Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ അടഞ്ഞു കിടക്കുന്ന വീടുകൾ കൂടുതലും പ്രവാസികളുടേത്; കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ ആൾപ്പാർപ്പില്ലാത്ത ആയിരക്കണക്കുന്ന ഫ്‌ളാറ്റുകൾ; ആൾപാർപ്പില്ലാത്ത വീടുകൾക്ക് നികുതി ഏർപ്പെടുത്തിയ തീരുമാനം ബാധിക്കുന്നത് പ്രവാസികളെ; ഒന്നിലേറെ വീടുണ്ടെങ്കിൽ കൂടുതൽ കെട്ടിട നികുതി നൽകണമെന്ന കാര്യത്തിലും അവ്യക്തതകൾ

കേരളത്തിൽ അടഞ്ഞു കിടക്കുന്ന വീടുകൾ കൂടുതലും പ്രവാസികളുടേത്; കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ ആൾപ്പാർപ്പില്ലാത്ത ആയിരക്കണക്കുന്ന ഫ്‌ളാറ്റുകൾ; ആൾപാർപ്പില്ലാത്ത വീടുകൾക്ക് നികുതി ഏർപ്പെടുത്തിയ തീരുമാനം ബാധിക്കുന്നത് പ്രവാസികളെ; ഒന്നിലേറെ വീടുണ്ടെങ്കിൽ കൂടുതൽ കെട്ടിട നികുതി നൽകണമെന്ന കാര്യത്തിലും അവ്യക്തതകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പൊതുബജറ്റിൽ കെട്ടിട നികുതി അടക്കം വർധിപ്പിക്കാൻ ശുപാർശകളുണ്ട്. ഒരാൾക്ക് ഒന്നിലേറെയുള്ള വീടുകളുണ്ടെങ്കിൽ ഇനി കൂടുതൽ കെട്ടിടനികുതി നൽകേണ്ടി വരുമെന്നതാണ് പുതിയ വ്യവസ്ഥ. പുതുതായി നിർമ്മിച്ച വീട് ഏറെക്കാലം അടച്ചിട്ടാലും കെട്ടിടനികുതി കൂടും. ഇത്തരം പ്രത്യേക നികുതി ബജറ്റിൽ പരാമർശിച്ചെങ്കിലും തീരുമാനമെടുക്കേണ്ടതു തദ്ദേശ വകുപ്പായതിനാൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചില്ല. ഇക്കാര്യതത്തിൽ അവ്യക്തത തുടരുന്നുണ്ട്.

കെട്ടിടനികുതി 5% കൂട്ടാൻ തദ്ദേശ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും അധിക വീടുകൾക്കു പ്രത്യേക നികുതി എങ്ങനെയെന്നു ധാരണയായിട്ടില്ല. ജനങ്ങളുടെ പ്രതികരണം കൂടി അറിഞ്ഞാകും നടപടി. അതേസമയം ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്ന് പുതിയ ബജറ്റിൽ പറയുന്നു. ഈ തീരുമാനം സാങ്കേതികമായി പ്രവാസകൾക്കാണ് തിരിച്ചടിയാകുക. കാരണം കേരളത്തിൽ ആൾത്താമസം ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കൂടുതലും പ്രവാസികളുടേതാകും. ഈ തീരുമാനം ബജറ്റിൽ ഉയർന്നപ്പോൾ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.

2011ലെ സെൻസസ് പ്രകാരം 11 % (1.19 ദശലക്ഷം) വീടുകളായിരുന്നു കേരളത്തിൽ അടഞ്ഞുകിടന്നിരുന്നത്. ഗ്രാമപ്രദേശങ്ങളിൽ 10 % നഗരപ്രദേശങ്ങളിൽ 11.3%. അക്കാലത്തെ ദേശീയ ശരാശരിയായ 7.45 ശതമാനത്തിൽനിന്ന് എത്രയോ മുകളിലായിരുന്നു അത്. 12 വർഷങ്ങൾക്കുശേഷം നിലവിൽ ഇതിന്റെ എത്രയിരട്ടി വീടുകളാകും കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്നത്.. കേരളത്തിൽ ഏകദേശം 14 % വീടുകൾ പൂട്ടിക്കിടക്കുന്നു എന്നൊരു സർവേഫലം കുറച്ചുവർഷം മുൻപ് വന്നിരുന്നു. ഇതിൽ ഭൂരിഭാഗവും 3000 ചതുരശ്രയടിക്ക് മുകളിലുള്ള ആഡംബരവീടുകളാണ് എന്നും വിലയിരുത്തലുണ്ടായിരുന്നു.

ഇതു കൂടാതെ കേരളത്തിൽ ആൾത്താമസം ഇല്ലാത്ത ഫ്‌ളാറ്റുകളും നിരവധിയുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് പോലെയുള്ള നഗരങ്ങളിൽ നിരവധി ഫ്‌ളാറ്റുകൾ ആൾപാർപ്പില്ലാതെ പൂട്ടിക്കിടപ്പുണ്ട്. ഇവയിൽ ഭൂരിഭാഗവും സമ്പന്ന പ്രവാസികൾ/ ധനികർ/ ബിസിനസുകാർ നിക്ഷേപം പോലെ വാങ്ങിയിട്ടവയാണ്. അതേസമയം ചെറുപ്പക്കാർ നാടുവിടുന്നതോടെ അടഞ്ഞുകിടക്കുന്ന വീടുകൾ ഇനിയും വർധിക്കും. നിഷ്‌ക്രിയ ആസ്തികളിൽ നിന്നും അധിക നികുതിവരുമാനമടക്കം നേടാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ വേണ്ടി കൂടിയാണ് സർക്കാർ നികുതി ഏർപ്പെടുത്തുന്നതും.

കെട്ടിട നികുതിയിൽ പ്രതീക്ഷിക്കുന്ന വർധന 1000 കോടി

കെട്ടിട നികുതിയും ഫീസുകളും കൂട്ടുന്നതുവഴി സർക്കാർ ലക്ഷ്യമിടുന്നത് 1000 കോടി രൂപയുടെ വരുമാനമാണ്. നിലവിൽ 2600 കോടിയിൽ പരം രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ ഈയിനത്തിൽ വർഷം തോറും പിരിച്ചെടുക്കുന്നത്. കെട്ടിടനികുതിയിൽ ഈ വർഷം മുതൽ 5% വാർഷിക വർധന നടപ്പാക്കാനാണ് ലക്ഷ്യം. മുൻപ് 5 വർഷം കൂടുമ്പോൾ 25% വരെ കൂട്ടി ആയിരുന്നു നികുതി പരിഷ്‌കരണം. 2011 ലാണ് ഒടുവിൽ കെട്ടിട നികുതി പരിഷ്‌കരിച്ചതെങ്കിലും അതിനു 2016 മുതലാണു പ്രാബല്യം നൽകാനായത്. ഇതു കാരണം നികുതി പരിഷ്‌കരണം 10 വർഷത്തോളം വൈകിയെന്നാണു തദ്ദേശ വകുപ്പിന്റെ നിലപാട്.

ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങളുടെ നികുതി (വസ്തുനികുതി) ഏപ്രിൽ മുതൽ പരിഷ്‌കരിക്കാനാണു വകുപ്പ് ലക്ഷ്യമിടുന്നത്. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കൂട്ടും. ദേശീയ ശരാശരിയുടെ 5% ആണ് കേരളത്തിലെ പെർമിറ്റ് ഫീസ് എന്നു വിലയിരുത്തിയാണ് ഈ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷാ ഫീസ്, പരിശോധനാ ഫീസ് എന്നിവയും കൂട്ടും. ഇതിനു സംസ്ഥാന ധനകാര്യ കമ്മിഷനും ശുപാർശ ചെയ്തിരുന്നു. നഗരങ്ങളിലും വികസനപദ്ധതി പ്രദേശങ്ങളിലും സ്വന്തം വീടിനു പുറമേ മറ്റൊന്നുകൂടി നിർമ്മിച്ചു വാടകയ്ക്കു നൽകി വരുമാനം കണ്ടെത്തുന്ന രീതി കേരളത്തിൽ വ്യാപകമാണ്. വീടില്ലാത്തവർക്കായി ലൈഫ് ഭവന പദ്ധതിയും മറ്റും നടപ്പാക്കാൻ ഏറെ പണം ചെലവിടേണ്ടി വരുന്നെന്നു തദ്ദേശ വകുപ്പ് വിലയിരുത്തുന്നു.

അതേസമം ന്യായവിലയിൽ ഡബിൾ ജംപ്, ഫ്‌ളാറ്റുകളുടെ സ്റ്റാംപ് ഡ്യൂട്ടി 2% കൂട്ടിയത് റിയൽ എസ്റ്റേറ്റ് മേഖലക്കും തിരിച്ചടിയാണ്. ഭൂമി ന്യായവിലയിൽ ഒറ്റയടിക്ക് 20% വർധന വരുത്തിയത് റിയൽ എസ്റ്റേറ്റ് മേഖലയെ തളർത്തും. 2010ൽ ന്യായവില നിലവിൽ വന്നശേഷം ആറാമത്തെ വർധനയാണിത്. അന്നത്തെ അടിസ്ഥാനവിലയുടെ 264% ആകും പുതിയ ന്യായവില.

ബാങ്ക് വായ്പയ്ക്കല്ലാതെ പലരും ഭൂമിയുടെ വിപണിവില ആധാരത്തിൽ കാണിക്കാറില്ല. അതിനാൽ ന്യായവിലയുടെ ഇരട്ടിയിലും അധികമാണ് മിക്ക സ്ഥലങ്ങളിലെയും വിപണിവില. എന്നാൽ അപൂർവം ചിലയിടങ്ങളിൽ ന്യായവില വിപണി വിലയെക്കാൾ ഏറെ മുകളിലുമാണ്. ഇതു പരിഷ്‌കരിക്കാൻ രണ്ടുവട്ടം സർക്കാർ ഉത്തരവിറക്കിയെങ്കിലും ഒന്നും നടന്നില്ല. ഭൂമി ഇടപാടു സമയത്ത് സ്റ്റാംപ് ഡ്യൂട്ടിയായി ന്യായവിലയുടെ 8%, റജിസ്‌ട്രേഷൻ ഫീസായി 2% വീതമാണ് ഈടാക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിട നമ്പർ ലഭിച്ച് 6 മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്‌ളാറ്റുകൾക്കും അപ്പാർട്‌മെന്റുകൾക്കും സ്റ്റാംപ് ഡ്യൂട്ടി 5 ശതമാനത്തിൽനിന്ന് 7% ആക്കിയിട്ടുണ്ട്. 6 മാസം കഴിഞ്ഞാണു രജിസ്റ്റർ ചെയ്യുന്നതെങ്കിൽ 8% ആകും. ആധാരം രജിസ്റ്റർ ചെയ്ത് 3 മാസത്തിനകമോ 6 മാസത്തിനകമോ നടത്തുന്ന തീറാരാധങ്ങൾക്ക് നിലവിലുള്ള അധിക സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP