Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡിന്റെ നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം; രോഗലക്ഷണങ്ങൾ കാണിക്കാത്തവരുടേ ഹോം ക്വാറന്റൈൻ അവസാനിക്കുക 17 ദിവസത്തിനു ശേഷം; 10 ദിവസമായി പനിയില്ലെന്ന് ഉറപ്പാക്കണം; ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞാൽ വീണ്ടും രോഗപരിശോധന വേണ്ട; പുതുക്കിയ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡിന്റെ നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം; രോഗലക്ഷണങ്ങൾ കാണിക്കാത്തവരുടേ ഹോം ക്വാറന്റൈൻ അവസാനിക്കുക 17 ദിവസത്തിനു ശേഷം; 10 ദിവസമായി പനിയില്ലെന്ന് ഉറപ്പാക്കണം; ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞാൽ വീണ്ടും രോഗപരിശോധന വേണ്ട; പുതുക്കിയ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞാൽ പരിശോധന വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗലക്ഷണങ്ങൾ കാണിക്കാത്തവരുടെ ഹോം ക്വാറന്റൈൻ 17 ദിവസത്തിനു ശേഷമായിരിക്കും അവസാനിക്കുക. ഐസൊലേഷനിൽ കഴിയുന്ന ആൾക്ക് 10 ദിവസമായി പനിയില്ലെന്നും ഉറപ്പുവരുത്തണം. ഹോം ഐസൊലേഷൻ കാലഘട്ടം കഴിഞ്ഞാൽ വീണ്ടും രോഗപരിശോധന നടത്തേണ്ടതില്ലെന്നും നിർദ്ദേശത്തിലുണ്ട്. ഞായറാഴ്ചയാണ് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തുവിട്ടത്.

നേരത്തെ, എപ്രിൽ 27ന് പുറത്തിറക്കിയ മാർഗനിർദ്ദേശ പ്രകാരം, രോഗിക്ക് ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാലേ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാവൂ എന്നായിരുന്നു. നിലവിൽ നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വീട്ടിൽ കഴിയാനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ അവിടെ സ്വയം നിരീക്ഷണത്തിലാകാം. ഐസൊലേഷനിലുള്ള ആൾക്ക് സഹായത്തിനായി 24 മണിക്കൂറും ഒരാൾ ഉണ്ടായിരിക്കണം. സഹായിയും ആരോഗ്യപ്രവർത്തകരും തമ്മിൽ വിവരങ്ങൾ കൈമാറണം. ഇത് ഐസൊലേഷൻ കഴിയുന്ന മുഴുവൻ കാലയളവിലും പാലിക്കണം.

സഹായിയും സമ്പർക്കത്തിൽ വരുന്നവരും ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഹൈഡ്രോക്സിക്ലോറോക്വീൻ ഉപയോഗിക്കണം. ഇതിന് പുറമേ ഇവർ ആരോഗ്യ സേതു ആപ് ഫോണിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം. രോഗിയുടെ ആരോഗ്യ സ്ഥിതി ജില്ലാ സർവയലൻസ് ഓഫിസറെ അറിയിക്കണം. ഐസൊലേഷനിലുള്ള ആൾ ഏതെങ്കിലും തരത്തിലുള്ള ശ്വാസതടസ്സമോ ആരോഗ്യപ്രശ്നങ്ങളോ കാണിച്ചാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം. രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കഴിഞ്ഞ ആഴ്ച ആദ്യം മന്ത്രാലയം പരിഷ്‌കരിച്ചിരുന്നു.

നിലവിലെ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 80 ശതമാനം കേസുകളിലും നേരിയ വൈറസ് ബാധയാണുള്ളത്. ശേഷിക്കുന്ന 20 ശതമാനം പേർക്ക് മാത്രമേ ആശുപത്രിയിൽ പ്രവേശനം ആവശ്യമായിട്ടുള്ളൂ. ഇതിൽ തന്നെ അഞ്ച് ശതമാനം പേർക്കേ ഐസിയു പരിചരണം ആവശ്യമായി വരുന്നുള്ളൂ.

പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ

1.നേരിയ രോഗലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ച കേസാവണം ഇത്.

2. ഐസൊലേഷനിൽ കഴിയാനുള്ള സൗകര്യങ്ങൾ വീട്ടിലുണ്ടാവണം.

3. 24 മണിക്കൂറും ഐസൊലേഷനിലുള്ള ആൾക്ക് സഹായത്തിനായി ഒരാൾ ഉണ്ടായിരിക്കണം. സഹായിയും ആരോഗ്യപ്രവർത്തകരും തമ്മിൽ 4. വിവരങ്ങൾ കൈമാറണം. ഇത് ഐസൊലേഷൻ കഴിയുന്ന മുഴുവൻ കാലയളവിലും പാലിക്കണം.

5. സഹായിയും സമ്പർക്കത്തിൽ വരുന്നവരും ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഹൈഡ്രോക്സിക്ലോറോക്വീൻ ഉപയോഗിക്കണം.
ഇവർ ആരോഗ്യ സേതു ആപ് ഫോണിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം

6. രോഗിയുടെ ആരോഗ്യ സ്ഥിതി ജില്ലാ സർവയലൻസ് ഓഫിസറെ അറിയിക്കണം.ഐസൊലേഷനിലുള്ള ആൾ ഏതെങ്കിലും തരത്തിലുള്ള ശ്വാസതടസ്സമോ ആരോഗ്യപ്രശ്നങ്ങളോ കാണിച്ചാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം.

7. രോഗലക്ഷണങ്ങൾ കാണിക്കാത്തവരുടേ ഹോം ക്വാറന്റൈൻ 17 ദിവസത്തിനു ശേഷമായിരിക്കും അവസാനിക്കുക. ഐസൊലേഷനിൽ കഴിയുന്ന ആൾക്ക് 10 ദിവസമായി പനിയില്ലെന്നും ഉറപ്പുവരുത്തണം. ഹോം ഐസലേഷൻ കാലഘട്ടം കഴിഞ്ഞാൽ വീണ്ടും രോഗപരിശോധന നടത്തേണ്ടതില്ലെന്നും നിർദ്ദേശത്തിലുണ്ട്.

8. രോഗിയെ പരിചരിക്കുന്നയാൾ ഉപയോഗിക്കേണ്ട സുരക്ഷാ കവചങ്ങളെ കുറിച്ച് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. മൂന്ന് ലെയറുള്ള മാസ്‌കാണ് രോഗിയും പരിചരിക്കുന്നയാളും ധരിക്കേണ്ടത്. സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷമേ മാസ്‌ക് ഉപേക്ഷിക്കാവൂ.

 ഹോം ക്വാറന്റൈൻ മാർഗ നിർദ്ദേശങ്ങൾ പുതുക്കി സംസ്ഥാന സർക്കാരും ഇന്നലെ ഉത്തരവിറക്കിയിരുന്നു.പരിശോധനാ നടപടി ക്രമങ്ങളും പുതുക്കി

 കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടർന്ന് കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ഹോം ക്വാറന്റൈൻ മാർഗ നിർദ്ദേശങ്ങൾ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പരിമിതമായ സൗകര്യങ്ങളുള്ള ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനേക്കാൾ മെച്ചം കേരളത്തിൽ ആദ്യ രണ്ട് ഘട്ടങ്ങളിൽ വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈൻ സംവിധാനം കർശനമായ മേൽനോട്ടത്തിലും കേരളത്തിൽ എത്തിച്ചേരുന്നവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കിയും നടപ്പാക്കുന്നതാണ് ഉചിതമെന്ന് എക്സ്പേർട്ട് കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. സർക്കാർ ഇക്കാര്യം പരിശോധിക്കുകയും ശിപാർശ അംഗീകരിക്കുകയും ചെയ്താണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും രോഗലക്ഷണമുള്ളവരെ തുടർ പരിശോധനകൾക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുമാണ്. ആർ.റ്റി.പി.സി.ആർ. പരിശോധന ഫലം നെഗറ്റീവ് ആകുന്നവരെയും വൈദ്യ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരേയും 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനിൽ അയക്കേണ്ടതാണ്. ഇങ്ങനെ ഹോം ക്വാറന്റൈനിൽ പാർപ്പിക്കപ്പെടുന്നവർ പിന്നീട് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ അവരെ ആർ.റ്റി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും തുടർ നടപടികൾ കൈക്കൊള്ളേണ്ടതുമാണ്.

ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവർക്കും 14 ദിവസത്തെ ഹോം ക്വാറന്റൈൻ കർശനമായി നടപ്പാക്കേണ്ടതാണ്. എന്നാൽ അതേസമയം ഇങ്ങനെ എത്തുന്ന വ്യക്തികളുടെ വീട്ടിൽ ഹോം ക്വാറന്റൈൻ നിബന്ധനകൾ പാലിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ പെയിഡ് ക്വാറന്റൈൻ സൗകര്യമോ, സർക്കാർ ഏർപ്പെടുത്തുന്ന ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സൗകര്യമോ സ്വീകരിക്കാവുന്നതാണ്.

ഹോം ക്വാറന്റൈൻ കൃത്യമായി പാലിക്കപ്പെടുന്നതിന് കർശനമായി നടപ്പിലാക്കേണ്ട മാർഗനിർദ്ദേശങ്ങൾ

1. സ്വന്തം വാസസ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ബാത്ത്റൂമും ഉള്ള വ്യക്തികൾക്ക് മാത്രമേ ഹോം ക്വാറന്റൈൻ അനുവദിക്കാൻ പാടുള്ളു. ഈ സൗകര്യങ്ങൾ മാർഗരേഖ പ്രകാരം ലഭ്യമാണോ എന്ന വസ്തുത സ്ഥലത്തെ ആരോഗ്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം പരിശോധന നടത്തി ഉറപ്പുവരുത്തേണ്ടതാണ്. മാർഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കിൽ അവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ പെയിഡ് ക്വാറന്റൈൻ സൗകര്യമോ, സർക്കാർ ഏർപ്പെടുത്തുന്ന ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സൗകര്യമോ അനുവദിക്കാവുന്നതാണ്.

2. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ മുതിർന്ന വ്യക്തികൾ/മറ്റ് രോഗബാധയുള്ള വ്യക്തികൾ എന്നിവരുമായി യാതൊരു വിധത്തിലും സമ്പർക്കവത്തിൽ ഏർപ്പെകടാൻ പാടുള്ളതല്ല.

3. നേരത്തെ തീരുമാനിച്ച പ്രകാരം ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം ഇവരെ നിരീക്ഷണത്തിൽ വെക്കേണ്ടതാണ്.

4. ഹോം ക്വാറന്റൈൻ ചട്ടങ്ങൾ അനുസരിച്ചുകൊള്ളാമെന്ന് വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്.

5. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തപക്ഷം ഇത് തെറ്റിക്കുന്ന വ്യക്തിയെ പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ്, മറ്റ് അനുബന്ധ സർക്കാർ ഉത്തരവുകൾ എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ക്വാറന്റൈൻ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റേണ്ടതാണ്.

നിലവിലെ പരിശോധനാ നടപടിക്രമം തുടരേണ്ടതിങ്ങനെ

1. യാത്രാചരിത്രമുള്ളവരിൽ കോവിഡ്-19 രോഗലക്ഷണമുള്ളവരെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതാണ്.

2. നിലവിൽ നിരീക്ഷണത്തിന്റെ എഴാം ദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതാണ് എന്ന നിബന്ധന പിൻവലിച്ചിട്ടുണ്ട്

3. നിലവിൽ രോഗം ബാധിക്കാൻ സാധ്യത ഉള്ള വിഭാഗങ്ങളിൽ സെന്റിനൽ സർവൈലൈൻസിന്റെ റാൻഡം സാമ്പ്ളിങ് മുഖേന നടത്തുന്നുണ്ട്. ഇതിനുപുറമേ കേരളത്തിൽ മടങ്ങിയെത്തിയിട്ടുള്ള യാത്രാ ചരിത്രമുള്ള രോഗലക്ഷണമില്ലാത്ത വ്യക്തികളിൽ നിന്നും റാൻഡം സാമ്പ്ളിങ് മുഖേന ആർ.ടി.പി.സി.ആർ. പരിശോധന (പൂള്ഡ് സാമ്പ്ളിങ് വഴി) നടത്തുന്നതാണ്. ഐ.സി.എം.ആർ. നിന്നും ആന്റി ബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാകുന്നതുവരെ ഇത് തുടരും. ആന്റി ബോഡി ടെസ്റ്റ് കിറ്റ് ലഭ്യമായാൽ മേൽപ്പറഞ്ഞ മുൻഗണനാ വിഭാഗങ്ങളിൽ നിരീക്ഷണം ആന്റി ബോഡി ടെസ്റ്റ് വഴി നടപ്പിലാക്കും. ആന്റി ബോഡി ടെസ്റ്റ് കിറ്റ് വഴി പരിശോധനാ ഫലം പോസറ്റീവ് ആകുന്ന വ്യക്തികളെ ആർ.ടി.പി.സി.ആർ. പരിശോധന വഴി രോഗ സ്ഥിരീകരണം നടത്തും.

4. ആർ.ടി.പി.സി.ആർ. പരിശോധന വഴി രോഗ സ്ഥിരീകരണം നടത്തുന്നവർക്ക് നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് തുടർ പരിശോധനകൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിനുപകരം രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം മുതലാണ് തുടർ പരിശോധനാ സാമ്പിളുകൾ അയക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP