Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഉത്തരകൊറിയയിൽ എന്തുസംഭവിക്കുന്നുവെന്ന് അറിയാൻ ആകാംക്ഷയോടെ ലോകം; കിം ജോങ് ഉൻ മരിച്ചുവെന്ന് ബ്രേക്കിങ് ന്യൂസുമായി ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷൻ; വാർത്ത പൊട്ടിച്ചത് ചൈനീസ് സർക്കാരിന്റെ പിന്തുണയുള്ള ചാനലിന്റെ വൈസ് ഡയറക്ടറായ വനിത; സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ സ്ഥിരീകരിക്കാത്ത വാർത്ത വന്നതോടെ കാര്യങ്ങൾ പന്തിയല്ലെന്ന അഭ്യൂഹങ്ങളും

ഉത്തരകൊറിയയിൽ എന്തുസംഭവിക്കുന്നുവെന്ന് അറിയാൻ ആകാംക്ഷയോടെ ലോകം; കിം ജോങ് ഉൻ മരിച്ചുവെന്ന് ബ്രേക്കിങ് ന്യൂസുമായി ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷൻ; വാർത്ത പൊട്ടിച്ചത് ചൈനീസ് സർക്കാരിന്റെ പിന്തുണയുള്ള ചാനലിന്റെ വൈസ് ഡയറക്ടറായ വനിത; സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ സ്ഥിരീകരിക്കാത്ത വാർത്ത വന്നതോടെ കാര്യങ്ങൾ പന്തിയല്ലെന്ന അഭ്യൂഹങ്ങളും

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷൻ വലിയൊരു ബോംബ് പൊട്ടിച്ചിരിക്കുകയാണ്. രോഗാതുരനായ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ മരിച്ചു. നുണബോംബാണോ, സത്യമാണോ എന്ന് തിട്ടപ്പെടുത്താറായിട്ടില്ല. ഏതായാലും, ചൈനീസ് മെഡിക്കൽ സംഘം, ഉന്നത കമ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തിൽ ഉത്തര കൊറിയയിൽ എത്തിയെന്ന റിപ്പോർട്ടുകൾ കൂടി ചേർത്തുവായിക്കുമ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ല എന്നുപറയേണ്ടി വരും.

സർക്കാർ പിന്തുണയുള്ള ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷൻ ചാനലിന്റെ വൈസ് ഡയറക്ടറായ വനിതയാണ് ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയിൽ ഈ വെടി പൊട്ടിച്ചത്. തനിക്ക് വളരെ ഉറപ്പുള്ള സ്രോതസിൽ നിനുള്ള വാർത്ത ആണിതെന്ന് അവർ പറയുന്നു. 15 ദശലക്ഷം ഫോളോവേഴ്‌സാണ് ഈ വൈസ് ഡയറക്ടറായ വനിതയ്ക്കുള്ളത്. ചൈനീസ് വിദേശ കാര്യ മന്ത്രിയുടെ അനന്തരവൾ കൂടിയാണ് ഇവർ. കോവിഡോ മറ്റേതെങ്കിലും അസുഖം മൂലമാണോ മരിച്ചതെന്ന് ട്വീറ്റിൽ വ്യക്തമാക്കുന്നില്ല.

ഏപ്രിൽ 15 ന് രാജ്യത്തിന്റെ സ്ഥാപകനും കിമ്മിന്റെ മുത്തച്ഛനുമായ കിം ഉൾ സുങ്ങിനെ അനിസ്മരിക്കുന്ന ചടങ്ങിൽ കിം പങ്കെടുക്കാതിരുന്നതോടെയാണ് അഭ്യൂഹങ്ങൾ വളർന്നത്. ഹോങ്കോങ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തത് പോലെ സംഭവിച്ചാൽ കിമ്മിന്റെ സഹോദരി കിം യോ ജോങ് ആയിരിക്കും അനന്തരാവകാശി. കിം ജോങ് ഇല്ലിന്റെ ഇളയ മകളാണ് രാഷ്ട്രീയ നേതാവായ യോ ജോങ്. പോളിറേറ് ബ്യൂറോ അംഗവും തൊഴിലാളികളുടെ പ്രചാരണ-പ്രക്ഷോഭ വകുപ്പ് വൈസ് ഡയറക്ടറുമാണ് യോജോങ്. ഏതായാലും കിമ്മിന്റെ മരണ വാർത്ത ഇതുവരെ ഉത്തരകൊറിയയോ അമേരിക്കയോ ചൈനയോ സ്ഥിരീകരിച്ചിട്ടില്ല. സോഷ്യൽ മീഡിയിൽ കിമ്മിന്റെ മരണചിത്രങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും.

പരസ്പര വിരുദ്ധമായ വാർത്തകളാണ് കിമ്മിനെ കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര ലയസൺ വകുപ്പിലെ മുതിർന്ന അംഗമാണ് ഉത്തര കൊറിയയിൽ എത്തിയ വൈദ്യ സംഘത്തെ നയിക്കുന്നത്. ഉത്തരകൊറിയയുമായുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ചൈനയിലെ ഈ പ്രധാന വകുപ്പാണ്. ചൈനീസ് വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ഈയാഴ്ച ആദ്യം ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കിം സുഖം പ്രാപിച്ചുവരികയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കിം അപകട നിലയിലാണെന്ന റിപ്പോർട്ടുകൾ ദക്ഷിണകൊറിയയും ചൈനയും തള്ളിയിരുന്നു. അസാധാരണമായി എന്തെങ്കിലും സംഭവിക്കുന്നതിന്റെ സൂചന ഉത്തര കൊറിയയിൽ നിന്നില്ലെന്നും ദക്ഷിണ കൊറിയൻ വക്താക്കൾ പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപും മാധ്യമ വാർത്തകൾ വ്യാഴാഴ്ച തള്ളിക്കളഞ്ഞിരുന്നു. കിമ്മിന്റെ കുടുംബത്തിന് ഹൃദ്രോഗ ചരിത്രമുണ്ട്. പിതാവ് കിംജോങ് ഇല്ലിന് 2008 ൽ മസ്തിഷ്ഘാതം ഉണ്ടായപ്പോൾ ഫ്രഞ്ച് വിദഗ്ധ സംഘത്തിനൊപ്പം ചൈനീസ് സംഘവും ചികിത്സയ്ക്ക് എത്തിയിരുന്നു. അമിത വണ്ണവും നിർത്താതെയുള്ള പുകവലിയുമാണ് മകൻ കിമ്മിന്റെ ആരോഗ്യനില വഷളാക്കിയതെന്നാണ് വിവരം.

അതിനിടെ കിം ഫേസ്‌ബുക്കിലൂടെയും വാർത്ത വ്യാജമാണെന്ന് പറഞ്ഞിട്ടുണ്ട്. സാമ്രാജ്യത്വ പ്രചരണം മാത്രമാണ് നടക്കുന്നതെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാർത്ത ദക്ഷിണ കൊറിയൻ പ്രദേശിക പത്രം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായതെന്നായിരുന്നു റിപ്പോർട്ട്. കിമ്മിന് കുഴപ്പമില്ലെന്ന് പറയുമ്പോഴും അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ല. കൊറോണ പേടിയിൽ സുരക്ഷിത സ്ഥലത്ത് കിം കഴിയുന്നുവെന്നും സൂചനയുണ്ട്.. ഇക്കാര്യങ്ങളിൽ എല്ലാം ഉത്തര കൊറിയ മൗനം തുടരുകയാണ്.

ഉത്തരകൊറിയൻ വാർഷികാഘോഷങ്ങളിൽ കിം പങ്കെടുക്കാതിരുന്നത് ഏറെ അഭ്യൂഹങ്ങൾക്ക് വഴി വെച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകൻ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാർഷികമായി ആചരിക്കുക. എന്നാൽ ഇത്തവണ ചടങ്ങുകൾക്ക് കിം പങ്കെടുത്തിരുന്നില്ല. ഏപ്രിൽ 11 ന് വർക്കേഴ്‌സ് പാർട്ടി ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. അമിതമായ പുകവലിയും മാനസിക സമ്മർദ്ദവുമാണ് രോഗം മൂർച്ഛിക്കാൻ കാരണമെന്നും ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ വാർത്തകൾ സംബന്ധിച്ച് പ്രതികരിക്കാൻ ഉത്തരകൊറിയൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. ഇതായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായി സി എൻ എന്നും വാർത്ത നൽകി. ഇതിനിടെയാണ് ഉത്തര കൊറിയ നിഷേധ കുറിപ്പുമായി എത്തുന്നത്.

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ചില അമേരിക്കൻ മാധ്യമങ്ങൾ കിമ്മിന് മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി വാർത്ത കൊടുത്തതോടെയാണ് ലോകം ഇത് ചർച്ചയാക്കിയത്. ഏപ്രിൽ 15 ന് നടന്ന മുത്തച്ഛന്റെ പിറന്നാൾ ആഘോഷത്തിൽ കിം പങ്കെടുത്തിരുന്നില്ല,ഇതോടെയാണ് ഉത്തര കൊറിയൻ ഏകാധിപതി അസുഖ ബാധിതനാണെന്ന അഭ്യുഹം പ്രചരിച്ചത്. ഏപ്രിൽ 15 ഉത്തര കൊറിയയുടെ സ്ഥാപക പിതാവ് കിം ഇൽ സൂങ്ങിന്റെ ജന്മവാർഷികമാണ്. രാജ്യത്തെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമുള്ള ദിവസത്തെ പരിപാടിയിൽ നിന്ന് കിം വിട്ട് നിന്നത് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. ഏപ്രിൽ 11 ന് വർക്കേഴ്സ് പാർട്ടി പോളിറ്റ് ബ്യുറോയിൽ പങ്കെടുത്തതിന് പിന്നാലെ ഏപ്രിൽ 12 നാണ് ഉത്തര കൊറിയൻ ഏകാധിപതിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതെന്നും റിപ്പോർട്ട് എത്തി.

അത്രമേൽ സർക്കാർ നിയന്ത്രണത്തിൽ കാര്യങ്ങൾ നടത്തപ്പെടുന്ന ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ല. ഇത്തരമൊരു നേതാവിന്റെ ആരോഗ്യത്തെ കുറിച്ചായിരുന്നു ചർച്ച സജീവമായത്. ഇതോടെ ഉത്തരകൊറിയയും പ്രതികരണത്തിന് തയ്യാറായി. 2011 -ൽ കിം ജോങ് ഉന്നിന്റെ അച്ഛനും ഉത്തരകൊറിയയുടെ ജനപ്രിയ നേതാവുമായിരുന്ന കിം ജോങ് ഇൽ മരണപ്പെടുമ്പോൾ, അദ്ദേഹം ഇഷ്ടപുത്രനായ കിം ജോങ് ഉന്നിനെ തന്റെ അനന്തരാവകാശിയാക്കാൻ വേണ്ട പരിശീലനം നല്കിക്കൊണ്ടിരിക്കയായിരുന്നു. കിം ജോങ് ഇല്ലിന് തന്റെ മൂന്നാമത്തെ ഭാര്യയായ കൊ യോങ് ഹുയിയിൽ, 1982 ജനുവരി 8 -ന് ജനിച്ച കിം ജോങ് ഉൻ, അധികാരത്തിലേറുമ്പോൾ 29 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. സ്വിറ്റ്‌സർലണ്ടിലെ ബേർണിൽ ആയിരുന്നു കിമ്മിന്റെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ, പരമരഹസ്യമായി, ഒരു ഉത്തരകൊറിയൻ ഡിപ്ലോമാറ്റിന്റെ മകൻ എന്ന ഭാവേനയായിരുന്നു കിം ജോങ് ഉന്നിന്റെ കോൺവെന്റ് വിദ്യാഭ്യാസം. ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ അക്കാലത്ത് അദ്ദേഹം അവഗാഹം നേടി.

കുട്ടിക്കാലത്ത് തികഞ്ഞ വികൃതിയായിരുന്നു കിം ജോങ് ഉൻ എങ്കിലും, ബാസ്‌കറ്റ് ബോളിലെ അപാരമായ താത്പര്യം അയാളെ ഏകാഗ്രത നിലനിർത്താൻ സഹായിച്ചു. മണിക്കൂറുകളോളം നേരം ചെലവിട്ട് ബാസ്‌കറ്റ് ബോൾ ഇതിഹാസം ഷിക്കാഗോ ബുൾസിന്റെ സുവർണതാരം മൈക്കൽ ജോർദാന്റെ ചിത്രം വരച്ചിരുന്നു കിം എന്ന് അന്നത്തെ സഹപാഠികളിൽ പലരും പിന്നീട് ഓർത്തെടുത്തിട്ടുണ്ട്. വിലപിടിപ്പുള്ള സ്പോർട്‌സ് ഷൂകളുടെ വമ്പിച്ച ശേഖരം തന്നെയുണ്ടായിരുന്ന കിം ജോങ് ഉൻ, തൊട്ടാൽ പൊട്ടുന്നത്ര ദേഷ്യമുള്ള ഒരു തെറിച്ച പയ്യൻ കൂടിയായിരുന്നു. അന്നൊക്കെ കളിക്കളത്തിലും പുറത്തും കിമ്മിന്റെ ദേഷ്യത്തിന്റെ രുചിയറിഞ്ഞിരുന്നു സഹപാഠികളെല്ലാവരും. എന്നാൽ, അന്ന് പെൺകുട്ടികളോട് ഇടപെടുമ്പോൾ മാത്രം വല്ലാത്ത ഒരു അന്തർമുഖത്വവും നാണവും ഒക്കെ അയാളെ ബാധിച്ചിരുന്നുവത്രേ. ആരോടും അധികം മനസ്സുതുറക്കാത്ത കിം ഒരിക്കൽ മാത്രം, ക്‌ളാസിൽ തന്റെ ഡെസ്‌ക് പങ്കിട്ടിരുന്ന ഉറ്റകൂട്ടുകാരൻ മിഹായേലോയോട് മാത്രം താൻ ഉത്തരകൊറിയയിലെ സുപ്രീം ലീഡറുടെ മകനാണ് എന്ന സത്യം തുറന്നുപറഞ്ഞു.

2011 -ൽ അച്ഛന്റെ മരണത്തിനു ശേഷം, അധികം വൈകാതെ കിം ജോങ് ഉൻ അധികാരത്തിൽ അവരോധിക്കപ്പെട്ടു. 'ദ ഗ്രേറ്റ് സക്സസർ' അഥവാ 'മഹാനായ പിൻഗാമി' എന്ന് പത്രങ്ങൾ വിശേഷിപ്പിച്ചു. അന്നുതൊട്ടിന്നുവരെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓർ നോർത്തുകൊറിയയിൽ ഒരേയൊരു പേരുമാത്രമേ ഭരണസിരാകേന്ദ്രങ്ങളിൽ ഉയർന്നു കേട്ടിട്ടുള്ളൂ. അത് സുപ്രീം ലീഡർ കിം ജോങ് ഉന്നിന്റേതാണ്. തികഞ്ഞ വൈരനിര്യാതന ബുദ്ധി കാത്തുസൂക്ഷിക്കുന്ന കിം കൊന്നുതള്ളിയിട്ടുള്ള രാഷ്ട്രീയ എതിരാളികളുടെ എണ്ണത്തിനും തിട്ടമില്ല. 2013 ഡിസംബറിൽ, തനിക്കെതിരെ അട്ടിമറിക്ക് പ്ലാനിട്ട, സ്വന്തം അമ്മാവനായ ചാങ് സോങ് താക്കിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ട് അത് നടപ്പിലാക്കി കിം. 2017 -ൽ തന്റെ അർധസഹോദരൻ കിം ജോങ് നാമിനെ ക്വലാലംപുർ വിമാനത്താവളത്തിൽ വെച്ച് വളരെ വിദഗ്ദ്ധമായി വിഷം കൊടുത്തുകൊന്നതും കിം ജോങ് ഉൻ തന്നെ ആയിരുന്നു എന്നും ആക്ഷേപമുണ്ട്.

അധികാരം ഏറ്റെടുത്ത കാലം മുതൽ തുടങ്ങിയിരുന്ന കൊല്ലും കൊലയും വധശിക്ഷകളും മിസൈൽ ആണവ പരീക്ഷണങ്ങളും ഒകെ നടത്തിയിരുന്ന കിം ജോങ് ഉൻ എന്ന ധിക്കാരിയിൽ നിന്ന്, കിം ജോങ് ഉൻ എന്ന രാഷ്ട്രനേതാവിലേക്കുള്ള വളർച്ചയാണ് 2018 -നു ശേഷം ദൃശ്യമായത്. രാജ്യത്തെ കായികതാരങ്ങളെയും, സ്വന്തം അനുജത്തിയേയും വരെ ദക്ഷിണ കൊറിയയിൽ നടന്ന വിന്റർ ഒളിമ്പിക്സിന് പറഞ്ഞയച്ചു കിം. പിന്നീട് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുമായി ഒരേ മേശക്ക് ഇരുപുറമിരുന്ന്, തുല്യമായ പരിഗണനകൾ ഏറ്റുവാങ്ങി, കൃത്യമായ ചർച്ചകളും, വിലപേശലുകളും ഒക്കെ നടത്തുന്ന തികഞ്ഞ ഒരു നയതന്ത്രജ്ഞനിലേക്ക് കിം ജോങ് ഉൻ വളർന്നിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP