Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തൂറ്റ് ഫിനാൻസിൽ ജോലി ചെയ്യാനെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി; ജോലിക്ക് കയറുന്ന ജീവനക്കാരനെ തടയാൻ സമരക്കാർക്ക് അവകാശമില്ല; കോടതിയുടെ ഇടപെടൽ ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കെ

മുത്തൂറ്റ് ഫിനാൻസിൽ ജോലി ചെയ്യാനെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി; ജോലിക്ക് കയറുന്ന ജീവനക്കാരനെ തടയാൻ സമരക്കാർക്ക് അവകാശമില്ല; കോടതിയുടെ ഇടപെടൽ ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുത്തൂറ്റ് സമരത്തിൽ കോടതി ഇടപെടുന്നു. ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജോലിക്ക് കയറുന്ന ജീവനക്കാരെ തടയാൻ സമരക്കാർക്ക് അവകാശമില്ല എന്നും കോടതി പറഞ്ഞു. മുത്തൂറ്റ് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ മൂന്ന് വർഷമായി സിഐടിയു മുത്തൂറ്റിൽ സമരരംഗത്താണ്. എന്നാൽ ജോലി ചെയ്യാൻ തയ്യാറായി എത്തുന്ന ജീവനക്കാരെ പോലും ഓഫീസിൽ കയറാൻ സമരക്കാർ അനുവദിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.

ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. ആകെ 26000 ജീവനക്കാരാണുള്ളത്. ഇതിൽ 3500 പേരും കേരളത്തിലാണ്. സിഐടിയു സമരം തുടങ്ങുന്നത് 2016ലാണ്. സർക്കാർ സമവായ ശ്രമങ്ങൾ നടത്തിയില്ല. 3 വർഷത്തെ സമരത്തെ തുടർന്ന് മുത്തൂറ്റിന്റെ ബിസിനസ് കേരളത്തിൽ പകുതിക്ക് മേൽ ഇടിഞ്ഞു. ഇടപാടുകാർ വലിയ തോതിൽ കൊഴിയുന്നുണ്ട്.

കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി മുത്തൂറ്റ് ശാഖകളിൽ നടന്നുവരുന്ന സിഐടിയു സമരത്തിനെതിരെ പ്രതിഷേധവുമായി മുത്തൂറ്റ് മാനേജ്മെന്റും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം 20 മുതൽ കേരളത്തിൽ നിരവധി ശാഖകൾ അടഞ്ഞ് കിടക്കുന്നതിലൂടെ കോടി കണക്കിന് രൂപയുടെ നഷ്ടമാണ് എന്നും ഇത് കമ്പനിക്ക് ഒപ്പം തന്നെ ജീവനക്കാരെയും ബാധിക്കുന്നതാണ് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇപ്പോൾ അടഞ്ഞ് കിടക്കുന്ന ശാഖകളിലെ ഭൂരിഭാഗം ജീവനക്കാർക്കും സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ തന്നെയാണ് താൽപര്യം എന്നും എന്നാൽ സിഐടിയു ഇവരെ ഭീഷണിപ്പെടുത്തിയാണ് സമര രംഗത്ത് നിർത്തിയിരിക്കുന്നത് എന്നും മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് വിശദീകരണത്തിൽ പറയുന്നു.

1887ൽ മധ്യതിരുവിതാംകൂറിലെ ഒരു കുഗ്രാമമായിരുന്ന കോഴഞ്ചേരിയിൽ നൈനാൻ മത്തായി മുത്തൂറ്റ് തുടങ്ങിയ സ്ഥാപനമാണ് മൂന്നു തലമുറയിലൂടെ പടർന്ന് പന്തലിച്ച് ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ കമ്പനികളിലൊന്നായി മാറിയത്. വൈവിധ്യവത്കരണത്തിന്റെ പുതിയ പാതകളിലൂടെ മുന്നേറുകയായിരുന്നു മുത്തൂറ്റ് ഫിനാൻസ്. ഇതിനിടെയാണ് യൂണിയൻ പ്രവർത്തനം എത്തുന്നതും കമ്പനി പ്രതിസന്ധിയിലാകുന്നതും. ഫോബ്‌സ് ഏഷ്യമാസികയിലെ സമ്പന്നരുടെ നിരയിൽ പോലും മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് എത്തിയിരുന്നു. 1887 -ൽ മരവ്യവസായവുമായി തുടങ്ങിയ സ്ഥാപനം 1939-ലായിരുന്നു സാമ്പത്തിക ബിസിനസ് മേഖലയിലേക്ക് കടന്നത്. നൈനാൻ മത്തായി മുത്തൂറ്റിന്റെ മക്കളായ എം.ജോർജ് മുത്തൂറ്റും സഹോദരന്മാരും കുടുംബ ബിസിനസിലേക്ക് കടന്നുവരികയും പാർട്ണർഷിപ്പ് വ്യവസ്ഥയിൽ മുത്തൂറ്റ് ബാങ്ക് ആരംഭിക്കുകയുമായിരുന്നു. 'ബാങ്ക്' എന്ന പദം ഉപയോഗിക്കാൻ ഗവണ്മെന്റ് വിലക്ക് വന്നതോടെ 1979-ൽ 'മുത്തൂറ്റ് ബാങ്കേഴ്‌സ്' ആയി മാറി. 1999-വരെ ഇത് തുടർന്നു. സ്വർണപ്പണയ വായ്പ തന്നെയായിരുന്നു പ്രധാന ബിസിനസ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതാകട്ടെ മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനായ എം.ജോർജ് മുത്തൂറ്റും.

1970-കളിൽ തന്നെ കേരളത്തിനകത്തും പുറത്തും ശാഖകൾ ആരംഭിച്ച് പ്രവർത്തനം വിപുലമാക്കി. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനും തുടങ്ങി. 2000-ൽ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് എന്നാക്കിമാറ്റി കമ്പനിയുടെ പേര്. പാർട്ണർ ഷിപ്പ് ബിസിനസ് അവസാനിപ്പിച്ച് തൊട്ടടുത്തവർഷം തന്നെ റിസർവ് ബാങ്കിന്റെ രജിസ്‌ട്രേഷനോടെ ബാങ്കിങ്ങിതര ധനകാര്യസ്ഥാപനമായി മാറി. അന്ന് 200 ബ്രാഞ്ചായിരുന്നു ഉണ്ടായിരുന്നത്. 150 എണ്ണം കേരളത്തിലും 50 എണ്ണം തമിഴ്‌നാട്, ഡൽഹി തുടങ്ങിയ മറ്റു ഭാഗങ്ങളിലും. 1993-ൽ ആയിരുന്നു എം.ജോർജ് മുത്തൂറ്റ് അന്തരിച്ചത്. എം.ജോർജ് മുത്തൂറ്റിന്റെ ആറുമക്കളിൽ ഇളയ നാലുപേരാണ് ഇന്ന് ബിസിനസ് സാമ്രാജ്യം നോക്കുന്നത്. മൂത്ത രണ്ടുപേർ വിദേശത്ത് താമസമാക്കിയ ഡോക്ടർമാർ. അതിൽ ഒരാൾ അപകടത്തിൽ മരിക്കുകയും ചെയ്തു. അവസാന നാലുപരേിലെ മൂത്തയാളാണ് ചെയർമാനായ എം.ജി.ജോർജ് മുത്തൂറ്റ്. പിന്നീടുള്ള ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് എന്നിവർ ഡയറക്ടർമാരാണ്. ഇതിൽ രണ്ടുപേർ എൻജിനിയറിങ് ബിരുദധാരികളുമാണ്. ഏറ്റവും ഇളയയാളും എം.ഡി.യുമായ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് ചാർട്ടേഡ് അക്കൗണ്ടന്റാണ്.

2000 -നു ശേഷമുള്ള ഒരു ദശകത്തിൽ കമ്പനിയുടെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. 2002 -ൽ മണി ട്രാൻസ്ഫർ, വിദേശനാണ്യ വിനിമയം എന്നിവയും ആരംഭിച്ചു. 2005-ൽ വായ്പ നൽകിയ തുക 500 കോടി രൂപ കടന്നു. 2007 ആകുമ്പോഴേക്കും മുത്തൂറ്റ് ഗ്രൂപ്പിന് 500 ശാഖകളും വായ്പസംഖ്യ 1000 കോടി രൂപയുമായി. അടുത്തവർഷം മുത്തൂറ്റ് ഫിനാൻസ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ലോൺ നൽകുന്ന സംഖ്യ 2000 കോടി രൂപയായി. 2009 ആകുമ്പോഴേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കമ്പനിയുടെ ബ്രാഞ്ചുകൾ 1000 കടന്നു. 2010-ൽ സ്ഥാപനം വായ്പയായി നൽകിയ തുക 7400 കോടി രൂപയായിരുന്നു. ക്രിസിലിന്റെ (ജ1+) റേറ്റിങ്ങും ഐ.സി.ആർ.എ.യുടെ (എ1+) റേറ്റിങ്ങും ലഭിച്ചു. 2001 ൽ 20 ശതമാനം ഓഹരികൾക്ക് ഐ.പി.ഒ. ഇറക്കിക്കൊണ്ട് മുത്തൂറ്റ് ഫിനാൻസ് ക്യാപിറ്റൽ മാർക്കറ്റിലുമെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP