Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലുവയിൽ കർക്കിടക വാവുബലിക്ക് എത്തുന്നവർക്കായി കനത്ത സുരക്ഷ ഒരുക്കി; ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ നിയോഗിച്ചു; മൂന്ന് ബോട്ടുകളും 20 ലൈറ്റ് ബോട്ടുകളും ലൈഫ് ജാക്കറ്റുകൾ അടക്കം പ്രത്യേകം സ്‌കൂബ ടീമും സജ്ജം; കാലടിയിലും തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലും സുരക്ഷ ശക്തം; ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

ആലുവയിൽ കർക്കിടക വാവുബലിക്ക് എത്തുന്നവർക്കായി കനത്ത സുരക്ഷ ഒരുക്കി; ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ നിയോഗിച്ചു; മൂന്ന് ബോട്ടുകളും 20 ലൈറ്റ് ബോട്ടുകളും ലൈഫ് ജാക്കറ്റുകൾ അടക്കം പ്രത്യേകം സ്‌കൂബ ടീമും സജ്ജം; കാലടിയിലും തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലും സുരക്ഷ ശക്തം; ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

അർജുൻ സി വനജ്/ എം പി റാഫി

കൊച്ചി/മലപ്പുറം:  ഡാമുകൾ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മണപ്പുറത്തെ കർക്കിടക വാവുബലിക്കെത്തുന്നവർക്ക് അതീവ സുരക്ഷയൊരുക്കി. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്കെത്തുന്നവർക്ക് ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ഇന്നലെ ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്. എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകൾ 20 ലൈറ്റ് ബോട്ടുകൾ, 40 ലൈഫ് ജാക്കറ്റുകൾ , പ്രത്യേക റോപുകൾ, സ്‌കൂബ ടീം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

കാലടി ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തിലും സുരക്ഷ കർശനമാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. മൂവാറ്റുപുഴ ആർ ഡി ഒ എം ടി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നത്. കോസ്റ്റ് ഗാർഡ് ടീമിനെ ഇന്നലെ അർധരാത്രി മുതൽ ഇവിടെ വിന്യസിച്ചു. ഫയർ ഫോഴ്സും സംസ്ഥാന പൊലീസും ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ തന്നെ പരിശീലനം ലഭിച്ച വളന്റിയർമാരും ഇവിടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ബാരിക്കേഡുകൾ കെട്ടി ബലിതർപ്പണത്തിനെത്തുന്നവർ പുഴയിലേക്കിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പെരിയാറിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തിലാണിത്. ബലിയിടാൻ എത്തുന്നവർക്കെല്ലാം കർമം നിർവഹിക്കുന്നതിനും മറ്റു തടസങ്ങൾ ഇല്ലാതിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആലുവ താലൂക്കിൽ കളക്ടറുടെ നേതൃത്വത്തിൽ സുരക്ഷാ പ്രവർത്തനങ്ങളെ സംബന്ധിച്ച അവലോകന യോഗം ചേർന്നു. ഡപ്യൂട്ടി കളക്ടർ കെ.മധു, തഹസിൽദാർ കെ ടി സന്ധ്യാദേവി തുടങ്ങിയവർ പങ്കെടുത്തു.

തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി

പിതൃസ്മരണയിൽ ബലിതർപ്പണത്തിനായി പതിനായിരക്കണക്കിന് വിശ്വാസികളെത്തുന്നു തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി. കാലവർഷക്കെടുതിയെ തുടർന്നാണ് ഇത്തവണ വലിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. പുലർച്ചെ രണ്ടു മണിയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. പൊലീസ്, ഫെയർ ഫോഴ്‌സ്, ഡ്രോമാകെയർ എന്നിവർക്കു പുറമെ കാലവർഷത്തെ തുടർന്ന് പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തോണികളും യന്ത്രവൽകൃത ബോട്ടുകളും മുങ്ങൽ വിദഗ്ദർ എന്നിവരെയും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ സംഘങ്ങൾ, ആരോഗ്യ വകുപ്പ്, ദേവസ്വം ഉദ്യോഗസ്ഥർ, വളന്റിയർമാർ അടക്കമുള്ളവരുടെ സേവന സൗകര്യങ്ങൾ സദാസമയം ഒരുക്കിയിട്ടുണ്ട്.

വിശ്രമിക്കാൻ ദേവസ്വം സത്രവും വിശ്രമ മന്ദിരത്തിനും പുറമേ നിളാ ഓഡിറ്റോറിയത്തിലും സൗകര്യമുണ്ട്. വാഹനങ്ങൾ പാർക്കുചെയ്യാനായി കൊടക്കൽത്താഴം, നാവാമുകുന്ദ സ്‌കൂൾ ഗ്രൌണ്ട്, നിളാ ഓഡിറ്റോറിയം മൈതാനം എന്നിവ ഒരുക്കും. കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ് ഉണ്ടാകും. വിവിധ സ്റ്റേഷനുകളിൽ നിന്നായി അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചതായി സ്ഥലം എസ്‌ഐ സുമേഷ് സുധാകർ മറുനാടൻ മലയാളിയോടു പറഞ്ഞു. 2 ഡി വൈ എസ് പി മാർ 4 സിഐമാർ 12 എസ്‌ഐമാർ എന്നിവരുടെ സേവനവും തിരുന്നാവായയിലുണ്ടാകും.

ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബലിതർപ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളിൽ പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ അപകടമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം.

ഡാമുകൾ തുറക്കുന്നതിനാൽ പുഴകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നു വരാൻ സാധ്യതയുണ്ട്. കടലോരങ്ങളിൽ കടലാക്രമണ സാധ്യതയും നിലനിൽക്കുന്നു. ബലിതർപ്പണ കേന്ദ്രങ്ങളിൽ എത്തുന്നവർ ഇത്തരം സാഹചര്യം കൂടി പരിഗണിച്ച് പൊലീസുമായി സഹകരിക്കണം എന്നും അദ്ദേഹം അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP