Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒരു ഫ്രെയിം പോലും നീ ഷൂട്ട് ചെയ്യില്ല...ഒരു വീഡിയോ പോലും എടുക്കില്ല..തൊട്ടാൽ പൊള്ളുന്ന ഈ വിഷയം അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ നിനക്ക്; ഒരു പണി നിനക്കുറപ്പ്...ഞങ്ങൾ പുറകെയുണ്ട്': സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് ഭാഗങ്ങളുള്ള ഡോക്യുഫിക്ഷൻ ചെയ്തതോടെ ശ്യാം ലാലൂരിന് നിരന്തരം ഭീഷണി കോളുകൾ; 'വാസവദത്ത' സിനിമയാക്കാൻ ശ്രമിച്ചപ്പോൾ വഴിമുടക്കി സഭാ നേതൃത്വവും; തന്നെ സഭ തകർത്ത കഥ പറയുന്നു ശ്യാം

'ഒരു ഫ്രെയിം പോലും നീ ഷൂട്ട് ചെയ്യില്ല...ഒരു വീഡിയോ പോലും എടുക്കില്ല..തൊട്ടാൽ പൊള്ളുന്ന ഈ വിഷയം അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ നിനക്ക്; ഒരു പണി നിനക്കുറപ്പ്...ഞങ്ങൾ പുറകെയുണ്ട്': സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് ഭാഗങ്ങളുള്ള ഡോക്യുഫിക്ഷൻ ചെയ്തതോടെ ശ്യാം ലാലൂരിന് നിരന്തരം ഭീഷണി കോളുകൾ; 'വാസവദത്ത' സിനിമയാക്കാൻ ശ്രമിച്ചപ്പോൾ വഴിമുടക്കി സഭാ നേതൃത്വവും; തന്നെ സഭ തകർത്ത കഥ പറയുന്നു ശ്യാം

എം മനോജ് കുമാർ

തൃശൂർ: സിസ്റ്റർ അഭയയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തതോടെ സിനിമാ ജീവിതം പ്രതിസന്ധിയിലായ അനുഭവവുമായി സംവിധായകൻ. അഭയയെക്കുറിച്ച് നാല് ഭാഗങ്ങളുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തതോടെയാണ് തൃശൂർ അയ്യന്തോൾ സ്വദേശിയായ സംവിധായകൻ ശ്യാം ലാലൂരിന്റെ ജീവിതം പ്രതിസന്ധിയിലേക്കും ദുരിതത്തിലേക്കുമായി ഇടറി വീണത്. ക്രിസ്ത്യൻ സഭകളുടെ ഭാഗത്ത് നിന്നാണ് സംവിധായകനു ഭീഷണികൾ ഉയർന്നത്. സിനിമാ ജീവിതം തന്നെ അവസാനിപ്പിക്കുമെന്നായിരുന്നു ഒളിഞ്ഞും തെളിഞ്ഞും ശ്യാം ലാലൂരിന്റെ നേരെ ഉയർന്ന ഭീഷണികൾ.

ക്രിസ്ത്യൻ സഭാ നേതൃത്വത്തിൽ നിന്ന് ഉയർന്ന ഭീഷണികൾ സംവിധായകന്റെ സിനിമാ ജീവിതത്തിനും തിരശീലയിട്ട അവസ്ഥയാണ്. രണ്ടു പതിറ്റാണ്ട് കാലത്തോളം റിസർച്ച് ചെയ്ത് ശ്യാം ലാലൂർ തയ്യാറാക്കിയ കുമാരനാശാന്റെ 'കരുണ' ഒരു സ്ത്രീപക്ഷ സിനിമയാക്കി നിർമ്മിക്കാൻ ഒരു നിർമ്മാതാവും തയ്യാറാകാത്ത അവസ്ഥയാണ്. കരുണയെ വിമർശനാത്മകമായി പൊളിച്ചെഴുതുന്ന വാസവദത്ത എന്ന പ്രോജക്റ്റ് ആണിത്. വാസവദത്ത എന്ന പേരിലുള്ള തിരക്കഥ പൂർണമായി തയ്യാറായിട്ടും തിരക്കഥ തന്നെയായി നിൽക്കുകയാണ്. അഭയയെക്കുറിച്ച് ആറു ഭാഗങ്ങൾ ഉള്ള ഡോക്യുമെന്റി ചെയ്ത ശേഷം ക്രിസ്ത്യൻ സഭകളിൽ നിന്നും ഉയർന്നു വന്ന സമ്മർദ്ദമാണ് ഈ സിനിമയുടെ വഴിയടച്ചത്.

നിരവധി നിർമ്മാതാക്കൾ പ്രോജക്റ്റിൽ താത്പര്യം പ്രകടിപ്പിച്ച് വന്നെങ്കിലും അവസാന ഘട്ടത്തിൽ ഓരോ നിർമ്മാതാവും വിവിധ കാരണങ്ങൾ പറഞ്ഞു ഒഴിയുകയായിരുന്നു. പ്രോജക്റ്റ് സാക്ഷാത്ക്കരിക്കാൻ വന്ന മൂന്നു സിനിമാ നിർമ്മാതാക്കളാണ് ഭീഷണിയുടെ പേരിൽ പിൻവാങ്ങിയത്. ഇത് ഈ സംവിധായകന്റെ വഴിയടച്ച അവസ്ഥയിലായി. ഇപ്പോൾ ജീവിതത്തിനു ആത്മഹത്യയ്ക്കും മധ്യേയാണ് സംവിധായകൻ.

ഒരു ഫ്രെയിം പോലും ഇനി ഷോട്ട് ചെയ്യില്ല. ഒരു വീഡിയോ പോലും ഷൂട്ട് ചെയ്യില്ല. ഒരു പാട് വിഷയങ്ങൾ ഉണ്ടല്ലോ? എന്തുകൊണ്ട് അഭയ മാത്രം ഷൂട്ട് ചെയ്തു. ഇതിനു നീ അനുഭവിക്കേണ്ടി വരും. ഈ രീതിയിലുള്ള അനുഭവങ്ങളും ഭീഷണികളുമാണ് സംവിധായകന് നേരെ വന്നത്. ഭീഷണികൾ യാഥാർഥ്യമാക്കി എതിരാളികൾ മുന്നോട്ടു പോയപ്പോൾ സംവിധായകന്റെ മുന്നിൽ വഴികൾ അടഞ്ഞ അവസ്ഥയിലാണ്. അഭയ കേസാണ് സംവിധായകന് മുന്നിൽ പ്രതിസന്ധികൾ തീർത്തത്. അഭയയുടെ മരണത്തിലേക്ക് ചുഴിഞ്ഞു നോക്കുന്ന ഡോക്യുമെന്റിയാണ് അഭയയുടെ മരണവുമായി ബന്ധപ്പെട്ടു ശ്യാം ലാലൂർ പൂർത്തീകരിച്ചത്. ക്രിസ്ത്യൻ സഭാ നേതൃത്വത്തിൽ വലിയ അനുരണനങ്ങൾ സൃഷ്ടിച്ച ഡോക്യുമെന്ററിയായിരുന്നു അഭയയുടെ മരണവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയത്. ഈ ഡോക്യുമെന്ററി ഷൂട്ട് ചെയ്യുമ്പോൾ തന്നെ വലിയ ഭീഷണികൾ വന്നിരുന്നു.

ഒരു തവണ അഭയയുടെ ഈ ടേപ്പുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മാധ്യമ വാർത്തകൾ വന്നതോടെയാണ് ഈ ടേപ്പുകൾ പൊലീസ് തിരികെ നൽകിയത്. ഇങ്ങിനെ ഒട്ടു വളരെ ഭീഷണികൾ അതിജീവിച്ചാണ് ശ്യാമും സംഘവും ഡോക്യുമെന്ററി പൂർത്തീകരിച്ചത്. അഭയയ്ക്ക് ശേഷം കരുണ സിനിമയാക്കാനുള്ള ഒരുക്കങ്ങളുമായി ശ്യാം മുന്നോട്ടു പോയപ്പോൾ നിർമ്മാതാക്കൾക്ക് പഞ്ഞം വന്നില്ല. പക്ഷെ വന്ന നിർമ്മാതാക്കൾ ഓരോരുത്തരായി പ്രോജക്റ്റ് ഒഴിവാക്കി തിരികെ പോവുകയായിരുന്നു. എല്ലാത്തിനും പിന്നിൽ ക്രിസ്ത്യൻ സഭാ നേതൃത്വത്തിൽ ഉയർന്ന ഭീഷണികൾ തന്നെയാണ് എന്നാണ് സംവിധായകൻ പറയുന്നത്. ഇതോടെ സംവിധായകന്റെ ജീവിതം പ്രതിസന്ധിയിലേക്കും നിരാശയിലേക്കും പതിക്കുകയായിരുന്നു. തന്റെ പ്രോജക്ടിന് ആരും വന്നില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗമില്ലാ എന്ന നിലയിലാണ് ശ്യാം ലാലൂർ. സിനിമ നിർമ്മിക്കാൻ ഉത്സാഹത്തോടെ വന്ന നിർമ്മാതാക്കളുടെ ഓരോ പിന്മാറ്റവും തീർത്തും ദുരൂഹവുമായിരുന്നു.

അഭയയുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത് തൃശൂർ ടൗൺ ഹാളിലായിരുന്നു. അഡ്വക്കേറ്റ് ജയശങ്കർ ആയിരുന്നു ഉദ്ഘാടകൻ. ഡോക്യുമെന്ററിയുടെ ഫ്‌ളെക്‌സുകൾ വരെ അന്ന് ചില സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു. ഒപ്പം ഭീഷണികൾ വേറെയും വന്നു. നാല് പ്രദർശനം വന്നശേഷം കഴിഞ്ഞ ശേഷം പിന്നെ അഭയ പ്രദർശിപ്പിക്കാൻ കഴിഞ്ഞതുമില്ല. ചിലർ വന്നു പ്രശ്‌നങ്ങൾ സൃഷ്ടിച്ചതിനാലാണ് പ്രദർശനം മുടങ്ങിയത്. അതിന്നിടയിൽ പാട്ടുരായ്ക്കൽ വച്ച് ഒരു വധശ്രമവും സംവിധായകനു നേരെ വന്നു. ഒരു കാർ പാഞ്ഞു വരുകയായിരുന്നു. വണ്ടിയുടെ വരവ് കണ്ട ഒരാൾ സംവിധായകനോട് പറഞ്ഞത് ഒരു വധശ്രമം പോലെ തോന്നി എന്നാണ്. അഭയ ഡോക്യുമെന്ററി പൂർത്തീകരിച്ച ശേഷമാണ് കരുണ വാസവദത്ത എന്ന പേരിൽ സിനിമയാക്കാൻ തുനിഞ്ഞത്.

ഒരു നിർമ്മാതാവ് അഞ്ചു ലക്ഷം രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. ഇത് നല്ല രീതിയിൽ പൂർത്തീകരിക്കണം എന്നാണ് നിർമ്മാതാവ് പറഞ്ഞത്. അതിനനുസരിച്ച് ചിത്രാഞ്ജലി ബുക്ക് ചെയ്യാൻ വരെ പദ്ധതിയിട്ടതാണ്. എന്നാൽ ഇതേ നിർമ്മാതാവ് പിന്നീട് പറഞ്ഞത് എനിക്ക് ഇരിക്കപ്പൊറുതിയില്ല അതിനാൽ ഞാൻ പിൻവാങ്ങുന്നു എന്നാണ്. ഈ അഡ്വാൻസ് തുക പോലും തിരികെ ചോദിക്കാതെയാണ് നിർമ്മാതാവ് പ്രോജക്റ്റിൽ നിന്നും പിൻവാങ്ങിയത്. ഈ പണത്തിൽ നിന്ന് അഡ്വാൻസ് തുകകൾ ചിത്രത്തിന്റെ അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും നൽകുകയും ചെയ്തിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് നിർമ്മാതാവ് പിൻവാങ്ങിയത്. രാവിലെ വളരെ സന്തോഷത്തോടെ നടക്കാൻ ഇറങ്ങിയിരുന്ന ആളാണ് ഞാൻ. ആ എനിക്ക് രാവിലെ പ്രഭാത നടത്തത്തിനു പോലും കഴിയാത്ത അവസ്ഥയാണ്. ഇതാണ് നിർമ്മാതാവ് സംവിധായകനെ വിളിച്ചു പറഞ്ഞത്.

ഒരു വികാരിയാണ് ഭീഷണിക്ക് പിന്നിലുണ്ടായിരുന്നത്. പള്ളിയുമായി ബന്ധപ്പെട്ടു ചടങ്ങുകൾ പലതുമുണ്ടാകും. ഒന്നും നടക്കാൻ പോകുന്നില്ല എന്ന് നിർമ്മാതാവിനോട് പറഞ്ഞു എന്നാണ് സംവിധായകൻ അറിഞ്ഞത്. ഇതോടെ വാസവദത്ത കോൾഡ് സ്റ്റോറെജിലെക്ക് നീങ്ങി. സുകുമാർ അഴീക്കോട്, ലീലാവതി ടീച്ചർ, സി.വി.ശ്രീരാമൻ, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവരുടെ കയ്യൊപ്പ് പതിഞ്ഞ പ്രോജക്റ്റ് ആയിരുന്നു കരുണയുടേത്. 160 ഓളം ബുക്കുകൾ റിസർച്ച് ചെയ്താണ് തിരക്കഥ രചിച്ചത്. ബുദ്ധഭിക്ഷുവാണ് കഥയിലെ നായകൻ എന്നുള്ളതും ഓർക്കേണ്ടതാണ് എന്നാണ് സംവിധായകൻ ഈ കാര്യത്തിൽ പ്രതികരിച്ചത്. പ്രമുഖനല്ലാതിരുന്നതിനാൽ ഈ പ്രതിസന്ധി വന്നപ്പോൾ സംവിധായകൻ ഒറ്റയ്ക്കായി പോയ അനുഭവമായി. ഇതിനുമുൻപ് ഗാന്ധി, ഗോഡ്‌സെ. അംബേദ്കർ എന്നിവരെ കഥാപാത്രങ്ങളായി തമസോ മ ജ്യോതിർഗമയ ചെയ്തിരുന്നു. ന്യൂനപക്ഷ പ്രശ്‌നങ്ങൾ ആധാരമാക്കി ഇംഗ്ലീഷിൽ 16 എംഎമ്മിൽ ഒരു ഡോക്യുമേന്ററി ഹിന്ദു നേഷൻ ചെയ്തിട്ടുണ്ട്. ലാലൂർ എന്ന ശാപഭൂമി എന്ന ഡോക്യുമെന്ടറി വേറെയും ചെയ്തിരുന്നു. വാസവദത്തയ്ക്ക് വന്ന ദുര്യോഗത്തെക്കുറിച്ച് ശ്യാം ലാലൂർ മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ:

അഭയയുടെ പേരിൽ സിനിമാ ജീവിതം വഴിമുട്ടി: ശ്യാം ലാലൂർ

എന്റെ പ്രശ്‌നങ്ങൾ മുഴുവൻ അഭയ ഡോക്യുമെന്ററി കാരണം സൃഷ്ടിക്കപ്പെട്ടതാണ്. അഭയ ചെയ്തിരുന്നില്ലെങ്കിൽ എന്റെ ഭാവി ശോഭനമാകുമെന്നാണ് എനിക്ക് തോന്നിയത്. ഒരു പുരുഷായുസ് മുഴുവൻ നേരിടേണ്ടി വരേണ്ട എതിർപ്പ് എനിക്ക് അഭയ എന്ന ഡോക്യുമെന്ററി കാരണം വന്നു. അഭയ കാരണം പ്രതിസന്ധിയിലായത് എന്റെ ഡ്രീം പ്രോജക്റ്റ് ആയിരുന്ന വാസവദത്തയും. തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് എംടി വാസുദേവൻ നായർ നേരിട്ട് കണ്ടപ്പോൾ പറഞ്ഞത് ഞാൻ ചെയ്യാൻ മനസ്സിൽ ഓര്ത്ത പ്രോജട്ക് ആയിരുന്നു വാസവദത്ത. പക്ഷെ അത് ചെയ്യാനുള്ള മനക്കരുത്ത് ഉണ്ട് എന്ന് തോന്നിയില്ല. ഇതാണ് എംടി പറഞ്ഞത്.

മൺമറഞ്ഞ സാഹിത്യകാരന്മാരായ സുകുമാർ അഴീക്കോട്, സി,വി,ശ്രീരാമൻ, പുനത്തിൽ കുഞ്ഞബ്ടുള്ള എന്നിവരുടെ കയ്യൊപ്പ് പതിഞ്ഞ തിരക്കഥയാണ് എന്റെ കയ്യിലിരിക്കുന്നത്. ലീലാവതി ടീച്ചറുടെ നിർദ്ദേശങ്ങളും ഈ കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ട്. അഭയ ഡോക്യുമെന്ററി ചെയ്തപ്പോൾ വാസവദത്തയുടെ വഴിയടഞ്ഞ അവസ്ഥയിലായി. മിക്ക നിർമ്മാതാക്കളും പ്രോജക്റ്റിൽ നിന്നും പിന്മാറി. എല്ലാ വഴികളും അടഞ്ഞപ്പോൾ വാസവദത്തയുടെ തിരക്കഥ കത്തിക്കാനാണ് എനിക്ക് തോന്നിയത്. അത്രയധികം പ്രശ്‌നങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ക്രിസ്ത്യൻ സഭാ നേതൃത്വമാണ് സംവിധായകൻ എന്ന നിലയിൽ എന്റെ വഴിയടച്ചത്. അഭയ ഡോക്യുമെന്ററി ചെയ്തതിന്റെ പ്രതികാരമായാണ് സഭാ നേതൃത്വം ഭീഷണിയുടെ പേരിൽ എന്റെ വഴിയടച്ചത്. നിർമ്മാതാക്കളെ സമ്മർദ്ദം ചെലുത്തിയാണ് ഇവർ പിന്മാറ്റിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ യൗവനവും സമയവും ഹോമിച്ചാണ് വാസവദത്ത തിരക്കഥ തയ്യാറാക്കിയത്.

തിരക്കഥ ആയപ്പോൾ പല നിർമ്മാതാക്കളും വന്നു. എല്ലാവരും എന്തെങ്കിലും പറഞ്ഞു പിൻവാങ്ങും. ആദ്യം അവർ പ്രോജക്റ്റിൽ താത്പര്യം കാണിക്കും. കുറച്ച് കാശ് മുതൽ മുടക്കും. പ്രോജക്റ്റ് മുന്നോട്ടു പോകുമ്പോൾ ഒരു കാരണവും കൂടാതെ പിൻവാങ്ങും. ഇതാണ് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. സഭകളെ നിങ്ങൾ ശത്രുക്കളാക്കിയിരിക്കുന്നു. അവർ ഞങ്ങൾക്ക് എതിരെ തിരിഞ്ഞാൽ അത് പ്രശ്‌നമാണ്. ഇതാണ് പിൻവാങ്ങാൻ കാരണം. ഇതാണ് നിർമ്മാതാക്കൾ എന്നോടു പറഞ്ഞത്. അവസാനം വന്ന നിർമ്മാതാവ് എന്നോടു പറഞ്ഞത് എന്തായാലും ഞാൻ ഇത് ചെയ്യും എന്നാണ്. ഇത് നല്ല രീതിയിൽ എനിക്ക് പൂർത്തീകരിക്കണം. ഇതാണ് നിർമ്മാതാവ് പറഞ്ഞത്. അഞ്ചു ലക്ഷം രൂപ ആദ്യം അഡ്വാൻസ് നൽകിയ നിർമ്മാതാവ് ആയിരുന്നു ഇദ്ദേഹം. എന്നെ വന്നു കണ്ടു പോയ ശേഷം പിന്നീട് പറഞ്ഞത് പ്രോജക്ടുമായി മുന്നോട്ടു പോകാൻ കഴിയില്ല എന്നാണ്. എന്നെ ഈ കാര്യത്തിൽ നിർബന്ധിക്കരൂത് എന്നാണ് നിർമ്മാതാവ് എന്നോടു പറഞ്ഞത്. ഓരോ ചുണ്ണാമ്പ് ഒക്കെ ഒപ്പിച്ചു വെയ്ക്കുമ്പോൾ ആലോചിക്കണമായിരുന്നു എന്നാണ് നിർമ്മാതാവ് എന്നോടു പറഞ്ഞത്. ഒരു തരത്തിലും മുന്നോട്ടു പോകാനാകാത്ത വിധം സഭകൾ എനിക്ക് മുന്നിൽ പ്രതിരോധ ദുർഗം തീർത്തിരിക്കുന്നു. ഭീഷണി നിറഞ്ഞ ഫോൺ കോളുകളും ഒക്കെ വരുന്നുണ്ട്.

ഒരു ഫ്രെയിം പോലും നീ ഷൂട്ട് ചെയ്യില്ല. ഒരു വീഡിയോ പോലും എടുക്കില്ല. തൊട്ടാൽ പൊള്ളുന്ന ഈ വിഷയം അല്ലാതെ വേറെ ഒന്നും ലഭിച്ചില്ലേ നിങ്ങൾക്ക്. ഒരു പണി നിങ്ങൾക്ക് ഉണ്ടാകും. ഞങ്ങൾ പുറകെയുണ്ട്. എന്നൊക്കെയുള്ള ഭീഷണി ഫോൺ കോളുകൾ ആണ് വരുന്നത്. സിനിമാ നിർമ്മാതാക്കൾ പിന്മാറുമ്പോഴും കോളുകൾ വന്നു. അവസാന നിർമ്മാതാവ് പോയപ്പോഴും എനിക്ക് കോൾ വന്നു. എന്തായി നിന്റെ പ്രോജക്റ്റ്, സ്വപ്നം പൂവണിഞ്ഞോ എന്നൊക്കെയാണ് കോളുകൾ വരുന്നത്. കുറച്ച് കാശ് കിട്ടിയില്ലേ, അത് നക്കിക്കോ... ഇതുപോലെയാകും ഞങ്ങളോട് കളിച്ചാൽ.. ഇതാണ് ആ സന്ദേശത്തിൽ വന്നത്-ശ്യാം ലാലൂർ പറയുന്നു. ഇപ്പോൾ സംവിധായകന്റെ ജീവിതം തീർത്തും വഴിമുട്ടിയിരിക്കുന്നു. അഭയയ്ക്ക് വേണ്ടി നിലകൊണ്ടവരുടെ അവസാനശ്വാസം നിശ്ചലമാക്കാൻ ഇപ്പോഴും ചില ശക്തികൾ നിലകൊള്ളുന്നു എന്ന് തന്നെയാണ് ഈ സംവിധായകന്റെ ജീവിതവും അനുഭവവും സൂചനകൾ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP