Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

എഡിജിപി ഷേയ്ക് ദർവേഷ് സാഹിബിനെ സല്യൂട്ട് ചെയ്യാൻ മറന്ന പൊലീസുകാർക്ക് കിട്ടിയത് പൊലീസ് അക്കാദമിയിൽ ശ്വാസം വിടാൻ പോലും സമയമില്ലാത്ത ഉഗ്രൻ പണി! പുലർച്ചെയുള്ള ഉറക്കമുണരൽ മുതൽ പരേഡും ലക്ചറിങ്ങുമായി 10 ദിവസത്തെ നടുവൊടിക്കുന്ന പരിശീലനം; ശ്രീലക്ഷ്മി അറയ്ക്കലിനോട് അടിപൊളി ക്വസ്റ്റ്യൻസ് ചോദിച്ച വലിയതുറ പൊലീസിലെ രണ്ടുപൊലീസുകാർക്കും 10 നാൾ അക്കാദമി വാസം; അച്ചടക്കം പഠിപ്പിക്കുമ്പോൾ കേരള പൊലീസ് പറയും ഇതുതാൻടാ പൊലീസ്

എഡിജിപി ഷേയ്ക് ദർവേഷ് സാഹിബിനെ സല്യൂട്ട് ചെയ്യാൻ മറന്ന പൊലീസുകാർക്ക് കിട്ടിയത് പൊലീസ് അക്കാദമിയിൽ ശ്വാസം വിടാൻ പോലും സമയമില്ലാത്ത ഉഗ്രൻ പണി! പുലർച്ചെയുള്ള ഉറക്കമുണരൽ മുതൽ പരേഡും ലക്ചറിങ്ങുമായി 10 ദിവസത്തെ നടുവൊടിക്കുന്ന പരിശീലനം; ശ്രീലക്ഷ്മി അറയ്ക്കലിനോട് അടിപൊളി ക്വസ്റ്റ്യൻസ് ചോദിച്ച വലിയതുറ പൊലീസിലെ രണ്ടുപൊലീസുകാർക്കും 10 നാൾ അക്കാദമി വാസം; അച്ചടക്കം പഠിപ്പിക്കുമ്പോൾ കേരള പൊലീസ് പറയും ഇതുതാൻടാ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പഠിക്കുന്ന കാലത്ത് ശരിക്ക് പഠിച്ചില്ലെങ്കിൽ ജോലി കിട്ടുന്ന കാലത്തും ആ പഠിപ്പുകുറവ് തികട്ടി വരും. നമ്മുടെ രക്ഷകരായ പൊലീസുകാരുടെ കാര്യത്തിലും അങ്ങനെ തന്നെ. കഠിനമായ പരിശീലനമാണ് പൊലീസുകാർക്ക് ട്രെയിനിങ് കാലത്ത്. പരിശീലനം കഴിഞ്ഞാൽ ശാരീരികമായും മാനസികമായും നല്ല കുട്ടപ്പന്മാരും, കുട്ടപ്പിമാരുമാകും പൊലീസുകാർ. എന്നാലും ചിലതൊക്കെ അങ്ങനെ ദഹിക്കാതെ കിടക്കും. അത് ജോലി ചെയ്യുമ്പോൾ തികട്ടി വരും. ശംഖുമുഖത്ത് സദാചാരപൊലീസുകാർ മർദ്ദിച്ച ശ്രീലക്ഷ്മി അറയ്ക്കലും കൂട്ടുകാരും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ രണ്ട് പൊലീസ് ഏമാന്മാർ 'അടിപൊളി ക്വസ്റ്റ്യൻസ്' ചോദിച്ചതും ഈ ദഹനക്കേട് കൊണ്ടാണ്..

എന്തിനാണ് പതിനൊന്നരക്ക് ബീച്ചിൽ പോയിരുന്നത്? അവിടം സുരക്ഷിതമല്ലെന്ന് അറിയില്ലേ ? തന്റെ കൂടെ സ്റ്റേഷനിൽ വന്നവരോട് 'നിങ്ങൾക്കൊരു മകൾ ഉണ്ടെങ്കിൽ ഈ സമയത്ത് പുറത്ത് വിടുമോ'?'11.45 ന് നടന്ന സംഭവത്തിൽ നിങ്ങൾ ഓൺ ദ സ്‌പോട്ട് പരാതി തരാതെ ഇത്ര താമസിച്ച് വന്നത് എന്തുകൊണ്ട്? ഇപ്പോളാണോ കംപ്ലെയിന്റ് ചെയ്യാൻ വരുന്നത്? ഇങ്ങനെ ഉള്ള നല്ല അടിപൊളി ക്വസ്റ്റ്യൻ ആണ് നേരിട്ടതെന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു. അതിൽ ഒരു പൊലീസ്‌കാരൻ 'ഞാൻ ഒരച്ഛനാണ്.എന്റെ മക്കളെ ഞാനൊരിക്കലും രാത്രി ഇങ്ങനെ വിടില്ല' എന്നൊക്കെ ഉള്ള ഡയലോഗ് വരെ അടിച്ചു. 'എല്ലാം കഴിയുമ്പോൾ എന്റെ ചോദ്യം ഇതാണ്. ഇവിടെ എന്തിനാണ് പൊലീസ്?ബീച്ച് രാത്രി സുരക്ഷിതമല്ല എന്ന് ഉപദേശിക്കാനോ അതോ കഞ്ചാവ് അടിച്ച് ബാക്കിയുള്ളവരെ ഉപദ്രവിക്കുന്ന ആളിനെ കണ്ട് പിടിക്കാനോ?ഏതായാലും ഇനി ഞാൻ ഒരു കാര്യം ഉറപ്പിച്ചു. ക്രൂരമായി ബലാൽസംഗത്തിന് ഇരയായാൽ പോലും പൊലീസ് സ്റ്റേഷനിൽ കംപ്ലെയിന്റ് കൊടുക്കാൻ പോകില്ല. വനിതാ സൗഹൃദ പൊലീസ് സ്റ്റേഷൻ വെറും തേങ്ങയാണ്'- ശ്രീലക്ഷ്മി ഫേസ്‌ബുക്കിൽ കുറിച്ചു.

ശ്രീലക്ഷ്മിയുടെ പരാതിയും എഴുത്തും വെറുതെയായില്ല. അഞ്ച് പ്രതികൾ പിടിയിലായി. ഒപ്പം, പരാതിയുമായി ചെന്ന ശ്രീലക്ഷ്മിയോടും സുഹൃത്തുക്കളോടും മാന്യമായി പെരുമാറാൻ തയ്യാറാകാതിരുന്ന വലിയതുറ സ്റ്റേഷൻ ജിഡി ചുമതലയുണ്ടായിരുന്ന എഎസ്ഐ സലാഹുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർ സുരേഷ് കുമാർ എന്നിവർക്കെതിരെയും അച്ചടക്ക നടപടിയുണ്ട്. ഇവരെ പത്തു ദിവസത്തെ പരിശീലനത്തിനായി പൊലീസ് അക്കാദമിയിലേക്ക് അയയ്ക്കാനാണ് തീരുമാനം. പരിശീലന കാലത്ത് കാര്യങ്ങൾ ശരിക്കും പഠിക്കാത്തതുകൊണ്ട് പോയി ഒന്നുകൂടി പഠിച്ചിട്ട് വാ എന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഈ 10 ദിവസത്തെ 'ശിക്ഷ' കൊണ്ട് ഉദ്ദേശിക്കുന്നത്.

പണി പഠിപ്പിക്കുന്ന പരിശീലനം

പൊലീസുകാരുടെ ഒമ്പത് മാസത്തെ ട്രെയിനിങ് കുട്ടിക്കളിയാണെന്ന് കരുതരുത്. രണ്ടാമത് വരുമ്പോൾ എനിക്കെല്ലാം അറിയാം എന്ന് പറഞ്ഞ് നിൽക്കാനൊന്നും പറ്റില്ല. അഞ്ച് കിലോമീറ്റർ ഓടിക്കോ എന്ന് പറഞ്ഞാൽ ഓടിയേ പറ്റൂ. പിന്നെ ഡ്യൂട്ടിയിരിക്കുന്ന പൊലീസുകാരൻ ആണെങ്കിൽ പഴയ ഓട്ടമൊക്കെ ഓർമയിൽ മാത്രമേ കാണുകയുള്ളു. നിർത്താതെ അഞ്ച് കിലോമീറ്റർ ഓടിക്കോളാൻ പറഞ്ഞാൽ അയ്യോ കഷ്ടം തന്നെ!

ഒമ്പതു മാസത്തെ പരിശീലന കാലയളവിൽ പരേഡ്, ആയുധങ്ങൾ ഉപയോഗിച്ചുള്ള ഡ്രിൽ, വിവിധയിനം തോക്കുകൾ ഉപയോഗിച്ചുള്ള ഫയറിങ്, ഫീൽഡ് ക്രാഫ്റ്റ് ആൻഡ് ടാക്ടിക് എന്നിവക്ക് പുറമേ ഡ്രൈവിങ് നീന്തൽ, മാർഷ്യൽ ആർട്‌സ്, യോഗ, കമ്പ്യൂട്ടർ, ഫയർ ഫൈറ്റിങ്, ഡിസാസ്റ്റർ മാനേജ്മെന്റ് , പ്രഥമശുശ്രുഷ, ട്രാഫിക് റൂൾസ് ആൻഡ് സിഗ്‌നൽ, സി.ആർ.പി.സി., ഐ.പി.സി, എവിഡൻസ് ആക്ട്, ഇന്ത്യൻ ഭരണ ഘടന, മൈനർ ആക്ടുകൾ, ശാസ്ത്രീയ കുറ്റാന്വേഷണ മാർഗങ്ങൾ എന്നീ വിഷയങ്ങളിലും വിദഗ്ധ പരിശീലനം നേടുകയും പരീക്ഷകൾ പാസാവുകയും വേണം.

രണ്ടാമത് നല്ലനടപ്പിന് വരുമ്പോൾ, പരീക്ഷയൊന്നും പാസാകേണ്ടെങ്കിലും, പഴയ പരിശീലന മുറകൾക്ക് കുറവൊന്നുമില്ല. പുലർച്ചെ അഞ്ച് മണിക്ക് ഉണരണം. പരേഡിന് പോണം, ലക്ചർ കേൾക്കണം...ഹോ ഒന്നുകഴിഞ്ഞുകിട്ടിയാല് മതിയെന്ന് തോന്നും.

ഷേക് ദർവേഷ് സാഹിബ് കൊടുത്ത പണി

രണ്ടുമൂന്ന് ആഴ്ച മുമ്പ് എഡിജിപി ഷേക് ദർവേഷ് സാഹിബിനെ സല്യൂട്ട് ചെയ്യുന്നതിൽ അശ്രദ്ധ കാട്ടിയ പൊലീസുകാർക്കും കിട്ടി പൊലീസ് അക്കാദമിയിൽ 10 ദിവസത്തെ പരിശീലനം. ശ്വാസം വിടാൻ പോലും സമയം കൊടുത്തില്ലെന്നാണ് പിന്നാമ്പുറ സംസാരം. 10 ദിവസവും കഠിന പരിശീലനം തന്നെയായിരുന്നു. രാവിലെ അഞ്ച് മണിക്ക് ഉണരണം. 8 മണിക്ക് പരേഡ്, 8.30 ന് ഭക്ഷണം കഴിക്കാൻ കഷ്ടി 20 മിനിറ്റ്. പിന്നീട് വിശദമായ ലക്്ചർ ക്ലാസ്. ഒരുമണിക്ക് അതുകഴിഞ്ഞ് വന്നാൽ, ഭക്ഷണമൊക്കെ കഴിച്ച് പിന്നീട് 2.20 ഓടെ വീണ്ടും പരിശീലനം. പിന്നെ ചിലപ്പോൾ രാത്രിയിലും ഡ്യൂട്ടി കാണും. അങ്ങനെ ഒരുനിമിഷത്തെ അശ്രദ്ധയ്ക്ക് കിട്ടിയ ശിക്ഷ ഓർത്തുനോക്കൂ. അതൊന്നും പാടില്ല. അതാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ എളിയ ഉപദേശം. അല്ലെങ്കിലും അച്ചടക്കം പരമപ്രധാനം തന്നെ പൊലീസ് സേനയിൽ. അത് കളിക്കാനുള്ളതല്ല. അതുതന്നെയാണ് സന്ദേശവും.

രണ്ടാം വട്ടം ചെല്ലുമ്പോൾ

ആദ്യത്തെ പരിശീലനം തന്നെ രണ്ടാമത് വീണ്ടും ഒന്നുകൂടി നൽകുകയാണ്. ഏതുതരത്തിലുള്ള പരിശീലനം വേണമെന്ന് കൃത്യമായ നിർദ്ദേശം മുകളിൽ നിന്ന് വരും. അത് അച്ചട്ടായി പാലിക്കുകയാണ് പരിശീലകർ ചെയ്യുക. ഒമ്പത് മാസത്തെ ട്രെയിനിങ്ങിൽ പുതുതായി വരുന്ന ട്രെയിനിയെ ആദ്യം ദിവസം തന്നെ രാവിലെ അഞ്ച് കിലോമീറ്റർ ഓടിക്കില്ല. ഓരോ റൗണ്ടായി...റൗണ്ടുകളുടെ എണ്ണം കൂട്ടി, അങ്ങനെ പോകും. പിന്നീട് പരിചയിച്ചാൽ എല്ലാ ദിവസവും അഞ്ച് കിലോമീറ്റർ ഓട്ടം. അതാണ് ട്രെയിനിങ് മാന്വലിൽ പറയുന്നത്. ഇനി ചിലപ്പോൾ റൈഫിളും ഏന്തി ഓടാൻ പറഞ്ഞാലോ? കുഴങ്ങിയത് തന്നെ. ഇതുപോലെ ശരണം കെടുത്തുന്ന പരിപാടി വേറെയില്ലെന്നാണ് പൊലീസുകാർ അടക്കം പറയാറുള്ളത്. റൈഫിളും ഏന്തിയുള്ള ഓട്ടം..പൊന്നേ..കഠിനം തന്നെ..

അങ്ങനെ ചിട്ട അറിയാത്തവരെയോ, കണ്ടില്ലെന്ന് നടിക്കുന്നവരെയോ ചിട്ടയും അച്ചടക്കവുമൊക്കെ പരിശീലിപ്പിക്കാനും, എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാനും ഒക്കെയാണ് ഈ രണ്ടാം വട്ട പരിപാടി. ഇതുതാൻടാ കേരള പൊലീസ് എന്നാണ് പറയേണ്ടത്.

കേരള പൊലീസിന്റെ തന്നെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പറയും പോലെ...

ട്രെയിനിങ് ദിനങ്ങൾ എണ്ണിയുള്ള കാത്തിരിപ്പിനൊടുവിൽ പൊലീസ് സേനയിലെ അംഗമാവുകയെന്ന വലിയ സ്വപ്നം യാഥാർഥ്യമാകുന്ന ദിവസമാണ് പാസിങ് ഔട്ട് ദിനം. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിനം...പൊലീസ് മുദ്രയണിഞ്ഞു, പ്രതിജ്ഞചൊല്ലി, കർമ്മപഥത്തിലേക്ക് ചുവട് വയ്ക്കുന്ന അവിസ്മരണീയ മുഹൂർത്തമാണ് പാസിങ് ഔട്ട് പരേഡ്

ഇതൊക്കെ ഒന്നുകൂടി ഓർമിപ്പിക്കാനാണ് ഈ രണ്ടാം ഘട്ട പരിശീലനം. അതിൽ വിഷമിക്കാനൊന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP