Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ഒരു രാജ്യം.. ഒരു തെരഞ്ഞെടുപ്പ്; ഒരു രാജ്യം... ഒരു നികുതി; ഒരു രാജ്യം... ഒരേ നിയമങ്ങൾ; ഇന്ത്യൻ ദേശീയത ഉയർത്തി പിടിക്കാൻ അമിത് ഷാ ഒടുവിൽ കൈ വയ്ക്കുന്നത് ഒരു രാജ്യം... ഒരു ഭാഷയിൽ; ഹിന്ദിയെ ദേശീയ ഭാഷയാക്കി മാറ്റി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ ഭാഷാ ന്യൂനപക്ഷങ്ങളുടെ കടുത്ത പ്രതിഷേധം; അമിത് ഷായ്‌ക്കെതിരെ തമിഴ്‌നാട്ടിലും കർണ്ണാടകയിലും ബംഗാളിലും രോഷം പുകയുന്നു

ഒരു രാജ്യം.. ഒരു തെരഞ്ഞെടുപ്പ്; ഒരു രാജ്യം... ഒരു നികുതി; ഒരു രാജ്യം... ഒരേ നിയമങ്ങൾ; ഇന്ത്യൻ ദേശീയത ഉയർത്തി പിടിക്കാൻ അമിത് ഷാ ഒടുവിൽ കൈ വയ്ക്കുന്നത് ഒരു രാജ്യം... ഒരു ഭാഷയിൽ; ഹിന്ദിയെ ദേശീയ ഭാഷയാക്കി മാറ്റി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ ഭാഷാ ന്യൂനപക്ഷങ്ങളുടെ കടുത്ത പ്രതിഷേധം; അമിത് ഷായ്‌ക്കെതിരെ തമിഴ്‌നാട്ടിലും കർണ്ണാടകയിലും ബംഗാളിലും രോഷം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബലാക്കോട്ടിലെ ആക്രമത്തിലുയർന്ന ദേശീയതയാണ് ബിജെപിക്ക് തുടർച്ചയായ രണ്ടാം തവണയും കേന്ദ്ര ഭരണം നൽകിയത്. ഇന്ത്യയുടെ ഹൃദയ ഭൂമിയായ ഉത്തരേന്ത്യയിൽ സാമ്പത്തിക പ്രശ്‌നങ്ങൾ പോലും ഇതു കാരണം ചർച്ചയായില്ല. കാശ്മീരിലെ പ്രത്യേക അധികാരം എടുത്തു കളഞ്ഞതും ദേശ വികാരം ചർച്ചയാക്കാനാണ്. ഒരു രാജ്യം.. ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം... ഒരു നികുതി, ഒരു രാജ്യം... ഒരേ നിയമങ്ങൾ ഇതെല്ലാം ബിജെപി മുന്നോട്ട് വയ്ക്കുന്നതും ദേശീയതയുടെ ബിംബങ്ങളായാണ്. രാജ്യമെന്ന വികാരം ആളിക്കത്തിക്കാൻ പുതുതായി ബിജെപി പുറത്തെടുത്തത് ഭാഷാ വിഷയമാണ്. എന്നാൽ ഇവിടെ ബിജെപിക്ക് അടിതെറ്റാനാണ് സാധ്യത. ദക്ഷിണേന്ത്യയുടെ വികാരം കേന്ദ്ര സർക്കാരിനെ എതിരാക്കുന്ന തരത്തിലാണ് ആഭ്യന്തര മന്ത്രികൂടിയായ അമിത് ഷായുടെ പ്രസ്താവ മാറുന്നത്. അമിത് ഷായ്‌ക്കെതിരെ തമിഴ്‌നാട്ടിലും കർണ്ണാടകയിലും ബംഗാളിലും രോഷം പുകയുകയാണ്.

നാനാത്വത്തിൽ ഏകത്വമാണ് ഭാരതീയ സംസ്‌കാരത്തിന്റെ കരുത്ത്. ദേശീയ ഗാനം പോലും പറഞ്ഞു വയ്ക്കുന്നത് ഈ വൈവിധ്യമാണ്. സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒഡീഷ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും,യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർത്ഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!-ഇതാണ് ജനഗണമനയെന്ന ദേശീയ ഗാനത്തിലൂടെ ടാഗോറും പകർന്നു നൽകിയ വികാരം. ഇത് ഉൾക്കൊള്ളാതെയാണ് ഒരു ഇന്ത്യയെന്ന മുദ്രാവാക്യത്തിന് ഒരു ഭാഷയെന്ന ആശയം അവതരിപ്പിക്കുന്നതെന്നാണ് ഉയരുന്ന വിവാദം. തമിഴ്‌നാട്ടിലും കർണ്ണാടകയിലും ബംഗാളിലും ഇത് വലിയ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. കേരളവും ഇതിനെ അംഗീകരിക്കില്ല.

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ 'ഒരു രാജ്യം ഒരു ഭാഷ' എന്ന സംഘപരിവാർ അജണ്ട തുറന്ന് പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത് വന്നുവെന്നാണ് വിമർശനം. ഇന്ത്യയെ ഒന്നിപ്പിക്കാൻ ശേഷിയുള്ള ഭാഷ ഹിന്ദിയാണെന്നും ഏറ്റവും കൂടുതൽപേർ സംസാരിക്കുകയും ഏറ്റവുമധികംപേർക്ക് മനസ്സിലാകുകയും ചെയ്യുന്ന ഹിന്ദിക്കാണ് രാജ്യത്തെ ഒറ്റച്ചരടിൽ കോർക്കാൻ ശേഷിയുള്ളതെന്നും അമിത് ഷാ പറഞ്ഞു. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ മുഖമുദ്രയാകാൻ പൊതുഭാഷ ആവശ്യമാണ്. ഹിന്ദി ദിവസ് ആചരണത്തിന്റെ ഭാ?ഗമായി ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കുമെന്ന്, പിന്നീട് ഡൽഹിയിൽ സംഘടിപ്പിച്ച ഹിന്ദി ദിവസ് ആചരണച്ചടങ്ങിൽ അമിത് ഷാ പ്രഖ്യാപിച്ചതാണ് വിവാദങ്ങളുടെ മൂല കാരണം.

നിലവിൽ രാജ്യത്ത് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഔദ്യോഗികഭാഷകളും ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ 22 ഭാഷകളുമാണുള്ളത്. ഹിന്ദി നിർബന്ധിത പാഠ്യവിഷയമാക്കിയ കേന്ദ്രസർക്കാരിന്റെ കരട് വിദ്യാഭ്യാസനയത്തിനെതിരെ ജൂണിൽ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്നിരുന്നു. ഇതോടെ കരട് നയത്തിലെ വിവാദവ്യവസ്ഥകൾ പിൻവലിച്ചു. വിദ്യാർത്ഥികൾക്ക് മൂന്നാംഭാഷയായി ഹിന്ദിക്ക് പകരം ഇഷ്ടമുള്ള ഭാഷ പഠിക്കാം എന്നായിരുന്നു ഭേദഗതി. ഹിന്ദിയെ ദേശീയഭാഷയായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യം തുറന്നു പ്രഖ്യാപിച്ച അമിത് ഷായുടെ നീക്കത്തിനെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധമുയർന്നു. കർണാടകത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധ പ്രകടനം നടന്നു. രാജ്യത്തിന്റെ ഫെഡറലിസം തകർക്കുന്ന പ്രസ്താവന കേന്ദ്രമന്ത്രി പിൻവലിക്കണമെന്ന് സിപിഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. ഹിന്ദി എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷയല്ലെന്ന് എഐഎംഐഎ തലവൻ അസദുദ്ദീൻ ഒവൈസി ട്വിറ്ററിൽ പ്രതികരിച്ചു.

രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ''ഹിന്ദി അജണ്ട' യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണതെന്നും പിണറായി പറഞ്ഞു.

ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താൻ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാർ മനസ്സിലാക്കുന്നത് നന്ന്-എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

'ഹിന്ദി ദിവസാ'ചരണത്തിന്റെ ഭാഗമായി ശനിയാഴ്ച ട്വീറ്റിലൂടെയും പ്രസംഗത്തിലൂടെയുമാണ് ഷാ ഹിന്ദിക്കായി വാദിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹിന്ദി വ്യാപിപ്പിക്കാൻ ശ്രമങ്ങളുണ്ടാവണമെന്നു പറഞ്ഞ മന്ത്രി, എല്ലാവരും അവരവരുടെ നാട്ടുഭാഷകൾ കഴിയുന്നത്ര ഉപയോഗിക്കണമെന്നും പറഞ്ഞു. ''ഇന്ത്യക്ക് ഒട്ടേറെ ഭാഷകളുണ്ട്. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യവുമുണ്ട്. രാജ്യത്തിനു മുഴുവനും ഒറ്റ ഭാഷയുണ്ടാകേണ്ടതും അത് ഇന്ത്യയുടെ ആഗോള വിലാസമാകേണ്ടതും അത്യാവശ്യമാണ്. ഏതെങ്കിലും ഭാഷയ്ക്ക് രാജ്യത്തെ ഒരുമിപ്പിക്കാൻ കഴിയുമെങ്കിൽ അത് ഭൂരിപക്ഷവും സംസാരിക്കുന്ന ഹിന്ദിക്കാണ്. ജനങ്ങളോട് അവരുടെ നാട്ടുഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്നു ഞാൻ അഭ്യർത്ഥിക്കുന്നു. ബാപ്പുവിന്റെയും സർദാർ പട്ടേലിന്റെയും സ്വപ്നമായ ഏകഭാഷ യാഥാർഥ്യമാക്കാനായി ഹിന്ദിയും ഉപയോഗിക്കണം'' -ഹിന്ദിയിലുള്ള ട്വീറ്റുകളിലൂടെ അദ്ദേഹം പറഞ്ഞു. 2024-ൽ രാജ്യം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഹിന്ദിക്ക് പ്രമുഖസ്ഥാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

''ജനങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്ന ഭാഷയാകണം ജനാധിപത്യരാജ്യത്ത് സർക്കാരിന്റെ ഭാഷയെന്ന് സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യ പറഞ്ഞിട്ടുണ്ട്. ഞാൻ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ് ആദ്യ 10 ദിവസം ഹിന്ദിയിലുള്ള കുറിപ്പോടെ ഒരൊറ്റ ഫയലും വന്നില്ല. ഇപ്പോൾ 60 ശതമാനവുമെത്തുന്നത് ഹിന്ദിക്കുറിപ്പോടെയാണ്. സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസിന്റെ പൊതുയോഗങ്ങൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നിരുന്നു. അവിടങ്ങളിലെല്ലാം ഹിന്ദി കരുത്താർജിച്ചു. നിയമം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഹിന്ദി ഉപോഗിക്കണം. വടക്കുകിഴക്കൻ മേഖലയിലെ കുട്ടികളെ ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട് -അമിത് ഷാ പറഞ്ഞു.ഹിന്ദിക്ക് ഔദ്യോഗിക ഭാഷാപദവി നൽകാൻ 1949 സെപ്റ്റംബർ 14-നാണ് ഭരണഘടനാസഭ തീരുമാനിച്ചത്. ഇതിന്റെ സ്മരണയ്ക്ക് 1953 മുതലാണ് ഹിന്ദി ദിവസം ആചരിച്ചുതുടങ്ങിയത്.

ഇതേ തുടർന്ന് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും വിലപ്പോകില്ലെന്ന് വിവിധ നേതാക്കൾ തുറന്നടിച്ചു. എല്ലാ ഭാഷയെയും സംസ്‌കാരത്തെയും ബഹുമാനിക്കണമെന്നും അത് മാതൃഭാഷയെ തള്ളിക്കളഞ്ഞാവരുതെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ഹിന്ദിക്കുമാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാനാവൂ എന്ന അമിത് ഷായുടെ വാക്കുകൾ രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണിയാണെന്ന് ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞു. ഇത് ഇന്ത്യയാണ്, ഹിന്ദിയ അല്ല. ഷായുടെ പ്രസ്താവനയെപ്പറ്റി വിശദീകരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരേ കർണാടകത്തിലെ കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തി. ''ഹിന്ദി ദേശീയഭാഷയാണെന്ന നുണ അവസാനിപ്പിക്കണം. കന്നഡപോലെ ഇന്ത്യയിലെ 22 ഔദ്യോഗികഭാഷകളിൽ ഒന്നുമാത്രമാണ് ഹിന്ദിയെന്നു മനസ്സിലാക്കുക''-എന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കന്നഡത്തിൽ ട്വീറ്റ് ചെയ്തു.

ഹിന്ദിയെപ്പോലെ രാജ്യത്തിന്റെ ഔദ്യോഗികഭാഷകളിലൊന്നായ കന്നഡയ്ക്കായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'കന്നഡദിവസം' ആചരിക്കുകയെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കും വൈവിധ്യത്തിനുമെതിരേയുള്ള ആക്രമണമാണ് ഷായുടെ പ്രസ്താവനയെന്ന് സിപിഐ. കുറ്റപ്പെടുത്തി. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രം ജീവിതത്തിന്റെ സമസ്തമേഖലയിലേക്കും വ്യപിപ്പിക്കാനുള്ള നീക്കമാണിതെന്നും പാർട്ടി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP