Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൃത്തം ചെയ്തു കിട്ടുന്ന തുക കാൻസർ രോഗികൾക്ക് നൽകുന്ന കൊച്ചു മിടുക്കിക്ക് തല ചായ്ക്കാൻ ഇടമൊരുങ്ങുന്നു; യൂത്ത് കോൺഗ്രസ്സ് ഒരുക്കുന്ന വീട് മറുനാടൻ വാർത്തയെ തുടർന്ന്

നൃത്തം ചെയ്തു കിട്ടുന്ന തുക കാൻസർ രോഗികൾക്ക് നൽകുന്ന കൊച്ചു മിടുക്കിക്ക് തല ചായ്ക്കാൻ ഇടമൊരുങ്ങുന്നു; യൂത്ത് കോൺഗ്രസ്സ് ഒരുക്കുന്ന വീട് മറുനാടൻ വാർത്തയെ തുടർന്ന്

ആർ പീയൂഷ്

ആലപ്പുഴ: കാരുണ്യം വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണെന്നു തെളിയിച്ച ഒരു കുരുന്ന് കലാകാരിക്ക് നാടിന്റെ സ്‌നേഹസമ്മാനം: തല ചായ്ക്കാനൊരു വീട്. നൃത്തം ചെയ്തു കിട്ടുന്ന തുക മുഴുവൻ ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി ചെലവിടുന്ന എട്ടു വയസ്സുകാരി ചിപ്പിക്കാണ് സുമനസ്സുകളുടെ സഹായമുപയോഗിച്ചു യൂത്ത് കോൺഗ്രസ്സ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയാണ് വീട് നിർമ്മിച്ചു നൽകുന്നത്..

നൃത്തം ചെയ്തു കിട്ടുന്ന തുച്ഛമായ തുക രോഗികൾക്ക് സഹായം നൽകി ഒരു നാടിന് മാതൃകയായ നിർദ്ധന കുടുംബത്തിലെ ചിപ്പി എന്ന ബാലികയുടെ വാർത്ത മറുനാടൻ പുറത്തുവിട്ടിരുന്നു. തല ചായ്ക്കാൻ പോലും ഇടമില്ലാത്ത ഒരു കുടിലിൽ നിന്നാണ് ചിപ്പിയുടെ കാരുണ്യ പ്രവർത്തനമെന്ന് പ്രത്യേകം വാർത്തയിൽ സൂചിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തിൽ ഷുക്കൂർ വിഷയം കമ്മറ്റിയിൽ അവതരിപ്പിക്കുകയും വീട് നിർമ്മിച്ചു നൽകാൻ തീരുമാനിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ചിപ്പിയുടെ വീട്ടിൽ നടന്ന കല്ലിടീൽ മാവേലിക്കര എംപി. കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു.
വള്ളികുന്നം നന്ദനത്തിൽ പ്രദീപ് - ചിത്ര ദമ്പതികളുടെ മകളായ ചിപ്പിയാണ് കാരുണ്യപ്രവർത്തനങ്ങൾക്കു വേറിട്ട മുഖം നൽകുന്നത്. നൃത്തച്ചുവടിന് കിട്ടുന്ന കുഞ്ഞു തുക കൊണ്ട് രോഗികളുടെ കണ്ണീരൊപ്പാൻ ശ്രമിക്കുകയാണ് ഈ കുരുന്നു കലാകാരി.

ഒന്നര വയസു മുതലേ ടി.വി യിലെ നൃത്ത പരിപാടികൾകണ്ട് ചിപ്പി ചുവടുവച്ചിരുന്നു. നൃത്തത്തോടുള്ള മകളുടെ കമ്പം മനസ്സിലാക്കിയ പ്രദീപ് മകളെ നൃത്തം അഭ്യസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓച്ചിറയിലുള്ള ശിവശക്തി നൃത്ത സംഗീത വിദ്യാകേന്ദ്രത്തിൽ ചിപ്പിയെ നൃത്തം അഭ്യസിക്കാനായി ചേർത്തു. വളരെ വേഗം തന്നെ നൃത്തച്ചുവടുകൾ ഹൃദ്യസ്ഥമാക്കിയ ചിപ്പി അഞ്ചാം വയസിൽ ക്ലാസിക്കൽ ഡാൻസിൽ അരങ്ങേറ്റം കുറിച്ചു. ശേഷം വിവിധ വേദികളിൽ നൃത്തം അവതരിപ്പിച്ചു. ആദ്യമായി നൃത്തം അവതരിപ്പിച്ചു കിട്ടിയ തുക നിർദ്ധനരായ രോഗികൾക്ക് കൊടുക്കണമെന്നാണ് ചിപ്പി അച്ഛനോട് ആവശ്യപ്പെട്ടത്.

ലഭിച്ച കുഞ്ഞു തുകകൾ ഒട്ടും പാഴാക്കാതെ തന്നെ ചിപ്പി സ്വരുക്കൂട്ടി വച്ചു. ഇതിനിടയിലാണ് ടി.വിയിൽ കാൻസർ രോഗികളെ പറ്റിയുള്ള ഒരു പ്രോഗ്രാം ചിപ്പി കാണുകയും അവർ അനുഭവിക്കുന്ന ദുരിതങ്ങൾ അറിയുകയും ചെയ്തത്. ഇതിന് ശേഷം ചിപ്പി ഒരു ദൃഢ പ്രതിജ്ഞ എടുക്കുകയായിരുന്നു. ഇനി നൃത്തം ചെയ്തു കിട്ടുന്ന തുക എത്രയാണെങ്കിലും കാൻസർ രോഗംമൂലം കഷ്ടത അനുഭവിക്കുന്ന രോഗികൾക്കുള്ളതാണ്. അന്ന് മുതൽ കൂട്ടിവച്ച തുകകൾ ഒരു സംഘടനയെ ഏൽപ്പിക്കുകയും അവർ വഴി രോഗികൾക്ക് നൽകുകയും ചെയ്തു. നൃത്തം ചെയ്ത് കിട്ടുന്ന തുകയിൽ നിന്ന് ഒരു രൂപ പോലും മറ്റാവശ്യങ്ങൾക്കായി ചിപ്പിയുടെ വീട്ടുകാർ എടുക്കാറില്ല.

എട്ടു വയസ്സിനുള്ളിൽ 76 - ൽപരം വേദികളിൽ ചിപ്പി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അഞ്ചാം വയസിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. ഗുരുവായൂർ, ശബരിമല, മാതാ അമൃതാനന്ദമയി മഠം തുടങ്ങി വിവിധ വേദികളിൽ നൃത്തം അവതരിപ്പിച്ചു. അൻപതാമത്തെ വേദിയായ തഴവാ മാമ്പുഴ ക്ഷേത്രത്തിൽ നിന്നും ലഭിച്ച നടരാജ വിഗ്രഹമാണ് ചിപ്പിക്ക് ലഭിച്ച പുരസ്‌ക്കാരങ്ങളിൽ ഏറെ വിലമതിച്ചത്. നൃത്ത പരിപാടികൾക്ക് ഏറെ സഹായം നൽകുന്നത് നൃത്താധ്യാപിക കെ.എസ്. പുരം സാവിത്രി രാമചന്ദ്രനും മകൾ ആശയുമാണ്. മേക്കപ്പിനും കോസ്റ്റ്യൂമിനും ഏറെ തുക വേണ്ടി വരും. കൂലിപ്പണിക്കാരനായ പ്രദീപിന് ഇത് താങ്ങാനാവില്ല. സാവിത്രിയും ആശയുമാണ് ഇതിനുള്ള മുഴുവൻ തുകയും മുടക്കുന്നത്. വിവിധ വേദികളിൽ വച്ച് ചലച്ചിത്ര താരങ്ങളായ ദിലീപ്, സുരാജ് വെഞ്ഞാറമ്മൂട്, വിനീത്, ഭീമൻ രഘു, താരാ കല്യാൺ, കുമരകം രഘുനാഥ് തുടങ്ങിയവരുടെ അനുഗ്രഹവും ഈ കൊച്ചു കലാകാരി നേടിയിട്ടുണ്ട്. മഞ്ജു വാര്യരെ നേരിട്ടു കാണണമെന്നാണ് ചിപ്പിയുടെ ഏറ്റവും വലിയ ആഗ്രഹം.

നിരവധി സംഘടനകൾ ഈ കലാകാരിയെ ആദരിച്ചു വരികയാണ്. ഈ വർഷത്തെ കലാനിധി പുരസ്‌ക്കാരവും ചിപ്പിക്കായിരുന്നു കൃഷ്ണപുരം ബിഷപ് മൂർ വിദ്യാപീഠത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ചിപ്പി. നൃത്തത്തിന് പുറമേ ചിത്രരചനയിലും, സംഗീതത്തിലും ചിപ്പി കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു കുഞ്ഞനുജനുണ്ട് ചിപ്പിക്ക്, ഒരു വയസുള്ള മണികണ്ഠൻ. കൂലിപ്പണിക്കാരനായ പ്രദീപ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിലും, രോഗികളെ സഹായിക്കാനുള്ള മകളുടെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP