Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ചലിക്കുന്ന ട്രാഫിക് സിഗ്നലായി മാറി മേലെ ചൊവ്വയെ ഒരിക്കലും ട്രാഫിക് തിരക്കിൽ കുരുക്കാത്ത മാധവേട്ടന് മടുത്തു; സിഗ്നൽ തെറ്റിച്ച ഉന്നതന്റെ വാഹനം തടഞ്ഞതിന് സ്ഥലം മാറ്റം; നാടിനോടുള്ള ഇഷ്ടം മൂലം പട്ടാളത്തിൽ പണി കഴിഞ്ഞ് റോഡിൽ ഇറങ്ങിയ മാധവേട്ടൻ പണി മതിയാക്കുന്നു; ഒരു നാട് മുഴുവൻ ഇഷ്ടപ്പെട്ട ട്രാഫിക്ക് നിയന്ത്രണ വീഡിയോ വൈറലാകുമ്പോൾ

ചലിക്കുന്ന ട്രാഫിക് സിഗ്നലായി മാറി മേലെ ചൊവ്വയെ ഒരിക്കലും ട്രാഫിക് തിരക്കിൽ കുരുക്കാത്ത മാധവേട്ടന് മടുത്തു; സിഗ്നൽ തെറ്റിച്ച ഉന്നതന്റെ വാഹനം തടഞ്ഞതിന് സ്ഥലം മാറ്റം; നാടിനോടുള്ള ഇഷ്ടം മൂലം പട്ടാളത്തിൽ പണി കഴിഞ്ഞ് റോഡിൽ ഇറങ്ങിയ മാധവേട്ടൻ പണി മതിയാക്കുന്നു; ഒരു നാട് മുഴുവൻ ഇഷ്ടപ്പെട്ട ട്രാഫിക്ക് നിയന്ത്രണ വീഡിയോ വൈറലാകുമ്പോൾ

രഞ്ജിത് ബാബു

കണ്ണൂർ: ആർമിയിൽ ഹോണററി ക്യാപ്റ്റനായിരുന്ന ടി.വി. മാധവൻ കേവലം ഒരു ജോലിക്കു വേണ്ടിയായിരുന്നില്ല ഗതാഗത നിയന്ത്രണ ചുമതല ഏറ്റെടുത്തത്. പകരം കണ്ണൂരിലെ ഗതാഗതകുരുക്കിന് തന്റേതായ സേവനം നൽകുക എന്നതു കൂടിയായിരുന്നു. ദേശീയ പാതയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കും ബംഗളൂരു ഭാഗത്തേക്കും വഴിമാറുന്ന പ്രധാന ജംഗ്ഷനായ മേലെ ചൊവ്വയിലായിരുന്നു മാധവേട്ടന്റെ സേവനം.

Stories you may Like

ചൊവ്വയിലെ തീരാത്ത ഗതാഗത കുരുക്ക് തന്റെ മനസ്സും ശരീരവും ചലിപ്പിച്ച് സുഗമയാത്രക്ക് വഴിയൊരുക്കുന്നതോടെ മാധവേട്ടൻ യാത്രികരുടേയും അധികാരികളുടേയും കണ്ണിൽ ദൈവ തുല്യനായി. രോഗികളുമായി കടന്നു പോകുന്ന ആംബുലൻസുകൾക്കു പോലും കാത്തിരിക്കേണ്ടി വരുന്ന ചൊവ്വ ജംഗ്ഷൻ മാധവേട്ടന്റെ വരവോടെ സുഗമയാത്രക്ക് വഴിയൊരുങ്ങുകയായിരുന്നു. ഡ്രൈവർമാർക്കും യാത്രികർക്കും അങ്ങിനെ മാധവേട്ടൻ രക്ഷകനായി. അതുകൊണ്ടു തന്നെ പുരസ്‌ക്കാരങ്ങൾ മാധവേട്ടനെ തേടിയെത്തി. മുൻ പരിചയമില്ലാത്തവർക്കും ഒരിക്കൽ മാത്രം കണ്ടവർക്കും ഈ പട്ടാളക്കാരൻ മാധവേട്ടനായി. ഈ ട്രാഫിക് നിയന്ത്രണം ഇന്ന് സോഷ്യൽ മീഡിയയിലെ സൂപ്പർ ഹിറ്റ് വീഡിയോയാണ്.

എന്നാൽ ഇങ്ങിനെയുള്ള മാധവേട്ടനു നേരെ പോലും വേദനിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞാഴ്ച അരങ്ങേറിയത്. കണ്ണൂരിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കളാണ് മാധവേട്ടന്റെ നേരെ തിരിഞ്ഞത്. സംഭവം ഇങ്ങിനെ. മാധവേട്ടൻ ചൊവ്വ ജഗ്ഷനിൽ വാഹന കുരുക്ക് നീക്കുകയായിരുന്നു. കുരുക്ക് മുറുകി വരുന്നത് അഴിക്കാനും റോഡിന് ഇടതും വലതും ഓടി വാഹനങ്ങളെ ഓരോ ദിശയിലേക്കും മാറ്റുകയായിരുന്നു. പെട്ടെന്നാണ് ഒരു കാർ എതിർ ദിശയിലൂടെ പാഞ്ഞെത്തി ട്രാഫിക്ക് തടസ്സപ്പെടുത്തിയത്.

അത് ചോദ്യം ചെയ്തതോടെ അവർ അദ്ദേഹത്തോട് ചൂടായി. ഞങ്ങൾ ആരെന്ന് അറിയുമോടാ പൊലീസിന്റെ ആളുകളാണ്. നിന്നെ കാണിച്ചു തരാം. എന്നു വെല്ലു വിളിച്ചു. നാട്ടുകാർ സാക്ഷിയായിരിക്കേ തെറിവിളികളും. പിന്നീട് കാർ ഓടിച്ചു പോയി. ഇത് ചൂണ്ടിക്കാട്ടി പേര് ഉന്നയിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് പരാതി നൽകി. നടപടിയൊന്നുമുണ്ടായില്ല. പിന്നെ മാധവേട്ടനെ ചൊവ്വയിൽ ഡ്യൂട്ടിക്ക് ഇട്ടുമില്ല.

മഴയത്തും വെയിലത്തും ഒരു മിനുട്ട് പോലും വിശ്രമിക്കാതെ ഗതാഗത കുരുക്ക് നിവർത്തി എടുക്കുന്നതിൽ മാധവേട്ടന്റെ കഴിവ് നേരിൽ കാണുന്നവർ അദ്ദേഹത്തെ അഭിന്ദിച്ചും സൗഹൃദം പ്രകടിപ്പിച്ചും പോകുന്നത് ഈ ദേശീയ പാതയിൽ പതിവാണ്. മെലിഞ്ഞുണങ്ങിയ ശരീരം കൊണ്ട് ചൊവ്വയിലെ കുരുക്കഴിച്ച് കണ്ണൂരിലേക്കും തിരിച്ചുമുള്ള വാഹനങ്ങളെ അതാത് ദിശകളിലേക്ക് കടത്തുന്നതിൽ മാധവേട്ടന്റെ കഴിവിനെ ഉന്നത പൊലീസ് ഉദ്യോദസ്ഥന്മാർ കൂടി അഭിനന്ദിച്ചിട്ടുണ്ട്. അബദ്ധത്തിൽ ട്രാഫിക് ലംഘനം നടത്തിയവരെ ചിരിച്ചും ഉപദേശിച്ചും മാധവേട്ടൻ ഏവരുടേയും മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു.

ട്രാഫിക് സിഗ്‌നലുകളെല്ലാം കണ്ണടച്ചപ്പോൾ അവധിയെടുക്കാതെ സുഗമ ഗതാഗതത്തിന് വഴിയൊരുക്കിയ മാധവേട്ടൻ ദുഃഖത്തോടെ റോഡ് വിടുകയാണ്. കരാർ അടിസ്ഥാനത്തിലായിരുന്നു മാധവേട്ടൻ ഹോംഗാർഡായി ജോലിക്കെത്തിയത് ഒരു സേവനമായി കണ്ടാണ് ട്രാഫിക് ഡ്യൂട്ടി ഏറ്റെടുത്തത്. സ്‌ക്കൂൾ, ഓഫീസ് സമയങ്ങളിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഏറെ ശ്രമിച്ചിട്ടുണ്ട്. കരസേനയിൽ 28 വർഷം സേവനം ചെയ്ത ജവാൻ ആത്മാഭിമാനത്തോടെ പടിയിറങ്ങാൻ തീരുമാനിച്ചിരിക്കയാണ്. അതിനു കാരണക്കാർ പൊലീസിന്റെ പേരിൽ നിയമം ലംഘിച്ചവരും.

പരസ്യമായി അവഹേളിച്ച് ഒഴിവാക്കേണ്ടയാളല്ല ടി.വി. മാധവൻ എന്ന വ്യക്തിയെ. സമൂഹം മുഴവനും മാധവേട്ടനുവേണ്ടി പ്രതികരിച്ചു തുടങ്ങിയിരിക്കയാണ്. മാധവേട്ടനെ അസഭ്യം പറഞ്ഞ ആളുകൾക്കെതിരെ നടപടി വേണം. ഏത് പൊലീസ് ഉദ്യോഗസ്ഥന്റെ പേരിലാണ് അവഹേളനം നടന്നതെന്ന് അറിയണം. അതോടെ പരാതി ടൗൺ സിഐ യുടെ കയ്യിലാണ്.

മാധവേട്ടന്റെ വിഷയത്തിൽ എന്ത് തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. എന്നാൽ ടി.വി. മാധവന് തുല്യം മറ്റൊരു മാധവനുണ്ടാവില്ല. അതാണ് നിസ്വാർത്ഥ സേവകനായ കണ്ണൂരിന്റെ സ്വന്തം മാധവേട്ടൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP