Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തല്ലു കൊള്ളാൻ ചെണ്ടയും പണംവാങ്ങാൻ മാരാരും! അഭിഭാഷകരാൽ അവഹേളിക്കപ്പെട്ട പത്രപ്രവർത്തകൻ പരാതി നൽകിയപ്പോൾ ആരും ചെവിക്കൊണ്ടില്ല; മനോരമയ്ക്കും മാതൃഭൂമിക്കും നൊന്തപ്പോൾ വൻ പ്രതിഷേധം: മാദ്ധ്യമപ്രവർത്തകർക്കിടയിലും വിവേചനമോ?

തല്ലു കൊള്ളാൻ ചെണ്ടയും പണംവാങ്ങാൻ മാരാരും! അഭിഭാഷകരാൽ അവഹേളിക്കപ്പെട്ട പത്രപ്രവർത്തകൻ പരാതി നൽകിയപ്പോൾ ആരും ചെവിക്കൊണ്ടില്ല; മനോരമയ്ക്കും മാതൃഭൂമിക്കും നൊന്തപ്പോൾ വൻ പ്രതിഷേധം: മാദ്ധ്യമപ്രവർത്തകർക്കിടയിലും വിവേചനമോ?

കൊച്ചി: ഹൈക്കോടതിയിലെ സംഭവങ്ങളുടെ പേരിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. അഭിഭാഷകർക്കെതിരെ ശക്തമായ പ്രതിഷേധമാണു മാദ്ധ്യമപ്രവർത്തകർ ഉയർത്തുന്നത്.

എന്നാൽ, പ്രതിഷേധമുയർന്നതു വൻകിട പത്രങ്ങളുടെ റിപ്പോർട്ടർമാർക്ക് അധിക്ഷേപം ഏറ്റപ്പോൾ മാത്രമാണ് എന്ന ആരോപബണമാണ് ഇപ്പോൾ ഉയരുന്നത്. മനോരമയ്ക്കും മാതൃഭൂമിക്കും പണി കിട്ടിയപ്പോഴാണ് മാദ്ധ്യമ ലോകം ഇളകിയതും പ്രതിഷേധത്തിന് തീവ്രത കൈവന്നതും.

അതിനു മുമ്പെ അവഹേളിക്കപ്പെട്ട മാദ്ധ്യമപ്രവർത്തകൻ നേരിട്ട് പരാതി പറഞ്ഞിട്ടും പത്ത് മിനിറ്റ് വൈകുന്ന പ്രതിഷേധ പ്രകടനത്തിൽ കാര്യങ്ങൾ ഒതുക്കുകയായിരുന്നു. പൊലീസിന് വ്യക്തമായ പരാതി പോലും നൽകാൻ പത്രപ്രവർത്തക യൂണിയൻ തയ്യാറായില്ല. രണ്ടാം ദിവസം യുവ മാദ്ധ്യമ പ്രവർത്തകർ രോഷം കൊണ്ടപ്പോഴാണ് പരാതിയെന്ന തരത്തിലേക്ക് യൂണിയൻ നീങ്ങിയത്. മാദ്ധ്യമപ്രവർത്തകരിൽതന്നെ രണ്ടാം തരം പൗരന്മാരുണ്ടെന്ന് സമർത്ഥിക്കുന്നതാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തും കൊച്ചിയിലും നടന്ന സംഭവങ്ങൾ.

അഭിഭാഷകനും ഗവ. പ്ലീഡറുമായ ധനേഷ് മാത്യു മാഞ്ഞൂരാൻ പെണ്ണുകേസിൽ പെട്ടപ്പോൾ ആദ്യം ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ക്രോണിക്കിന്റെ ഹൈക്കോടതി ലേഖകനായ രോഹിത്തായിരുന്നു. പ്രതിചേർക്കപ്പെട്ട അഭിഭാഷകനെ തേജോവധം ചെയ്യുന്ന തരത്തിൽ രോഹിത് റിപ്പോർട്ട് ചെയ്തെന്നതായിരുന്നു ആരോപണം. എന്നാൽ തന്റെ വാർത്തയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എഴുതി തന്നാൽ തിരുത്തു നൽകാമെന്നു രോഹിത് പറഞ്ഞുവെങ്കിലും അഭിഭാഷകർ തയ്യാറായിരുന്നില്ല. കഴിഞ്ഞ ആറു കൊല്ലമായി കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ എത്തുന്ന പരിചയ സമ്പന്നനായ രോഹിതിനെ അഭിഭാഷകർ തന്തയ്ക്ക് വിളിക്കുകയും ഇറക്കി വിടുകയും ചെയ്തു. എന്നാൽ ഇതൊന്നും പത്രപ്രവർത്തകർക്കിടയിൽ വലിയ ചലനങ്ങൾ തീർത്തിരുന്നില്ല.

എന്നാൽ പിറ്റേ ദിവസം മനോരമയുടെയും മാതൃഭൂമിയുടെയും ലേഖകന്മാർക്ക് അപമാനം സഹിക്കേണ്ടി വന്നപ്പോഴാണ് പത്ര ലോകം ഇളകിയത്. മനോരമ ലേഖകനെ ഹൈക്കോടതി മീഡിയ റൂമിൽ പിടിച്ചുവച്ച് ഉടമ്പടിയുണ്ടാക്കാൻ ശ്രമിച്ചതും വനിത റിപ്പോർട്ടരെ അപമാനിച്ച് ഇറക്കി വിട്ടതും പത്രലോകത്തിന് വലിയ അപമാനമായി. പിന്നീട് അങ്ങോട്ട് ബൂർഷ്വാ പത്രങ്ങൾക്കുവേണ്ടി പ്രതിഷേധിക്കാൻ പത്ര നേതാക്കന്മാർ നെട്ടോട്ടമായിരുന്നു. പത്രക്കാർക്കുവേണ്ടി സമവായ ചർച്ചയ്ക്കുപോയത് അടിയേറ്റതും അപമാനിതനുമായ രോഹിത്തല്ലായിരുന്നു. പകരം പോയത് മനോരമയുടെ പ്രതിനിധിയായിരുന്നു. ഇപ്പോൾ മനോരമ വാർത്ത പുറത്തുവിട്ടതാണ് അഭിഭാഷകർക്ക് പ്രശ്നമായതെന്നാണ് പ്രചരണം. അതുക്കൊണ്ടുതന്നെ മനോരമയും മാതൃഭൂമിയും ബഹിഷ്‌ക്കരിക്കാൻ അഭിഭാഷകർ ഒരുങ്ങുന്നതായും അറിയുന്നു.

മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയതുപോലായി കാര്യങ്ങൾ. അടിയും തൊഴിയുമേറ്റത് രോഹിത്തിനെങ്കിലും ക്രെഡിറ്റ് അടിച്ചെടുത്തത് ബൂർഷ്വാ പത്രങ്ങൾ തന്നെയെന്ന അവസ്ഥയിലാണു കാര്യങ്ങൾ എത്തിനിൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP