Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

90 ശതമാനം ആശുപത്രികളിലും ബ്ലേഡ് നിരക്കാണ്, തീവെട്ടിക്കൊള്ളയാണ്; ഡോക്ടർമാർ രോഗികളെ നിർബന്ധിച്ച് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നും, ലാബ് ടെസ്റ്റും നടത്തിക്കുന്നു; ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഐഎംഎ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? ചോദ്യശരങ്ങൾ ഉതിർത്ത റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ; രോഗികൾ ഡോക്ടറെ വിശ്വസിക്കണം; അതിന്റെ പേരിൽ രോഗനിർണ്ണയം പാളിയാൽ ഉത്തരവാദിത്തം രോഗിക്ക് മാത്രമെന്ന് പ്രതികരിച്ച് ഐഎംഎയും

90 ശതമാനം ആശുപത്രികളിലും ബ്ലേഡ് നിരക്കാണ്, തീവെട്ടിക്കൊള്ളയാണ്; ഡോക്ടർമാർ രോഗികളെ നിർബന്ധിച്ച് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നും, ലാബ് ടെസ്റ്റും നടത്തിക്കുന്നു; ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഐഎംഎ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? ചോദ്യശരങ്ങൾ ഉതിർത്ത റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ; രോഗികൾ ഡോക്ടറെ വിശ്വസിക്കണം; അതിന്റെ പേരിൽ രോഗനിർണ്ണയം പാളിയാൽ ഉത്തരവാദിത്തം രോഗിക്ക് മാത്രമെന്ന് പ്രതികരിച്ച് ഐഎംഎയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ആതുരശുശ്രൂഷാ രംഗം വിവാദങ്ങളിൽ നിന്നും ഒരിക്കലൂം വിമുക്തമല്ല. എപ്പോഴും അറ്റം കാണാത്ത വിധത്തിൽ വിവാദങ്ങൾ നടക്കുന്ന ഇടമാണ് ഡോക്ടർ-രോഗീ ബന്ധങ്ങൾ. ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധങ്ങളെ നിർവചിക്കുമ്പോൾ അതെപ്പോഴും വിവാദങ്ങൾക്ക് അപ്പുറമുള്ള ഒരു തലത്തിൽ എത്തിനിൽക്കാറുമുണ്ട്. ഇതേ ഡോക്ടർ-രോഗീ ബന്ധത്തിലെ ഒരു വിവാദവിഷയം ചൂണ്ടിക്കാട്ടിയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ റോയ് മാത്യു ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. വിവാദത്തിന്റെ പൂർണമായ ഒരു അർത്ഥതലം റോയ് മാത്യുവിന്റെ ഫെയ്സ് ബുക്ക് കുറിപ്പിലുണ്ടായിരുന്നു.

കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്ന രോഗികളെ നിർബന്ധിച്ച് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നും, ലാബ് ടെസ്റ്റും നടത്തിക്കുന്നത് രോഗിയുടെ അവകാശത്തിന്റെ ലംഘനമല്ലേ? സ്വകാര്യ ആശുപത്രികൾ ലാബ് ടെസ്റ്റുകൾ രോഗികളെ നിർബന്ധിച്ച് അതേ ആശുപത്രിയിൽ നിന്ന് ചെയ്യിക്കുകയും മരുന്നുകൾ അതേ ആശുപത്രി ഫാർമസിയിൽ നിന്ന് വാങ്ങിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വന്തം ഫെയ്സ് ബുക്ക് പേജ് വഴി റോയ് മാത്യു ഈ ചോദ്യം ഉയർത്തിയത്.

ആരോഗ്യ രംഗത്തെ ഒരു മാതിരിപ്പെട്ട വിഷയങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇത്തരം നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മിണ്ടാറില്ല. ആതുര ശുശ്രൂഷാ രംഗത്തെ കാര്യങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഐഎംഎ ഈ വിഷയങ്ങളിൽ പുലർത്തുന്ന മൗനം ചൂണ്ടിക്കാട്ടിയാണ് റോയ് മാത്യു ഐഎംഎയ്‌ക്കെതിരെ ചോദ്യ ശരങ്ങൾ ഉതിർത്തത്. എന്തിനാണ് സ്വകാര്യ ആശുപത്രികൾ അവിടെ വരുന്ന രോഗികളെ നിർബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്ന് വാങ്ങാനും ടെസ്റ്റ് നടത്താനും പ്രേരിപ്പിക്കുന്നത്. രോഗിയുടെ ഇഛയ്ക്കും മുകളിൽ ഡോക്ടറിനും ആശുപത്രിക്കും അവകാശമുണ്ടോ? കുറഞ്ഞ പക്ഷം രോഗിയോടോ അവരുടെ ബന്ധുക്കളോടൊ എങ്കിലും ആലോചിച്ചിട്ടു വേണ്ടെ ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാൻ - മരുന്നിന്റെ കൂറിപ്പടിയും പരിശോധനാ കുറിപ്പുമൊക്കെ രോഗിയുടെ കയ്യിൽ കൊടുക്കുന്നതിനു പകരം ആശുപത്രി ഫാർമസിയിലേക്കും ലാബിലേക്കും നേരെ വിടുന്നത് നിയമ വിരുദ്ധമല്ലേ? ഇഷ്ടമുള്ള സ്ഥലത്തു പോയി മരുന്ന് വാങ്ങാനും .ടെസ്റ്റ് നടത്താനുമുള്ള രോഗിയുടെ അവകാശം നിഷേധിക്കുകയല്ലേ?

ആശുപത്രികൾ നൽകുന്ന ചികിത്സാ സൗകര്യങ്ങളിലും മറ്റും ഈടാക്കുന്ന നിരക്കുകൾക്ക് ഒരു ഏകീകരണം ഉണ്ടാവണ്ടേ? തോന്നുംപടിയാണ് ഓരോ ആശുപത്രിയും ഡോക്ടറന്മാരും ചികിത്സ ക്കും ടെസ്റ്റുകൾക്കും. ചാർജ് ഈടാക്കുന്നത്. 90% ആശുപത്രികളിലും ബ്ലേഡ് നിരക്കാണ്, തീവെട്ടിക്കൊള്ളയാണ്. നിരക്കുകൾ ഒരാശുപത്രിയിലും എഴുതി പ്രദർശിപ്പിക്കാറില്ല.ശസ്ത്രക്രിയകളുടേയും ടെസ്റ്റുകളുടേയും രോഗികൾക്ക് നൽക്കുന്ന പ്രത്യേക ചികിത്സകളുടേയും നിരക്കുകൾ എഴുതി പ്രദർശിപ്പിക്കണമെന്നാണ് അവകാശ പത്രികയിൽ പറയുന്നത്. അതും തഥൈവ.

2018 സെപ്റ്റംബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം രോഗികളുടെ അവകാശങ്ങളടങ്ങിയ ചാർട്ടർ ഓഫ് പേഷ്യന്റ്‌സ് റൈറ്റ്‌സ് ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അവകാശമായി പ്രഖ്യാപിച്ചു കൊണ്ട് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, മാധ്യമങ്ങളോ, ഉപഭോക്തൃ സംഘടനകളോ ആരോഗ്യ പ്രവർത്തകരോ രോഗികളുടെ ഈ അവകാശത്തെക്കുറിച്ച് അധികമൊന്നും മിണ്ടാറില്ല. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങൾ നടപ്പാക്കുന്നതിൽ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും എത്രമേൽ ജാഗരൂകരാണ്.? ഇങ്ങനെയൊക്കെ അവകാശങ്ങൾ രോഗികൾക്ക് ഉള്ളതായുള്ള പ്രചരണങ്ങളോ ആശയ പ്രചരണങ്ങളോ നടത്തുന്നതിൽ കുറ്റകരമായ മൗനം ഐഎംഎയുടെ ഭാഗത്തുണ്ട്. ഇത്തരം കാര്യങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങൾ അവരുടെ കടമ നിർവഹിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ.

മിക്ക ആശുപത്രികളിലെ ഫാർമസികളിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് മരുന്നുകളും രോഗ പരിശോധനാ ടെസ്റ്റുകളും ലഭിക്കുന്ന സാഹചര്യങ്ങൾ നിലവിലുള്ളപ്പോൾ രോഗികളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്നു മേടിപ്പിക്കുകയും ടെസ്റ്റുകൾ നടത്തിക്കുന്ന അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാക്കായേ മതിയാവു. ഡോക്ടറന്മാരുടേയും ആശുപത്രികളുടേയും നിയമ വിരുദ്ധ ഇത്തരം നടപടികളെക്കുറിച്ച് ഐഎംഎ ഇനിയെങ്കിലും നിലപാട് സ്വീകരിക്കണം - മിതമായ ഭാഷയിൽ പറഞ്ഞാൽ , നിങ്ങൾ ഐഎംഎക്കാർ രോഗികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കാതെ കച്ചവട താല്പര്യങ്ങളോടൊപ്പം ചേരുന്നത് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. രോഗിക്ക് ഇഷ്ടമുള്ള മരുന്ന് വിപണന കേന്ദ്രത്തിൽ നിന്ന് മരുന്ന് വാങ്ങാനും.

ഇഷ്ടമുള്ള ലാബിൽ പോയി ടെസ്റ്റ് നടത്താനും അവകാശമുണ്ടെന്ന് വളരെ അസന്നിഗ്ദ്ധമായി അവകാശപത്രികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മാർഗ നിർദ്ദേശമുള്ളപ്പോഴാണ്. ഡോക്ടറന്മാർ കമ്മീഷൻ തട്ടാൻ അവർക്ക് താല്പര്യമുള്ള ഫാർമസികളിലേക്കും ലാബിലേക്കും സ്‌കാൻ സെന്ററുകളിലേക്കും രോഗികളെ പറഞ്ഞു വിടുന്നത്.രോഗികളുടെ അവകാശങ്ങളെ കുറിച്ച് സമഗ്രമായ അറിവു പകരാൻ ആരോഗ്യ രംഗത്തെ വിദഗ്ധരും അവരുടെ സംഘടനകളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ഉപഭോക്തൃ സംഘടനകളും മുന്നോട്ട് വരണം-ഇതാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ റോയ് മാത്യു ആവശ്യപ്പെട്ടത്.

രോഗി ഡോക്ടറെ വിശ്വസിക്കണമെന്ന് ഐഎംഎ

റോയ് മാത്യുവിന്റെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായാണ് ഐഎംഎ രംഗത്തുവന്നത്. ഐഎംഎ സംസ്ഥാന സെക്രട്ടറി സുൾഫി നൂഹുവാണ് ഈ കാര്യത്തിൽ മറുനാടനുമായി പ്രതികരിച്ചത്. ആശുപത്രിയിൽ നിന്ന് തന്നെ ടെസ്റ്റ് നടത്തുന്നതിനെയും ആശുപത്രിയിൽ നിന്ന് മരുന്നുകൾ വാങ്ങിക്കാനും നിർദ്ദേശിക്കുന്ന ഡോക്ടർമാരെ ന്യായീകരിച്ചുകൊണ്ടാണ് ഡോക്ടർ സുൾഫി രംഗത്തു വന്നത്. ആരോപണങ്ങൾ ഒന്നിന് പിന്നാലെ ഒന്നൊന്നായി തന്നെ ലംഘിച്ചുകൊണ്ടാണ് സുൾഫി മറുനാടനോട് പ്രതികരിച്ചത്. രോഗിക്ക് ടെസ്റ്റുകൾ നടത്തേണ്ടതുണ്ടെങ്കിൽ മരുന്നുകൾ വാങ്ങിക്കണമെന്നുണ്ടെങ്കിൽ ഒരു ഡോക്ടർ അതേ ആശുപത്രിയിൽ നിന്ന് തന്നെ അത് നടത്തണമെന്ന് പറഞ്ഞാൽ ആ ഡോക്ടറെ തെറ്റുപറയാൻ കഴിയില്ല. മരുന്നുകളെയും ലാബ് റെസ്റ്റുകളെക്കുറിച്ചും സങ്കീർണ്ണമായ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ഡോക്ടറുടെ തീരുമാനം തെറ്റെന്നു പറയാൻ ഒരിക്കലൂം കഴിയില്ല-സുൾഫി പറയുന്നു.

ഡോക്ടർമാരുടെ ഇത്തരം നിർദ്ദേശങ്ങളിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്നു പറയാൻ കഴിയില്ല. ടെസ്റ്റുകൾ എഴുതുന്നത് ചികിത്സ നിശ്ചയിക്കാൻ വേണ്ടിയാണ്. ഇതേ ആശുപത്രിയിലെ ലാബിൽ നിന്ന് ടെസ്റ്റ് എടുക്കണമെന്നുള്ള ഡോക്ടറുടെ നിർദ്ദേശത്തെ തെറ്റ് എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. പക്ഷെ രോഗി ഞങ്ങൾക്ക് ഒരു ലാബിൽ നിന്ന് ടെസ്റ്റ് എടുക്കണം എന്ന് പറയുകയാണെങ്കിൽ അതിൽ അപാകതയില്ല. അത് രോഗിയുടെ ഇഷ്ടമാണ്. പക്ഷെ ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം ലാബ് ഏതാണ് എന്ന് പ്രധാനമാണ്. ആ ലാബിലെ ടെസ്റ്റ് റിസൽട്ട് നോക്കിയാണ് ഡോക്ടർ രോഗ നിർണ്ണയം നടത്തുന്നത്. രോഗി പറയുന്ന ലാബ് ഒരു ക്വാളിഫൈഡ് ലാബ് ആണോ അവിടുത്തെ ടെക്നീഷ്യൻ ക്വാളിഫൈഡ് ആണോ ഉപകരണങ്ങൾ നിലവാരമുള്ളതാണോ എന്നൊക്കെ ഡോക്ടർക്ക് ആലോചിക്കേണ്ടതുണ്ട്.

ലാബുകളുടെ നിലവാരത്തിൽ സംശയങ്ങൾ ഉയരുന്നുണ്ട്

ഇത്തരം കാര്യങ്ങൾ പെർഫെക്ട് ആണെങ്കിൽ ഡോക്ടർക്ക് അത് അനുവദിക്കാം. പക്ഷെ ഇപ്പോൾ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലാബുകളുടെ നിലവാരം സംശയിക്കേണ്ട ആവശ്യമുണ്ട്. പല ലാബുകളെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഒരു ഡോക്ടർ ലാബുകളുടെ കാര്യത്തിൽ എ, ബി, സി, ഡി എന്നിവയിൽ എയിലോ ബിയിലോ എന്ന് പറയുന്നുണ്ടെങ്കിൽ അതാണ് അഭികാമ്യം. ഒരു ലാബ് ഡോക്ടർ നിർദ്ദേശിക്കുമ്പോൾ ആ ലാബിൽ നിന്ന് ഡോക്ടർക്ക് കമ്മീഷൻ ലഭിക്കുന്നുണ്ടോ എന്നതാണ് ഇതിൽ ഉയർന്നു വരുന്ന പ്രശ്‌നം. ഈ കാര്യത്തിൽ രോഗി ഡോക്ടറെ വിശ്വസിക്കുന്നതാണ് നല്ലത്. ഇതാണ് രോഗിയുടെ താത്പര്യങ്ങൾക്ക് കൂടുതൽ നല്ലത്. രോഗി ഈ ലാബിൽ നിന്ന് ചെയ്യണം എന്ന് പറയുമ്പോൾ ഡോക്ടർക്ക് ആലോചിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഐഎംഎയും പറയുന്നത്. രോഗി മോശം ലാബിൽ പോയി രോഗം നിർണ്ണയം നടത്തിയാൽ ട്രീറ്റ്മെന്റിന്റെ കാര്യത്തിൽ വരുന്ന റിസ്‌ക്ക് രോഗി എടുക്കേണ്ടതായി വരും എന്ന് തന്നെയാണ് ഐഎംഎയും പറയുന്നത്.

ഡോക്ടർ പറഞ്ഞ ലാബ് ആണെങ്കിൽ അത് സംബന്ധമായ ചികിത്സകൾ തുടരുന്നതിൽ ഡോക്ടർക്ക് ബുദ്ധിമുട്ട് കാണില്ല. വിശ്വസിക്കാൻ കഴിയുന്ന ലാബിൽ മാത്രമേ ടെസ്റ്റ് നടത്താൻ ഡോക്ടർമാർ പറയുകയുള്ളൂ. അതിനാൽ രോഗി ഡോക്ടറെ വിശ്വസിക്കണം. ഫാർമസിയുടെ കാര്യവും ഇതുതന്നെ. വെളിയിൽ നിന്ന് മരുന്ന് വാങ്ങാം. പക്ഷെ ഇതേ ആശുപത്രിയിൽ തന്നെ മരുന്നുണ്ടെന്ന് ഡോക്ടർ പറയുകയാണെങ്കിൽ അതിലും തെറ്റ് കാണാൻ കഴിയില്ല. നല്ല കമ്പനിയുടെ നല്ല മരുന്നുകൾ ആണോ എന്ന് ഡോക്ടർക്ക് ഉറപ്പുവരുത്തേണ്ടി വരുന്നുണ്ട്. എമോക്സലിൻ ആന്റി ബയോട്ടിക് മരുന്നാണ്. ഈ മരുന്ന് വാങ്ങുമ്പോൾ ഏത് കമ്പനിയുടെ മരുന്ന് എന്നതും പ്രസക്തമാണ്. നൂറായിരം കമ്പനിക്കാർ ഈ മരുന്ന് നിർമ്മിക്കുന്നുണ്ട്. ഈ മരുന്നിന്റെ നല്ല ബ്രാൻഡ് ആശുപത്രി ഫാർമസിയിൽ ഉണ്ടായിരിക്കും. ഈ മരുന്ന് വാങ്ങാനാണ് ഡോക്ടർ പറയുന്നത്. ഇതിൽ തെറ്റ് കാണാനാവില്ല.

മെഡിക്കൽ ഷോപ്പുകൾ നൽകുന്ന മരുന്നുകളെക്കുറിച്ച് ഗ്യാരണ്ടി പറയാൻ കഴിയില്ല. മരുന്നുകളുടെ ക്വാളിറ്റി തിരിച്ചറിയാനുള്ള സംവിധാനം ഇന്ത്യാ മഹാരാജ്യത്തില്ല. രണ്ടോ മൂന്നോ ശതമാനം മരുന്നുകൾ മാത്രമേ പരിശോധിച്ച് ക്വാളിറ്റി തിരിച്ചറിയുന്നുള്ളൂ. ഡോക്ടർമാർ നല്ല ക്വാളിറ്റിയുള്ള കമ്പനിയുടെ മരുന്നുകൾ വാങ്ങാനാണ് ആവശ്യപ്പെടുക. പക്ഷെ ഒരു ഫാര്മസിയിൽ നിന്നേ മരുന്ന് വാങ്ങുകയുള്ളൂ എന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ ഡോക്ടർക്ക് അവകാശമില്ല. പക്ഷെ റിസ്‌ക്ക് രോഗി എടുക്കേണ്ടതായി വരും. ക്വാളിറ്റിയാണ് പ്രധാനം. സിടി സ്‌കാൻ ചെയ്യുമ്പോൾ വരെ. അത് ഏത് കമ്പനിയുടെ മെഷീൻ എന്ന് കൂടി നോക്കേണ്ടി വരും. അതുകൊണ്ടെക്കെ തന്നെയാണ് ഡോക്ടർമാർ ഇത്തരം നിർദ്ദേശങ്ങൾ നടത്തുന്നത്. പക്ഷെ ഇതിലൊന്നും തന്നെ മനുഷ്യാവകാശ ലംഘനത്തിന്റെ പ്രശ്‌നങ്ങളില്ല-സുൾഫി പറയുന്നു.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP