Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദുസ്ഥാൻ ടൈംസ് ഒറ്റയടിക്ക് പൂട്ടുന്നത് ഏഴ് എഡിഷനുകൾ; വഴിയാധാരമാകുന്നത് നിരവധി പത്രപ്രവർത്തകരും ജീവനക്കാരും; വായനക്കാർക്ക് വേണ്ടതു നൽകുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾ ക്ലച്ച്പിടിച്ചതോടെ വാർത്തകൾ മൂടിവയ്ക്കാൻ മാത്രം അറിയുന്ന ഇന്ത്യയിലെ പരമ്പരാഗത പത്രങ്ങൾ എല്ലാം പ്രതിസന്ധിയിൽ

ഹിന്ദുസ്ഥാൻ ടൈംസ് ഒറ്റയടിക്ക് പൂട്ടുന്നത് ഏഴ് എഡിഷനുകൾ; വഴിയാധാരമാകുന്നത് നിരവധി പത്രപ്രവർത്തകരും ജീവനക്കാരും; വായനക്കാർക്ക് വേണ്ടതു നൽകുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾ ക്ലച്ച്പിടിച്ചതോടെ വാർത്തകൾ മൂടിവയ്ക്കാൻ മാത്രം അറിയുന്ന ഇന്ത്യയിലെ പരമ്പരാഗത പത്രങ്ങൾ എല്ലാം പ്രതിസന്ധിയിൽ

ന്യൂഡൽഹി: പോയവർഷം ഇന്ത്യയിലെയെന്നല്ല ലോകത്തെ തന്നെ പത്രമാദ്ധ്യമങ്ങൾക്ക് നല്ലകാലമായിരുന്നില്ല. ഓൺലൈൻ പത്രങ്ങൾ ധാരാളമായി എത്തുകയും പ്രഭാതത്തിൽ കൈകളിലെത്തുന്ന പത്രം വായനയ്ക്ക് താൽപര്യക്കാർ കുറയുകയും ചെയ്തതോടെ ലോകത്താകെ നിരവധി പത്രങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് തെളിയിക്കുകയാണ് ഹിന്ദുസ്ഥാൻ ടൈംസ് എന്ന ദേശീയ ദിനപത്രത്തിന്റെ നടപടി.

ഒറ്റടയിക്ക് ഏഴ് എഡിഷനുകൾ പൂട്ടാൻ തീരുമാനിച്ചുകൊണ്ടാണ് ഹിന്ദുസ്ഥാൻ ടൈംസ് നഷ്ടം ഒഴിവാക്കി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതെന്ന വാർത്തയാണ് പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ പുറത്തുവരുന്നത്. ലേ ഓഫിനെ തുടർന്ന് ഉത്തരേന്ത്യയിലെ നാല് പ്രധാന എഡിഷനുകളും മൂന്ന് ചെറിയ എഡിഷനുകളും പൂട്ടുമെന്നതാണ് വാർത്ത. നല്ല, മുൻനിര പത്രമെന്ന നിലയിൽ മറ്റു പല പത്രങ്ങളിൽ നിന്നും ജോലിയുപേക്ഷിച്ചും മറ്റും ഹിന്ദുസ്ഥാൻ ടൈംസിലേക്ക് ചേക്കേറിയ നിരവധി പത്രപ്രവർത്തകരെ തീരുമാനം ദോഷകരമായി ബാധിക്കുമെന്നാണ് സൂചനകൾ. കൊൽക്കത്ത, ഭോപ്പാൽ, ഇൻഡോർ, റാഞ്ചി എന്നീ പ്രധാന എഡിഷനുകൾ പൂട്ടും. കാൺപൂരും അലഹബാദും ഉൾപെടെയുള്ള ചെറു എഡിഷനുകളും പൂട്ടുന്നുണ്ട്.

അതേസമയം, ഇതുകൊണ്ടുമാത്രം കമ്പനിയിലെ പ്രശ്‌നങ്ങൾ തീരില്ലെന്നും കൂടുതൽ എഡിഷനുകൾക്ക് താമസിയാതെ പൂട്ടുവീഴുമെന്നും സംസാരമുണ്ട്. മുൻനിര പത്രമെന്ന നിലയിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ സൽപ്പേരിനെ ബാധിക്കുന്ന നടപടിയാണ് ഇതെന്നും വിലയിരുത്തലുകൾ ഉയരുന്നു. മുൻപ് ലഭിച്ചുവന്നിരുന്ന പരസ്യവരുമാനത്തിൽ ഇനിയങ്ങോട്ട് വലിയ ഇടിവുണ്ടാവാൻ നടപടി കാരണമാകുമെന്നാണ് വിമർശനം. എന്നാൽ കമ്പനി ലാഭത്തിലാണെന്നും എഡിഷനുകൾ പൂട്ടുന്നത് മറ്റുചില കാരണങ്ങളാലാണെന്നും റിപ്പോർട്ടുണ്ട്.

ഹിന്ദുസ്ഥാൻ ടൈംസ് പോലെ മുൻനിരയിൽ പ്രവർത്തിക്കുന്ന പത്രംതന്നെ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതോടെ രാജ്യത്തെ പ്രിന്റ് മീഡിയയിൽ പ്രവർത്തിക്കുന്ന പത്രക്കാരെല്ലാം ആശങ്കയിലാണ്. നിരവധി ചെറുകിട പത്രങ്ങൾ പ്രവർത്തിക്കുന്നത് ഇ്‌പ്പോൾതന്നെ നഷ്ടത്തിലാണെന്നും ഹിന്ദുസ്ഥാൻ ടൈംസിനെ പോലെ അവരും ഒന്നുകിൽ പത്രവ്യവസായത്തിൽ നിന്ന് പിന്മാറുകയോ സമാനമായ രീതിയിൽ ഒന്നോ രണ്ടോ എഡിഷനിലേക്ക് മാത്രം മാറുകയോ ചെയ്യുമെന്ന ആശങ്കയാണ് പത്രപ്രവർത്തകരിൽ പലരും പങ്കുവയ്ക്കുന്നത്. പതിനഞ്ചും ഇരുപതും വർഷമായി പ്രവർത്തിക്കുന്ന എഡിഷനുകൾ പൂട്ടാൻ ഹിന്ദുസ്ഥാൻ ടൈംസ് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തികം മാത്രമല്ല കാരണമെന്നും സൂചനയുണ്ട്.

ഇന്ത്യയിലെ സമ്പന്ന വനിതകളുടെ പട്ടികയിലും ശക്തരായ വനിതകളുടെ പട്ടികയിലുമെല്ലാം മുൻ വർഷങ്ങളിൽ ഇടംപിടിച്ച ശോഭന ഭാർട്ടിയയാണ് (ശോഭന ഭാരതീയ) ഹിന്ദുസ്ഥാൻ ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥയും എഡിറ്റോറിയൽ ഡയറക്ടറും. കെകെ ബിർളയുടെ മകളും ജിഡി ബിർളയുടെ ചെറുമകളുമായ ഈ അറുപതുകാരിയുടെ നേതൃത്വത്തിൽ പത്രത്തിന്റെ ഹിന്ദി ഇംഗഌഷ് എഡിഷനുകളും ബിസിനസ് പത്രമായ മിന്റും പ്രവർത്തിക്കുന്നു. നിരവധി വെബ്‌സൈറ്റുകളും നാല് എഫ്എം സ്റ്റേഷനുകളും ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ട്.

ജോബ് പോർട്ടലായ ഷൈൻ സിനിമാ പോർട്ടലായ ദേശി മാർട്ടിനി എന്നിവയും പ്രസിദ്ധമാണ്. കൂടുതലായും ഓൺലൈൻ ബിസിനസിലേക്ക് ഇന്ത്യൻ മാദ്ധ്യമലോകത്തെ അതികായരായ ഹിന്ദുസ്ഥാൻ ടൈംസ് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ എഡിഷനുകൾ പൂട്ടാനുള്ള തീരുമാനമെന്നാണ് സൂചനകൾ. ഹിന്ദുസ്ഥാൻ ടൈംസ് മീഡിയയുടെ 75.36 ശതമാനം ഷെയറുകളുടെ ഉടമസ്ഥാവകാശം ബിർള കുടുംബത്തിനാണ്. ഇപ്പോൾ എഡിഷനുകൾ പൂട്ടാനെടുത്ത തീരുമാനം ശോഭന ഭാർട്ടിയയുടെയും ബിർള ഗ്രൂപ്പിന്റെയും ഇമേജിനെ ബാധിക്കുമെന്നാണ് വാർത്തകൾ.

ന്യൂസ്പ്രിന്റിൽ കാലങ്ങളായി ഉണ്ടാകുന്ന വിലവർധനയും പുതിയ പത്രങ്ങൾ ഉണ്ടാകുന്നതോടെ വിൽപനയിൽ കുറവുണ്ടാകുന്നതും പരസ്യവരുമാനം കുറയുന്നതുമെല്ലാം കഴിഞ്ഞ രണ്ടു ദശകത്തോളമായി പത്ര മാദ്ധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധികളാണ്. ലോകത്താകമാനം തന്നെ ഇത്തരത്തിൽ നിരവധി പത്രങ്ങൾ ഇല്ലാതാകുകയും ചെയ്തു. പക്ഷേ, ഇതിന് സമീപകാലത്ത് ആക്കംകൂട്ടിയത് ഓൺലൈൻ പത്രങ്ങളുടെ വരവോടെയാണ്. ഇന്റർനെറ്റ് ബൂം ശക്തമായതോടെയും സ്മാർട്ട് ഫോണുകളും ടാബുമെല്ലാം സാധാരണക്കാരുടെ കൈകളിൽ വരെ എത്തുകയും ചെയ്തതോടെ പ്രിന്റഡ് പത്രങ്ങളോട് ജനങ്ങൾക്ക് താൽപര്യം കുറഞ്ഞു.

ഇപ്പോൾ ഇന്ത്യയെ സംബന്ധിച്ച് ഫോർ ജി സേവനങ്ങൾ കൂടി സുലഭമായതോടെ ഇതിന് ആക്കംകൂടി. പത്രങ്ങൾ വാർത്തകൾ തമസ്‌കരിക്കുന്നതും അവയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തി. പരസ്യതാൽപര്യങ്ങളും രാഷ്ട്രീയ താൽപര്യങ്ങളും മുൻനിർത്തി അപൂർവം പത്രങ്ങൾ മാത്രം ഉണ്ടായിരുന്ന കാലത്തെ പോലെ വാർത്തക്ൾ മുക്കുന്നത് ശീലമാക്കിയ പത്രങ്ങളുടെ കള്ളത്തരം ഓൺലൈൻ പത്രങ്ങൾ വന്നതോടെ പൊളിഞ്ഞു. സോഷ്യൽ മീഡിയയും വലിയൊരളവിൽ പത്രങ്ങൾ മൂടിവയ്ക്കുന്ന വാർത്തകൾ പുറത്തുകൊണ്ടുവന്നു തുടങ്ങിയതോടെ പത്രമാദ്ധ്യമങ്ങളുടെ വിശ്വാസ്യത വലിയതോതിൽ ചോദ്യംചെയ്യപ്പെടുകയായിരുന്നു.

ഇതിനെല്ലാം പുറമെ പുതുതലമുറയിലെ രാവിലെ വായനക്കാർക്ക് പത്രവായന പതിവുശീലവുമല്ലാതായി. ഇപ്പോൾ ഈ ശീലത്തിൽ പത്രം വായിച്ചുവരുന്നവർക്ക് മാത്രമാണ് പ്രിന്റ് രൂപത്തിൽ പത്രം ആവശ്യമെന്ന നിലയിലേക്ക് കാര്യങ്ങൾ അതിവേഗം മാറുകയാണ്. അതിനാൽതന്നെ വലിയ പ്രതിസന്ധിയാണ് പ്രിന്റ് പത്രങ്ങൾ നേരിടുന്നത്. പല മുൻനിര പത്രങ്ങളും അവരുടെ ഓൺലൈൻ എഡിഷനുകൾ സജീവമാക്കിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിരവധി എഡിഷനുകളുമായി പ്രവർത്തിക്കുന്ന പത്രങ്ങൾക്ക് വേണ്ടതിന്റെ കാൽഭാഗം ജീവനക്കാർ പോലും ഓൺലൈൻ എഡിഷനുകൾ നടത്താൻ ആവശ്യമില്ലെന്നിരിക്കെ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പത്രമുതലാളിമാർക്കും താൽപര്യം.

ഇതിനെല്ലാം പുറമെ, സ്ഥിരം വായനക്കാർക്കുതന്നെയും തലേന്നത്തെ വാർത്തകളുമായി പിറ്റേന്ന് രാവിലെയെത്തുന്ന പത്രങ്ങളിലും താൽപര്യം കുറയുകയാണ്. ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിയും ചാനലുകളിലൂടെയും വാർത്തകൾ അറിയാൻ താൽപര്യമുള്ളവർ അത് അപ്പപ്പോൾ തന്നെ അറിയുന്ന സാഹചര്യമാണുള്ളത്. ഇതിലപ്പുറത്ത് വിശകലനാത്മകമായി പ്രഭാത പത്രങ്ങൾ ഇറക്കാൻ കഴിയാതെ വരുന്നതാണ് പ്രിന്റ് മീഡിയ നേരിടുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP