Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാകാൻ സായിപ്പിന്റെ അണ്ടർവെയർ മോഷ്ടാവും; ആന്റണി രാജു ഹെറോയിൻ കടത്തിൽ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമാറ്റി തെളിവ് നശിപ്പിച്ച കേസിലെ ഒന്നാം പ്രതി; സംഭവം നടന്നത് 1991 ൽ വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരിക്കെ; വഴിത്തിരിവായത് ഓസ്‌ട്രേലിയൻ പൗരൻ വീണ്ടും പിടിക്കപ്പെട്ടതോടെ

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാകാൻ സായിപ്പിന്റെ അണ്ടർവെയർ മോഷ്ടാവും; ആന്റണി രാജു ഹെറോയിൻ കടത്തിൽ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമാറ്റി തെളിവ് നശിപ്പിച്ച കേസിലെ ഒന്നാം പ്രതി; സംഭവം നടന്നത് 1991 ൽ വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരിക്കെ; വഴിത്തിരിവായത് ഓസ്‌ട്രേലിയൻ പൗരൻ വീണ്ടും പിടിക്കപ്പെട്ടതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹെറോയിൻ കടത്തിൽ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമാറ്റി തെളിവ് നശിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ആന്റണി രാജു ഇനി കേരളം ഭരിക്കുന്ന ഒരു മന്ത്രിയാകും. വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരിക്കെ നടന്ന സംഭവത്തിലാണ് ആന്റണി രാജുവും വഞ്ചിയൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്കായിരുന്ന ജോസും കേസിൽ പ്രതി ചേർക്കപ്പെട്ടത്.ക്രൈം നമ്പർ 215 ആയി വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് പിന്നീട് കുറ്റപത്രം സമർപ്പിച്ചു. ഡിവൈസ് പി വക്കം പ്രഭയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120- ബി ( കുറ്റകരമായ ഗൂഢാലോചന), 420 ( വഞ്ചന ), 201 ( തെളിവ് നശിപ്പിക്കൽ ), 193 ( നീതിന്യായ നടപടികളിൽ വ്യാജ തെളിവ് നൽകൽ ),217 (ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു സേവകൻ നിയമ നിർദ്ദേശം അനുസരിക്കാതിരിക്കൽ ), 34 ( കൂട്ടായ്മ ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

1996ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് എം എം ഹസനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിൽ എത്തിയ ആന്റണി രാജു, 2001ൽ യുഡിഎഫ് സ്ഥാനാർത്ഥിയായ എം വി രാഘവനോട് പരാജയപ്പെട്ടു. എന്നാൽ 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ കേസ് നിലനിൽക്കുന്നതിനാൽ മത്സരിക്കാൻ പോലും ആന്റണി രാജുവിന് സീറ്റ് നിഷേധിക്കപ്പെട്ടു. വി എസ് അച്യുതാനന്ദന്റെ കടുത്ത എതിർപ്പിനെ തുടർന്ന് പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മറ്റൊരാളെ കണ്ടെത്തേണ്ടി വന്നതും രാഷ്ട്രീയ കേരളം മറന്നിട്ടില്ല. വി സുരേന്ദ്രൻ പിള്ളയായിരുന്നു ആന്റണി രാജുവിന് പകരം സ്ഥാനാർത്ഥിയായി നിയോഗിക്കപ്പെട്ടത്.

കേസിൽ പ്രതി ചേർക്കപ്പെട്ടതിന്റെ പേരിൽ സീറ്റ് നിഷേധിച്ച അതേ ഇടതുമുന്നണിയിൽ, ഒന്നാം പ്രതിയായി ചേർക്കപ്പെട്ട കേസിൽ കുറ്റപത്രം നൽകിയ ശേഷം എംഎൽഎയായി, മന്ത്രിയായി മടങ്ങിയെത്തുക എന്ന 'അപൂർവ നേട്ട'ത്തിലാണ് ആന്റണി രാജു എത്തിനിൽക്കുന്നത്.

1991 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അടി വസ്ത്രത്തിലൊളിപ്പിച്ച് ഹെറോയിൻ ലഹരി മരുന്ന് തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിക്കവേ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവോദർ എന്ന യുവാവിനെ വലിയതുറ പൊലീസാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. നിർണ്ണായക തൊണ്ടി മുതലുകളായി ഹെറോയിൻ ലഹരിമരുന്ന്, അതൊളിപ്പിച്ച് വച്ച വിദേശിയുടെ അടി വസ്ത്രം, ബാഗേജുകൾ , പാസ്പോർട്ട്, വിസ, എയർ ടിക്കറ്റ് എന്നിവ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

എഫ്.ഐ.ആർ, പ്രഥമ വിവരമൊഴി, കൃത്യസ്ഥല മഹസ്സർ, തൊണ്ടി വകകൾ കണ്ടെഴുതിയ മഹസ്സർ, കുറ്റകൃത്യത്തിലുൾപ്പെട്ട വകകൾ രേഖപ്പെടുത്തിയ തൊണ്ടിപ്പട്ടിക (കെ.പി.എഫ് 151 (എ) ഫാറത്തിൽ രേഖപ്പെടുത്തിയത്), അറസ്റ്റ് മെമോ, ദേഹ പരിശോധന മെമോ, അറസ്റ്റ് അറിയിപ്പ് ,ക്രിമിനൽ റൂൾസ് ഓഫ് പ്രാക്റ്റീസ് ഫോറം നമ്പർ 15 (കുറ്റ കൃത്യവുമായി ബന്ധമില്ലാത്ത പ്രതിയുടെ സ്വകാര്യ വകകൾ രേഖപ്പെടുത്തിയത് ), റിമാന്റപേക്ഷ എന്നിവ സഹിതമാണ് പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പിന്നാലെ പ്രതിയെ കോടതി ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തിരുന്നു.

കോടതി ഉത്തരവ് പ്രകാരം തൊണ്ടി വകകൾ തൊണ്ടി നമ്ബരിട്ട് തൊണ്ടി ക്ലാർക്ക് തൊണ്ടി രജിസ്റ്ററിൽ രേഖപ്പെടുത്തി തന്റെ സൂക്ഷിപ്പിലുള്ള അലമാരയിൽ വക്കുകയും ചെയ്തു. രണ്ടാഴ്ചക്ക് ശേഷം പ്രതിയായ വിദേശി ജാമ്യത്തിൽ ഇറങ്ങി. തുടർന്ന് പ്രതി അഭിഭാഷകൻ മുഖേന കേസുമായി ബന്ധമില്ലാത്ത തന്റെ സ്വകാര്യ വസ്തു വകകൾ തനിക്ക് മൂന്നാം സ്ഥാനത്തിൽ വിട്ടു നൽകണമെന്ന് കാണിച്ച് സത്യവാങ്മൂലവും ഹർജിയും മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.

മൂന്നാം സ്ഥാനത്ത് വിട്ടു കിട്ടുന്ന വകകൾ കോടതി ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ഹാജരാക്കിക്കൊള്ളാമെന്നും ആയതിൽ വീഴ്ച വരുത്തുന്ന പക്ഷം കോടതി കൽപ്പിക്കുന്ന ശിക്ഷ ഏറ്റുവാങ്ങിക്കൊള്ളാമെന്നും കാണിച്ചായിരുന്നു സത്യവാങ്മൂലം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 451 പ്രകാരമാണ് ഹർജി സമർപ്പിച്ചത്.

കേസുമായി ബന്ധമില്ലാത്ത പ്രതിയുടെ സ്വകാര്യ വകകൾ ജാമ്യ ബോണ്ടിൻ മേൽ പ്രതിക്ക് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ തൊണ്ടി ക്ലർക്കും പ്രതിയുടെ അഭിഭാഷകനും ഗൂഢാലോചന നടത്തി പ്രതിയെ ശിക്ഷയിൽ നിന്നും രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ ബാഗേജ് മടക്കി നൽകിയ കൂട്ടത്തിൽ , മയക്കുമരുന്ന് ഒളിപ്പിച്ചിരുന്ന തൊണ്ടി വകയായ പ്രതിയുടെ അടിവസ്ത്രവും കൂടി പ്രതിക്ക് മൂന്നാം സ്ഥാനം നൽകിയ ശേഷം പ്രതിക്ക് ഒരു തരത്തിലും പാകമാകാത്ത ഒരു കൊച്ചു കുട്ടിയുടെ അടിവസ്ത്രം പകരം വ്യാജ തൊണ്ടിയാക്കി അതേ തൊണ്ടി നമ്പരിട്ട് കേസിലെ റെക്കോഡുകൾക്കൊപ്പം വച്ച് യഥാർത്ഥ തൊണ്ടി മുതൽ നശിപ്പിക്കുകയും വ്യാജ തെളിവ് ഹാജരാക്കിയെന്നുമാണ് കേസ്.

സെഷൻസ് കോടതിയിൽ നടന്ന വിചാരണ വേളയിൽ തൊണ്ടി വകകൾ അക്കമിട്ട് കോടതി രേഖകളാക്കി തെളിവിൽ സ്വീകരിക്കവേ അടിവസ്ത്രം തെളിവിൽ സ്വീകരിക്കുന്നതിനെതിരെ പ്രതിഭാഗം ശക്തമായി എതിർത്തു.തുടർന്ന് തുറന്ന കോടതിയിൽ വച്ച് പ്രതിക്ക് പാകമാകാത്ത അടിവസ്ത്രമാണ് പൊലീസ് ഹാജരാക്കിയതെന്ന് കോടതിയെ ബോധ്യപ്പെടുത്തി. പ്രതിക്ക് ഇടാൻ പോലും പറ്റാത്ത അടി വസ്ത്രത്തിൽ എങ്ങനെ മയക്കു മരുന്ന് ഒളിപ്പിച്ച് കടത്താനാവുമെന്നും പ്രേസിക്യൂഷനോട് ചോദിച്ചു. പ്രതി നിരപരാധിയാണെന്നും പ്രതിയെ കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്നും പ്രതിഭാഗം വാദിച്ചു. ഇതോടെ കേസ് തള്ളി കോടതി പ്രതിയെ വെറുതെ വിട്ടു.

പ്രതി വിദേശത്തേക്ക് തിരികെ പോകുകയും ചെയ്തു. എന്നാൽ ഓസ്‌ട്രേലിയയിൽ വച്ച് ആൻഡ്രൂ സാൽവോദർ കൊലപാതക കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് കേസിൽ വഴിത്തിരുവുണ്ടായത്. കൊലക്കേസ് അന്വേഷണത്തിനിടെ കുറ്റകൃത്യത്തിൽ ആൻഡ്രുവിന്റെ സഹപ്രതിയായിരുന്നയാളുടെ വെളിപ്പെടുത്തലിലാണ് കേരളത്തിൽ വച്ച് നടത്തിയ കുറ്റകൃത്യത്തിൽ നടത്തിയ ക്രമക്കേടുകളും കോടതിയിലെ അസാധാരണ സംഭവങ്ങളും പുറത്തുവന്നത്.

അറസ്റ്റ് ചെയ്ത് മുൻ കൃത്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യവേ പ്രതിയുടെ കുറ്റ സമ്മത മൊഴിയിൽ ഇന്ത്യയിൽ ചെയ്ത ഹെറോയിൻ കടത്തിനെപ്പറ്റി മൊഴി നൽകി. തൊണ്ടി മാറ്റി കേസിൽ നിന്നൂരിയ വിവരവും ഇന്റർ പോളിന് മുന്നിൽ വെളിപ്പെടുത്തി. ഇന്റർപോൾ ഇന്ത്യൻ എംബസി വഴി വിവരം ഇന്ത്യൻ സ്ഥാനപതിയെ അറിയിക്കുകയായിരുന്നു.

 ടി പി സെൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്. സംഭവം നടന്ന് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം 2006ൽ കുറ്റപത്രം കോടതിയിൽ എത്തുമ്പോൾ കേസിൽ ആന്റണി രാജു ഒന്നാം പ്രതിയായി. പിടിക്കപ്പെട്ട തൊണ്ടിമുതലിനൊപ്പമുള്ള അണ്ടർവെയർ കൊണ്ടുപോയി കീറി ചെറുതാക്കി തുന്നി തിരികെ കൊണ്ടുവന്ന് വയ്ക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

സംഭവം നടക്കുന്ന കാലയളവിൽ പ്രതികൾ വഞ്ചിയൂർ ജില്ലാ കോടതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാകയാൽ കേസ് വിചാരണ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് വി എസ് ശിവകുമാറിനെ അട്ടിമറിച്ചാണ് ആന്റണി രാജു ജയിച്ചതും ഇപ്പോൾ മന്ത്രിസ്ഥാനത്തേക്ക് എത്തുന്നതും. ഒറ്റ അംഗങ്ങളുള്ള ഘടക കക്ഷികൾക്ക് രണ്ട് ടേമുകളായി മന്ത്രി സ്ഥാനം നൽകാൻ ധാരണ. ആദ്യ ഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ എംഎ‍ൽഎ ആയ ആന്റണി രാജുവും, കോഴിക്കോട് സൗത്തിൽ നിന്ന് അട്ടിമറി വിജയം കാഴ്ചവെച്ച ഐ.എൻ.എല്ലിന്റെ എംഎ‍ൽഎ അഹമ്മദ് ദേവർകോവിലും മന്ത്രിമാരാകും. ഗണേശ് കുമാറിനേയും രാമചന്ദ്രൻ കടന്നപ്പള്ളിയേയും രണ്ടാം ഘട്ടത്തിലേക്കാണ് പരിഗണിക്കുന്നത്.

പാർട്ടിയിൽ നിന്ന് പലരും യു.ഡി.എഫിലേക്ക് പോയപ്പോൾ ഇടതിനൊപ്പം ഉറച്ച് നിന്നതിന്റെ അംഗീകാരമാണ് ഇപ്പോൾ തനിക്ക് ലഭിച്ചതെന്ന് ആന്റണി രാജു പ്രതികരിച്ചിരുന്നു. തന്റെ മനസ്സ് എന്നും ഇടതിനൊപ്പമായിരുന്നുവെന്നും പാർട്ടിയെ പരിഗണിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP