എല്ലാം സൗഖ്യം' എന്നു മലയാളത്തിലും പറഞ്ഞതോടെ ആവേശത്തിലായി യുഎസ് മലയാളികൾ; 'അടുത്ത തവണയും ട്രംപ്' എന്ന വാചകം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റുമായുള്ള ആത്മബന്ധവും വ്യക്തമാക്കി; മോദിയുടെ കീഴിയിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നുവെന്ന് ട്രംപും; അദ്ദേഹത്തെ കുടുംബ സമേതം ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു എന്നു പറഞ്ഞപ്പോൾ നിലയ്ക്കാത്ത കയ്യടി; 'ഹൗഡി മോദി' സംഗമ വേദിയിൽ തെളിഞ്ഞത് ട്രംപ് - മോദി സൗഹൃദത്തിന്റെ പുതിയ എപ്പിസോഡ്

മറുനാടൻ ഡെസ്‌ക്‌

ഹൂസ്റ്റൺ: അമേരിക്കൻ നഗരമായ ഹൂസ്റ്റണെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിക്കുന്നതായിരുന്നു ലോകത്തെ ഏറ്റവും കരുത്തരായ രണ്ട് ജനാധിപത്യ രാജ്യത്തെ തലവന്മാർ ഒരുമിക്കുന്ന 'ഹൗഡി മോദി' പരിപാടി. ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം കൂടി വ്യക്തമാക്കുന്നതായിരുന്നു പതിനായിരങ്ങൾ ആവേശത്തോടെ ഇരുവർക്കും ജയ് വിളിച്ച ചടങ്ങ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ തേടുക എന്ന തന്ത്രപരമായ ലക്ഷ്യം കൂടി ഹൗദി മോദി പരിപാടിക്ക് ഉണ്ടായിരുന്നു. എൻആർജി സ്റ്റേഡിയത്തെ വാക്കുകൾ കൊണ്ട് ത്രസിപ്പിക്കുകയായിരുന്നു ഇരു നേതാക്കളും.

ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ ഏട്

സമ്മേളനത്തിലെ ട്രംപിന്റെ സാന്നിധ്യം ഇന്ത്യയുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോണൾഡ് ട്രംപ് ഒരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റ് ആകണമെന്നും അദ്ദേഹം പറഞ്ഞു. 'അടുത്ത തവണയും ട്രംപ്' എന്ന വാചകം മോദി ആവർത്തിച്ചു. 2017ൽ താങ്കളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഇന്ത്യയാകുന്ന എന്റെ കുടുംബത്തിനെ ഇപ്പോൾ താങ്കളെ പരിചയപ്പെടുത്തുന്നു. നരേന്ദ്ര മോദിയുടെ നല്ല വാക്കുകൾക്ക് ഡോണൾഡ് ട്രംപ് നന്ദി പറഞ്ഞു.

മോദിയുടെ കീഴിയിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു പോരാടുമെന്നും ട്രംപ് വ്യക്തമാക്കി. അതിർത്തികാവൽ ഇരു രാജ്യങ്ങൾക്കും പ്രധാനമാണെന്ന് ട്രംപ് ഹൂസ്റ്റൺ വേദിയിൽ പറഞ്ഞു. ഇന്ത്യ സന്ദർശിക്കാനുള്ള താൽപര്യവും യുഎസ് പ്രസിഡന്റ് പ്രകടിപ്പിച്ചു. ഹൗഡി മോദി എന്നു ചോദിച്ചാൽ ഇന്ത്യയിൽ എല്ലാം ഗംഭീരമെന്ന പറയുമെന്നു മലയാളത്തിൽ ഉൾപ്പെടെ വിവിധ ഭാഷകളിൽ മോദി സദസ്സിനോട് പറഞ്ഞു. വർണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. അരലക്ഷത്തിലേറെ ഇന്ത്യക്കാർ പങ്കെടുത്തു.

മലയാളം പറഞ്ഞ് മോദി, ആവേശത്തോടെ യുഎസ് മലയാളികൾ

ഹൗഡി മോദി ചടങ്ങിൽ മലയാളമുൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത് ചടങ്ങിനെത്തിയ മലയാളികളെയും ആവേശത്തിലാക്കി. 'ഹൗഡി മോദി (എങ്ങനെയുണ്ട് മോദി) എന്നു ചോദിച്ചാൽ എന്റെ മനസ്സ് ഇങ്ങനെ പറയും: ഭാരത് മേം സബ് അച്ഛാ ഹേ (ഇന്ത്യയിൽ എല്ലാം നന്നായി പോകുന്നു).' പിന്നീട് മോദി വിവിധ ഇന്ത്യൻ ഭാഷകളിൽ ഇതേ ആശയം ആവർത്തിച്ചു. തുടർന്നായിരുന്നു 'എല്ലാം സൗഖ്യം' എന്നു മലയാളത്തിൽ അദ്ദേഹം പറഞ്ഞത്.

മോദിയുടെ പ്രസംഗത്തിൽനിന്ന്: ഇവിടെ ലഭിച്ച വരവേൽപ് സങ്കൽപിക്കാവുന്നതിലുമേറെയാണ്. പ്രസിഡന്റ് ട്രംപ് വന്നത് എനിക്കു വലിയ പ്രതീക്ഷകൾ നൽകുന്നു. യുഎസ് സെനറ്റർമാർ ഇന്ത്യയെക്കുറിച്ചു പറഞ്ഞത് അമേരിക്കയിലെ ഇന്ത്യക്കാർക്കുള്ള ആദരം കൂടിയാണ്. ഇന്ത്യയിലെ ഓരോ പൗരനുമുള്ള ആദരമാണ്. ഹൗഡി മോദി എന്നാണു പേര്. പക്ഷേ മോദി തനിച്ച് ഒന്നുമല്ല. ഭാരതീയരുടെ നിർദ്ദേശമനുസരിച്ചു കാര്യങ്ങൾ ചെയ്യുന്ന ഒരു സാധാരണക്കാരൻ മാത്രം.

വിവിധ ഭാഷകളാണു ഞങ്ങളുടെ സവിശേഷത. നൂറുകണക്കിനു ഭാഷകൾ ഒരുമിച്ചു മുന്നേറുന്നു. ഭാഷ മാത്രമല്ല, വിശ്വാസങ്ങളും ഒരുമിച്ചു മുന്നോട്ടു പോകുന്നു. നാനാത്വം ജനാധിപത്യത്തിന്റെ തറക്കല്ലാണ്; ശക്തിയും പ്രചോദനവുമാണ്. വികസനം എന്നതാണ് ഏറ്റവും വലിയ മന്ത്രം. സബ്‌കെ സാഥ് സബ്കാ വികാസ്. ലോകം മുഴുവൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭ്യമാകുന്ന രാജ്യം ഇന്ത്യയാണ്. ചെലവുകുറഞ്ഞ ഡേറ്റ അതാണ് ഡിജിറ്റൽ ഇന്ത്യയുടെ സവിശേഷത.

പാസ്‌പോർട്ടിന് 3 മാസം എടുത്തിരുന്നത് ഇപ്പോൾ 1 ആഴ്ചയ്ക്കുള്ളിൽ കിട്ടും. ഇവീസ സേവനം, കമ്പനികൾക്ക് റജിസ്‌ട്രേഷൻ എന്നിവയെല്ലാം 24 മണിക്കൂറിനുള്ളിൽ ലഭ്യം. ആദായനികുതി തിരിച്ചടവ് അനായാസമായി. കുറച്ചുനാൾ മുൻപ് 370 ാം വകുപ്പിനും വിട ചൊല്ലി. വികസനത്തിൽനിന്നു തടസ്സം സൃഷ്ടിച്ചിരുന്നത് എടുത്തുമാറ്റി. ഇപ്പോൾ തുല്യ അധികാരം എല്ലാവർക്കും. ഭീകരതയെ ഊട്ടിവളർത്തുന്നവരെ ലോകം മുഴുവൻ അറിയും. ഭീകരതയ്ക്ക് എതിരെ നിർണായക യുദ്ധം തുടങ്ങാനുള്ള സമയമായി. ഈ യുദ്ധത്തിൽ ട്രംപിന്റെ പിന്തുണയുണ്ട്. ട്രംപ് എന്നെ 'ടഫ് നെഗോഷ്യേറ്റർ' എന്നാണു വിളിക്കുന്നത്. അദ്ദേഹം പക്ഷേ, 'ആർട് ഓഫ് ദ് ഡീലിൽ' വളരെ മിടുക്കനാണ്. ഞാൻ അദ്ദേഹത്തിൽനിന്നു പഠിക്കുകയാണ്. ഇന്ത്യയിലേക്കു കുടുംബസമേതം വരാനും ക്ഷണിക്കുന്നു.

എൻആർജി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് ഇന്ത്യൻ ജനസമുദ്രം

ഹൂസ്റ്റണിൽ ഒരു മിനി ഇന്ത്യ പിറക്കുന്ന അവസരമായിരുന്നു ഇന്നലെ എന്നു പറയേണ്ടി വരും. മണിക്കൂറുകൾ ഉള്ളലിഞ്ഞാസ്വദിച്ച്, പാട്ടും നൃത്തവുമായി ഗൃഹാതുരത്വം പങ്കിട്ടു പ്രവാസികൾ വിശിഷ്ടാതിഥികൾക്കായി കാത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുമെന്നും ഒരു മണിക്കൂറിലേറെ ചെലവിടുമെന്നും വൈറ്റ്ഹൗസ് അറിയിപ്പു വന്നതു മുതൽ തന്നെ ഇന്ത്യൻ സമൂഹം ആഘോഷത്തിലായിരുന്നു. ഒടുവിൽ നേതാക്കൾ സംഗമിച്ചതോട ആവേശം അലതല്ലി.

മോദി വിമാനമിറങ്ങിയതുതന്നെ 'ഹൗഡി ഹൂസ്റ്റൺ' (ഹലോ ഹൂസ്റ്റൺ) എന്ന ട്വിറ്റർ കുശലാന്വേഷണത്തോടെയായിരുന്നു. ഹൂസ്റ്റണിലെ പ്രധാനചടങ്ങായ 'ഹൗഡി മോദി'യുടെ അതേ ആവേശം സ്ഫുരിക്കുന്ന ഹൃദ്യമായ മറുചോദ്യം. അമേരിക്കൻ ശൈലിയിലുള്ള 'ഹലോ'യാണ് 'ഹൗഡി'. വാഷിങ്ടൻ ഡിസിയിൽ നിന്നു വിമാനം കയറിയെന്നും 'ഹൂസ്റ്റണിൽ സുഹൃത്ത് മോദിക്കൊപ്പം കാണാമെന്നും ഗംഭീര ദിനമായിരിക്കു'മെന്നും തൽസമയം ട്വിറ്റർ സന്ദേശങ്ങളുമായി ട്രംപും ആവേശത്തിനു മിഴിവേകി. തീർച്ചയായും ഗംഭീര ദിനമായിരിക്കും എന്നു മോദിയുടെ മറുപടി പിന്നാലെയെത്തി. ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ വംശജരുടെ ഇത്ര വലിയൊരു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ഹൂസ്റ്റൺ വിമാനത്താവളത്തിൽ ഇന്ത്യയിലെ യുഎസ് സ്ഥാനപതി കെനത്ത് ജസ്റ്റർ, യുഎസിലെ ഇന്ത്യൻ സ്ഥാനപതി ഹർഷവർധൻ ഷ്‌റിഗ്ല എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാണു മോദിയെ വരവേറ്റത്. 90 മിനിറ്റ് സാംസ്‌കാരിക പരിപാടികളോടെയായിരുന്നു 'ഹൗഡി മോദി' തുടക്കം. ഹൂസ്റ്റണിലെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മേയർ സിൽവസ്റ്റർ ടേണറാണു സ്വാഗതം പറഞ്ഞത്. ഒൻപതരയോടെ മോദിയും ട്രംപും വേദിയിലെത്തി. അരമണിക്കൂർ ട്രംപിന്റെ പ്രസംഗം. തുടർന്ന്, മോദി സംസാരിച്ചു തുടങ്ങിയതോടെ ജനസമുദ്രം ഇളകിമറിഞ്ഞു. കരഘോഷവും 'മോദി മോദി' വിളികളുമായി എൻആർജി സ്റ്റേഡിയത്തിൽ ആവേശം അലതല്ലി.

മാർപ്പാപ്പയ്ക്കു ശേഷം ഒരു വിദേശരാഷ്ട്ര നേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പ്

അതിഥിയായി ഏതാനും മിനിറ്റുകൾമാത്രം ചടങ്ങിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു. പരിപാടിയിൽ പങ്കെടുക്കാനായിമാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്. 50000 ഇന്ത്യൻ വംശജരായ അമേരിക്കക്കാരാണ് തങ്ങളുടെ പ്രിയനേതാവിനെ കാണാനും പ്രസംഗം കേൾക്കാനും എൻ.ആർ.ജി. ഫുട്‌ബോൾ സ്റ്റേഡിയത്തിലെത്തിയത്. ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുശേഷം ഒരുവിദേശരാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേല്പാണ് ടെക്‌സസിലെ ഇന്ത്യൻഫോറതത്തിൽ മോദിക്ക് ലഭിച്ചത്.

'ഒരേ സ്വപ്നം, തിളക്കമാർന്ന നാളെ' എന്ന സന്ദേശവുമായി നടത്തിയപരിപാടിയിൽ ട്രംപ് നേരിട്ടെത്തിയത് ഇരുരാജ്യങ്ങളുംതമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, വ്യാപാരബന്ധം ശക്തിപ്പെടുമെന്നതിന്റെ വ്യക്തമായ സന്ദേശംകൂടിയായി. രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയാണിത്. 'വീണ്ടും മോദി' എന്ന ആരവങ്ങൾക്കിടെ ഇന്ത്യൻസമയം ഞായറാഴ്ച വൈകീട്ടാണ് പരിപാടി തുടങ്ങിയത്. 9.20-ന് ട്രംപും മോദിയും സദസ്യരെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരുമിച്ച് വേദിയിലെത്തി. പിന്നാലെ ഇന്ത്യ-യു.എസ്. ബന്ധത്തിന്റെ ചരിത്ര, വർത്തമാനങ്ങളും മോദിയുമായുള്ള ഉറ്റസൗഹൃദവും വിശദമാക്കി ട്രംപിന്റെ അരമണിക്കൂർ നീണ്ട പ്രസംഗം.

10.45-ന് സദസ്യർ ഏറെ കാത്തിരുന്ന മോദിയുടെ പ്രസംഗം. ഇന്ത്യയുടെ ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന 'വോവെൻ' എന്ന കലാ-സാംസ്‌കാരിക പരിപാടിയുമായി നാനൂറോളം കലാകാരന്മാർ തുടർന്ന് വേദിയിലെത്തി. പ്രശസ്ത പോപ്പ് ഗായിക ബിയോൺസെയുടെ സംഗീതപരിപാടി, ഇന്ത്യ-യു.എസ്. പരമ്പരാഗത നാടോടി ഗാന-നൃത്ത സന്ധ്യ എന്നിവയോടെ മൂന്ന് മണിക്കൂർ നീണ്ട സംഗമത്തിന് തിരശ്ശീലവീണു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP