Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാൾസ് രാജകുമാരന് കോവിഡ് ഭേദമാക്കാൻ സഹായിച്ചത് ഹോമിയോ-ആയുർവേദ മരുന്നുകളോ? ബംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് അയച്ചുകൊടുത്ത മരുന്നുകളാണ് ബ്രിട്ടീഷ് കിരീടവകാശിയെ സുഖപ്പെടുത്തിയയെന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികിന്റെ പ്രസ്താവന വിവാദത്തിൽ; വാർത്ത ശരിയല്ലെന്നും പിന്തുടർന്നത് ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസ് നൽകിയ മെഡിക്കൽ ഉപദേശങ്ങൾ മാത്രമാണെന്നും രാജകുമാരന്റെ വക്താവ്; തെളിവുകൾ ഇല്ലാത്ത ഇത്തരം വാദങ്ങൾ വിശ്വസിക്കരുതെന്ന് മോഡേൺ മെഡിസിൻ വക്താക്കളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:ചാൾസ് രാജകുമാരനു കോവിഡ് ഭേദമാക്കാൻ സഹായിച്ചത് ഹോമിയോ-ആയുർവേദ മരുന്നുകളെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികിന്റെ പ്രസ്താവന വിവാദത്തിൽ. 'ബെംഗളൂരുവിലെ ആശുപത്രിയിൽനിന്ന് അയച്ചുകൊടുത്ത മരുന്നുകളാണു ചാൾസിനെ ചികിത്സിക്കാൻ ഉപയോഗിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന ചാൾസ് ഇതിലൂടെ പൂർണ ആരോഗ്യവാനായി.' -വ്യാഴാഴ്ച മന്ത്രി ഗോവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിങ്ങനെയാണ്.

എന്നാൽ മന്ത്രിയുടെ വാദത്തിനെതിരായ നിലപാടാണ് ചാൾസ് രാജകുമാരന്റെ വക്താവ് ലണ്ടനിൽ നിന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണമായി ഒരു ദേശീയ മാധ്യമത്തിനു നൽകിയത്. 'ഈ വിവരം ശരിയല്ല. ചാൾസ് രാജകുമാരൻ പിന്തുടർന്നത് ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നൽകിയ മെഡിക്കൽ ഉപദേശങ്ങളാണ്. ഇതല്ലാതെ മറ്റൊന്നുമല്ല.'- ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി.

യു കെയിൽ ഹോമിയോ ആയുർവേദ ചികിൽസകൾ നടക്കാറുണ്ടെങ്കിലും അതൊന്നും കോവിഡിന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല. ഈ സമയത്ത് ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസ് മോഡേൺ മെഡിസിൻ മാത്രമാണ് ഉപയോഗിച്ചതെന്നും രാജകുമാരന് മറ്റെന്തങ്കിലും ചികിസാരീതികൾ കൊടുത്തിരുന്നതായി അറിയില്ലെന്നുമാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ എൻഡിടിവിയോട് പറഞ്ഞത്.

പക്ഷേ കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ ജനകീയ ആരോഗ്യപ്രവർത്തകരും മോഡേൺ മെഡിസിൻ സ്പെഷ്യലിസ്റ്റുകളും രംഗത്ത് എത്തിയിട്ടു്ണ്ട്. ഐസിഎംആറിലെ ഡോ ബിശ്വാസ് ഗുപത ഇങ്ങനെ പറയുന്നു.' തെളിവുകൾ ഇല്ലാത്ത ഇത്തരം വാദങ്ങൾ വിശ്വസിച്ച് ജനം കോവിഡിന് ഈ രീതിയിലുള്ള ചികിൽസ പിന്തുടർന്നാൽ അത് വൻ ദുരന്തം ആവും. മതിയായ ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാലണ് ഹോമിയോയും ആയുർവേദവും ഇപ്പോഴും സമാന്തര വൈദ്യം എന്ന് അറിയപ്പെടുന്നത്്്'- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കോവിഡിനെതിരെ രാജ്യം പ്രതിരോധം ശക്തമാക്കുന്നതിനിടെ, പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. ബെംഗളൂരു സൗഖ്യയിലെ ചികിത്സ കൊണ്ട് ഏതാനും നാൾക്കകം ചാൾസ് രാജകുമാരനു കോവിഡ് മാറിയെന്നും പരമ്പരാഗത ചികിത്സാരീതികളിൽ കൂടുതൽ ശ്രദ്ധിക്കാൻ താൽപര്യമെടുക്കണമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി എംപി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. ഇതെല്ലാം മാനിച്ചാണു പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ മോദി നിർദ്ദേശിച്ചത്.

ഹോമിയോയിലെ ആഴ്‌സനികം, ആൽബം 30, ആയുർവേദത്തിലെ അഗസ്ത്യ ഹരിതകി തുടങ്ങിയവയും യുനാനിയിലെ ഡസനോളം മരുന്നുകളുമാണു കോവിഡിന് ആയുഷ് വകുപ്പ് ശുപാർശ ചെയ്യുന്നത്. ബെംഗളൂരുവിലെ ആയുർവേദ റിസോർട്ടിലെ ഡോക്ടർ പങ്കുവച്ച വിവരമാണിതെന്നാണ് കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്. കേന്ദ്രമന്ത്രി സൂചിപ്പിച്ച ബെംഗളൂരു സൗഖ്യ ഇന്റർനാഷനൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ സ്ഥാപകനും ചെയർമാനുമായ ഡോ.

ഐസക് മത്തായി പറയുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഹോമിയോ മരുന്നുകൾക്കു കഴിയുമെന്ന് എത്രയോ മുമ്പു തെളിഞ്ഞതാണെന്നാണ്. ഡോക്ടർ എന്ന നിലയിൽ രോഗിയുടെ സ്വകാര്യത മാനിക്കേണ്ടതിനാലും സൗഖ്യയുടെ ചെയർമാൻ എന്ന നിലയിലും ചാൾസ് രാജകുമാരന് എന്തു ചികിത്സയാണു കൊടുത്തത് എന്നു പരസ്യപ്പെടുത്താനാവില്ല. ചികിത്സയുടെ വിശദാംശങ്ങൾ ആയുഷ് മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. -ഡോ. ഐസക് മത്തായി വ്യക്തമാക്കി.സുഖചികിത്സയ്ക്കായി ചാൾസ് രാജകുമാരൻ ഒന്നര പതിറ്റാണ്ടിലേറെയായി സൗഖ്യയിൽ വരാറുണ്ട്. മൂന്നു തലമുറകളായി ബ്രിട്ടിഷ് രാജകുടുംബം ഹോമിയോപ്പതി ചികിത്സ തേടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ബ്രിട്ടിഷ് ഹോമിയോപതിക് അസോസിയേഷന്റെ റോയൽ പേട്രൻ കൂടിയാണ് എലിസബത്ത് രാജ്ഞി.

ആയുർവേദം, യോഗ ആൻഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള കേന്ദ്ര മന്ത്രാലയമാണ് ആയുഷ്. ഈ മേഖലകളിലുള്ള പഠനങ്ങളെയും ഗവേഷണങ്ങളെ വികസിപ്പിക്കുകയാണു മുഖ്യലക്ഷ്യം.

ഇവ കൂടാതെയുള്ള ഇതര സമാന്തര വൈദ്യശാസ്ത്ര മേഖലകളും ഈ വകുപ്പിനു കീഴിലാണ്. തദ്ദേശീയമായതും പരമ്പരാഗതവുമായ ചികിത്സാരീതികളെ ജനകീയമാക്കുക എന്നതും ലക്ഷ്യമാണ്.ഇളംചൂടുവെള്ളം കുടിക്കുക, യോഗസ്സനവും പ്രാണായാമവും ചെയ്യുക, ആഹാരത്തിൽ മഞ്ഞളും ജീരകവും മല്ലിയും വെളുത്തുള്ളിയും ഉൾപ്പെടുത്തുക, ദിവസവും ച്യവനപ്രാശം കഴിക്കുക, ഔഷധചായ കുടിക്കുക, മഞ്ഞളിട്ട ചൂടുപാൽ കുടിക്കുക, ഒരു ടീസ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ വായിൽ കൊള്ളിക്കുക, തൊണ്ടവേദനയും ചുമയും വന്നാൽ പുതിനയിലയോ പെരുംജീരകമോ ഇട്ട് ആവി പിടിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണു കോവിഡിനെ നേരിടാൻ ആയുഷ് മുന്നോട്ടു വച്ചിട്ടുള്ളത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP