Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രാർത്ഥിച്ച് കണ്ണുതുറക്കുമ്പോൾ കാണുന്നത് പള്ളിവാതിൽക്കൽ നിറയെ പൊലീസ്; വിശ്വാസി സമൂഹം ഓൺലൈനിൽ ചടങ്ങുകളിൽ പങ്കെടുക്കവേ പകുതിക്ക് വച്ച് കുർബാന തടസ്സപ്പെടുത്തി; പുറത്തേക്ക് വിളിച്ച് ആരാധന അവസാനിപ്പിക്കാനും മൈക്ക് ഓഫ് ചെയ്യാനും ആജ്ഞാപിച്ചു; എന്തൊക്കെയോ കടലാസുകൾ ഒപ്പിട്ട് വാങ്ങി; പിന്നീട് കേട്ടത് കേസെടുത്തെന്നും ഞങ്ങൾ കോവിഡ് പരത്തിയെന്ന വ്യാജപ്രചാരണവും; നീലേശ്വരം വിശുദ്ധ അൽഫോൻസാ ദേവാലയത്തിലെ സംഭവത്തിൽ പ്രതിഷേധം ഉയരവേ ഫാദർ ലൂയിസ് മരിയാദാസ് മറുനാടനോട്

പ്രാർത്ഥിച്ച് കണ്ണുതുറക്കുമ്പോൾ കാണുന്നത് പള്ളിവാതിൽക്കൽ നിറയെ പൊലീസ്; വിശ്വാസി സമൂഹം ഓൺലൈനിൽ ചടങ്ങുകളിൽ പങ്കെടുക്കവേ പകുതിക്ക് വച്ച് കുർബാന തടസ്സപ്പെടുത്തി; പുറത്തേക്ക് വിളിച്ച് ആരാധന അവസാനിപ്പിക്കാനും മൈക്ക് ഓഫ് ചെയ്യാനും ആജ്ഞാപിച്ചു; എന്തൊക്കെയോ കടലാസുകൾ ഒപ്പിട്ട് വാങ്ങി; പിന്നീട് കേട്ടത് കേസെടുത്തെന്നും ഞങ്ങൾ കോവിഡ് പരത്തിയെന്ന വ്യാജപ്രചാരണവും; നീലേശ്വരം വിശുദ്ധ അൽഫോൻസാ ദേവാലയത്തിലെ സംഭവത്തിൽ പ്രതിഷേധം ഉയരവേ ഫാദർ ലൂയിസ് മരിയാദാസ് മറുനാടനോട്

മറുനാടൻ ബ്യൂറോ

നീലേശ്വരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു കുർബാന നടത്തി എന്നാരോപിച്ച് നീലേശ്വരം കരിന്തളത്തിലെ വിശുദ്ധ അൽഫോൻസാ ദേവാലയത്തിലെ വികാരിക്കും കന്യാസ്ത്രീകൾക്കും എതിരെ നീലേശ്വരം പൊലീസ് കേസ് എടുത്തത് വിവാദമാകുന്നു. കുർബാന പകുതിവെച്ച് നിർത്തി വികാരിയെ അൾത്താരയ്ക്ക് പുറത്തേക്ക് വിളിച്ചു വരുത്തിയാണ് കഴിഞ്ഞ ജൂൺ 27 നു പൊലീസ് കേസ് ചാർജ് ചെയ്തത്. ഇടവക വികാരി ഫാദർ ലൂയിസ് മരിയാദാസിനും കന്യാസ്ത്രീകൾക്കും ആരാധനയ്ക്ക് എത്തിയവർക്കും എതിരെയാണ് പൊലീസ് കേസ് എടുത്തത്.

കുർബാന അർപ്പിച്ചുകൊണ്ടിരിക്കെ അത് തടസ്സപ്പെടുത്തി വികാരിയെ പുറത്തേക്ക് വിളിച്ചു വരുത്തി കേസ് എടുത്ത നടപടിയിൽ വ്യാപക പ്രതിഷേധം നിലനിൽക്കുകയാണ്. കേരള പകർച്ചവ്യാധി നിരോധന നിയമപ്രകാരവും നിരോധനാജ്ഞ ലംഘനവും ചൂണ്ടിക്കാട്ടി പൊലീസ് കേസ് എടുത്തത്. കാസർകോട് ഹോസ്ദുർഗ് താലൂക്കിൽ നിരോധനാജ്ഞ നിലനിന്നിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വികാരിയുൾപ്പെടെ പത്തു പേർക്ക് എതിരെ പൊലീസ് കേസ് എടുത്തത്. പ്രത്യേക ആരാധന ഓൺ ലൈനിൽ വിശ്വാസി സമൂഹം വീക്ഷിച്ചു കൊണ്ടിരിക്കെയാണ് കടുത്ത നടപടികൾ പൊലീസ് സ്വീകരിച്ചത്. ആരാധന പൊലീസ് മുടക്കുകയും പൊലീസ് കേസ് ചാർജ് ചെയ്യുകയും ചെയ്തു. ആരാധനയ്ക്കിടെ ഉണ്ടായ സംഭവവികാസങ്ങൾ വിശ്വാസികളുടെയും നാട്ടുകാരുടെയും കടുത്ത രോഷത്തിനു കാരണമായിട്ടുണ്ട്.

കോവിഡ് കാരണം കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ മറ പിടിച്ചാണ് ആരാധന പൊലീസ് മുടക്കിയതും കേസ് ചാർജ് ചെയ്തതും. പത്തോളം പേർ മാത്രമാണ് ചടങ്ങിനു എത്തിയത്. സാമൂഹിക അകലവും മറ്റു നിർദ്ദേശങ്ങളും പാലിച്ചാണ് പള്ളിയിൽ കുർബാന നടന്നത്. പിന്നെ എന്തിനു കേസ് എടുത്തു എന്ന ചോദ്യമാണ് ഉയർന്നത്. സംഭവം വ്യാപകമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. മറ്റു പല ആരാധനാലയങ്ങളും ഈ ദിവസം പ്രാർത്ഥനയും ആരാധനയും നടത്തി. നെല്ലിയേടക്കം പ്രദേശത്ത് 40 ആളുകൾ പങ്കെടുത്ത പ്രാർത്ഥനയിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പക്ഷെ അവിടെയൊന്നും പൊലീസ് ഇടപെടുകയോ കേസ് എടുക്കുകയോ ചെയ്തില്ല. പക്ഷെ അൽഫോൻസാ ദേവാലയത്തിനെതിരെ മാത്രമാണ് നടപടികൾ വന്നത്.

കാസർകോടെ പ്രമുഖമായ ആരാധനാലയമാണ് നീലേശ്വരം കരിന്തളത്തിലെ വിശുദ്ധ അൽഫോൻസാ ദേവാലയം. ജൂലായ് മാസം 19 മുതൽ 28 ആം തീയതി വരെ പള്ളിയിൽ അൽഫോൻസാമ്മ ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളാണ്. ഇതിന്നിടയിലാണ് കോവിഡ് കാരണം ഹോസ്ദുർഗ് താലൂക്കിൽ കളക്ടർ 25 മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പക്ഷെ ഇതിന്റെ അറിയിപ്പ് പള്ളി അധികൃതർക്ക് ലഭിച്ചിരുന്നില്ല. ആളുകളെ ഉൾക്കൊള്ളിക്കാതെയാണ് പള്ളിയിൽ കുർബാന നടന്നത്. അതുകൊണ്ട് തന്നെ പൊലീസ് സാന്നിധ്യം പള്ളി അധികൃതർ പ്രതീക്ഷിച്ചിരുന്നില്ല.

ഓൺലൈനിൽ വിശ്വാസികൾ ചടങ്ങുകൾ വീക്ഷിച്ചു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായ പൊലീസ് കടന്നു വരുകയും ചടങ്ങുകൾ തടസപ്പെടുത്തുകയും ചെയ്തത്. എന്തൊക്കെയോ ഫോമുകളിൽ വികാരിയടക്കമുള്ള ആളുകളെക്കൊണ്ട് പൊലീസ് ഒപ്പിടുവിച്ചു. അതിനു ശേഷം സ്റ്റേഷനിൽ എത്തി പൊലീസ് കേസ് ചാർജ് ചെയ്യുകയായിരുന്നു. പൊലീസ് നടപടി അപ്രതീക്ഷിതവും കേസിനെ തുടർന്ന് ഇപ്പോൾ ഉയർന്നു വന്ന കോവിഡ് പരത്താൻ കൂട്ട് നിന്നു എന്ന പ്രചാരണം വേദനാജനകവുമാണെന്ന് ഫാദർ ലൂയി മരിയാദാസ് മറുനാടനോട് പറഞ്ഞു.

കോവിഡ് പരത്തി എന്ന വ്യാജ പ്രചാരണം: ഫാദർ ലൂയി മരിയാദാസ്

കാസർകോട് ജില്ലയിലെ പ്രശസ്തമായ ദേവാലയമാണ് കരിന്തളത്തെ അൽഫോൻസാമ്മ ചർച്ച്. ജൂലായ് 19 മുതൽ 28 ആം തീയതി വരെ അൽഫോൻസാമ്മ ചടങ്ങുകളാണ്. വർഷങ്ങളായി നടത്തുന്ന ചടങ്ങ് ആണിത്. കോവിഡ് ആയത് കാരണം ഓൺ ലൈനിൽ ആയിരങ്ങൾ കാണുന്ന ചടങ്ങു കൂടിയാണിത്. പതിവ് പൊലെ കുർബാനയ്ക്ക് കയറി. പതിനൊന്നു പേർ ഉണ്ടായിരുന്നു, കുർബാനയ്ക്ക് കയറി വന്നാൽ പിന്നെ ആരും പള്ളിയിൽ വരരുത് എന്നൊന്നും പറയാൻ കഴിയില്ല. കോവിഡ് ആയതിനാൽ ആളുകൾ വരരുത് എന്ന് അറിയിപ്പ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നൽകിയിരുന്നു. കണ്ണടച്ച് നിന്ന എന്നെ സഹായി സ്പർശിച്ചപ്പോൾ ഞാൻ കാണുന്നത് പള്ളിയുടെ വാതിൽക്കൽ പൊലീസുകാർ നിൽക്കുന്നു.

കർമ്മങ്ങൾ നടത്താൻ പാടില്ല. മൈക്ക് എല്ലാം ഓഫ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ കുർബാന നിർത്തി. ഞങ്ങളെ ഫോമിൽ ഒപ്പിടുവിച്ചു. കേസ് എടുക്കാൻ വേണ്ടിയല്ല വന്നത് എന്നാണ് പറഞ്ഞത്. ഞങ്ങൾ ഫോമിൽ ഒപ്പിട്ടു. പൊലീസുകാർ പോയപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞു വാട്‌സ് അപ്പ് ഗ്രൂപ്പിൽ വാർത്ത വന്നു. കുർബാനയുടെ പേരിൽ കേസ് എടുത്തു എന്നാണ് വാർത്ത വന്നത്. സാമൂഹിക അകലം പാലിച്ചാണ് ഞങ്ങൾ ചടങ്ങ് നടത്തിത്. സാനിറ്റെയ്‌സർ ഉപയോഗിച്ചും എല്ലാമാണ് ആരാധന നടത്തിയത്.

കോവിഡ് പരത്തുന്നവർക്ക് നേതൃത്വം നൽകുന്നവർ ആയി എന്ന വാർത്തയാണ് ഇപ്പോൾ പരക്കുന്നത്. ഈ വ്യാജ പ്രചാരണം വേദനാജനകമാണ്. സർക്കാർ നടപടികളോട് സഹകരിക്കുന്നവരാണ് ഞങ്ങൾ. കുർബാനയുടെ പേരിൽ തടവ് ശിക്ഷ അനുഭവിക്കാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ സിസ്റ്റെഴ്‌സിന്റെ പേരൊക്കെ എഴുതി അവരുടെ പേരിൽ കേസ് എടുക്കുന്നത് വിഷമകരമായ സംഭവമാണ്.

കേസ് എടുക്കുന്നില്ല എന്ന് പറഞ്ഞു പിന്നെ കേസ് എടുക്കുകയാണ് പൊലീസ് ചെയ്തത്. നൂറു പേരെ വെച്ച് കുർബാന നടത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ ഞങ്ങൾ അതുകൂടി പരിമിതപ്പെടുത്തിയിട്ടാണ് കുർബാന ചെയ്തത്. തിരുവസ്ത്രം ഉടുത്ത് പള്ളിയിൽ നിന്ന് ഇറങ്ങി വിചാരണ നേരിടുന്നതും സങ്കടകരമാണ്-ഫാദർ ലൂയി മരിയാദാസ് പറയുന്നു.

പക്ഷെ കലക്ടർ ഹോസ്ദുർഗ് താലൂക്കിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയെ തുടർന്നാണ് കേസ് ചാർജ് ചെയ്തത് എന്നാണ് നീലേശ്വരം എസ്‌ഐ സതീഷ് മറുനാടനോടു പറഞ്ഞത്. നിരോധനാജ്ഞ സമയത്ത് ആളുകൾ കൂടുന്നതിന് വിലക്കുണ്ട്. അതിനാലാണ് കേസ് ചാർജ് ചെയ്തത്. പള്ളിക്ക് പുറത്താണ് വികാരിയും ആളുകളും നിന്നിരുന്നത്. അതിനാലാണ് കേസ് എടുത്തത്.

പകർച്ചവ്യാധി നിരോധന നിയമപ്രകാരം ലംഘനം പള്ളിയിൽ നടന്നിട്ടുണ്ട്. അതാണ് കേസ് എടുത്തത്. നിരോധനാജ്ഞ ശക്തമായി നിലനിന്ന സമയത്താണ് കേസ് എടുത്തത്. അതിനു ശേഷം ഇളവുകൾ വന്നു. അതാണ് മറ്റു ആരാധനാലയങ്ങൾക്ക് നേരെ നടപടി സ്വീകരിക്കാതിരുന്നത്-എസ്‌ഐ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP