Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി വിജയനെ തമിഴ്‌നാട്ടിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് ഭീഷണി; എത്തിയാൽ കരിങ്കൊടിയും പ്രതിഷേധ പ്രകടനവും; പിണറായി ക്കെതിരെ സമരം ആഹ്വാനം ചെയ്ത ഹിന്ദു മക്കൾ കക്ഷി നേതാവിന് തിരിച്ചടി; കരിങ്കൊടിയോ പ്രതിഷേധമോ നടത്താൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി; പ്രകടനങ്ങൾക്ക് അനുമതി നൽകാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവ് അർജ്ജുൻ സമ്പത്തിനെ വെട്ടിലാക്കിയതിങ്ങനെ

പിണറായി വിജയനെ തമിഴ്‌നാട്ടിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് ഭീഷണി; എത്തിയാൽ കരിങ്കൊടിയും പ്രതിഷേധ പ്രകടനവും; പിണറായി ക്കെതിരെ സമരം ആഹ്വാനം ചെയ്ത ഹിന്ദു മക്കൾ കക്ഷി നേതാവിന് തിരിച്ചടി; കരിങ്കൊടിയോ പ്രതിഷേധമോ നടത്താൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി; പ്രകടനങ്ങൾക്ക് അനുമതി നൽകാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവ് അർജ്ജുൻ സമ്പത്തിനെ വെട്ടിലാക്കിയതിങ്ങനെ

ആർ പീയൂഷ്

തിരുവനന്തപുരം: തമിഴ്‌നാട്ടിലെത്തുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് പ്രകടനങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ച ഹിന്ദു മക്കൾ കക്ഷി തമിഴ്‌നാട് നേതാവിന് തിരിച്ചടി. ഒരു കാരണവശാലും പിണറായി വിജയന് നേരെ കരിങ്കൊടി കാണിക്കാനോ പ്രകടനം നടത്താനോ പാടില്ല എന്ന് മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. പ്രകടനങ്ങൾക്ക് അനുമതി നൽകാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു മക്കൾ കക്ഷി കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുവാൻ കേരളാ സർക്കാർ തിടുക്കം കാണിക്കുന്നതിലുള്ള പ്രതിഷേധ സൂചകമായിട്ടാണ് 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട്ടിലെത്തുമ്പോൾ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുവാൻ ഹിന്ദു മക്കൾ കക്ഷി സംഘടന തീരുമാനിച്ചത്. തമിഴ് നാട്ടിൽ കാലുകുത്താൻ സമ്മതിക്കില്ല എന്നായിരുന്നു സംഘടനയുടെ അദ്ധ്യക്ഷൻ അർജുൻ സമ്പത്ത് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നത്. പിണറായി വിജയനെതിരെ ഗോബാക്ക് വിളിക്കുമെന്നും തമിഴ്‌നാട് മൊത്തം പ്രതിഷേധം ഉണ്ടാകുമെന്നായിരുന്നു അർജുൻ സമ്പത്തിന്റെ ഭീഷണി. എന്നാൽ കോടതി വിധി ഇത്തരത്തിലായതിനാൽ പിണറായിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ഇവർക്കാവില്ല.

രഹ്നാ ഫാത്തിമയെയും മേരീ സ്വീറ്റിയേയും പോലുള്ള ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ പിണറായി വിജയൻ ശ്രമിച്ചാൽ വാവര് പള്ളിയിലേക്ക് സ്ത്രീകളുമായി ഇരച്ചു കയറുമെന്ന് അർജുൻ സമ്പത്ത് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. തങ്ങളുടെ കോവിലിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരായിട്ടാണ് വാവര് പള്ളിയിലേക്ക് സ്ത്രീകളുമായി കയറുന്നതെന്നും ഹിന്ദു മക്കൾ കക്ഷിയുടെ മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വലിയ സംഘം സ്ത്രീകളുമായിട്ടാണ് അവിടേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമലയിലേക്ക് അമ്പതുവയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാൻ തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടന പദ്ധതിയിടുന്നതായി പൊലീസിന്റെ രഹസ്യറിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.ജി.പി അനിൽകാന്തിന്റെ ഇന്റലിജൻസ് റിപ്പോർട്ട് നൂറു ശതമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു സമ്പത്തിന്റെ പ്രതികരണം.

രഹ്നാ ഫാത്തിമയെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ചത് അറബ് നാട്ടിൽ നിന്നും പിണറായി വിജയൻ പണം വാങ്ങിയാണെന്നും അർജുൻ സമ്പത്ത് ആരോപിച്ചിരുന്നു. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന് തമിഴ് നാട്ടിൽകാലുകുത്താൻ കഴിയില്ല എന്നും കാലുകുത്തിയാൽ തമിഴ് മക്കളുടെ ശക്തമായ പ്രതിഷേധം കാണാൻ കഴിയും എന്നും പറഞ്ഞു. കരുണാനിധിയുടെ പ്രതിമയുടെ ഉത്ഘാടനത്തിനായി ഡി.എം.കെ സംഘടിപ്പിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പിണറായി എത്തമ്പോൾ കറുത്ത വസ്ത്രവും ധരിച്ച് കരിങ്കൊടി കാണിച്ചും പ്രതിഷേധം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇതിന് വലിയ തിരിച്ചടിയാണ് കോടതി വിധിമൂലം ഉണ്ടായത്.

വാലന്റൈൻസ് ഡേയിൽ കടപ്പുറത്ത് എത്തുന്ന കമിതാക്കളെ വിവാഹം കഴിപ്പിക്കുമെന്ന അറിയിപ്പ് ഏറെ ചർച്ചയായി. മണിപ്പൂരി സമരനായികയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശാർമിളയുടെ വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി ഹിന്ദു മക്കൾ കക്ഷി എത്തിയതും വിവാദമായിരുന്നു. കൊഡൈക്കനാലിലെ രജിസ്ട്രർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തതിനെതിരെയാണ് ഹിന്ദു മക്കൾ കക്ഷി രംഗത്തു വന്നിരിക്കുന്നത്. മണിപ്പൂർ സ്വദേശിനിയായ ഇവർ എന്തുകൊണ്ട് വിവാഹത്തിനായി കൊഡൈക്കനാൽ തെരഞ്ഞെടുത്തുവെന്നാണ് മക്കൾ കക്ഷി നേതാവ് രംഗത്തുവന്നിരിക്കുന്നത്. പങ്കാളിക്കൊപ്പം ഗോവയിലോ സ്വദേശമായ മണിപ്പൂരിലോ ചെന്ന് വിവാഹം ചെയ്തോളു എന്നും ഇവർ പറയുന്നു. നക്സൽ ഭീഷണി നിലവിലുള്ള പ്രദേശത്ത് ഇവരുടെ താമസം സർക്കാരിന് ഭീഷണിയാകുമെന്നും ഹിന്ദു മക്കൾ കക്ഷി അവകാശപ്പെട്ടിരുന്നു.

അതേ സമയം തമിഴ് നാട്ടിൽ വിവിധ ഇടങ്ങളിൽ ശബരിമല വിഷയം കത്തിപടർത്തുകാണ് ഹിന്ദു മക്കൾ കക്ഷി. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ പുരുഷന്മാർക്ക് പ്രവേനമില്ലെന്ന വിചിത്ര വാദവുമായി ചർച്ചകളിൽ നിറഞ്ഞ സംഘടനയാണ് ഹിന്ദു മക്കൾ കക്ഷി. ശബരിമലയിൽ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേനം അനുവദിച്ച സുപ്രീം കോടതി വിധിയക്കു പിന്നാലെയാണ് അർജുൻ സമ്പത്ത് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്. ഓരോ ക്ഷേത്രത്തിനും ആചാരങ്ങൾ സംബന്ധിച്ച് ഓരോ കീഴ്‌വഴക്കങ്ങളുണ്ടെന്നും അതിന്റെ ഭാഗമാണ് ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നിയമം പാസാക്കണമെന്നും ഒരു തമിഴ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ശബരിമലയിൽ ആചാര ലംഘനം ഈ സംഘടന ലക്ഷ്യമിടില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എന്നാൽ വാവര് പള്ളിയിൽ പ്രശ്‌നമുണ്ടായാൽ അത് പുതിയ വിഷയങ്ങളിലേക്ക് വിവാദമെത്തും. ഇതിനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ

നയൻതാര മദ്യവിൽപന കേന്ദ്രത്തിൽ എത്തി ബിയർ വാങ്ങുന്ന വീഡിയ്‌ക്കെതിരെയും ഹിന്ദു മക്കൾ കക്ഷി രംഗത്ത് വന്നിരുന്നു. എന്നാൽ പിന്നീട് ദൃശ്യങ്ങൾ നാനും റൗഡിതാൻ തമിഴ് ചിത്രത്തിന് വേണ്ടി ചിത്രീകരിച്ചവയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. സംസ്ഥാനത്ത് മദ്യം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ അരങ്ങേറുമ്പോൾ ബാറിൽ പോയി മദ്യം വാങ്ങുന്ന ദൃശ്യങ്ങൾ ഇത്തരം പ്രതിഷേധങ്ങളെ അവഹേളിക്കുന്നതാണെന്ന് ഹിന്ദു മക്കൾ കക്ഷി ആരോപിച്ചിരുന്നു. ഇങ്ങനെ എന്തിന് ഏതിനും അഭിപ്രായം പറയുന്ന സംഘടനയാണ് ഹിന്ദു മക്കൾ കക്ഷി. രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പ്രതീക്ഷയോടെ കാണുന്നതും ഇവരാണ്. സംഘപരിവാറുമായി ഈ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സൂചന.

തീവ്ര നിലപാടുകളുമായി എത്തിയിരിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ സസൂഷ്മം നിരീക്ഷിക്കുകയാണ് പൊലീസ് എന്നാണ് വിവരം. തമിഴ്‌നാട് സ്വദേശികൾ തിങ്ങി പാർക്കുന്ന ഇടങ്ങളിലേക്ക് പിണറായി വിജയൻ പൊതു പരിപാടികളിൽ പങ്കെടുക്കരുത് എന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. ഇതിന്റെ ഭാഗമായി സുരക്ഷ വർദ്ധിപ്പിക്കുവാനും സാധ്യതയുണ്ട്. വാവര് പള്ളിയിലേക്ക് യുവതികളുമായി ഇരച്ചു കയറുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഹിന്ദു മക്കൾ കക്ഷി ശരിവച്ചതോടു കൂടി എരുമേലിയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുവാനും സാധ്യതയുണ്ട്. കേരളത്തിൽ വർഗ്ഗീയ കലാപം ഉണ്ടാകാതിരിക്കാൻ വേണ്ട കരുതലുകൾ വേണണെന്നും എഡിജി സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP