Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

വിസ്മയ, ഉത്ര, തുഷാര: സ്ത്രീധനത്തിനായി ബലി നൽകിയ ജീവനുകൾ ഏറെയെങ്കിലും സ്ത്രീധന മാരണത്തിന് തടയിടാനായില്ല; അഞ്ചക്ക ശമ്പളം വാങ്ങുന്ന സർക്കാരുദ്യോഗസ്ഥരും കണക്കു പറഞ്ഞ് കൈനീട്ടി വാങ്ങുന്നു; സ്ത്രീധന നിരോധന നിയമം നടപ്പാക്കാതെ സർക്കാർ ഒത്തുകളിക്കുന്നത് ഇങ്ങനെ

വിസ്മയ, ഉത്ര, തുഷാര: സ്ത്രീധനത്തിനായി ബലി നൽകിയ ജീവനുകൾ ഏറെയെങ്കിലും സ്ത്രീധന മാരണത്തിന് തടയിടാനായില്ല; അഞ്ചക്ക ശമ്പളം വാങ്ങുന്ന സർക്കാരുദ്യോഗസ്ഥരും കണക്കു പറഞ്ഞ് കൈനീട്ടി വാങ്ങുന്നു; സ്ത്രീധന നിരോധന നിയമം നടപ്പാക്കാതെ സർക്കാർ ഒത്തുകളിക്കുന്നത് ഇങ്ങനെ

സായ് കിരൺ

തിരുവനന്തപുരം: വിസ്മയെയും ഉത്രയെയും തുഷാരയെയും പോലെ ആയിരക്കണക്കിന് പെൺകുട്ടികളുടെ ജീവിതം ബലി നൽകിയിട്ടും, കേരളത്തെ ലോകത്തിനു മുന്നിൽ നാണംകെടുത്തുന്ന സ്ത്രീധനമെന്ന വിപത്തിന് തടയിടാനാവുന്നില്ല. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്താൽ അഞ്ചുവർഷം ജയിലിൽ കിടത്താവുന്ന അതിശക്തമായ നിയമമുള്ള നാട്ടിലാണ് പെൺകുട്ടികൾ സ്ത്രീധനത്തിന്റെ പേരിൽ കുരുതികൊടുക്കപ്പെടുന്നത്. സ്ത്രീധനം കുറഞ്ഞുപോയതിനും കുടിശിക തീർക്കാത്തതിനും എന്നുവേണ്ട, വസ്തുവകകളെല്ലാം ഒറ്റയടിക്ക് കൈക്കലാക്കാൻ വരെ പെൺകുട്ടികളെ കൊന്നുതള്ളുന്നു. സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തുന്ന കിരാതസംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.

കൂടുതൽ സ്ത്രീധനം കിട്ടാനും കിട്ടിയത് സ്വന്തമാക്കാനും ഭാര്യയെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെയുണ്ടായത്. നൂറു പവനും മൂന്നരയേക്കർ ഭൂമിയും കാറും പത്തുലക്ഷം രൂപയും വീട്ടുചെലവിന് മാസംതോറും 8000രൂപയും നൽകിയിട്ടും സ്വത്തുക്കൾ തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നത്. രണ്ടുലക്ഷം സ്ത്രീധനം വൈകിയതിനാണ് കൊല്ലത്ത് ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്. പഞ്ചസാരവെള്ളവും കുതിർത്ത അരിയും നൽകി മുറിയിൽ പൂട്ടിയിടപ്പെട്ട തുഷാര, മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയിരുന്നു. 20കിലോഗ്രാം മാത്രമായിരുന്നു ഭാരം. തുഷാരയുടെ വീട്ടുകാർ 27തവണ പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ ഏപ്രിൽ വരെ 1080 സ്ത്രീധനപീഡന കേസുകളുണ്ടായി. വഴിപിരിയാൻ വഴിതേടി ലക്ഷങ്ങൾ കാത്തുനിൽക്കുന്നു. നിയമപ്രകാരം പൊന്നും പണവും നൽകുന്നത് മാത്രമല്ല, വിവാഹചെലവിന് കൊടുക്കുന്ന തുകപോലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്. മുസ്ലിം വിവാഹങ്ങളിലെ മഹർ സ്ത്രീധനപരിധിയിൽ വരില്ല. സ്ത്രീധനപീഡനം സഹിക്കാതെ വിവാഹബന്ധം വേർപെടുത്തുന്നതും കുത്തനേ ഉയരുകയാണ്. 28കുടുംബ കോടതികളിലായി 1,04,015 കേസുകളാണുള്ളത്.

കുടുംബമഹിമയുടെ അളവുകോലാക്കി സ്ത്രീധനത്തെ മാറ്റാൻ ശ്രമിക്കുന്ന മാതാപിതാക്കളാണ് സ്ത്രീധന വിപത്തിലെ ഒന്നാം പ്രതികൾ. വിവാഹത്തിന് സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ കുടുംബമഹിമ കാട്ടാൻ പെൺമക്കളുടെ മാതാപിതാക്കൾ മത്സരിക്കുന്നതോടെ സ്ത്രീധന നിരോധന നിയമം കടലാസു പുലിയാവുന്നു. അഞ്ചുവർഷത്തിനിടെ 66 സ്ത്രീധനപീഡന മരണങ്ങളും 15,143കേസുകളുമുണ്ടായെന്നാണ് ഔദ്യോഗിക കണക്കെങ്കിലും യഥാർത്ഥ കണക്ക് പതിന്മടങ്ങുണ്ടാവും.

നീതിതേടി ഇരകളുടെ കുടുംബങ്ങൾ

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം ഐ.പി.സി പ്രകാരമുള്ള ക്രിമിനൽ കുറ്റകൃത്യമാണ്. പൊലീസിൽ പരാതി കിട്ടിയാൽ പ്രാഥമിക പരിശോധന നടത്തണം. പരാതി ശരിയെങ്കിൽ ഒത്തുതീർപ്പിന് സാധുതയില്ലാത്ത ജാമ്യമില്ലാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണം.

ഒരു പതിറ്റാണ്ടിനിടെ, കമ്മിഷനിൽ ഏറ്റവുമധികം സ്ത്രീധനപീഡനക്കേസുകളുണ്ടായത് തിരുവനന്തപുരത്താണ്. 11വർഷത്തിനിടെ 447കേസുകൾ. ഇതിൽ 330ഉം തീർപ്പാക്കി. ഗാർഹികപീഡനവും സ്ത്രീപീഡനവും കൂടുതലുള്ളതും ഇവിടെയാണ്. കാസർകോട്ടാണ് സ്ത്രീധനപീഡനം കുറവ്. സ്ത്രീപീഡനക്കേസുകൾ കുറവ് വയനാട്ടിലും- 11വർഷത്തിനിടെ 126കേസുകൾ മാത്രം. വനിതാകമ്മിഷനിൽ ലഭിച്ച പരാതികൾ തുലോം കുറവാണെന്ന് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2016മുതൽ 2020വരെ 15,143 സ്ത്രീധനപീഡനക്കേസുകളാണ് പൊലീസ് രജിസ്റ്റർചെയ്തത്. സ്ത്രീധനപീഡനം കാരണം 66മരണങ്ങളുമുണ്ടായി.

സ്ത്രീധനം വാങ്ങില്ലെന്ന് ബോണ്ട് നൽകിയാലേ സർവകലാശാലകളിൽ ബിരുദം നൽകാവൂ എന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം ഇതുവരെ നടപ്പാക്കാനായിട്ടില്ല. സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന് ബോണ്ട് നൽകുന്നവർക്ക് മാത്രമേ സർവകലാശാലകളിലും കോളേജുകളിലും ബിരുദപ്രവേശനം നൽകാവൂ എന്ന ഗവർണറുടെ നിർദ്ദേശം നിയമവിരുദ്ധവും അപ്രായോഗികവുമായി മാറി. ബോണ്ട് നൽകിയില്ലെന്ന കാരണത്താൽ ആർക്കെങ്കിലും പ്രവേശനം നിഷേധിക്കാനോ, ആരുടെയെങ്കിലും ബിരുദം റദ്ദാക്കാനോ നിലവിലെ നിയമപ്രകാരം കഴിയില്ല. അതേസമയം, കരാർ രൂപത്തിലുള്ള ബോണ്ടിന് പകരം വിദ്യാർത്ഥികളിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്നതിന് തടസമില്ല. റാഗിങ് നടത്തില്ലെന്ന് വിദ്യാർത്ഥികൾ നിലവിൽ സത്യവാങ്മൂലം നൽകുന്നുണ്ട്.

സർവകലാശാലാ, കോളേജ് പ്രവേശനത്തിന് മെരിറ്ര്, പ്രായപരിധി അടക്കം നിശ്ചിത യോഗ്യതകളുണ്ട്. പ്രായപരിധി ബാധകമല്ലാത്ത ഓപ്പൺ, വിദൂര, പ്രൈവറ്റ് കോഴ്‌സുകളും സർവകലാശാലകളിലുണ്ട്. ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്കായി സെൻട്രൽ ജയിലുകളിൽ കേരള, ഇഗ്‌നോ സർവകലാശാലാ കേന്ദ്രങ്ങളുണ്ട്. ക്രിമിനൽ കുറ്റം ചെയ്യുന്നവരുടെ ബിരുദം തിരിച്ചെടുക്കാനോ റദ്ദാക്കാനോ നിയമമില്ല.

ആൾമാറാട്ടം, മാർക്ക് തട്ടിപ്പ്, വ്യാജരേഖകൾ ഹാജരാക്കൽ എന്നിവ കണ്ടെത്തിയാലേ ബിരുദം റദ്ദാക്കാനാവൂ. സിൻഡിക്കേറ്റ്, സെനറ്റ് ശുപാർശയയോടെ ചാൻസലറായ ഗവർണർക്ക് ഇതിന് അധികാരമുണ്ട്. ഇങ്ങനെയല്ലാതെ ബിരുദം റദ്ദാക്കാനോ പിൻവലിക്കാനോ നിലവിൽ നിയമമില്ല. അല്ലെങ്കിൽ നിയമസഭയിൽ നിയമഭേദഗതി കൊണ്ടുവരണം. ക്രിമിനൽ കുറ്രം ചെയ്തവർക്കു പോലും പഠനാവസരവും ബിരുദവും നിഷേധിക്കാനാവില്ലെന്നതിനാലും ഒരു വ്യക്തിയുടെ ഉപജീവനത്തെ തടസപ്പെടുത്തുമെന്നതിനാലും ഇത്തരം ഭേദഗതി ഭരണഘടനാവിരുദ്ധമായി മാറും.

സർവകലാശാലാ നിയമനങ്ങളിലും സ്ത്രീധനബോണ്ട് ഏർപ്പെടുത്തുന്നതും നിലവിലെ നിയമപ്രകാരം സാദ്ധ്യമല്ല. സർവകലാശാലകളും പി.എസ്.സിയുമാണ് നിയമനഅധികാരി. രണ്ടിടത്തും നിയമനത്തിന് ഇത്തരമൊരു വ്യവസ്ഥയേർപ്പെടുത്തിയാൽ ഭരണഘടനാവിരുദ്ധമായേക്കും. സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന 1961ലെ സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പാക്കുകയാണ് വേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP