Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

രജനിയുടെ പാണ്ഡ്യൻ ഐപിഎസ് പ്രചോദനമായി; ആക്ഷൻ ഹീറോ ബിജുവിലെ നിവിൻ പോളിയും മാതൃകയായി; ഗുണ്ടിയിലെ കോളേജിൽ ഗസ്റ്റ് ലക്ചറർ ആയ ശേഷം സിവിൽ സർവ്വീസ് എഴുതിയത് പൊലീസുകാരിയാകാൻ; വേഷപ്പകർച്ച നടത്തി തമിഴ് പരാതിക്കാരിയായി എത്തിയത് പൊലീസുകാരുടെ മനസ്സറിയാൻ; പെരിന്തൽമണ്ണയിൽ ചർച്ചയാകുന്നത് 2017 ബാച്ചിലെ മിന്നും അത്‌ലറ്റ്; സാധാരണക്കാർക്കൊപ്പം നിൽക്കാൻ ദൃഢപ്രതിജ്ഞ എടുത്ത് ഹേമലത ഐപിഎസ്

രജനിയുടെ പാണ്ഡ്യൻ ഐപിഎസ് പ്രചോദനമായി; ആക്ഷൻ ഹീറോ ബിജുവിലെ നിവിൻ പോളിയും മാതൃകയായി; ഗുണ്ടിയിലെ കോളേജിൽ ഗസ്റ്റ് ലക്ചറർ ആയ ശേഷം സിവിൽ സർവ്വീസ് എഴുതിയത് പൊലീസുകാരിയാകാൻ; വേഷപ്പകർച്ച നടത്തി തമിഴ് പരാതിക്കാരിയായി എത്തിയത് പൊലീസുകാരുടെ മനസ്സറിയാൻ; പെരിന്തൽമണ്ണയിൽ ചർച്ചയാകുന്നത് 2017 ബാച്ചിലെ മിന്നും അത്‌ലറ്റ്; സാധാരണക്കാർക്കൊപ്പം നിൽക്കാൻ ദൃഢപ്രതിജ്ഞ എടുത്ത് ഹേമലത ഐപിഎസ്

ആർ പീയൂഷ്

മലപ്പുറം: പാണ്ഡ്യൻ എന്ന സിനിമയിൽ രജനീകാന്ത് അവതരിപ്പിച്ച പാണ്ഡ്യൻ ഐ.പി.എസ് എന്ന കഥാപാത്രമാണ് ഒരു ഐ.പി.എസുകാരിയാവണമെന്ന മോഹം മനസ്സിലുണർത്തിയത് എന്ന് പെരിന്തൽമണ്ണ എ.എസ്‌പി എം.ഹേമലത ഐ.പി.എസ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന കഥാപാത്രം അത്രമേൽ മനസ്സിൽ ആഴത്തിൽ പതിഞ്ഞതോടെ എങ്ങനെയും ഐ.പി.എസ് നേടണമെന്ന ദൃഢനിശ്ചയമായിരുന്നു.

അങ്ങനെയാണ് 2017 ൽ ഹൈദ്രാബാദ് നാഷണൽ പൊലീസ് അക്കാഡമിയിൽ നിന്നും ഐപി.എസ് പാസ് ഔട്ട് ആകുന്നത്. പിന്നീട് ഹിമാചൽ പ്രദേശ് പൊലീസിലായിരുന്നു ട്രെയിനിങ്. അതിന് ശേഷമാണ് കേരളത്തിൽ എത്തിയത്. എറണാകുളം റൂറൽ പൊലീസിന്റെ പരിധിയിലുള്ള കാലടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിട്ടായിരുന്നു ട്രെയിനിങ് നിയമനം. പിന്നീട് പാലക്കാട് അഗളിയിൽ എ.എസ്‌പിയായി പോസ്റ്റിങ് ലഭിക്കുകയായിരുന്നു.

കേരളത്തിൽ എത്തിയ ശേഷമാണ് ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രം എ.എസ്‌പി കാണാനിടയായത്. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി ആ ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ടായിരുന്നു. നിവിൻ പോളി ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ എങ്ങനെയായിരിക്കണമെന്ന് അഭിനയിച്ച് പ്രതിഫലിപ്പിച്ചിട്ടുണ്ട്. ആ ചിത്രം എന്നെ ഏറെ സ്വാധീനിക്കുകയും ജനങ്ങളോട് പൊലീസ് എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു എന്നും ഹേമലത ഐ.പി.എസ് പറയുന്നു.

ജൂലൈ ഒൻപതിനാണ് പെരിന്തൽമണ്ണ എ.എസ്‌പിയായി ഹേമലത ഐ.പി.എസ് ചുമതലയേൽക്കുന്നത്. ചുമതലയേറ്റതിന് ശേഷം പൊലീസ് സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നില്ല. അതിന് മുൻപ് സ്റ്റേഷനുകളിൽ അന്വേഷണം പൂർത്തിയാക്കാത്ത കേസുകളിൽ എത്രയും വേഗം നടപടി എടുക്കണമെന്ന് നിർദ്ദേശം നൽകി. അങ്ങനെയാണ് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ 2019 ൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാക്കളെ കാസർകോട്ടേക്ക് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

കൂടാതെ പച്ചക്കറി വാഹനത്തിൽ കടത്തി കൊണ്ടു വന്ന കഞ്ചാവിന്റെ വൻ ശേഖരം പിടികൂടുകയും ചെയ്തു. ഇതിനിടയിലാണ് എ.എസ്‌പി വേഷപ്പകർച്ച നടത്തി എ.എസ്‌പി ഓഫീസിൽ നിന്നും വെറും നൂറു മീറ്റർ മാത്രം ദൂരമുള്ള പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. ഇവിടെ നടന്ന സംഭവികാസങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് എ.എസ്‌പി താരമായത്.

പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ ഇതരസംസ്ഥാനക്കാരിയായിട്ടായിരുന്നു എ.എസ്‌പിയുടെ അഭിനയം. സ്റ്റേഷനിലെ പി.ആർ.ഒ ഷാജിയോട് ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് തന്റെ പഴ്സ് നഷ്ടപ്പെട്ടെന്നും അറിയിച്ചു. ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിലാണ് ജോലിയെന്നാണ് പറഞ്ഞത്. ഉടനടി ഒരു പരാതി എഴുതി നൽകാൻ ഷാജി ആവശ്യപ്പെട്ടു. പരാതിക്കാരി എഎസ്‌പിയാണെന്നറിയാതെതന്നെ തുടർ നടപടികളും സ്വീകരിച്ചു.

കൈ കഴുകുന്നതിനായി സാനിറ്റൈസർ നൽകുകയും ഇരിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു പൊലീസുകാർ. ഇതെല്ലാം പരാതിക്കാരി സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. പരാതി ലഭിച്ചതിനു പിന്നാലെ കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം ശ്രദ്ധയിൽപെടുത്തി. പരാതിക്ക് രസീത് ആവശ്യമില്ലെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും നിർബന്ധമായും രസീത് കൈപ്പറ്റണം എന്ന് പിആർഒ ആവശ്യപ്പെട്ടു.

തമിഴ് ചുവയുള്ള ഭാഷയിൽ സംസാരിച്ച എ.എസ്‌പിയോട് മലയാളത്തിലും ഇംഗ്ലിഷിലുമായി പൊലീസ് കാര്യങ്ങൾ ബോധ്യപ്പെടുത്തി. പരാതി രജിസ്റ്റർ ചെയ്യാൻ തുടങ്ങുന്നതിടെയാണ് താൻ പുതിയതായി ചുമതലയേറ്റ എഎസ്‌പി ആണെന്ന് അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാനാണ് വേഷം മാറി എത്തിയതെന്നും വളരെ മാന്യമായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നും എ.എസ്‌പി എം. ഹേമലത ഐ.പി.എസ് പറഞ്ഞു.

പി.ആർ.ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജിയെ പ്രത്യേകം അഭിനന്ദിച്ചു. ഷാജി തന്നോട് വളരെ സൗഹാർദപരമായാണ് പെരുമാറിയതെന്നും തമിഴ്‌നാട്ടുകാരിയായ തന്നോട് ഭാഷാ പ്രശ്നം പരിഹരിക്കുന്നതിനായി ലളിതമായ ഇംഗ്ലിഷിലും മലയാളത്തിലും സംസാരിച്ചെന്നും അവർ പറഞ്ഞു. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും അഭിനന്ദിച്ച ശേഷമാണ് എ.എസ്‌പി മടങ്ങിയത്.

അഗ്രികൾച്ചറൽ ആൻഡ് ഇറിഗേഷൻ എഞ്ചിനീയറിംഗിലെ യുജി 2014 പാസായി. ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്‌സ് മാനേജ്‌മെന്റിൽ പിജി, ഗോൾഡ് മെഡലോടു കൂടി 2016 ൽ പാസായി. ദക്ഷിണേഷ്യൻ വാട്ടർ അസോസിയേഷൻ (SAWA) റിസർച്ച് ഫെലോ ആയിരുന്നു. കോളേജ് ഓഫ് എഞ്ചിനീയറിങ് ഗുണ്ടിയിൽ ഗസ്റ്റ് ലക്ചററായും പ്രവർത്തിച്ചുണ്ട്. സി.ഇ.ജിയുടെ ഗ്രീൻ ബ്രിഗേഡ് ക്ലബിന്റെ ട്രഷററും ആയിരുന്നു. 2018 ൽ ഹൈദരാബാദിലെ നാഷണൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് പരിശീലനം പൂർത്തിയാക്കി. പരിശീലന സമയത്ത് അത്‌ലറ്റിക്സിൽ മെഡലുകളും നേടിയിട്ടുണ്ട് ഹേമലതാ ഐ.പി.എസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP