Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മാരുതി സെൻ' കാർ മോഷണം പോയപ്പോൾ 'പാർക്കിങ് അറ്റ് ഓണേഴ്‌സ് റിസ്‌ക് 'എന്ന ഉഡായിപ്പ് ന്യായവുമായി ഡൽഹിയിലെ താജ് ഹോട്ടൽ; ആ പരിപാടി ഇനി മുതൽ നടപ്പില്ലെന്ന് സുപ്രീംകോടതി; 21 വർഷം മുമ്പത്തെ മോഷണക്കേസിൽ കാർ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; വാലറ്റ് പാർക്കിങ്ങിൽ താക്കോൽ കൈമാറിയാൽ വാഹനം പൊന്നുപോലെ നോക്കണം; ഉടമസ്ഥന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവച്ചൊഴിയാൻ നോക്കേണ്ടെന്നും മുന്നറിയിപ്പ്

'മാരുതി സെൻ' കാർ മോഷണം പോയപ്പോൾ 'പാർക്കിങ് അറ്റ് ഓണേഴ്‌സ് റിസ്‌ക് 'എന്ന ഉഡായിപ്പ് ന്യായവുമായി ഡൽഹിയിലെ താജ് ഹോട്ടൽ; ആ പരിപാടി ഇനി മുതൽ നടപ്പില്ലെന്ന് സുപ്രീംകോടതി; 21 വർഷം മുമ്പത്തെ മോഷണക്കേസിൽ കാർ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; വാലറ്റ് പാർക്കിങ്ങിൽ താക്കോൽ കൈമാറിയാൽ വാഹനം പൊന്നുപോലെ നോക്കണം; ഉടമസ്ഥന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവച്ചൊഴിയാൻ നോക്കേണ്ടെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹോട്ടിലോ, മാളുകളിലോ, മൈതാനത്തോ, ആശുപത്രിയിലോ, വാഹനവുമായി എവിടെ പോയാലും കാണാം ഈ ബോർഡ്: 'പാർക്കിങ് അറ്റ് ഓണേഴ്‌സ് റിസ്‌ക്'. ചേട്ടന്മാരും ചേച്ചിമാരും ഇഷ്ടം പോലെ പാർക്ക് ചെയ്‌തോളൂ. വാഹനത്തിന് എന്തെങ്കിലും സംഭവിച്ചാൽ പണി നിങ്ങൾക്ക് തന്നെ...അതായത് ഉടമയ്ക്ക്. ഞങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവില്ല. എന്തൊക്കെ കാര്യങ്ങളാണ് ഒരുചെറിയ വാചകത്തിൽ പറഞ്ഞുവയ്ക്കുന്നത്. ഏതായാലും ഈ പരിപാടി ഇനി നടപ്പില്ലെന്നാണ് സുപ്രീം കോടതി പറയുന്നത്. ന്യൂഡൽഹിയിലെ താജ് ഹോട്ടലിനാണ് സുപ്രീം കോടതി മുട്ടൻപണി കൊടുത്തത്.

21 വർഷം മുമ്പ് നടന്ന ഒരുകാർ മോഷണമാണ് കേസ്. ന്യൂഡൽഹിയിലെ താജ് ഹോട്ടലിൽ വച്ച് ആരോ അടിച്ചുമാറ്റിയത് മാരുതി സെൻ കാർ. പതിവ് പോലെ അതിഥിയുടെ റിസ്‌കിൽ ആയിരിക്കും കാർ പാർക്കിങ് എന്ന ന്യായമൊക്കെ താജുകാർ നിരത്തി. അതൊന്നും ഇവിടെ നടപ്പില്ലെന്ന് കോടതി പറഞ്ഞു. പാർക്കിങ് ടോക്കണും നൽകി, കാറിന്റെ താക്കോലും കൈമാറിയ കസ്റ്റമർക്ക് ന്യായമായും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. മോഷണമോ, കേടുപാടോ ഉണ്ടായാൽ ഉടമസ്ഥന്റേതാണ് ഉത്തരവാദിത്തം എന്ന് പറഞ്ഞ് ഹോട്ടൽ ഉടമകൾക്ക് ഒഴിയാനാവില്ല. വിശേഷിച്ച് ഉടമസ്ഥൻ ഹോട്ടൽ ജീവനക്കാരെ കാർ പാർക്ക് ചെയ്യാൻ ഏൽപിക്കുന്ന വാലറ്റ് പാർക്കിങ് സംവിധാനത്തിൽ. താക്കോൽ കൈമാറിക്കഴിഞ്ഞാൽ പിന്നെ അത് പൊന്നുപോലെ നോക്കേണ്ട ചുമതല ഹോട്ടൽ ജീവനക്കാർക്കുണ്ട്. ഏതായാലും മാരുതി സെൻ കാർ നഷ്ടമായ വ്യക്തിക്ക് 2.8 ലക്ഷം നഷ്ടപരിഹാരം നൽകാനാണ് ജസ്റ്റിസുമാരായ എം.എം.ശന്തനഗൗഡറുടെയും അജയ് റസ്‌തോഗിയുടെയും ബഞ്ച് വിധിച്ചത്. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ബഞ്ച് ശരി വയ്ക്കുകയായിരുന്നു. ഹോട്ടൽ മാനേജ്‌മെന്റിന്റെ അശ്രദ്ധയാണ് മോഷണത്തിന് ഇടയാക്കിയതെന്നും കോടതി പറഞ്ഞു.

വാഹനം പാർക്ക് ചെയ്യാൻ താക്കോൽ വാങ്ങുമ്പോൾ അത് സുരക്ഷിതമായി നോക്കാനാണ് ഉടമസ്ഥൻ ഏൽപിക്കുന്നത്. പാർക്കിങ് സ്ലിപ്പ് കാണിക്കുമ്പോൾ, വാഹനം എങ്ങനെയാണോ ഏല്പിച്ചത് അതുപോലെ തന്നെ കേടുപാട് കൂടാതെ തിരിച്ചുനൽകണം. പാർക്കിങ് ഫ്രീയാണ് എന്നതും നഷ്ടപരിഹാരം നൽകാതിരിക്കാൻ കാരണമാകുന്നില്ലെന്ന് കോടതി വിലയിരുത്തി. വാഹന പാർക്കിങ് ഉടമസ്ഥന്റെ ഉത്തരവാദിത്തത്തിൽ ആയിരിക്കുമെന്ന് പാർക്കിങ് ടാഗിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് താജ് ഹോട്ടൽ വാദിച്ചുനോക്കിയെങ്കിലും ഫലിച്ചില്ല.

വാലറ്റ് പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഹോട്ടലോ അവിടുത്തെ ജീവനക്കാരോ മനഃപൂർവം ഉപേക്ഷ കാണിക്കുന്ന കേസുകളിൽ, പാർക്കിങ് ടോക്കൺ അവരുടെ രക്ഷയ്ക്ക് എത്തില്ല. അതേസമയം, എല്ലാ സാഹചര്യങ്ങളിലും ഹോട്ടൽ ഉടമ നഷ്ടപരിഹാരം നൽകണമെന്ന് ഇത് അർഥമാക്കുന്നില്ല. ഒരുകരാർ വഴി 'ഒഴിവാക്കൽ വ്യവസ്ഥ' കൊണ്ടുവരുന്നതിലും തടസ്സമില്ല. ചില സാഹചര്യങ്ങളിൽ മൂന്നാമതൊരു കക്ഷിയുടെയോ, അതിഥിയുടെ തന്നെ അശ്രദ്ധ മൂലമോ, അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മൂലമോ വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം. പ്രകൃതിക്ഷോഭം മൂലമോ, നിയമപ്രശ്‌നങ്ങളുടെ പേരിൽ മോട്ടോർ വാഹന അഥോറിറ്റി വാഹനം പിടിച്ചെടുത്താലോ, വാഹനത്തിന് നേരത്തെ തന്നെ കേടുപാടുകൾ ഉള്ളപ്പോഴോ, അതിഥിയുടെ അശ്രദ്ധമൂലമുള്ള നഷ്ടമോ, കേടുപാടോ ഇതിനൊന്നും നഷ്ടപരിഹാരം ബാധകമായിരിക്കില്ല, കോടതി വ്യക്തമാക്കി..

ഈ വിഷയത്തിൽ അഡ്വ.ശ്രീജിത്ത് പെരുമനയുടെ ഫേ്‌സ്ബുക്ക് കുറിപ്പ് കൂടി വായിക്കാം:

കസ്റ്റമറുടെ ഉത്തരവാദിത്വത്തിൽ പാർക്ക് ചെയുക' എന്ന ബോർഡ് വെച്ച് ഹോട്ടലുകൾക്കും, മാളുകൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും ഇനി ഉഡായിപ്പ് കളിക്കാൻ പറ്റില്ല ; സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ

ഹോട്ടലുകളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും, മാളുകളുടെയും വാലറ്റ് പാർക്കിങ്ങുകളിൽ പാർക്ക് ചെയ്ത വാഹങ്ങൾക്ക് വാഹന ഉടമകൾക്കാണ് ഉത്തരവാദിത്വം 'parking at owners risk ' എന്ന് മുന്നറിയിപ്പ് നൽകിയാലും ഹോട്ടൽ ഉടമകൾക്ക് പൂർണ്ണ ഉത്തരവാദിത്വം ഉണ്ടെന്ന് സുപ്രീംകോടതി .

Taj Mahal Hotel vs. United India Insurance Company Ltd.കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വാഹന ഉടമകളുടെ ഉത്തരവാദിത്വത്തിൽ പാർക്ക് ചെയ്യാം എന്ന് മുന്നറിയിപ്പ് ബോർഡ് വെച്ച ശേഷം നൽകുന്ന പാർക്കിങ് സ്ലിപ്പിൽ 'വാഹനങ്ങൾക്ക് മേൽ മാനേജ്മെന്റിന് ഉത്തരവാദിത്വമില്ല' എന്ന മുന്നറിയിപ്പ് നൽകിയാലും വാഹന ഉടമയ്ക്ക് സുരക്ഷിതമായി വാഹനം തിരികെ നൽകാൻ പാർക്കിങ് നൽകുന്നവർക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.

വാഹനം പാർക്കിങ്ങിൽ വെച്ചതിനു ശേഷം താക്കോൽ കൈമാറി രജിസ്റ്റർ ചെയ്യുമ്പോൾ വാഹന ഉടമയും, പാർക്കിങ് ഉടമയും തമ്മിൽ ഒരു കോട്രാക്റ്റിൽ ഏർപ്പെടുന്നുണ്ട്, പ്രസ്തുത കോണ്ട്രാക്റ്റ് നിയമപ്രകാരം ഉത്തരവാദിത്വം പാർക്കിങ് നല്കുന്നവർക്കാണ്. വാഹനത്തിനു എന്തെങ്കിലും സംഭവിക്കുന്ന പക്ഷം അത് പാർക്കിങ് നൽകിയവരുടെ അശ്രദ്ധകൊണ്ടുണ്ടായതല്ല എന്നും, തങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത മൂന്നാമതൊരാളാൽ സംഭവിച്ചതാണെന്നും, പാർക്കിങ് ഉടമകൾക്ക് അശ്രദ്ധ ഉണ്ടായിട്ടില്ല എന്ന് തെളിയിക്കേണ്ട burden of proof അഥവാ ബാധ്യത പാർക്കിങ് നൽകുന്ന ഹോട്ടൽ ഉടമകൾക്കാണെന്നു കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെടെയുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

ഇത്തരം സന്ദർഭങ്ങൾ തങ്ങൾക്ക് ബാധ്യതയില്ല എന്നെഴുതിയ പാർക്കിങ് സ്ലിപ്പുകൾ വാഹന ഉടമകൾക്ക് നൽകിയിരുന്നു എന്നതുകൊണ്ട് മാത്രം പാർക്കിങ് നൽകുന്നവരുടെ ബാധ്യത ഇല്ലാതാകുന്നില്ല എന്നും infra hospitium എന്ന തത്വപ്രകാരം ഹോട്ടലുകൾക്കും, പാർക്കിങ് നല്കുന്നവർക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി വിധിച്ചു. പാർക്കിങ്ങിൽ നൽകിയ വാഹനം കാണാതാകുകയോ തകരാറു സംഭവിക്കുകയോ ചെയ്താൽ അത് ഇൻഷൂർ കമ്പനിയുടെ ബാധ്യതയാണെന്ന താജ് ഹോട്ടലിന്റെ വാദമാണ് കോടതി തള്ളിയത്. തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയാണ് വാഹനം കാണാതായതിനുള്ള കാരണം എന്ന് തെളിയിക്കാനുള്ള ആദ്യത്തെ ബാധ്യത ഹോട്ടലിനാണെന്ന് കോടതി നിരീക്ഷിച്ചു. അത്തരത്തിൽ താജ് ഹോട്ടലിനു ഉടമയുടെ വാഹനം തങ്ങളുടെ അശ്രദ്ധകൊണ്ടല്ല പോയത് എന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ വാഹനം ഉടമയ്ക്ക് നൽകേണ്ട ബാധ്യത ഹോട്ടലിനാണെന്നും ഇൻഷൂർ കമ്പനിക്കല്ലെന്നും കോടതിയുടെ സുപ്രധാന വിധിയിൽ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP