Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാതാപിതാക്കൾ ഉപേക്ഷിച്ച ഹിന്ദു യുവതിക്ക് മഹല്ല് കമ്മിറ്റിയുടെ കരുതലിൽ മം​ഗല്യ ഭാ​ഗ്യം; വൈഷ്ണവിയുടെ വിവാഹത്തിന് സഹായഹസ്തവുമായെത്തിയത് പൂതക്കാട് അൽബദർ മഹല്ല് കമ്മിറ്റി; മതവും ജാതിയും നോക്കാതെ ഒപ്പം നിന്ന് ഒരു നാടും

മാതാപിതാക്കൾ ഉപേക്ഷിച്ച ഹിന്ദു യുവതിക്ക് മഹല്ല് കമ്മിറ്റിയുടെ കരുതലിൽ മം​ഗല്യ ഭാ​ഗ്യം; വൈഷ്ണവിയുടെ വിവാഹത്തിന് സഹായഹസ്തവുമായെത്തിയത് പൂതക്കാട് അൽബദർ മഹല്ല് കമ്മിറ്റി; മതവും ജാതിയും നോക്കാതെ ഒപ്പം നിന്ന് ഒരു നാടും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്നതിന്റെ പ്രധാനകാരണം ഇവിടുത്തെ മതമൈത്രി തന്നെയാണ്. വിവിധ മതങ്ങളിൽപ്പെട്ട ആളുകൾ ഇടപഴകി കഴിയുകയും ആചാരങ്ങളിൽ പരസ്പരം പങ്കുകൊള്ളുകയും ചെയ്യുന്നത് ഇവിടെ നിത്യസംഭവമാണ്. മനുഷ്യൻ മനുഷ്യനെ സഹായിക്കുന്നതും ഇവിടെ മതം നോക്കിയല്ല. അത്തരം മനുഷ്യസ്നേഹങ്ങൾ‌ക്ക് ഒരുപാട് ഉദാഹരണങ്ങൾ ഈ നാട്ടിലുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചെർപ്പുളശ്ശേരി സ്വദേശിയായ വൈഷ്ണവിയുടെ വിവാഹം. മാതാപിതാക്കൾ ഉപേക്ഷിച്ച ഹിന്ദു യുവതിക്ക് മഹല്ല് കമ്മിറ്റിയുടെ മുൻകയ്യിലാണ് മംഗല്യ ഭാഗ്യം കൈവന്നത്.

പൂതക്കാട് അൽബദർ മഹല്ല് കമ്മിറ്റിയുടേയും പ്രാദേശിക കൂട്ടായ്മയുടെയും സഹകരണത്തോടെയായിരുന്നു വിവാഹം. ഇന്ന് അവരുടെ ബന്ധുവിന്റെ വീട്ടിൽ ആയിരുന്നു ചടങ്ങുകൾ. തൃക്കടീരി പഞ്ചായത്തിലെ പൂതക്കാട് സ്വദേശിയായ തെറ്റിലിങ്ങൽ വൈഷ്ണവിയെന്ന യുവതിയെ മാതാപിതാക്കൾ ഉപേക്ഷിച്ചതാണ്. വൈഷ്ണവിയുടെ വിവാഹം നാട്ടുകാരുടെ പങ്കാളിത്തത്തോടെ നടത്താൻ മഹല്ല് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മഹല്ല് രക്ഷാധികാരി ജമാലുദ്ധീൻ ഫൈസി ചെയർമാനും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി കുട്ടിക്കൃഷ്ണൻ കൺവീനറായും പ്രദേശത്തെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ റഫീഖ് ഖജാൻജിയായും സമിതി രൂപീകരിച്ചാണ് വിവാഹത്തിന് ആവശ്യമായ ആഭരണം, ഭക്ഷണം തുടങ്ങി മുഴുവൻ ചെലവുകളും വഹിക്കാൻ തീരുമാനിച്ചത്.

ഇതിനുവേണ്ട തുക സ്വരൂപിക്കാനും വിവാഹം ജനപ്രധിനിധികളെയും സാമൂഹിക-സാംസ്‌കാരിക പ്രധിനിധികളെയും ഉൾപ്പെടുത്തി നാടിന്റെ ആഘോഷമാക്കി മാറ്റാനും പ്രവർത്തനങ്ങൾ തുടങ്ങി. ഏപ്രിൽ 5നു വിവാഹം നിശ്ചയിക്കുകയും ചെയ്തു. പക്ഷേ, കൊറോണ വ്യാപനം കാരണം മെയ് 10ലേക്ക് മാറ്റി. സാമൂഹിക അകലം പാലിച്ച് ചടങ്ങ് മാത്രം നടത്താനായിരുന്നു തീരുമാനം. നാട്ടുകാരുടെ പൂർണ സഹകരണത്തോടെ കല്യാണത്തിന് ആവശ്യമായ ആഭരണങ്ങളും ഭക്ഷണം ഉൾപ്പെടെ മുഴുവൻ ചെലവും കണ്ടെത്തുകയും ചെയ്തു.

ഇന്ന് നടന്ന ചടങ്ങിൽ മഹല്ല് ഭാരവാഹികളായ കമ്മുണ്ണി ഹാജി, ഹൈദർ ഹാജി, മൊയ്തീൻ ഹാജി, കുഞ്ഞു മൊയ്തു ഹാജി റസാഖ് അൽഹസനി, മുഹമ്മദ് കുട്ടി എന്നിവർ ചേർന്ന് ചെർപ്പുളശ്ശേരി പൊലീസ് സബ് ഇൻസ്‌പെക്ടർ ബാബു രാജിന്റെ സാന്നിധ്യത്തിൽ ആഭരണങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ചടങ്ങിനു സമിതി ഭാരവാഹികളായ ടി കുട്ടിക്കൃഷ്ണൻ സൈതലവി മാഷ്, റഫീഖ്, ഇർഷാദ്, ഹുസയ്ൻ, പങ്കജാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ വധൂവരന്മാരുടെ വകയായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 5000 രൂപ എസ് ഐ ബാബുരാജിനു കൈമാറി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പൂതക്കാട് പ്രദേശത്തെ വിദ്യാഭ്യാസ-ആരോഗ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി മഹല്ല് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. സൗജന്യ റേഷൻ പദ്ധതി, അവശ്യ സാധന വിതരണം തുടങ്ങി ഒട്ടനവധി ക്ഷേമ-ജീവകാരുണ്യ പ്രവർത്തനങ്ങളാണ് മഹല്ല് കമ്മിറ്റിക്കു കീഴിൽ നടന്നുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP