Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

20 മിനിറ്റ് പോലും നിൽക്കാൻ കഴിയാത്തിടത്തെ കൊടും മഞ്ഞിനടിയിൽ ഹനുമന്തപ്പ ആറു ദിവസം ബോധം ഇല്ലാതെ കിടന്നതെങ്ങനെ? മഞ്ഞു കട്ടകൾ മുറിച്ചു മാറ്റി ജീവൻ രക്ഷിച്ചതും ഒരു അറബിക്കഥ പോലെ

20 മിനിറ്റ് പോലും നിൽക്കാൻ കഴിയാത്തിടത്തെ കൊടും മഞ്ഞിനടിയിൽ ഹനുമന്തപ്പ ആറു ദിവസം ബോധം ഇല്ലാതെ കിടന്നതെങ്ങനെ? മഞ്ഞു കട്ടകൾ മുറിച്ചു മാറ്റി ജീവൻ രക്ഷിച്ചതും ഒരു അറബിക്കഥ പോലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആറുദിവസം മൈനസ് 45 ഡിഗ്രി തണുപ്പിൽ, മഞ്ഞുമലയുടെ കീഴിൽ 30 അടിയോളം താഴ്ചയിൽ കഴിയുക. അതും ബോധമില്ലാതെ. ഇതിനെ അത്ഭുതമെന്ന് മാത്രമേ പറയാനാകൂ. ഇതാണ് സിയാച്ചിനിൽ കഴിഞ്ഞ ദിവസം ഉണ്ടായത്. രക്ഷാപ്രവർത്തനത്തിനൊടുവിൽ ആരേയും ജീവനോടെ സൈന്യം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് ഹനുമന്തപ്പ ജീവനോടെ കിടന്നു. ഈ സൈനികന്റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണു ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ മെഡിക്കൽ സംഘം. സിയാച്ചിനിൽ സമുദ്രനിരപ്പിൽനിന്നു 20,500 അടി ഉയരത്തിലുള്ള ഇന്ത്യൻ സൈനിക പോസ്റ്റിനുമേലേക്കു മൂന്നാംതിയതിയുണ്ടായ ഹിമപാതത്തിലാണ് ഹനുമന്തപ്പ അപടകത്തിൽപ്പെട്ടത്. മലയാളിയടക്കം ഒൻപതു സൈനികർ കൊല്ലപ്പെട്ടിരുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് ഹനുമന്തപ്പയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. അതായത് ആറുദിവസം ബോധമില്ലാതെ കിടന്ന ശേഷം. ചൊവ്വാഴ്ച രാത്രി ഹനുമന്തപ്പയുടെ കുടുംബത്തെ ഡൽഹിയിൽ എത്തിച്ചു. ഇതു പുനർജന്മമാണെന്നു അവർ പറഞ്ഞു.അച്ഛൻ രാമപ്പ കൊപ്പാട്, അമ്മ ബസവ്വ, ഭാര്യ ജയശ്രീ, മകൾ ഒരു വയസ്സുകാരി നേത്ര, സഹോദരൻ ഗോവിന്ദപ്പ, സഹോദരീഭർത്താവ് സുഭാഷ് എന്നിവരാണ് ആശുപത്രിയിൽ എത്തിയത്. രാജ്യം മുഴുവൻ പ്രാർത്ഥനയിലാണ്.

വലിയൊരു വായു കുമിളയുടെ (എയർ ബബിൾ) ഉള്ളിൽ അകപ്പെട്ടതാവണം ജീവൻ രക്ഷിച്ചത് എന്നു വിദഗ്ദ്ധർ. ശ്വസിക്കാനും ഊർജം നിലനിർത്താനും കഴിഞ്ഞത് ഇതുകൊണ്ടാകാം. ന്മ പരിശീലനം സഹായിച്ചിരിക്കാമെന്നും വിലയിരുത്തലുണ്ട്. സിയാച്ചിൻ പോലെയുള്ള പ്രദേശങ്ങളിൽ നിയമിക്കും മുൻപു സൈനികർക്കു പ്രത്യേക പരിശീലനം നൽകും. മഞ്ഞുപാളിക്കടയിൽപ്പെട്ടാൽ ഗർഭപാത്രത്തിനുള്ളിൽ ശിശുക്കൾ കിടക്കുന്നപോലെ ചുരുണ്ടുകിടക്കുക എന്നതാണ് ഒരു പരിശീലനം. കഴിയുമെങ്കിൽ മൂക്കിനും വായയ്ക്കും ചുറ്റും ഒരു വായുകുമിള ഉണ്ടാക്കി ശ്വാസത്തിനു വഴി കണ്ടെത്തണം. കഴിവതും ചലനങ്ങൾ പരിമിതപ്പെടുത്താനും പരിശീലനം നൽകും. രക്ഷാപ്രവർത്തകർ കണ്ടെത്തുന്നതു വരെ ശരീരത്തിന്റെ ഊർജം നിലനിർത്താനാണിത്.

ഈമാസം മൂന്നിനാണ് ഹിമപാതത്തിൽപെട്ട് പത്തു സൈനികരെ കാണാതാകുന്നത്. അന്നുമുതൽ നടത്തിയ തിരച്ചിലാണ് ഹനുമന്തപ്പയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ലാൻസ് നായിക് ഹനുമന്തപ്പയെ കണ്ടെത്തിയത് കരസേനയുടെ വിദഗ്ധ സംഘവും വ്യോമസേനയും സംയുക്തമായി നടത്തിയ തെരച്ചിലാണ്. പ്രതികൂല കാലാവസ്ഥ നേരിടാൻ പ്രത്യേക പരിശീലനം നേടിയ 150 സൈനികർ രക്ഷാപ്രവർത്തനത്തിന് എത്തി. തിരച്ചിലിനു സൈനികർക്കൊപ്പം രണ്ടു നായകളുമുണ്ടായിരുന്നു ഡോട്ടും മിഷയും. 30 മിനിട്ട് തുടർച്ചയായി രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്തത്ര മോശം കാലാവസ്ഥയായിരുന്നു സിയാച്ചിനിൽ. അന്തരീക്ഷ താപനില മൈനസ് 45 ഡിഗ്രി സെൽഷ്യസ്. ഹെലികോപ്റ്ററുകൾ തിരച്ചിൽ പറക്കൽ നടത്തിയത് 300 തവണ. റഡാറുകൾ, ഐസ് മുറിക്കാനുള്ള കട്ടറുകൾ തുടങ്ങിയ ഭാരമേറിയ ഉപകരണങ്ങൾ പല ഭാഗങ്ങളായിമുകളിലെത്തിച്ച് അവിടെവച്ചു കൂട്ടിയോജിപ്പിച്ചു. നായ്ക്കളുടെ സഹായത്തോടെ മൃതദേഹങ്ങൾക്കായി സൈന്യം തെരത്തിൽ നടത്തി.

സാൾട്ടോറോ പർവതനിരയുടെ താഴ്‌വാരത്തിൽ, സിയാച്ചിൻ മഞ്ഞുപർവതനിരയിലെ പട്ടാള പോസ്റ്റ് സമുദ്രനിരപ്പിൽനിന്ന് 6248 മീറ്റർ (20,500 അടി) ഉയരത്തിലാണ്. മഞ്ഞിനുള്ളിൽ ഒൻപതു മീറ്റർ (30 അടി) താഴ്ചയിൽ മൈനസ് 45 ഡിഗ്രി താപനിലയിസാണ് ഹനുമന്തപ്പ കിടന്നത്. ഇടിഞ്ഞുവീണത് കോൺക്രീറ്റ് പോലെ ഉറപ്പുള്ള മഞ്ഞുപാളിയായിരുന്നു. 800 അടി വീതിയും 400 അടി നീളവുമുള്ള ഇടിഞ്ഞുവീണ മഞ്ഞുമല, ഒരുകിലോമീറ്ററോളം നീളത്തിൽ ചിതറിയിരുന്നു. സൈനിക പോസ്റ്റ് ഇതിനടിയിലടിഞ്ഞു. അങ്ങനെയാണ് ദുരന്തം ഉണ്ടായത്. മഞ്ഞുനീക്കംചെയ്തും മഞ്ഞുപാളികൾ വെട്ടിമുറിച്ചും ഹനുമന്തപ്പയെ കണ്ടെത്തി.. അപ്പോൾ ശരീരത്തിലെ ജലാംശം അപകടകരമാംവിധം നഷ്ടപ്പെട്ടിരുന്നു. ബോധം വന്നുംപോയുമിരുന്നു. സൈനികസംഘത്തിലെ ഡോക്ടർ അടിയന്തര ശുശ്രൂഷകൾ നൽകി. തുടർന്ന് ബേസ്‌ക്യാംപിലും പിന്നീട് ഡൽഹിയിലുമെത്തിക്കുകയായിരുന്നു-ഇന്ത്യൻ സൈന്യം നടത്തിയ അതിസാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ നേട്ടമായി അത്.

രക്ഷാപ്രവർത്തനത്തിനിറങ്ങിയ സൈനികർ മഞ്ഞിനടിയിൽനിന്ന് ആദ്യം കണ്ടെത്തിയത് സൈനിക പോസ്റ്റായിരുന്നു. വായു സഞ്ചാരം പോലും എത്താത്തിടത്തായിരുന്നു തിരച്ചിൽ. തുടർച്ചയായി 20 മിനിറ്റിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥലമാണ് സിയാചിൻ. അതിൽ നിർത്തിനിർത്തി സമയമെടുത്തായിരുന്നു രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. വ്യോമസേനയുടെ ഉത്തരകമാൻഡിലെ ചീറ്റ, എംഐ 17വി5 ഹെലിക്കോപ്റ്ററുകളടക്കമുള്ളവയുടെ സഹായത്തോടെയാണ് തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഐഎൽ-76, സി-17, എഎൻ-32 അടക്കമുള്ളവയും തിരച്ചിലിൽ സഹായങ്ങൾ ചെയ്തു. റഡാറുകളും തീയും മഞ്ഞുതുരക്കുന്ന ഉപകരണങ്ങളും സൈന്യം ഉപയോഗിച്ചു. എന്നാൽ യഥാർത്ഥി ഹീറോ ഇതൊന്നുമായിരുന്നില്ല. മഞ്ഞുമലകളിൽ സൈന്യത്തിന് കൂടുതൽ സഹായം നൽകുന്ന നായ്ക്കളായ ഡോട്ടും മിഷുമായിരുന്നു താരം.

ഇവരാണ് ഹനുമന്തപ്പയുള്ള സ്ഥാനം തിരിച്ചറിഞ്ഞത്. ഇവിടെയാണ് സൈന്യ രക്ഷാപ്രവർത്തനം നടത്തിയത്. കട്ടിയായി ഉറഞ്ഞുപോയ മഞ്ഞ് മുറിച്ചുമാറ്റുന്നതായിരുന്നു സൈന്യത്തിനുണ്ടായ ഏറ്റവും വലിയ വെല്ലുവിളി. കോൺക്രീറ്റിനെക്കാളും കട്ടി. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഇത് സാധ്യമാക്കി. മെഡിക്കൽ സംഘമടക്കമുള്ളവയുമായി ഒരു സംഘവും ഉണ്ടായിരുന്നു. ഈ കൂട്ടായ്മയാണ് ഹനുമന്തപ്പയെ കണ്ടെത്തിയതും.

കൊല്ലം മൺറോത്തുരുത്തുകൊച്ചൊടുക്കത്തു വീട്ടിൽ ബ്രഹ്മപുത്രൻ-പുഷ്പവല്ലി ദമ്പതികളുടെ മകൻ സുധീഷാണ് ഹിമപാതത്തിൽ മരിച്ച മലയാളി. സുധീഷിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. സുധീഷിന്റെ മൃതദേഹം നാളെ വൈകിട്ടോ മറ്റന്നാൾ രാവിലെയോ വീട്ടിൽ എത്തിക്കുമെന്ന് അധികൃതർ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP